Saturday, February 14, 2026
Saturday, February 14, 2026
Home » ഇത്തവണ മഹാശിവരാത്രി വ്രതത്തിന് ഇരട്ടി ഫലം

ഇത്തവണ മഹാശിവരാത്രി വ്രതത്തിന് ഇരട്ടി ഫലം

0 comments

ശിവപ്രീതിക്ക് നോൽക്കുന്ന എട്ടു വ്രതങ്ങളിൽ ഏറ്റവും ശ്രേഷ്‌ഠമായ മഹാശിവരാത്രി വ്രതം ഇത്തവണ അതിവിശേഷവും ഇരട്ടി ഫലദായകവുമാണ്. കൃഷ്ണപക്ഷ ശനി പ്രദോഷവുമായി ചേർന്ന് മഹാശിവരാത്രി വരുന്നതാണ് പ്രധാന സവിശേഷത. മറ്റൊന്ന് 300 വർഷങ്ങൾക്ക് ശേഷം അഞ്ച് അപൂർവ്വ രാജയോഗങ്ങളുടെ ഗ്രഹനിലയിൽ മഹാശിവരാത്രി വരുന്നതാണ്. ജ്യോതിഷപരമായി അതിശക്തമായ പ്രാധാന്യം കല്പിക്കുന്ന ഒന്നാണ് ശിവരാത്രിയിലെ ഗ്രഹനില. സകലപാപങ്ങളെയും നശിപ്പിച്ച് കുടുംബത്തിൽ ഐശ്വര്യവും അഭിവൃദ്ധിയും നൽകുന്നതാണ് മഹാശിവരാത്രി വ്രതം. ഇത് അനുഷ്ഠിക്കുന്നവർക്കും ജീവിതപങ്കാളിക്കും ദീർഘായുസ് സമ്മാനിക്കുമെന്ന് വിശ്വസിക്കുന്നു.

ശനിപ്രദോഷവും ശിവരാത്രിയും
കുംഭമാസത്തിലെ കൃഷ്ണപക്ഷ ചതുർദ്ദശി ദിവസമാണ് ശിവരാത്രി. ചതുർദ്ദശി തിഥി അർദ്ധരാത്രിയിൽ തട്ടുന്ന ദിവസമാണ് വ്രതം ആചരിക്കേണ്ടത്. ഇത്തവണ ഫെബ്രുവരി 15 ഞായറാഴ്ചയാണ് മഹാശിവരാത്രി. അതിൻ്റെ തലേ ദിവസമാണ് ശ്രേഷ്ഠവും അപൂർവ്വവുമായ ശനി പ്രദോഷം. ശിവപ്രധാനമായ രണ്ട് ആചരണങ്ങൾ അടുത്ത ദിവസങ്ങളിൽ വരുന്നത് ഈ മഹാശിവരാത്രിയുടെ പ്രധാന്യം കൂട്ടുന്നു. അതിനാൽ ഇത് അപൂർവമായതും ഇരട്ടി ഫലദായകവുമാണ്.

ഉറക്കമിളച്ചിരുന്ന് പ്രാർത്ഥന
ശിവരാത്രിയെക്കുറിച്ചുള്ള ഐതിഹ്യം ഇപ്രകാരമാണ്: പാലാഴിമഥനം നടത്തിയപ്പോൾ വാസുകി വമിച്ച കാളകൂടവിഷം ലോകരക്ഷാർത്ഥം ശ്രീപരമേശ്വരൻ പാനം ചെയ്തു. ഈ വിഷം ഉളളിൽച്ചെന്ന് ഭഗവാന് ദോഷം ഭയന്ന് പാർവതി ദേവി ആ കണ്ഠത്തിൽ മുറുക്കിപ്പിടിച്ചു. വായിൽ നിന്നു പുറത്തു പോവാതിരിക്കാൻ മഹാവിഷ്ണു ഭഗവാൻ വായ പൊത്തിപ്പിടിച്ചു. ആ വിഷം കണ്ഠത്തിൽ ഉറയ്ക്കുകയും ശിവൻ നീലകണ്ഠനാകുകയും ചെയ്തു. മഹാദേവന് ആപത്തൊന്നും വരാതെ പാർവ്വതി ദേവിയും ദേവഗണങ്ങളും അങ്ങനെ ഉറക്കമിളച്ചിരുന്നു പ്രാർത്ഥിച്ച ദിവസമാണ് ശിവരാത്രി.

ശനിയാഴ്ച ഒരിക്കലെടുക്കണം
ശിവരാത്രി വ്രതെടുക്കുന്നവർ തലേ ദിവസം ഒരിക്കൽ എടുക്കണം. അന്ന് വൈകുന്നേരം അരിയാഹാരം പാടില്ല. ശിവരാത്രി നാളിൽ അതിരാവിലെ ഉണർന്ന് ശരീരശുദ്ധി വരുത്തി ഓം നമഃ ശിവായ ജപിച്ചു ഭസ്മധാരണ ശേഷം ശിവക്ഷേത്ര ദർശനം നടത്തുക . ശിവരാത്രി ദിനത്തിൽ പൂർണ്ണമായും ഉപവാസം അനുഷ്ഠിക്കണം. അതിന് സാധിക്കാത്തവർക്ക് ക്ഷേത്രത്തിൽ നിന്നുളള നേദ്യമോ കരിക്കിൻ വെളളമോ പഴമോ കഴിക്കാം. ശിവരാത്രി നാൾ ശിവപ്രീതികരമായ കർമ്മങ്ങൾ അനുഷ്ഠിക്കുന്നത് ഏറെ ഉത്തമമാണ്. അതിൽ ഏറ്റവും പ്രധാനമാണ് ദാനം. അന്നദാനമാണെങ്കിൽ അത്യുത്തമം. ഭഗവാന്റെ പ്രിയ വൃക്ഷമായ കൂവളം നനയ്ക്കുന്നതും ഭക്തിപൂർവ്വം പരിപാലിക്കുന്നതും ശിവപ്രീതികരമാണ്. അന്ന് രാത്രി പൂർണ്ണമായി ഉറക്കമിളച്ചു വേണം ശിവരാത്രി വ്രതം അനുഷ്ഠിക്കാൻ. പിറ്റേന്ന് കുളിച്ചു ക്ഷേത്രത്തിലെ തീർഥം സേവിച്ച് വ്രതം മുറിക്കാം.

