മഹാശിവരാത്രി, കുംഭമാസ അമാവാസി, റംസാൻ വ്രതാരംഭം എന്നിവയാണ് 2026 ഫെബ്രുവരി 15 ന് ഉത്രാടം നക്ഷത്രം ത്രയോദശി തിഥിയിൽ തുടങ്ങുന്ന ഈ ആഴ്ചയിലെ വിശേഷങ്ങൾ. വാരം ആരംഭിക്കുന്ന ഞായറാഴ്ച തന്നെയാണ് ശിവ ഭക്തർ കാത്തിരുന്ന മഹാ ശിവരാത്രി.
300 വർഷങ്ങൾക്ക് ശേഷം
ജ്യോതിഷപരമായി ഒട്ടേറെ സവിശേഷതകളുള്ള ഒന്നാണ് ഇത്തവണത്തെ മഹാശിവരാത്രി. ഏതാണ്ട്
300 വർഷങ്ങൾക്ക് ശേഷം വരുന്ന വളരെയധികം അപൂർവ്വമായ ഗ്രഹനിലയാണ് ഈ ശിവരാത്രിയുടെ പ്രത്യേകത. അഞ്ച് അപൂർവ്വ രാജയോഗങ്ങൾ ഒന്നിക്കുന്ന ഈ ഗ്രഹനില കാരണം സംജാതമാകുന്ന അപൂർവ്വ യോഗങ്ങൾ മേടം, കന്നി, വൃശ്ചികം എന്നീ രാശിജാതർക്ക് സാമ്പത്തിക നേട്ടവും കർമ്മരംഗത്ത് പുരോഗതിയും നൽകുമെന്ന് പറയുന്നു.
ശിവാരാധന മന:ശാന്തി തരും
ശിവരാത്രി കണക്കാക്കുന്ന കുംഭമാസത്തിലെ കൃഷ്ണപക്ഷ ചതുർദശി തിഥി ഫെബ്രുവരി 15 ന് വൈകുന്നേരം 5:05 ന് തുടങ്ങി 16 ന് വൈകിട്ട് 5:34 ന് അവസാനിക്കും. മനസ്സിന്റെ കാരകനായ ചന്ദ്രൻ ഏറ്റവും ദുർബലനാകുന്ന ദിവസമാണ് കൃഷ്ണപക്ഷ ചതുർദ്ദശി. ആ ചന്ദ്രനെ ശിരസ്സിലേറ്റിയിരിക്കുന്ന ശിവനെ ആരാധിക്കുന്നതിലൂടെ മനസ്സിന് ശാന്തിയും നിയന്ത്രണവും ലഭിക്കുമെന്നാണ് ജ്യോതിഷപരമായ വിശ്വാസം.
ചതുർഗ്രഹയോഗം ഐശ്വര്യം തരും
ലക്ഷ്മി നാരായണ രാജയോഗം, ശുക്രാദിത്യ രാജയോഗം എന്നിവയാണ് ഈ മഹാശിവരാത്രിയോട് ചേർന്നു നിൽക്കുന്ന അപൂർവ്വ രാജയോഗങ്ങൾ. സൂര്യൻ, ബുധൻ, രാഹു, ശുക്രൻ എന്നി ഗ്രഹങ്ങൾ
സംഗമിക്കുന്ന ചതുർഗ്രഹയോഗമാണ് മറ്റൊന്ന്. ഇത് വ്യക്തികളുടെ ആത്മീയപരമായ വളർച്ചയ്ക്കും ഐശ്വര്യത്തിനും ഉത്തമമാണ്. തടസ്സങ്ങൾ നീങ്ങാനും വിജയത്തിനും സഹായിക്കുന്ന ശുഭയോഗമായ സർവാർത്ഥ സിദ്ധി യോഗം ശിവരാത്രി ദിവസം രാവിലെ 7:08 മുതൽ രാത്രി 7:48 വരെ നിലനിൽക്കും.
