(2026 ഫെബ്രുവരി 22 – 28)
2026 ഫെബ്രുവരി 22 ന് മേടക്കൂറിൽ അശ്വതി നക്ഷത്രത്തിൽ ആരംഭിക്കുന്ന ഈ ആഴ്ചയിലെ പ്രധാന വിശേഷങ്ങൾ വാരാഹി പഞ്ചമി, പൂന്താനം ദിനം, കുംഭഭരണി, ചെട്ടികുളങ്ങര കെട്ടുകാഴ്ച, ഷഷ്ഠിവ്രതം, ആറ്റുകാൽ കാപ്പുകെട്ട് , ഏകാദശി, ഏറ്റുമാനൂർ ആറാട്ട്, ഗുരുവായൂർ കൊടിയേറ്റ്, ആനയോട്ടം, തിരുവല്ല ആറാട്ട് എന്നിവയാണ്. ഫെബ്രുവരി 22 ഞായറാഴ്ചയാണ് വാരാഹിപഞ്ചമിയും പൂന്താനം ദിനവും. തിങ്കളാഴ്ചയാണ് കുംഭഭരണിയും ചെട്ടികുളങ്ങര കെട്ടുകാഴ്ചയും ഷഷ്ഠിവ്രതവും സൂര്യസപ്തമിയും. ഭദ്രകാളി ദേവിയുടെ പ്രീതി നേടാൻ ഏറ്റവും മികച്ച ദിവസമാണ് കുംഭമാസത്തിലെ ഭരണി. ഈ ദിവസത്തെ ഉപാസനകൾക്കും ക്ഷേത്ര വഴിപാടുകൾക്കും പെട്ടെന്ന് ഫലം ലഭിക്കും. പ്രശസ്തമായ ചെട്ടിക്കുളങ്ങര കുംഭഭരണിയാണ് ഈ ദിവസത്തെ പ്രധാന ഉത്സവം. ലോകത്തിലെ ഏറ്റവും വലിയ കെട്ടുകാഴ്ചയാണിത്. ഈ ഉത്സവം കണ്ടു തൊഴുതാൽ ദുരിതങ്ങളും ക്ലേശങ്ങളും അകന്ന് ദേവിയുടെ കൃപാകടാക്ഷത്താൽ ഗൃഹത്തിൽ ഐശ്വര്യാഭിവൃദ്ധിയും സർവ്വാഭീഷ്ടസിദ്ധിയുമുണ്ടാകും. അന്ന് തന്നെയാണ് കുംഭത്തിലെ ശുക്ലപക്ഷ ഷഷ്ഠിയും ആറ്റുകാൽ കാപ്പുകെട്ടും . വൈകിട്ട് 5:30 നാണ് പൊങ്കാല മഹോത്സവത്തിന് തുടക്കം കുറിക്കുന്ന കാപ്പു കെട്ട്. ആറ്റുകാൽ അമ്മയ്ക്ക് പൊങ്കാല സമർപ്പിക്കുന്നവർ ഈ ദിവസം മുതൽ വ്രതമെടുക്കുന്നത് ഉത്തമമാണ്. മാർച്ച് 3 ചൊവ്വാഴ്ചയാണ് പൊങ്കാല. മറ്റ് ഷഷ്ഠികളെക്കാൾ വിശേഷമാണ് കുംഭമാസത്തിലെ ഷഷ്ഠിവ്രതം. ഇത് ശീതള ഷഷ്ഠി എന്ന് അറിയപ്പെടുന്നു. സന്താനങ്ങളുടെ ഗുണത്തിനായി വ്രതം അനുഷ്ഠിക്കുന്നവർ തലേന്ന് മുതൽ വ്രതമെടുക്കണം. ഫെബ്രുവരി 27 വെള്ളിയാഴ്ചയാണ് ഏകാദശിയും ഏറ്റുമാനൂർ ആറാട്ടും. ഗുരുവായൂർ കൊടിയേറ്റ്, ആനയോട്ടം, തിരുവല്ല ആറാട്ട് എന്നിവ ശനിയാഴ്ചയാണ്. ഫെബ്രുവരി 28 ന് പൂയം നക്ഷത്രത്തിൽ വാരം അവസാനിക്കും. ഈ ആഴ്ചയിലെ നക്ഷത്രഫലം:
മേടക്കൂറ്
(അശ്വതി, ഭരണി, കാർത്തികയുടെ കാൽ)
