പിതൃപ്രീതിക്കായി വ്രതമനുഷ്ഠിച്ച് ശ്രദ്ധാദി കർമ്മങ്ങൾ നടത്തുന്നതിന് അമാവാസി വ്രതം നിർദ്ദേശിക്കപ്പെടുന്നു. എല്ലാ മാസങ്ങളിലേയും അമാവാസി വ്രതം പിതൃപ്രീതികരമാണ്. കുംഭമാസത്തിലെ അമാവാസി മൗനി അമാവാസി എന്നും അറിയപ്പെടുന്നു. അന്നു മൗനം ആചരിക്കുക, ദാനം നടത്തുക, തീർത്ഥ സ്നാനം ചെയ്യുക എന്നിവയെല്ലാം ഐശ്വര്യപ്രദമാണ്. മനുവിന്റെ ഉല്പത്തി ദിവസമായും ഈ ദിവസത്തെ കണക്കാക്കപ്പെടുന്നു. സന്ധ്യയ്ക്കു മുൻപ് മൂന്നേമുക്കാൽ നാഴിക പ്രഥമയുള്ള ദിനത്തെ സ്ഥാലീപാകം എന്നു പറയും. ഇങ്ങനെ സ്ഥാലീഭാഗം വരുന്നതിന്റെ തൊട്ടുമുൻ ദിവസമാണ് അമാവാസി വ്രതം ആചരിക്കേണ്ടത്.
ദാനധർമ്മങ്ങൾ പ്രധാനം
മഹാശിവരാത്രിക്ക് തൊട്ടുപിന്നാലെ വരുന്ന ഈ അമാവാസിയെ ഫാൽഗുന അമാവാസി എന്നും വിശേഷിപ്പിക്കാം. 2026 ഫെബ്രുവരി 16 തിങ്കളാഴ്ച വൈകിട്ട് 05:34 മുതൽ ചൊവ്വാഴ്ച വൈകുന്നേരം 05:30 വരെയാണ് അമാവാസിയുള്ളത്. മൗനി അമാവാസിക്ക് വിഷ്ണുക്ഷേത്രത്തിൽ പിതൃക്കളെ സങ്കല്പിച്ച് വെള്ളച്ചോറ്, പാൽപ്പായസം, ശിവക്ഷേത്രത്തിൽ പിതൃപൂജ തുടങ്ങിയ വഴിപാടുകൾ നടത്തുന്നതും പരേതാത്മാക്കൾക്ക് സ്വന്തം വീട്ടിൽ തന്നെ പാൽപ്പായസം സമർപ്പിക്കുന്നതിനും ദാനധർമ്മങ്ങൾ നടത്തുന്നതിനും ഈ ദിനം അതീവ ശ്രേഷ്ഠമായി കണക്കാക്കപ്പെടുന്നു.
എല്ലാമാസവും വ്രതം എടുക്കാം
അമാവാസിയിലെ പ്രാർത്ഥനകൾക്ക് ക്ഷിപ്രഫലമാണ് പറയുന്നത്. അമാവാസി വ്രതം നോറ്റ് പിതൃക്കള്‍ക്ക് ബലിയൂട്ടുകയും, അന്നദാനം, പുരാണപാരായണം, തിലഹോമം, നാമജപ പ്രാര്‍ത്ഥന എന്നിവ നടത്തുകയും ചെയ്താൽ എല്ലാ പാപദോഷങ്ങളും ശമിക്കും. എല്ലാമാസവും അമാവാസി വ്രതം അനുഷ്ഠിക്കുന്നത് ഉത്തമമാണ്. ഈ ദിവസം പുണ്യതീര്‍ത്ഥങ്ങളില്‍ ദര്‍ശനം നടത്തി ദാനധർമ്മം നടത്തുന്നതും നല്ലതാണ്. ഉച്ചയ്ക്കുമാത്രം ഊണ് കഴിക്കാം. രാവിലെയും, വൈകിട്ടും മിതാഹാരം മതി. ദുര്‍മൃതിയടഞ്ഞവര്‍ക്ക് വേണ്ടിയും ഈ വ്രതധാരണം ഉത്തമമാണ്.18 അമാവാസി വ്രതം നോൽക്കുന്നവരുടെ മുൻതലമുറ മുഴുവൻ ദുരിത മുക്തരാകും എന്നാണ് വിശ്വാസം.
ഉഗ്രമൂര്‍ത്തികളെ ഭജിക്കാം
വെളുത്തപക്ഷം ദേവീപ്രീതി നേടുന്നതിനും കറുത്തപക്ഷം ശിവപ്രീതിക്കും ഗുണകരമായി വിശ്വസിച്ചു പോരുന്നു. ഉഗ്രമൂര്‍ത്തികളെ പ്രാര്‍ത്ഥിക്കുന്നതിന് കറുത്തപക്ഷവും കറുത്തവാവും ഏറ്റവും നല്ലതാണ്. ശുഭകർമ്മാരംഭത്തിന് മോശം സമയമായണെന്ന് പറയുന്നുണ്ടെങ്കിലും പിതൃപ്രീതി നേടാനും സര്‍വ്വദേവതാ പ്രാര്‍ത്ഥനയ്ക്കും ഉത്തമമായ ദിവസമാണിത്. അഘോര ശിവസങ്കല്പം, ഭദ്രകാളി, നരസിംഹം, പ്രത്യംഗിരാ, വനദുര്‍ഗ്ഗാ, കാളി, രക്തേശ്വരി, രക്തചാമുണ്ഡി, ബഹളാമുഖി, ഹനുമാന്‍, ശനി, നാഗങ്ങള്‍ എന്നിവരുടെ ഉപാസനയ്ക്ക് ഈ ദിനം അത്യുത്തമമാണ്.