മൗനി അമാവാസി 17 ന്
ഫെബ്രുവരി 17 നാണ് അമാവാസി. മഹാശിവരാത്രി കഴിഞ്ഞ് വരുന്ന കുംഭത്തിലെ കറുത്തവാവ്
കേരളത്തിൽ മൗനി അമാവാസിയായി ആചരിക്കുന്നു. ഈ കറുത്തപക്ഷത്തിലെ ഷഷ്ഠിമുതൽ ആചരിക്കുന്ന പിതൃക്കളുടെ ഉത്സവകാലമായ അഷ്ടകാകാലം അവസാനിക്കുന്നത് മൗനി അമാവാസിയിലാണ്. ഈ ദിവസം മൗനം ആചരിക്കുക, ദാനം നടത്തുക, തീർത്ഥ സ്നാനം ചെയ്യുക എന്നിവയെല്ലാം ഐശ്വര്യപ്രദമാണ്. ഫെബ്രുവരി 18 ബുധനാഴ്ച, പിറ കാണുന്നതിനെ ആശ്രയിച്ച് റംസാൻ നോമ്പ് ആരംഭിക്കും. ഫെബ്രുവരി 21 ന് അശ്വതി നക്ഷത്രത്തിൽ വാരം അവസാനിക്കും.
മഹാശിവരാത്രിഫലം, പരിഹാരം
മഹാശിവരാത്രിയിലെ അപൂർവ്വമായ ഗ്രഹനില കൂടി കണക്കിലെടുത്താണ് ഈ ആഴ്ച നക്ഷത്ര ഫലം തയ്യാറാക്കിയത്. ഓരോ രാശിക്കാർക്കുമുള്ള പൊതുഫലങ്ങളും അവർ നടത്തേണ്ട പ്രാർത്ഥനകളും വഴിപാടുകളും:
ALSO READ
മേടക്കൂറ്
(അശ്വതി, ഭരണി, കാർത്തിക 1 )
സാമ്പത്തിക അഭിവൃദ്ധി ലഭിക്കും. തടസ്സപ്പെട്ട ജോലികൾ പൂർത്തിയാക്കാൻ കഴിയും. ഏർപ്പെടുന്ന കാര്യങ്ങളിൽ വൻവിജയം നേടാൻ സാധിക്കും. പുതിയ ജോലി ലഭിക്കും. ജോലിഭാരം കുറയ്ക്കാൻ കഴിയും. മാനസിക വിഷമതകൾ മറികടക്കും. വിദേശത്ത് നിന്നും ഓഫറുകൾ ലഭിക്കും. കുടുംബ സ്വത്ത് തർക്കം പരിഹരിക്കാൻ കഴിയും. വരുമാനം വർദ്ധിക്കും. ശിവഭജനം വഴി ഗുണഫലങ്ങൾ ഇരട്ടിയാക്കാം. ഓം നമഃ ശിവായ ശിവരാത്രി മുതൽ ദിവസവും 108 തവണ ജപിക്കുക. ശിവരാത്രി ദിനത്തിലും തുടർന്ന് എല്ലാ തിങ്കളാഴ്ചകളിലും ജലധാര നടത്തുക.
ഇടവക്കൂറ്
(കാർത്തിക 2,3,4, രോഹിണി, മകയിരം 1,2)
മാനസിക സന്തോഷം വർദ്ധിക്കും. കുടുംബത്തിൽ ശാന്തിയും സമാധാനവും ഐക്യവും ഐശ്വര്യവും വർദ്ധിക്കുന്ന സമയമാണിത്. വസ്തു അല്ലെങ്കിൽ ആഗ്രഹിച്ച വാഹനം വാങ്ങാൻ സാധിക്കും. ശമ്പള വർദ്ധനവ് ലഭിക്കും. ആഗ്രഹിച്ച രീതിയിൽ കാര്യങ്ങൾ നീക്കാനാകും. പ്രിയപ്പെട്ടവരുമായി ഒത്തു ചേരാൻ കഴിയും. ജോലിയിൽ സമ്മർദ്ദങ്ങൾ മാറും. വിവാഹം
തീരുമാനിക്കും. സർക്കാറിൽ നിന്നും സഹായം ലഭിക്കും. ശിവാഷ്ടോത്തരം ജപം പതിവാക്കുക. ഏരിക്കിൻ പൂവ് സമർപ്പിക്കുക. പിൻവിളക്ക് കത്തിക്കുക. മാസന്തോറും ജന്മനക്ഷത്രം ദിവസം ക്ഷീരധാര വഴിപാട് നടത്തുക.