പൊതുവേ അനുകൂലമായ സമയമാണ് എല്ലാ രംഗത്തും ഗുണപരമായ മാറ്റമുണ്ടാകാം. കർമ്മരംഗത്ത് സഹപ്രവർത്തകരുടെ പൂർണ്ണ പിന്തുണ ലഭിക്കും. പുതിയ ജോലി ലഭിക്കാൻ സാധ്യത തെളിയും. ഉന്നത വ്യക്തികളിൽ നിന്ന് അംഗീകാരവും പ്രശംസയും കിട്ടും. വരുമാനം വർദ്ധിക്കാൻ സാധ്യതയുണ്ട്. അനാവശ്യ ചെലവുകൾ നിയന്ത്രിക്കും. കിട്ടാനുള്ള പണം അപ്രതീക്ഷിതമായി കൈവശം വന്നുചേരും. ഗൃഹത്തിൽ സമാധാനവും സന്തോഷവും നിലനിൽക്കും. ജീവിതപങ്കാളിയിൽ നിന്നും മക്കളിൽ നിന്നും സഹായ സഹകരണങ്ങൾ ലഭിക്കും. സംസാരത്തിൽ മിതത്വം വേണം. അനാവശ്യ തർക്കങ്ങൾ ഒഴിവാക്കണം. മത്സരപ്പരീക്ഷകളിൽ വിജയിക്കാൻ സാധിക്കും. പഠനകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കണം. ആത്മവിശ്വാസവും. ആത്മീയ കാര്യങ്ങളിൽ താൽപ്പര്യവും വർദ്ധിക്കും. ഉല്ലാസയാത്രകൾ നടത്താൻ യോഗമുണ്ട്. പ്രധാന രേഖകൾ, പ്രമാണം, പേഴ്സ് എന്നിവ സൂക്ഷിക്കണം. ദിവസവും ഓം നമഃ ശിവായ 108 തവണ ജപിക്കണം.
ഇടവക്കൂറ്
(കാർത്തിക മുക്കാൽ, രോഹിണി, മകയിരം പകുതി)
തൊഴിൽപരമായ ഉത്തരവാദിത്തങ്ങൾ വർദ്ധിക്കും. ബിസിനസ്സ് രംഗത്തുള്ളവർക്ക് പുരോഗതി ഉണ്ടാകും. പുതിയ കരാറുകളിൽ ഒപ്പിടും മുൻപ് രേഖകൾ കൃത്യമായി പരിശോധിക്കണം. മേലുദ്യോഗസ്ഥരുമായി സംസാരിക്കുമ്പോൾ ഔചിത്യം സൂക്ഷിക്കുന്നത് നന്നായിരിക്കും. അപ്രതീക്ഷിതമായി പണച്ചെലവ് നേരിടാൻ സാധ്യതയുണ്ട്. പഴയ നിക്ഷേപങ്ങളിൽ നിന്ന് കൂടുതൽ വരുമാനം ലഭിച്ചേക്കാം. പൂർവ്വിക സ്വത്തുക്കൾ ലഭിക്കും. പൊതുവേ സമ്മിശ്രമായ ഫലങ്ങളാണ് പ്രതീക്ഷിക്കുക. ഉദര, നേത്ര സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ഭക്ഷണ കാര്യത്തിൽ പ്രത്യേക ശ്രദ്ധിക്കണം. കുടുംബാംഗങ്ങളുമായി ചെറിയ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാം. ജീവിതപങ്കാളിയുടെ പിന്തുണ വലിയ ആശ്വാസമാകും. വിദേശ ബന്ധുക്കളിൽ നിന്നും ശുഭവാർത്ത കേൾക്കും. മറ്റുള്ളവരുടെ കാര്യങ്ങളിൽ അനാവശ്യമായി ഇടപെടുന്നത് ഒഴിവാക്കുക. ഉന്നത പഠനത്തിന് ശ്രമിക്കുന്നവർക്ക് സമയം അനുകൂലമാണ്. പതിവായി ലളിതാ സഹസ്രനാമം ജപിക്കുക.