വേഗം കാര്യസിദ്ധി ലഭിക്കും
പെട്ടെന്ന് അഭീഷ്ടസിദ്ധി നേടാൻ അമാവാസി ദിവസം ഭദ്രകാളിയുടെ അഷ്ടോത്തരം ജപിക്കുന്നത് നല്ലതാണ്. പൗർണ്ണമിയുടെ പിറ്റേദിനം തുടങ്ങി കറുത്ത വാവുവരെ ഇത് നിത്യവും ജപിക്കുകയും ഒപ്പം ദേവിയുടെ മൂലമന്ത്രം 108 തവണ വീതം തുടർച്ചയായി 5 മാസം ജപിക്കുകയും ചെയ്താല്‍ കാര്യസിദ്ധി ഉറപ്പാണ്. ഭദ്രകാളിയുടെ മൂലമന്ത്രം: ഓം ഐം ക്ലീം സൗഃ ഹ്രീം ഭദ്രകാള്യൈ നമഃ . മനോധൈര്യത്തിനും ഭയം, ആശങ്ക, ഉത്കണ്ഠ, രോഗം, ദുരിതങ്ങൾ, ശത്രുപീഡ എന്നിവ മാറുന്നതിന് ഭദ്രകാളി ഉപാസന ശ്രേഷ്ഠമാണ്.
ഭയസംഭ്രമങ്ങൾ മാറും
ആത്മവിശ്വാസം വർദ്ധിക്കാനും ഭയ സംഭ്രമങ്ങൾ മാറുന്നതിനും ഓം അഘോര മൂര്‍ത്തയേ നമഃ എന്ന മന്ത്രം 336 വീതം മൂന്നുമാസം കറുത്തപക്ഷത്തിലെ എല്ലാ ദിവസവും 2 നേരം ചൊല്ലുക. അത്ഭുത ശക്തിയുള്ളതാണ് ഈ മന്ത്രം. രോഗദുരിത ശാന്തിക്ക് ഓം ജുസഃ സ്വാഹാ എന്ന മന്ത്രം കറുത്തപക്ഷത്തിലെ 5 മാസം 2 നേരവും 108 വീതം ജപിക്കുക. നല്ല മാറ്റം ഉണ്ടാകും. ഓം പിതൃഭ്യോ നമഃ എന്ന മന്ത്രം പിതൃപ്രീതിക്ക് കറുത്ത പക്ഷത്തിൽ എന്നും 108 വീതം ചൊല്ലാം. നിത്യവും ജപിക്കാൻ പറ്റാത്തവര്‍ക്ക് അമാവാസി നാളില്‍ മാത്രമായും ചെയ്യാം. പിതൃപ്രാര്‍ത്ഥന
നടത്താൻ നിലവിളക്ക് തെളിച്ച് വയ്ക്കണമെന്നില്ല.
ALSO READ
ഓരോ മാസത്തിലും ഓരോ ഫലം
ഓരോ മാസത്തിലെയും അമാവാസിയിലെ ശ്രാദ്ധാദി കർമ്മങ്ങൾക്ക് ഓരോ ഫലം പറയുന്നുണ്ട്.
മേടം ………………………. ദാമ്പത്യ സൗഖ്യം.
ഇടവം ……………………..ദീർഘായുസ്സ്.
മിഥുനം ……………………ഭാഗ്യാഭിവൃദ്ധി.
കർക്കടകം ……………..കർമ്മ ഗുണം
ചിങ്ങം …………………….ഐശ്വര്യം.
കന്നി ………………………. മോക്ഷം.
തുലാം ……………………..ആരോഗ്യം
വൃശ്ചികം ………………….സമൃദ്ധി
ധനു ………………………. സഹായലബ്ധി.
മകരം ……………………..ഗൃഹസുഖം
കുംഭം ……………………..പുത്രസുഖം
മീനം ……………………….രോഗനാശം.
മഹാളയകാലം തീരുന്നു
കുംഭ മാസത്തിലെ കൃഷ്ണപക്ഷ ഷഷ്ഠി മുതൽ അമാവാസി വരെയുള്ള പത്തു ദിവസങ്ങൾക്ക് മഹാളയകാലം എന്നു പറയുന്നു. ഇത് പിതൃക്കളുടെ ഉത്സവകാലമെന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. ഈ സമയത്ത് അന്നദാനം നടത്തുന്നത് കുടുംബ ഐശ്വര്യത്തിനും, സന്താനഭാഗ്യ ലഭിക്കും സന്താനങ്ങളുടെ ഐശ്വര്യത്തിനും പുരോഗതിക്കും ഏറെ ഗുണകരമാണ്.
ഭദ്രകാളി അഷ്ടോത്തരം
Story Summary: Significance of Mowni Amavasya on February 17, 2026
(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . ആത്മീയ- ജ്യോതിഷ വാര്‍ത്തകള്‍ക്ക്, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക: AstroG App .)
Copyright @ 2026 NeramOnline.com . All rights reserved.