മിഥുനക്കൂറ്
(മകയിരം 3,4, തിരുവാതിര, പുണർതം 1,2,3)
ആരോഗ്യപരമായ പ്രശ്നങ്ങൾക്ക് ആശ്വാസം ലഭിക്കും. പുതിയ സംരംഭങ്ങൾ തുടങ്ങാൻ നല്ല സമയമാണ്. മുതിർന്ന വ്യക്തികൾ സഹായിക്കും . നല്ല വാർത്തകൾ കേൾക്കും . ഭാഗ്യാനുഭവങ്ങൾ വർദ്ധിക്കും. സാമൂഹ്യരംഗത്ത് ശോഭിക്കും. പ്രശസ്തി വർദ്ധിക്കും. സ്വന്തക്കാരെ സഹായിക്കും. വീട്ടിൽ മംഗള കർമ്മങ്ങൾ നടക്കും. വിദ്യാഭ്യാസത്തിൽ പുരോഗതി ഉണ്ടാകും. സന്തോഷവും സമാധാനവും ഉണ്ടാകും. വിദൂരയാത നടത്തും. നഷ്ടപ്പെട്ട ചില വസ്തുക്കൾ തിരിച്ചു കിട്ടും. എല്ലാ തിങ്കളാഴ്ചയും ജലധാര നടത്തുക. കൂവളത്തില സമർപ്പിക്കുക. പതിവായി ഓം നമഃ ശിവായ ജപിക്കുക.
കർക്കടകക്കൂറ്
(പുണർതം 4, പൂയം, ആയില്യം )
മന:സംഘർഷം കുറയും. കർമ്മരംഗത്തെ തടസ്സങ്ങൾ മാറിത്തുടങ്ങും. കഠിനാധ്വാനത്തിന് ഫലം ലഭിക്കും. കുടുംബജീവിതത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകും. ശത്രുശല്യം കൂടും. മംഗള കർമ്മങ്ങളിൽ പങ്കെടുക്കും. വിവാഹം നിശ്ചയിക്കും. സന്താനങ്ങളുടെ ക്ഷേമത്തിന് മുൻഗണന നൽകും. തെറ്റിദ്ധാരണകൾ അതിജീവിക്കാൻ കഴിയും. വാഹനം സ്വന്തമാക്കാൻ സാധിക്കും. ചന്ദ്രൻ രാശിയുടെ അധിപനായതിനാൽ ശിവരാത്രി വ്രതം ഗുണകരമാണ്. ശിവാഷ്ടോത്തരം ജപം പതിവാക്കുക. ജന്മനക്ഷത്ര ദിവസം ക്ഷീരധാര നടത്തുക.
ചിങ്ങക്കൂറ്
(മകം, പൂരം, ഉത്രം 1)
സമൂഹത്തിൽ ബഹുമാനവും അംഗീകാരവും വർദ്ധിക്കും. ശത്രുദോഷം നീങ്ങും. ക്ഷീണം മാറും. തർക്കങ്ങൾ ഒഴിവാക്കുക. ബന്ധങ്ങൾ വഷളാകാതെ ശ്രദ്ധിക്കണം. കൂടുതൽ ഉത്തരവാദിത്വങ്ങൾ ലഭിക്കും. അപ്രതീക്ഷിതമായി നേട്ടങ്ങൾ വന്നു ഭവിക്കും. വളരെ പ്രിയപ്പെട്ട ചിലരുമായുള്ള പിണക്കം മറന്ന് ഒന്നിക്കും. ബിസിനസ് രംഗത്ത് വലിയ മുന്നേറ്റം നടത്താനാകും. മത്സരപരീക്ഷയിൽ അഭിമാനകരമായ നേട്ടം ലഭിക്കും. എല്ലാ തിങ്കളാഴ്ചയും ജലധാര നടത്തുക. ലിംഗാഷ്ടകം ജപം, ശിവപുരാണ പാരായണം എന്നിവ നല്ലതാണ്.