മിഥുനക്കൂറ്
(മകയിരം പകുതി, തിരുവാതിര, പുണർതം മുക്കാൽ)
പൊതുവേ ഗുണകരമായ സമയമാണ് ബുദ്ധിപരമായ നീക്കങ്ങളിലൂടെ തടസ്സങ്ങൾ അതിജീവിക്കാൻ സാധിക്കും. കർമ്മരംഗത്ത് പുതിയ ഉത്തരവാദിത്തങ്ങൾ ലഭിക്കും. കഴിവ് തെളിയിക്കാൻ അവസരങ്ങൾ ഉണ്ടാകും. സഹപ്രവർത്തകരുടെ സ്നേഹവും ബഹുമാനം വർദ്ധിക്കും. കലാരംഗത്ത് പുതിയ അവസരങ്ങൾ ലഭിക്കും. സാമ്പത്തിക നില മെച്ചപ്പെടും. പുതിയ വരുമാന മാർഗ്ഗങ്ങൾ കണ്ടെത്തും. എന്നാൽ ആഡംബരങ്ങൾക്ക് അനാവശ്യമായി പണം ചെലവഴിക്കാൻ സാദ്ധ്യതയുള്ളതിനാൽ നിയന്ത്രണം പാലിക്കുക. കുടുംബത്തിൽ സമാധാനപരമായ അന്തരീക്ഷമായിരിക്കും. അകന്നു കഴിഞ്ഞ ബന്ധുക്കളുമായി വീണ്ടും അടുക്കാൻ സാധ്യത. പ്രണയ വിവാഹ കാര്യത്തിൽ അനുകൂലമായ തീരുമാനം ഉണ്ടാകാം. അമിതമായ ജോലിഭാരം ബുദ്ധിമുട്ടിക്കും. യാത്രയിൽ അതീവ ജാഗ്രത പാലിക്കുക. ആരുമായും രഹസ്യങ്ങൾ പങ്കുവെക്കാതിരിക്കുന്നത് ഉചിതമായിരിക്കും. മത്സരപ്പരീക്ഷകൾ എഴുതുന്നവർക്ക് അനുകൂല സമയമാണ്. ഓം ക്ലീം കൃഷ്ണായ നമഃ എന്നും ജപിക്കുക. ശ്രീകൃഷ്ണ സ്വാമിക്ക് തുളസിമാല സമർപ്പിക്കുക.
കർക്കടകക്കൂറ്
(പുണർതം കാൽ, പൂയം, ആയില്യം)
ജോലിസ്ഥലത്ത് അപ്രതീക്ഷിത മാറ്റങ്ങൾ ഉണ്ടായേക്കാം. ജോലിഭാരം കൂടുന്നതിനാൽ മാനസികസമ്മർദ്ദമുണ്ടാകും. കഠിനാധ്വാനത്തിന് അനുസരിച്ചുള്ള ഫലം വൈകിയാണെങ്കിലും ലഭിക്കും. പുതിയ സംരംഭങ്ങൾ തുടങ്ങുന്നതിനും വൻ തുകകൾ കടം കൊടുക്കുന്നതിനും നല്ല സമയമല്ല. സുപ്രധാന തീരുമാനങ്ങൾ എടുക്കുന്നതിന് മുമ്പ് കുടുംബാംഗങ്ങളുമായി ആലോചിക്കണം. ബിസിനസ്സുകാർ പണമിടപാടുകളിൽ അതീവ ജാഗ്രത പുലർത്തണം. വൈകാരികമായ തീരുമാനങ്ങൾ എടുക്കുമ്പോൾ കൂടുതൽ ശ്രദ്ധിക്കേണ്ട സമയമാണ്. വരുമാനം തൃപ്തികരമായിരിക്കും. വീടുമായി ബന്ധപ്പെട്ട് മുൻകൂട്ടി നിശ്ചയിക്കാത്ത ചില ചെലവുകൾ വരാൻ സാധ്യതയുണ്ട്. ഭൂമി സംബന്ധമായ ഇടപാടുകൾ നടത്തുന്നവർക്ക് ലാഭമുണ്ടാകും.
കുടുംബാംഗങ്ങളുമായി തർക്കങ്ങൾ വരാതെ നോക്കണം. വീട്ടിലെ മുതിർന്നവരുടെ ആരോഗ്യം പ്രത്യേകം ശ്രദ്ധിക്കണം. വിദൂത്തുള്ള സുഹൃത്തുക്കളിൽ നിന്ന് സഹായം ലഭിക്കും. ജലദോഷം, തൊണ്ടവേദന എന്നിവ ഉണ്ടായേക്കാം. പഠനത്തിൽ മന്ദത. ഏകാഗ്രത നിലനിർത്താൻ കൂടുതൽ പരിശ്രമിക്കേണ്ടി വരും. ഓം നമഃ ശിവായ എന്നും ജപിക്കാം തിങ്കളാഴ്ച ശിവക്ഷേത്ര ദർശനം നടത്തി പുഷ്പാഞ്ജലി കഴിപ്പിക്കുക.
