Thursday, February 19, 2026
Thursday, February 19, 2026
Home » ശീതള ഷഷ്ഠിയും കുംഭ ഭരണിയും ഒന്നിച്ച്; വ്രതം അനുഷ്ഠിച്ചാൽ ഇരട്ടി ഫലം

ശീതള ഷഷ്ഠിയും കുംഭ ഭരണിയും ഒന്നിച്ച്; വ്രതം അനുഷ്ഠിച്ചാൽ ഇരട്ടി ഫലം

by മംഗളഗൗരി
0 comments

സ്കന്ദഷഷ്ഠി, കന്നിയിലെ ഹലഷഷ്ഠി, വൃശ്ചിക മാസത്തിലെ സൂര്യ ഷഷ്ഠി എന്നിവ പോലെ സുബ്രഹ്മണ്യ സ്വാമിക്ക് പ്രധാനമാണ് കുംഭത്തിലെ ശീതള ഷഷ്ഠി. 2026 ഫെബ്രുവരി 23 തിങ്കളാഴ്ചയാണ് ശീതള ഷഷ്ഠി. ഇത്തവണ കുംഭ ഭരണിയും ശീതള ഷഷ്ഠിയും ആറ്റുകാൽ കാപ്പുകെട്ടും ഒരേ ദിവസമാണ് വരുന്നത്. കുംഭം 11 തിങ്കളാഴ്ച വൈകിട്ട് കാർത്തിക നക്ഷത്രത്തിലാണ് ആറ്റുകാൽ തിരുവുത്സവത്തിന് കാപ്പുകെട്ടുക. ഭദ്രകാളി ഉപാസനയിലൂടെ നേടാൻ കഴിയാത്തതായി ഒന്നുമില്ല. പ്രാർത്ഥനയിലൂടെ ഭദ്രകാളി ദേവിയെ പ്രീതിപ്പെടുത്താൻ പറ്റിയ ഏറ്റവും നല്ല ദിവസമാണ് കുംഭഭരണി. ഈ ദിവസം നടത്തുന്ന ഉപാസനകൾക്കും ഭദ്രകാളി ക്ഷേത്രങ്ങളിൽ നടത്തുന്ന വഴിപാടുകൾക്കും പെട്ടെന്ന് ഫലം ലഭിക്കും. അതിനാൽ ഈ ദിവസം സുബ്രഹ്‌മണ്യ സ്വാമിയെയും ഭദ്രകാളിയെയും ഭജിച്ചാൽ ഇരട്ടി ഫലം ലഭിക്കും. വസൂരി പോലുള്ള മഹാമാരികളിൽ നിന്നും ഭക്തരെ രക്ഷിക്കുന്ന ശീതള ദേവിയെ ആരാധിക്കാൻ വിശേഷ ദിനമായി ശീതളാ ഷഷ്ഠിയെ പറയുന്നു. പാർവതി ദേവിയുടെ അവതാരമായാണ് ശീതളാ ദേവി. ചില സ്ഥലങ്ങളിൽ ശിവപാർവ്വതി പരിണയ ദിനമായും ശീതളഷഷ്ഠിയെ വിശേഷിപ്പിക്കുന്നു.