കന്നിക്കൂറ്
( ഉത്രം 2, 3, 4, അത്തം, ചിത്തിര 1 , 2 )
കർമ്മരംഗത്ത് അത്ഭുതകരമായ മുന്നേറ്റങ്ങൾ ഉണ്ടാകും. സാമ്പത്തിക നിക്ഷേപങ്ങൾ നടത്താൻ അനുകൂലമായ സമയമാണ്. മത്സര പരീക്ഷകളിൽ വിജയം നേടാൻ കഴിയും. ശത്രുക്കളെ നേരിടാൻ സാധിക്കും. നേത്ര രോഗം ശമിക്കും. അനാവശ്യമായ ചെലവുകൾ നിയന്ത്രിക്കും. അന്നദാനം നടത്തുന്നത് ഉത്തമം. കൂവളാർച്ചന നടത്തണം. വിശ്വനാഥാഷ്ടകം, ശിവാഷ്ടോത്തരം ജപം പതിവാക്കണം.
തുലാക്കൂറ്
( ചിത്തിര 3, 4, ചോതി, വിശാഖം 1, 2, 3 )
ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടും. പുതിയ സൗഹൃദങ്ങൾ ലഭിക്കും. ആശങ്കകൾ മാറും. മക്കളുടെ കാര്യത്തിൽ സന്തോഷ വാർത്തകൾ കേൾക്കും. തൊഴിൽ രംഗത്ത് മാറ്റം, മനഃസമാധാനം എന്നിവ ലഭിക്കും. ഉദരരോഗം ശമിക്കും. ശിവരാത്രിക്ക് ഘൃതധാര നടത്തി പ്രാർത്ഥിക്കുക. ശിവപഞ്ചാക്ഷരം സ്തോത്രം ജപിക്കുക. പ്രദോഷപൂജയിൽ മുടങ്ങാതെ പങ്കെടുക്കുക. പിൻവിളക്ക് കത്തിച്ച് പ്രാർത്ഥിക്കണം.
വൃശ്ചികക്കൂറ്
( വിശാഖം 4, അനിഴം, തൃക്കേട്ട )
ധനലാഭവും ഭാഗ്യവും കൂടെയുണ്ടാകും. മുടങ്ങിക്കിടന്ന കാര്യങ്ങൾ വേഗത്തിൽ നടക്കും. പുതിയ വരുമാന മാർഗ്ഗങ്ങൾ കണ്ടെത്തും. സാമ്പത്തിക സ്ഥിതി വളരെ മെച്ചമാകും. പഠനത്തിൽ മികച്ചവിജയം പ്രതീക്ഷിക്കാം. പ്രദോഷ വ്രതം അനുഷ്ഠിച്ച് അന്ന് ജലധാര നടത്തുക. കൂവളത്തില സമർപ്പിക്കുക. എന്നും ഓം നമഃ ശിവായ , ശിവാഷ്ടോത്തരം ജപിക്കുക.
ധനുക്കൂറ്
( മൂലം, പൂരാടം, ഉത്രാടം 1 )
ആത്മീയമായ ഉണർവ് ലഭിക്കും. വിദേശയാത്രയ്ക്ക് ശ്രമിക്കുന്നവർക്ക് അനുകൂല ഫലം. ദൂരയാത്രകൾ ഗുണം ചെയ്യും. കിട്ടാനുള്ള പണം തിരികെ ലഭിക്കും. സാമ്പത്തിക വിഷമങ്ങൾക്ക് ശാശ്വതമായ പരിഹാരം കാണാൻ കഴിയും ഉദ്യോഗക്കയറ്റത്തിന് സാധ്യതയുണ്ട്. കൂവളത്തില സമർപ്പിക്കുക. ജന്മനക്ഷത്ര ദിവസം ക്ഷീരധാര വഴിപാട് നടത്തുക. എന്നും ഉമാ മഹേശ്വര സ്തോത്രം, ലിംഗാഷ്ടകം എന്നിവ ജപിക്കുക.