ALSO READ
ചിങ്ങക്കൂറ്
(മകം, പൂരം, ഉത്രം കാൽ)
ആത്മവിശ്വാസം വർദ്ധിക്കും കാര്യവിജയം പ്രതീക്ഷിക്കാം. നേതൃപാടവത്തിന് അംഗീകാരം ലഭിക്കും. തൊഴിൽരംഗത്ത് മുന്നേറും. തടസ്സം നേരിട്ട പദ്ധതികൾ പുനരാരംഭിക്കാനാകും. ബിസിനസ്സിൽ പുതിയ പങ്കാളികളെ ലഭിക്കും. സർക്കാർ കാര്യങ്ങളിൽ അനുകൂല തീരുമാനം പ്രതീക്ഷിക്കാം. ധനലബ്ധിക്ക് യോഗമുണ്ട്. ലോട്ടറി, ഇൻഷുറൻസ്, നിക്ഷേപങ്ങൾ വഴി പണം ലഭിക്കാം. ആഡംബരങ്ങൾക്കായി പണം കളയരുത്. കുടുംബത്തിൽ മംഗളകർമ്മങ്ങൾ നടക്കാൻ സാധ്യതയുണ്ട്. ബന്ധുക്കളുമായുള്ള അഭിപ്രായ വ്യത്യാസം പരിഹരിക്കപ്പെടും. സന്താനങ്ങളുടെ നേട്ടങ്ങളിൽ അഭിമാനിക്കും. ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും. ആരോഗ്യം തൃപ്തികരമായിരിക്കും. ഉദര രോഗങ്ങളുള്ളവർ ഭക്ഷണത്തിൽ ജാഗ്രത പാലിക്കണം. ആഗ്രഹിച്ച രീതിയിൽ ഉന്നത പഠനത്തിന് അവസരങ്ങൾ ലഭിക്കും. കലാ കായിക രംഗത്ത് സമ്മാനം ലഭിക്കും. ദേഷ്യം നിയന്ത്രിക്കണം. വാക്കുതർക്കം ഒഴിവാക്കണം. ശിവക്ഷേത്രത്തിൽ ദർശനം നടത്തണം. ആദിത്യ അഷ്ടോത്തരം എന്നും ജപിക്കണം.
കന്നിക്കൂറ്
(ഉത്രം മുക്കാൽ, അത്തം, ചിത്തിര പകുതി)
തൊഴിൽരംഗത്ത് കഠിനാധ്വാനം ആവശ്യമായി വരും. ശത്രുക്കളുടെ ശല്യം ഉണ്ടാകും. എന്നാൽ കർമ്മമികവ് കൊണ്ട് അത് പ്രതിരോധിക്കാൻ സാധിക്കും. ബിസിനസ്സിൽ വൻ മുതൽമുടക്ക് നടത്തുന്നതിന് മുമ്പ് വിദഗ്ദ്ധോപദേശം തേടണം. ബുദ്ധിപരമായ നീക്കങ്ങളിലൂടെ പ്രതിസന്ധികൾ മറികടക്കാൻ സാധിക്കും. വരുമാനത്തിൽ നേരിയ കുറവ് ഉണ്ടാകാം. അല്ലെങ്കിൽ ചെലവ് വർദ്ധിക്കും. ബാധ്യതകൾ തീർക്കാൻ പുതിയ മാർഗ്ഗങ്ങൾ തെളിയും. ഭാഗ്യപരീക്ഷണത്തിൽ നിന്ന് വിട്ടുനിൽക്കണം. വീട്ടിൽൽ ചെറിയ അസ്വസ്ഥതകൾക്ക് സാധ്യതയുണ്ട്. സംസാരത്തിൽ മിതത്വം പാലിച്ച് തർക്കങ്ങൾ ഒഴിവാക്കുക. അടുത്ത സുഹൃത്തുക്കളിൽ നിന്നും സഹായം ലഭിക്കും. നടുവേദന, സന്ധിവേദന, ചർമ്മസംബന്ധമായ അസ്വസ്ഥതകൾ അനുഭവപ്പെടാം. വിദ്യാർത്ഥികൾക്ക് പഠനകാര്യങ്ങളിൽ ഏകാഗ്രത ആവശ്യമാണ്. വിദേശ പഠനത്തിന് ശ്രമിക്കുന്നവർക്ക് സുപ്രധാന അറിയിപ്പുകൾ ലഭിക്കും. പുതിയ ബന്ധങ്ങളുടെ കാര്യത്തിൽ പ്രത്യേകജാഗ്രത പാലിക്കുക. ചതിയിൽ പെടാതെ നോക്കണം. കരാറുകളിൽ ഒപ്പിടുമ്പോൾ ശ്രദ്ധിക്കണം. ഓം നമോ നാരായണായ ജപിക്കണം. മഹാവിഷ്ണു ക്ഷേത്രത്തിൽ ദർശനം നടത്തി പാൽപ്പായസം വഴിപാടായി കഴിപ്പിക്കുന്നത് തടസ്സം നീക്കും.