ശിവരാത്രി നാൾ ചെയ്യേണ്ടത്
1
ശിവരാത്രി ദിവസം കഴിയുന്നത്ര തവണ പഞ്ചാക്ഷരി മന്ത്രം – ഓം നമഃ ശിവായ ജപിക്കണം
2
സൂര്യോദയത്തിനു മുൻപ് കുളിച്ച് നിലവിളക്കു തെളിയിച്ച് ഗായത്രിമന്ത്രം ജപിക്കുക; ഒപ്പം ശിവ ഗായതി ജപിക്കുക.
3
ശിവരാത്രി ദിവസം ക്ഷേത്രത്തിൽ സമർപ്പിക്കുന്ന ഏത് വഴിപാടും അതീവഫലദായകമാണ്
4
കൂവളത്തില സമർപ്പണമാണ് ഏറ്റവും പ്രധാനം . ശിവരാത്രിയുടെ അന്നും തലേന്ന് പ്രദോഷത്തിന്റെ അന്നും കൂവളത്തില പറിക്കരുത്. നേരത്തെ ഇറുത്തു വച്ച് വെള്ളം തളിച്ച് വച്ചശേഷം ഭഗവാന് സമർപ്പിക്കണം. കൂവളത്തില വാടിയാലും ഭഗവാന് സമർപ്പിക്കാം. ഭഗവാന് കൂവളമാല സമർപ്പിക്കുന്നതും കൂവളത്തില കൊണ്ട് അർച്ചന ചെയ്യുന്നതും ഏറെ വിശിഷ്ടമാണ്.
5
പിൻവിളക്ക്, ജലധാര മറ്റ് വഴിപാടുകൾ എന്നിവ യഥാശക്തി നടത്തുന്നതും ശ്രേഷ്ഠകരമാണ്.
6
ആയുർദോഷമുള്ളവർ മൃത്യുഞ്ജയ പുഷ്പാഞ്ജലി നടത്തുക
7
ദാമ്പത്യ ദുരിത ദോഷങ്ങൾ അനുഭവിക്കുന്നവർ ഉമാമഹേശ്വരപൂജയോ ഐക്യമത്യസൂക്ത അർച്ചനയോ നടത്തുക .
8
വിവാഹ തടസ്സങ്ങൾ മാറാൻ സ്വയംവര പുഷ്പാഞ്ജലി നല്ലതാണ്.
9
ശിവരാത്രി ദിവസം ശിവക്ഷേത്രത്തിൽ പുരുഷന്മാർ ശയനപ്രദക്ഷിണം നടത്തുകയും സ്ത്രീകൾ അടിവച്ചുളള പ്രദക്ഷിണം ചെയ്ത് ഭഗവാനെ നമസ്കരിക്കുന്നതും നല്ലതാണ്.
10
ശിവരാത്രി ദിനത്തിൽ ഭക്തിപൂർവം ശിവക്ഷേത്രദർശനം നടത്തിയാൽ നമ്മൾ അറിയാതെ ചെയ്ത പാപങ്ങൾ പോലും നശിക്കുമെന്നാണ് വിശ്വാസം.
11
ശിവരാത്രി ദിവസം ബലിതർപ്പണം നടത്തിയാൽ പിതൃക്കളുടെ അനുഗ്രഹവും ലഭിക്കുമെന്ന് പറയുന്നു. ആലുവ മണപ്പുറം പോലെ പല സ്ഥലങ്ങളിലും അന്ന് ദിവസം ബലിയിടാൻ സൗകര്യം ഒരുക്കാറുണ്ട്.
12
ശിവധ്യാനം, ശിവഅഷ്ടോത്തരം,
ശിവപഞ്ചാക്ഷര സ്തോത്രം, ബില്വാഷ്ടകം, ശിവാഷ്ടകം, ശിവസഹസ്രനാമം, ഉമാമഹേശ്വര സ്തോത്രം, ശങ്കരധ്യാന പ്രകാരം എന്ന് തുടങ്ങുന്ന കീർത്തനം,
കാലഭൈവരവാഷ്ടകം, വിശ്വനാഥാഷ്ടകം, പാർവ്വതി വല്ലഭാഷ്ടകം, ഗൗരീര കീർത്തനം,
ദാരിദ്ര്യദഹന ശിവ സ്തോത്രം തുടങ്ങിയവ ഭക്തിപൂർവം ജപിക്കണം അല്ലെങ്കിൽ ശ്രവിക്കണം. പ്രസിദ്ധ ഗായകൻ മണക്കാട് ഗോപൻ ആലപിച്ച ലിംഗാഷ്ടകം കേൾക്കാം :

തരവത്ത് ശങ്കരനുണ്ണി, പാലക്കാട്,
മൊബൈൽ: +91 9847118340

ALSO READ

Story Summary: Maha Shivratri 2026: Date, Vritham and other Rituals

(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . ആത്മീയ- ജ്യോതിഷ വാര്‍ത്തകള്‍ക്ക്, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക: AstroG App .)

Copyright @ 2026 NeramOnline.com . All rights reserved.

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?