മകരക്കൂറ്
(ഉത്രാടം 2,3,4, തിരുവോണം, അവിട്ടം 1,2)
ശനിദോഷ കാഠിന്യം കുറയ്ക്കാൻ ശിവരാത്രി വ്രതം സഹായിക്കും. ജോലിയുമായി ബന്ധപ്പെട്ട ആശങ്കകൾ മാറും. സംസാരത്തിൽ മിതത്വം പാലിക്കണം. പണം കൈകാര്യം ചെയ്യുന്നതിൽ ശ്രദ്ധിക്കണം. മാനസിക സമ്മർദ്ദം കുറയ്ക്കാൻ കഴിയും. കർമ്മരംഗത്ത് ചുമതല വർദ്ധിക്കും. ശിവക്ഷേത്രങ്ങളിൽ ശനിയാഴ്ച നീരാജനം നടത്തുക. കറുത്ത എള്ള് ദാനം ചെയ്യുക.
പതിവായി ഓം നമഃ ശിവായ ജപിക്കുക.
കുംഭക്കൂറ്
(അവിട്ടം 3, 4, ചതയം, പൂരുരുട്ടാതി 1, 2,3)
രവി സംക്രമം കുംഭം രാശിയിൽ നടക്കുന്നതിനാൽ എല്ലാ കാര്യത്തിലും അതീവ ജാഗ്രത പുലർത്തുക. ജീവിതത്തിൽ വലിയ മാറ്റങ്ങളുടെ തുടക്കമാണിത്. ശാരീരികമായ അസ്വസ്ഥതകൾ കുറയും. ഭാരിച്ച ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കാൻ നിർബന്ധിതമാകും. പഞ്ചാക്ഷരം, മൃത്യുഞ്ജയ മന്ത്രം ജപം പതിവാക്കണം. മാസത്തിൽ ഒരു തവണ ഇളനീർധാര നടത്തുക.
മീനക്കൂറ്
(പൂരുരുട്ടാതി 4, ഉത്തൃട്ടാതി, രേവതി )
ചെലവ് വർദ്ധിക്കും. കർശനമായും സാമ്പത്തിക അച്ചടക്കം പാലിക്കാൻ ശ്രമിക്കുക. കുടുംബത്തിൽ മംഗളകർമ്മങ്ങൾ നടക്കാൻ സാധ്യതയുണ്ട്. ശിവരാത്രി മുതൽ ഓം ഹ്രീം നമഃ ശിവായ ജപം പതിവാക്കണം. ശിവക്ഷേത്രത്തിൽ ദർശനം നടത്തി വഴിപാടുകൾ കഴിപ്പിക്കുക. ജന്മനക്ഷത്ര ദിവസം കുവളദളാർച്ചന സമർപ്പിക്കുന്നതും ഒരു നാഴിക ക്ഷേത്രത്തിലിരുന്ന് പ്രാർത്ഥിക്കുന്നതും ഗുണകരമാണ്.
ജ്യോതിഷരത്നം വേണു മഹാദേവ് ,
മൊബൈൽ: +91 9847475559
Story Summary: Astrological predictions based on Mahashivratri planetary alignment : Maha Shivaratri is considered one of the most powerful nights for planetary alignment, specifically for strengthening the Moon and mitigating the harsh effects of Saturn.
Highlights
അഞ്ച് അപൂർവ്വ രാജയോഗം മേടം, കന്നി,
വൃശ്ചികം രാശിക്കാർക്ക് ധനനേട്ടം നൽകും
ചന്ദ്രനെ ശിരസ്സിലേറ്റിയ ശിവനെ ഭജിച്ചാൽ
മന:ശാന്തിയും നിയന്ത്രണവും ലഭിക്കും
കുംഭ അമാവാസിയിൽ മൗനം ആചരിച്ച് ദാനം ചെയ്താൽ ഐശ്വര്യം ലഭിക്കും
(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും: NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . ആത്മീയ- ജ്യോതിഷ വാര്‍ത്തകള്‍ക്ക്, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക: AstroG App .)
Copyright @ 2026 NeramOnline.com . All rights reserved.