തുലാക്കൂറ്
(ചിത്തിര പകുതി, ചോതി, വിശാഖം മുക്കാൽ)
മികച്ച ജോലി ലഭിക്കാൻ സാധ്യതയുണ്ട്. ജോലി ഉള്ളവർക്ക് സ്ഥാനക്കയറ്റം, ശമ്പള വർദ്ധനവ് എന്നിവയ്ക്ക് അനുകൂലമായ സാഹചര്യങ്ങൾ ഒരുങ്ങും. സഹപ്രവർത്തകരുമായി ഇടപെടുമ്പോൾ അനാവശ്യ തർക്കങ്ങൾ ഒഴിവാക്കണം. പൊതുവേ ഗുണദോഷ സമ്മിശ്രമായ ഫലങ്ങളാകും കൂടുതൽ അനുഭവപ്പെടുക. മനസ്സാന്നിധ്യത്തോടെ പ്രവർത്തിച്ചാൽ കാര്യങ്ങൾ അനുകൂലമാക്കാം. സാമ്പത്തിക സ്ഥിതിയിൽ പുരോഗതി ഉണ്ടാകും. കടം കൊടുത്ത പണം തിരികെ ലഭിക്കാൻ സാധ്യതയുണ്ട്. എന്നാൽ ചില കടങ്ങൾ വീട്ടുന്നതിന് വരുമാനത്തിന്റെ നല്ലൊരു ഭാഗം മാറ്റിവെക്കേണ്ടി വരും. ഓഹരി വിപണിയിൽ നിക്ഷേപിക്കുന്നവർ ജാഗ്രത പാലിക്കണം. ഗൃഹത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകും. സ്വജനങ്ങളുമായുണ്ടായിരുന്ന പിണക്കം പരിഹരിക്കപ്പെടും. ദാമ്പത്യ ജീവിതത്തിൽ ഐക്യമുണ്ടാകും. മക്കളുടെ വിവാഹ കാര്യത്തിൽ തീരുമാനം എടുക്കും. പിടിവാശി വ്യക്തിബന്ധങ്ങളെ ബാധിക്കാതെ നോക്കണം. ദൂരയാത്രകൾ ചെയ്യുമ്പോൾ വിലപ്പെട്ട സാധനങ്ങൾ ശ്രദ്ധിക്കുക. കണ്ഠസംബന്ധമായ രോഗങ്ങൾക്ക് സാധ്യതയുണ്ട്. പരീക്ഷകളിൽ മികച്ച വിജയം നേടാൻ കഴിയും. ഉപരിപഠനത്തിന് തയ്യാറെടുക്കുന്നവർക്ക് വഴി തെളിയും.
ഓം ദും ദുർഗ്ഗായൈ നമഃ ദിവസവും ജപിക്കുക. ദേവീക്ഷേത്രത്തിൽ ദർശനം അർച്ചന നടത്തുന്നത് തടസ്സങ്ങൾ നീങ്ങാൻ സഹായിക്കും.
വൃശ്ചികക്കൂറ്
(വിശാഖം കാൽ, അനിഴം, തൃക്കേട്ട)
ഗുണാനുഭവങ്ങൾ വർദ്ധിക്കും തടസ്സപ്പെട്ടു കിടന്ന പല കാര്യങ്ങളും വേഗത്തിൽ പൂർത്തിയാക്കാനാകും. ജോലിയിൽ ഉത്തരവാദിത്തങ്ങൾ വർദ്ധിക്കും. മേലുദ്യോഗസ്ഥരിൽ നിന്ന് പ്രശംസ ലഭിക്കും. വിദേശത്ത് ജോലിക്ക് ശ്രമിക്കുന്നവർക്ക് അനുകൂലമായ അറിയിപ്പ് പ്രതീക്ഷിക്കാം. ബിസിനസ്സിൽ പുതിയ പരീക്ഷണങ്ങൾ നടത്താൻ അനുയോജ്യമായ സമയമാണ്.
