Sunday, February 15, 2026
Sunday, February 15, 2026
Home » കടങ്ങൾ നീങ്ങി ധനവും ഐശ്വര്യവും നിലനിറുത്താൻ മഹാശിവരാത്രി ഭജന

കടങ്ങൾ നീങ്ങി ധനവും ഐശ്വര്യവും നിലനിറുത്താൻ മഹാശിവരാത്രി ഭജന

0 comments

മഹാബുദ്ധിശാലിയായ ശുകമഹർഷി ഒരിക്കൽ വേദവ്യാസനോട് ചോദിച്ചു:
ദേവാദികളിൽ ഏറ്റവും ഉന്നതമായ നിലയിലുള്ളത് മഹാദേവനോ, മഹാവിഷ്ണുവോ മഹാദേവിയോ? സാധാരണക്കാരായ ഭക്തരെ നിരന്തരം വിഷമവൃത്തത്തിലാക്കുന്ന ഈ ചോദ്യത്തിന് വ്യാസൻ പറഞ്ഞ മറുപടി ഇങ്ങനെ:

ശിവന്റെ വലതു ഭാഗം സൂര്യനും ബ്രഹ്മാവും, ഗാർഹപത്യ ദക്ഷിണ ആഹവനീയാഗ്നികളും ഇടതു പകുതി ഉമയും വിഷ്ണുവും സോമനുമാണ്. ചുരുക്കത്തിൽ മൂന്നുപേരും ശിവനിലടങ്ങിയിരിക്കുന്നു എന്നാണ് വ്യാസൻ പറഞ്ഞത്. അചഞ്ചലനും നിർവികാരനും നിർമ്മലനുമായ പുരുഷൻ ശിവനാണ്. ശിവന്റെ ചലനശക്തി പരാശക്തിയായ ശ്രീപരമേശ്വരിയാണ്. സർവ്വദേവതാ ഭാവങ്ങളുടെയും ദേവീ സങ്കൽപ്പങ്ങളുടെയും തത്ത്വം ശിവശക്തി ഐക്യം ആണെന്ന് രുദ്രഹൃദയോപനിഷത്ത് വ്യക്തമാക്കുന്നു.

എല്ലാ ദേവതകളും അനുഗ്രഹിക്കും
അതിനാൽ നമ്മുടെ പ്രപഞ്ച സൃഷ്ടിക്ക് ആധാരവും സർവ്വദേവതാ സ്വരൂപവുമായ ശിവനെ മനസ്സറിഞ്ഞ് പ്രാർത്ഥിച്ചാൽ എല്ലാ ദേവതമാരുടെയും അനുഗ്രഹം ലഭിക്കും. ക്ഷിപ്രസാദിയാണ്. അതിനാൽ പ്രാർത്ഥിച്ചാൽ പെട്ടെന്ന് അനുഗ്രഹിക്കും. എല്ലാ ഐശ്വര്യങ്ങളും മന്ത്രതന്ത്രങ്ങളും അറിവും സൃഷ്ടിയും പ്രളയവും കുടികൊള്ളുന്നതാകയാൽ സർവ്വാനുഗ്രഹകാരിയായ കാമധേനുവാണ് ശിവൻ. ആയുരാരോഗ്യത്തിനും സമ്പൽ സമൃദ്ധിക്കും ഈ കാലകാലനെ തന്നെ ശരണം പ്രാപിച്ചാലേ രക്ഷയുള്ളൂ.

ദാരിദ്ര്യത്തെ ഭസ്മീകരിക്കും
ശിവപൂജയിലൂടെ മാത്രമേ കടങ്ങൾ നീങ്ങി ധനവും ഐശ്വര്യവും നിലനിൽക്കൂ. ധനേശ ശിവൻ കുബേരനും ലക്ഷ്മി ദേവിക്കും സ്വർണ്ണരത്നാദി ധനം ചൊരിയുന്നു. യക്ഷരാജനായ കുബേരനും ലക്ഷ്മിദേവിയും ലോകത്തിന് ധനം നൽകുന്നു. ലക്ഷ്മിദേവിയുടെ വാസസ്ഥാനമാണ് ശിവപ്രിയകരമായ വില്വവൃക്ഷം എന്ന കാര്യവും ശ്രദ്ധേയമാണ്. പ്രസിദ്ധമായ ദാരിദ്ര്യദഹന ശിവ സ്തോത്രം ചൊല്ലിയാൽ ദാരിദ്ര്യത്തെ ഭസ്മീകരിക്കും. ഇത് ഭക്തരുടെ അനുഭവ സാക്ഷ്യമാണ്. ത്രിസന്ധ്യകളിലും (പ്രഭാതം, മദ്ധ്യാഹ്നം, സന്ധ്യാകാലം) ഭക്ത്യാദരവോടെ ദാരിദ്ര്യദഹന ശിവസ്തോത്രവും ശക്തി പഞ്ചാക്ഷരിയും (ഓം ഹ്രീം നമ: ശിവായ) ജപിക്കുന്നിടത്ത് നിന്ന് മൂധേവി ഒഴിഞ്ഞ് ശ്രീദേവി വാഴുമെന്നത് സത്യമാണ്. രോഗ ദുരിതങ്ങളൊഴിയാനും ഈ സ്തോത്രം ഉത്തമമാണ്.

