ശിവനാമമൊഴികെ മറ്റേത് ഈശ്വരനാമം കേട്ടാലും കോപിഷ്ഠനാകുന്ന വ്യാഘ്രപാദ മുനിയുമായി ബന്ധപ്പെട്ട ഐതിഹ്യമാണ് കന്യാകുമാരി ജില്ലയിൽ ശിവരാത്രിയോട് അനുബന്ധിച്ച് നടക്കുന്ന ശിവാലയ ഓട്ടത്തിന് പിന്നിലെന്ന് കരുതുന്നുവെങ്കിലും ആ കഥ ശൈവ വൈഷ്ണവ സമന്വയത്തിലാണ് ശുഭകരമായി പര്യവസാനിക്കുന്നത്. വ്രതം അനുഷ്ഠിച്ച് ഒരു പകലും രാത്രിയും കൊണ്ട് കന്യാകുമാരി ജില്ലയിലെ വിളവംകോട് – കൽക്കുളം താലൂക്കുകളിലുള്ള 12 ശിവക്ഷേത്രങ്ങളിൽ നടത്തുന്ന ശിവാലയ ഓട്ടമെന്ന ആചാരത്തിന് സമമല്ലെങ്കിലും, അവിടെ ശിവരാത്രി ദിവസം എത്താൻ കഴിയാത്ത തിരുവനന്തപുരത്തെ ഭക്തർ അന്നേദിവസം ശിവാലയ ദർശനം നടത്തി ആത്മനിർവൃതി നേടാൻ പണ്ടു പണ്ടേ ഈ നഗരത്തിൽ 12 ശിവസന്നിധികൾ കണ്ടെത്തി.
തലസ്ഥാനത്തെ ശിവാലയ ദർശനവഴി
ശ്രീ പത്മനാഭൻ്റെ പേരിലാണ് നഗരം അറിയപ്പെടുന്നത് എങ്കിലും ശൈവ ഭൂമി കൂടിയായ നഗരത്തിലെ ഏറ്റവും പുരാതനമായ വലിയശാല കാന്തളൂർ മഹാദേവ ക്ഷേത്രത്തിൽ നിന്നാണ് ആ യാത്ര തുടങ്ങുക. ചെന്തിട്ട കരകണ്ഠേശ്വരം ക്ഷേത്രം, നീറമൺകര ശിവക്ഷേത്രം തളിയൽ മഹാദേവക്ഷേത്രം, ചെങ്കള്ളൂർ മഹാദേവക്ഷേത്രം (പൂജപ്പുര), കുശക്കോട് മഹാദേവ ക്ഷേത്രം (തിരുമല), ശാസ്തമംഗലം മഹാദേവക്ഷേത്രം, ഗൗരീശപട്ടം മഹാദേവക്ഷേത്രം, വലിയ ഉദ്ദേശ്വരം മഹാദേവക്ഷേത്രം (ആനയറ), കോവിൽവിളക്ഷേത്രം അഥവാ പഴയ ശ്രീകണ്‌ണ്ഠേശ്വരം എന്നിവ പിന്നിട്ട് ഒടുവിൽ ശ്രീകണ്ഠേശ്വരം ക്ഷേത്രം എന്നിങ്ങനെ 12 ക്ഷേത്രങ്ങളിൽ ദർശനം കഴിഞ്ഞ് ശ്രീപത്മനാഭൻ്റെ പടിഞ്ഞാറെ നടയിൽ അതിപുരാതനമായ മിത്രാനന്ദപുരത്തെത്തി ശൈവ – വൈഷ്ണവ സമന്വയ ദർശനപുണ്യം നേടുമ്പോൾ തിരുവനന്തപുരത്തെ ശിവരാത്രിദർശനം പൂർണ്ണമാകും.
ശ്രീപത്മനാഭസ്വാമിക്ക് ചുറ്റുമായി
ഈ പറഞ്ഞ ശിവാലയങ്ങൾ എല്ലാം തന്നെ അതി പുരാതനവുമാണ്. മേൽപ്പറഞ്ഞ ശിവക്ഷേത്രങ്ങൾ കൂടുതലും ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൻ്റെ വടക്കും, വടക്കുകിഴക്കും, കിഴക്കുഭാഗവും 12-ാമത്തെ ക്ഷേത്രം പടിഞ്ഞാറു ഭാഗത്തുമായാണ് സ്ഥിതി ചെയ്യുന്നത്. കന്യാകുമാരി ജില്ലയിലെ ശിവാലയങ്ങൾ തിരുവട്ടാർ ആദികേശവ ക്ഷേത്രത്തിനു ചുറ്റളവിൽ സ്ഥിതി ചെയ്യും പോലെ എന്നു പറയാം. തിരുവിതാംകൂർ രാജ്യത്തെ രണ്ടു പ്രധാന വൈഷ്ണവ ക്ഷേത്ര സങ്കേതങ്ങൾക്കു ചുറ്റളവിലെ ശൈവ ക്ഷേത്ര സ്ഥാനനിർണ്ണയത്തിലെ അത്ഭുതപ്പെടുത്തുന്ന സമാനതകൾ ഇനിയും ചരിത്ര ഗവേഷകർ പഠന വിഷയമാക്കിയിട്ടില്ല.
പ്രതാപ് കിഴക്കേമഠം,
മൊബൈൽ: + 91 99474 58238
( ശ്രീകണ്‌ണ്ഠേശ്വരം പുറപ്പാട് ചരിത്രത്തിൻ്റെ ഏടുകളിൽ എന്ന ഈ ലേഖകൻ്റെ പുസ്തകത്തിൽ ശിവാലയ ഓട്ടത്തെപ്പറ്റിയും ശ്രീകണ്‌ണ്ഠേശ്വരം ക്ഷേത്രത്തെക്കുറിച്ചും വിശദമായി പ്രതിപാദിക്കുന്നുണ്ട്. കോപ്പികൾക്ക് ഇരയിമ്മൻ തമ്പി ഭാഷാ പഠന കേന്ദ്രം, കിഴക്കേമഠം, FRA 83 ഫോർട്ട് പി ഒ, തിരുവന്തപുരം – 695023. മൊബൈൽ: 95674 27014. പുസ്തക വില : 250 രൂപ)
ALSO READ
(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും: NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . ആത്മീയ- ജ്യോതിഷ വാര്‍ത്തകള്‍ക്ക്, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക: AstroG App .)
Copyright @ 2026 NeramOnline.com . All rights reserved.