വരവിനേക്കാൾ കൂടുതൽ ചെലവ് വരാൻ സാധ്യതയുണ്ട്. സാമ്പത്തിക അച്ചടക്കം പാലിക്കണം. ഭൂമി ഇടപാടുകളിൽ നിന്ന് ലാഭം പ്രതീക്ഷിക്കാം. അപ്രതീക്ഷിതമായി ധനസഹായം ലഭിക്കാൻ യോഗമുണ്ട്. വീട്ടിൽ സമാധാനം നിലനിൽക്കും. ജീവിതപങ്കാളിയുടെ ആരോഗ്യത്തിൽ പ്രത്യേക ശ്രദ്ധ ആവശ്യമാണ്. പിതൃസ്വത്തുമായി ബന്ധപ്പെട്ട തർക്കം രമ്യമായി പരിഹരിക്കും. സുഹൃത്തുക്കളുമായി ഒത്തുചേരും . ഉദരസംബന്ധമായ അസ്വസ്ഥതകളോ അല്ലെങ്കിൽ ഉറക്കക്കുറവോ അനുഭവപ്പെടാം. അനാവശ്യ ഉത്കണ്ഠ ഉണ്ടാകാതെ ശ്രദ്ധിക്കുക. ശത്രുക്കളുടെ നീക്കങ്ങൾ കരുതിയിരിക്കണം. ആരെയും കണ്ണുമടച്ച് വിശ്വസിക്കരുത്, സാമ്പത്തിക കാര്യങ്ങളിൽ. തീരുമാനങ്ങൾ എടുക്കുമ്പോൾ മറ്റുള്ളവരുടെ പ്രേരണയ്ക്ക് വഴങ്ങരുത്. പരീക്ഷയിൽ മികച്ച ഫലം ലഭിക്കും. ഓം വചത്ഭുവേ നമഃ ജപിക്കുക. സുബ്രഹ്മണ്യസ്വാമി ക്ഷേത്ര ദർശനം നടത്തി അർച്ചന സമർപ്പിക്കുന്നത് ഉത്തമമാണ്.
ധനുക്കൂറ്
(മൂലം, പൂരാടം, ഉത്രാടം കാൽ)
ജോലിയിൽ ഉത്തരവാദിത്തങ്ങൾ വർദ്ധിക്കും. മേലുദ്യോഗസ്ഥരിൽ നിന്ന് ചില സമ്മർദ്ദങ്ങൾ ഉണ്ടാകാം. എന്നാൽ മറ്റ് സഹപ്രവർത്തകരുടെ പിന്തുണ ആശ്വാസമാകും. പുതിയ ബിസിനസ്സ് തുടങ്ങാൻ ആലോചിക്കുന്നവർക്ക് മികച്ച തുടക്കം ലഭിക്കും. സാമ്പത്തിക കാര്യങ്ങളിൽ അനുകൂല മാറ്റങ്ങൾ ഉണ്ടാകും. പഴയ നിക്ഷേപങ്ങളിൽ നിന്ന് ലാഭം ലഭിക്കും. ഊഹക്കച്ചവടത്തിൽ പണം നഷ്ടപ്പെടാൻ സാധ്യതയുണ്ട്. ജാഗ്രത വേണം. വീടിന്റെ അറ്റകുറ്റപ്പണികൾക്ക് പണം ചെലവായേക്കാം. കുടുംബത്തിൽ സമാധാനവും ഐക്യവും നിലനിൽക്കും. പിതാവിൻ്റെയോ മുതിർന്നവരുടെയോ ആരോഗ്യ കാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണം. ദൂരയാത്ര നടത്തും. മക്കളുടെ കാര്യത്തിൽ സന്തോഷ വാർത്തകൾ കേൾക്കും. സന്ധി വേദനയ്ക്ക് സാധ്യതയുണ്ട്. കഠിനമായ ജോലികൾ ചെയ്യുമ്പോൾ ശ്രദ്ധിക്കുക. മാനസിക സമ്മർദ്ദം കുറയ്ക്കാൻ വിനോദങ്ങളിൽ ഏർപ്പെടണം. വാക്കുകൾ ഉപയോഗിക്കുമ്പോൾ അതീവ ശ്രദ്ധ പുലർത്തണം. അറിയാതെ പറയുന്ന കാര്യങ്ങൾ പോലും മറ്റുള്ളവർക്ക് തെറ്റായ സന്ദേശം നൽകാൻ കാരണമായേക്കാം. പണമിടപാടുകളിൽ ജാമ്യം നിൽക്കുന്നത് ഒഴിവാക്കുക. വിദ്യാർത്ഥികൾ പരീക്ഷകളിൽ മികച്ച വിജയം കൈവരിക്കും. ഓം നമോ നാരായണായ 108 തവണ വീതം എന്നും
ജപിക്കുക. വിഷ്ണു സഹസ്രനാമം ജപിക്കുന്നത് ഉത്തമമാണ്.