എണ്ണിയാൽ തീരാത്ത ഫലങ്ങൾ
ഉദ്ദിഷ്ടകാര്യസിദ്ദിക്കും സര്‍പ്പദോഷ ശാന്തിക്കും സന്താനലാഭം, സന്തതികളുടെ ശ്രേയസ്‌, രോഗനാശം, ദാമ്പത്യസൗഖ്യം, ശത്രുനാശം, ചൊവ്വാ ദോഷ ശാന്തി, ത്വക് രോഗശമനം എന്നിവയാണ് ഷഷ്ഠിവ്രതാനുഷ്ഠാനത്തിന്റെ പൊതു ഫലങ്ങള്‍. സന്തതികളുടെ ശ്രേയസ്‌സിനുവേണ്ടി മാതാപിതാക്കള്‍ ഷഷ്ഠിവ്രതം അനുഷ്ഠിക്കുന്നത് ഉത്തമമാണ്. വെളുത്തപക്ഷ ഷഷ്ഠിയിലാണ് വ്രതമെടുക്കേണ്ടത്. ചൊവ്വയുടെ ദേവതയാണ് സുബ്രഹ്മണ്യൻ. അതിനാലാണ് ചൊവ്വാ ദോഷ പരിഹാരത്തിന് ഷഷ്ഠി നോൽക്കുന്നത്. സാധാരണ ഷഷ്ഠിയുടെ തലേന്ന് പഞ്ചമിനാൾ ഒരു നേരം മാത്രം ഭക്ഷണം കഴിച്ച് സുബ്രഹ്മണ്യ ഭജനവുമായി കഴിയണം. ഷഷ്ഠി ദിവസം രാവിലെ കുളി കഴിഞ്ഞ് സുബ്രഹ്മണ്യ ക്ഷേത്ര ദർശനം നടത്തി സ്‌തോത്രങ്ങൾ പാരായണം ചെയ്ത് ഉച്ച പൂജയുടെ നിവേദ്യം കഴിച്ച് അന്നു വൈകുന്നേരം ഫലങ്ങളോ മറ്റോ കഴിക്കുക. സപ്തമി ദിവസം രാവിലെ കുളി കഴിഞ്ഞ് അടുത്തുള്ള ക്ഷേത്രത്തിൽ ദർശനം നടത്തി തീർത്ഥം സേവിച്ച ശേഷം ആഹാരം കഴിക്കാം. ആരോഗ്യപ്രശ്‌നം ഉള്ളവർ അതിനനുസരിച്ച രീതിയിൽ വ്രതമെടുക്കുക. പുല, വാലായ്മ ഉള്ള സമയങ്ങളിൽ വ്രതം അനുഷ്ഠിക്കാൻ പാടില്ല. വ്രതം മുടങ്ങുന്നത് മന:പൂർവ്വമല്ലെങ്കിൽ തുടർന്നെടുക്കാം. അല്ലെങ്കിൽ ആദ്യം മുതലെടുക്കണം. ഷഷ്ഠിദേവിയുടെ സ്‌തോത്രം പാരായണം ചെയ്യണം. പുല വാലായ്മ സമയത്ത് സ്മരിക്കുകയേ പാടുള്ളൂ.

അഭിഷേകം പ്രിയങ്കരമായ വഴിപാട്
വ്രതമെടുക്കുന്നവർ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ വഴിപാടുകള്‍ നടത്തുന്നത് നല്ലതാണ്. അഭിഷേകമാണ് സുബ്രഹ്മണ്യന് ഏറ്റവും പ്രിയങ്കരമായ വഴിപാട്. പാല്‍, പനിനീര്‍, എണ്ണ, നെയ്യ്, തൈര്, പഞ്ചാമൃതം, ഇളനീര്‍, ഭസ്മം എന്നിവ കൊണ്ടാണ് സാധാരണ അഭിഷേകം നടത്തുന്നത്. പഴം, കല്‍ക്കണ്ടം, നെയ്, ശര്‍ക്കര, മുന്തിരി എന്നിവ ചേര്‍ത്തുണ്ടാക്കുന്ന വിശിഷ്ട നിവേദ്യമാണ് പഞ്ചാമൃതം. ആഗ്രഹസാഫല്യമാണ് പഞ്ചാമൃതാഭിഷേകത്തിന്റെ ഫലം. പനിനീര്‍ കൊണ്ട് അഭിഷേകം നടത്തിയാല്‍ മനഃസുഖം, പാല്‍, നെയ്യ്, ഇളനീര്‍ എന്നിവകൊണ്ട് അഭിഷേകം നടത്തിയാല്‍ ശരീരസുഖം, എണ്ണ കൊണ്ട് അഭിഷേകം നടത്തിയാല്‍ രോഗനാശം, ഭസ്മം കൊണ്ട് അഭിഷേകം നടത്തിയാല്‍ പാപനാശം, തൈര് കൊണ്ട് അഭിഷേകം നടത്തിയാല്‍ സന്താനലാഭം എന്നിവയാണ് ഫലം. അഗ്‌നിസ്വരൂപനാണ് കുജന്‍. അതുകൊണ്ടു സുബ്രഹ്മണ്യക്ഷേത്രത്തില്‍ ദീപം തെളിക്കുക, എണ്ണസമര്‍പ്പിക്കുക, നെയ്‌വിളക്ക് നടത്തുക മുതലായവ കുജദോഷ പരിഹാരത്തിനുള്ള ഉത്തമ മാര്‍ഗ്ഗമാണ്.