അതിവേഗം ഫലം നൽകും
ശിവഭജനത്തിന് ഏറ്റവും ഉത്തമമായ ദിവസമാണ് ശിവരാത്രി. ഈ ദിവസം നടത്തുന്ന ഏത് ശിവഭജനയും വഴിപാടും അതിവേഗം ഫലം നൽകുമെന്നത് അനുഭവമാണ്. 2026 ഫെബ്രുവരി 15 (1201 കുംഭം 3) ഞായറാഴ്ചയാണ് മഹാശിവരാത്രി. ഈ ദിവസം സാധാരണ വ്രതനിഷ്ഠകൾ പാലിച്ച് ക്ഷേത്ര ദർശനവും ശിവമന്ത്ര ജപവുമായി കഴിയണം. ശിവരാത്രി നാൾ ദാരിദ്ര്യദഹന ശിവസ്തോത്രം ജപിക്കുന്നത് സർവൈശ്വര്യദായകമാണ്.

ദാരിദ്ര്യദഹന ശിവസ്തോത്രം
വിശ്വേശ്വരായ നരകാര്‍ണ്ണവതാരണായ
കര്‍ണ്ണാമൃതായ ശശിശേഖരധാരണായ
കര്‍പ്പൂരകാന്തിധവളായ ജടാധരായ
ദാരിദ്ര്യദു:ഖദഹനായ നമഃ ശിവായ

ALSO READ

ഗൗരീപ്രിയായ രജനീശകലാധരായ
കാലാന്തകായ ഭുജഗാധിപകങ്കണായ
ഗംഗാധരായ ഗജരാജവിമര്‍ദ്ദനായ
ദാരിദ്ര്യദു:ഖദഹനായ നമഃ ശിവായ

ഭക്തപ്രിയായ ഭവരോഗഭയാപഹായ
ഉഗ്രായ ദുര്‍ഗ്ഗഭവസാഗരതാരണായ
ജ്യോതിര്‍മ്മയായ ഗുണനാമസുനൃത്യകായ
ദാരിദ്ര്യദു:ഖദഹനായ നമഃ ശിവായ

ചര്‍മ്മാംബരായ ശവഭസ്‌മവിലേപനായ
ഫാലേക്ഷണായ ഫണികുണ്ഡലമണ്ഡിതായ
മഞ്ജീരപാദയുഗളായ ജടാധരായ
ദാരിദ്ര്യദു:ഖദഹനായ നമഃ ശിവായ

പഞ്ചാനനായ ഫണിരാജവിഭൂഷണായ
ഹേമാംശുകായ ഭുവനത്രയമണ്ഡിതായ
ആനന്ദഭൂമിവരദായ തമോമയായ
ദാരിദ്ര്യദു:ഖദഹനായ നമഃ ശിവായ

ഭാനുപ്രിയായ ഭവസാഗരതാരണായ
കാലാന്തകായ കമലാസനപൂജിതായ
നേത്രത്രയായ ശുഭലക്ഷണലക്ഷിതായ
ദാരിദ്ര്യദു:ഖദഹനായ നമഃ ശിവായ

രാമപ്രിയായ രഘുനാഥവരപ്രദായ
നാഗപ്രിയായ നരകാര്‍ണ്ണവതാരണായ
പുണ്യേഷു പുണ്യഭരിതായ സുരാര്‍ച്ചിതായ
ദാരിദ്ര്യദു:ഖദഹനായ നമഃ ശിവായ

മുക്തേശ്വരായ ഫലദായ ഗണേശ്വരായ
ഗീതപ്രിയായ വൃഷഭേശ്വരവാഹനായ
മാതംഗചര്‍മ്മവസനായ മഹേശ്വരായ
ദാരിദ്ര്യദു:ഖദഹനായ നമഃ ശിവായ

പ്രസിദ്ധ ഗായകൻ മണക്കാട് ഗോപൻ ആലപിച്ച ദാരിദ്ര്യദഹന ശിവസ്തോത്രം കേൾക്കാം :

ജോതിഷി പ്രഭാസീന സി.പി,
മൊബൈൽ
+91 9961 442256, 989511 2028
(ഹരിശ്രീ, മമ്പറം പി ഒ, പിണറായി, കണ്ണൂർ, Email ID prabhaseenacp@gmail.com)

Story Summary: Importance of Daridrya Degana Shiva Sthothram Changing during Mahashivarathri

Highlights
ശിവനെ മനസ്സറിഞ്ഞ് പ്രാർത്ഥിച്ചാൽ എല്ലാ ദേവതമാരുടെയും അനുഗ്രഹം ലഭിക്കും

ദാരിദ്ര്യദഹന ശിവ സ്തോത്രം ചൊല്ലിയാൽ ദാരിദ്ര്യത്തെ ഭസ്മീകരിക്കുന്നത് ഭക്തരുടെ
അനുഭവമാണ്

ശിവപൂജയിലൂടെ മാത്രമേ കടങ്ങൾ നീങ്ങി ധനവും ഐശ്വര്യവും നിലനിൽക്കൂ

(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . ആത്മീയ- ജ്യോതിഷ വാര്‍ത്തകള്‍ക്ക്, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക: AstroG App .)

Copyright @ 2026 NeramOnline.com . All rights reserved.

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?