മകരക്കൂറ്
(ഉത്രാടം മുക്കാൽ, തിരുവോണം, അവിട്ടം പകുതി)
ചില കാര്യങ്ങളിൽ മന്ദത അനുഭവപ്പെടും. കഠിനാധ്വാനത്തിന് ഫലം ലഭിക്കും. ജോലിയിൽ അതീവ ശ്രദ്ധ പുലർത്തേണ്ട സമയമാണ്. ചെറിയ അശ്രദ്ധ പോലും കുഴപ്പങ്ങൾക്ക് കാരണമാകും. എന്നാൽ കഠിനാധ്വാനം ചെയ്യുന്നവർക്ക് അംഗീകാരം ലഭിച്ചു തുടങ്ങും. ബിസിനസ്സ് രംഗത്തുള്ളവർ പുതിയ നിക്ഷേപങ്ങൾ നടത്തും. വരവിനേക്കാൾ ചെലവ് കൂടാൻ സാധ്യതയുണ്ട്. അനാവശ്യ യാത്രകളും വിനോദങ്ങളും നിയന്ത്രിക്കുന്നത് സാമ്പത്തിക ഭദ്രത നൽകും. കുടുംബത്തിലെ മുതിർന്നവരുടെ ആരോഗ്യത്തിനായി പണം ചെലവായേക്കാം. വീട്ടിൽ ചെറിയ അസ്വസ്ഥതകൾക്ക് സാധ്യതയുണ്ട്. പങ്കാളിയുമായി തുറന്ന് സംസാരിക്കുന്നത് തെറ്റിദ്ധാരണകൾ മാറാൻ സഹായിക്കും. മക്കളുടെ പഠനകാര്യത്തിൽ സന്തോഷകരമായ വാർത്തകൾ കേൾക്കും. ദൂരയാത്രയിൽ വാഹനം ഓടിക്കുമ്പോൾ അതീവ ജാഗ്രത പാലിക്കുക. മാനസികമായി അല്പം അസ്വസ്ഥത തോന്നിയേക്കാം. വിദ്യാർത്ഥികൾ പഠനത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണം. ആഗ്രഹിച്ച വിഷയങ്ങളിൽ ഉപരിപഠനത്തിന് കാത്തിരിക്കേണ്ടി വരും. ആർക്കും വലിയ തുക കടം കൊടുക്കരുത്. പ്രധാനപ്പെട്ട രേഖകളിൽ ഒപ്പിടുമ്പോൾ രണ്ടുതവണ വായിച്ചു നോക്കുക. ഓം ഘ്രൂം നമഃ പരായ ഗോപ്ത്രേ എല്ലാ ദിവസവും ജപിക്കുക. ശനിയാഴ്ച ശാസ്താക്ഷേത്രത്തിൽ ദർശനം നടത്തി നീരാജനം വഴിപാടായി കഴിപ്പിക്കുക.