ഇവർ സുബ്രഹ്മണ്യ പ്രീതി നേടണം
ഷഷ്ഠി ദിവസം ക്ഷേത്രദർശനം നടത്തി മുരുകമന്ത്രങ്ങൾ ജപിച്ചാൽ ചൊവ്വാദോഷ ശാന്തി ലഭിക്കും. പ്രത്യേകിച്ച് ജാതകത്തില്‍ ചൊവ്വയുടെ സ്ഥാനം മേടം, മിഥുനം, ചിങ്ങം, തുലാം, ധനു, കുംഭം എന്നീ രാശികളില്‍ നില്‍ക്കുന്നവര്‍ക്കും, ലഗ്നം രണ്ടിലോ ഏഴിലോ എട്ടിലോ നില്‍ക്കുന്നവര്‍ക്കും, മകയിരം, ചിത്തിര, അവിട്ടം നക്ഷത്രക്കാരും ഷഷ്ഠിവ്രതമെടുത്ത് സുബ്രഹ്മണ്യ പ്രീതി വരുത്തേണ്ടത് അനിവാര്യമാണ്.

ഷഷ്ഠിദേവി സ്‌തോത്രം ജപിക്കണം
ഷഷ്ഠി വ്രതം അനുഷ്ഠിക്കുന്നവർ സുബ്രഹ്മണ്യ ഭഗവാനോടൊപ്പം സർവാഭീഷ്ട ദായിനിയായ ഷഷ്ഠി ദേവിയെ കൂടി ഭജിച്ചാൽ സന്താന ഭാഗ്യവും മക്കൾക്ക് ശ്രേയസ്സും ഉറപ്പാണ്. ഷഷ്ഠി ദിവസം രാവിലെ കുളിച്ച് ശുഭവസ്ത്രം ധരിച്ച് സുബ്രഹ്മണ്യസ്വാമിയുടെ ചിത്രത്തിന് മുന്നിൽ നിലവിളക്ക് കത്തിച്ച് വച്ച് “ഓം ഹ്രീം ഷഷ്ഠി ദേവ്യൈ നമഃ” എന്ന മന്ത്രം എട്ടു പ്രാവശ്യം ജപിച്ച ശേഷം ഷഷ്ഠി ദേവി സ്തോത്രം കുറഞ്ഞത് 3 തവണ ജപിക്കണം. ജപം പൂർത്തിയാക്കിയ ശേഷം കർപ്പൂര ദീപം ഉഴിഞ്ഞ് നമസ്കരിച്ച് തനിക്കും സന്തതികൾക്കും കുടുംബത്തിനും സർവ്വൈശ്യര്യവും ഉണ്ടാകാൻ അകമഴിഞ്ഞ് ആത്മാർത്ഥമായി പ്രാർത്ഥിക്കണം. പ്രസിദ്ധ ഗായകൻ മണക്കാട് ഗോപൻ ആലപിച്ച ഷഷ്ഠി ദേവി സ്തോത്രം കേൾക്കാം :


ALSO READ

Summary: Importance of Sheethala Shashi of Kumbha Masam on February 23

(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . ആത്മീയ- ജ്യോതിഷ വാര്‍ത്തകള്‍ക്ക്, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക: AstroG App .)

Copyright @ 2026 NeramOnline.com . All rights reserved.

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?