കുംഭക്കൂറ്
(അവിട്ടം പകുതി, ചതയം, പൂരുരുട്ടാതി മുക്കാൽ)
കരുതലോടെ മുന്നോട്ട് പോകുന്നത് നല്ലതാണ്. ചില കാര്യങ്ങളിൽ അപ്രതീക്ഷിത ഭാഗ്യം ലഭിക്കും. തൊഴിൽ രംഗത്ത് സമ്മർദ്ദം വർദ്ധിക്കും. സഹപ്രവർത്തകരുമായി ആശയവിനിമയം നടത്തുമ്പോൾ സംയമനം പാലിക്കുക. പുതിയ സംരംഭങ്ങൾ തുടങ്ങാൻ നല്ല സമയമാണ്. വിദേശ ജോലിക്ക് ശ്രമിക്കുന്നവർക്ക് അനുകൂലമായ വഴി തെളിയും. പണമിടപാടുകളിൽ അതീവ ജാഗ്രത വേണം. പണം കടം നൽകിയാൽ തിരികെ കിട്ടാൻ കാലതാമസം നേരിടും. വരുമാനത്തിൽ തടസ്സം ഉണ്ടായേക്കാം. സുഹൃത്തുക്കളുടെ സഹായം ലഭിക്കും. മക്കളുടെ ആവശ്യങ്ങൾക്കായി കൂടുതൽ സമയം ചെലവഴിക്കേണ്ടി വരും. ബന്ധുക്കളുമായി ചെറിയ അഭിപ്രായ വ്യത്യാസം ഉണ്ടായേക്കാം. അതിനാൽ തർക്കങ്ങളിൽ നിന്ന് വിട്ടുനിൽക്കുക. ജീവിതപങ്കാളിയുടെ സഹകരണം വലിയ ആശ്വാസം നൽകും. തലവേദന, ഉദരരോഗങ്ങൾ അനുഭവപ്പെട്ടേക്കാം. ഭക്ഷണക്രമത്തിൽ കൃത്യനിഷ്ഠ പാലിക്കുക. രാത്രിയാത്ര ഒഴിവാക്കുന്നത് നന്നായിരിക്കും. കഠിനമായ പരിശ്രമത്തിലൂടെ പരീക്ഷ യാർ മികച്ച വിജയം നേടാൻ കഴിയും. അനാവശ്യ ഭയം, ഉത്കണ്ഠ അലട്ടും. പ്രധാനപ്പെട്ട തീരുമാനങ്ങൾ എടുക്കുമ്പോൾ മുതിർന്നവരുടെയോ വിദഗ്ദ്ധരുടെയോ ഉപദേശം തേടുക. ഓം ഹം ഹനുമതേ നമഃ ജപിക്കുക. ശനിയാഴ്ച ഹനുമാൻ സ്വാമിക്ക് വെണ്ണ സമർപ്പിക്കുന്നത് ശനിദോഷ കാഠിന്യം കുറയ്ക്കാൻ സഹായിക്കും.
മീനക്കൂറ്
(പൂരുരുട്ടാതി കാൽ, ഉത്തൃട്ടാതി, രേവതി) തൊഴിൽരംഗത്ത് അനുകൂല സാഹചര്യങ്ങൾ ഉണ്ടാകും. പുതിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കേണ്ടി വരും. സ്ഥാനക്കയറ്റത്തിനോ സ്ഥലം മാറ്റത്തിനോ ശ്രമിക്കുന്നവർക്ക് അനുകൂലമായ വാർത്ത ലഭിക്കാൻ സാധ്യത. സഹപ്രവർത്തകരുമായി രഹസ്യ നീക്കങ്ങളിൽ നിന്ന് വിട്ടുനിൽക്കുന്നത് നല്ലതാണ്. ജീവിതത്തിൽ സുപ്രധാന മാറ്റങ്ങൾക്ക് സാധ്യതയുള്ള സമയമാണ്. വരുമാനത്തിൽ വർദ്ധനവുണ്ടാകും. ആഡംബരങ്ങൾക്ക് പണം ചിലവാകാൻ സാധ്യതയുള്ളതിനാൽ ഒരു നിയന്ത്രണം വേണം. പഴയ കടബാധ്യതകൾ തീർക്കാൻ ചില വഴികൾ തെളിയും. ഓഹരി വിപണിയിൽ വൻ നിക്ഷേപങ്ങൾ ഒഴിവാക്കുക. വീട്ടിൽ സമാധാനവും സന്തോഷവും നിലനിൽക്കും. ബന്ധുക്കളുമായി ഒത്തുചേരാൻ അവസരമുണ്ടാകും. മംഗളകർമ്മങ്ങളിൽ പങ്കെടുക്കും. ജീവിതപങ്കാളിയിൽ നിന്ന് എല്ലാ പിന്തുണയും ലഭിക്കും. ആരോഗ്യ നില തൃപ്തികരമായിരിക്കും. എങ്കിലും കാലുകൾക്കോ സന്ധികൾക്കോ വേദന അനുഭവപ്പെടാം. ഭക്ഷണ നിയന്ത്രണം ഉദരരോഗങ്ങൾ തടയാൻ സഹായിക്കും. വിദ്യാർത്ഥികൾക്ക് പഠനകാര്യങ്ങളിൽ നല്ല പുരോഗതി നേടാൻ സാധിക്കും. ഉപരിപഠനത്തിനുള്ള തടസ്സങ്ങൾ നീങ്ങിക്കിട്ടും. അന്യരുടെ കാര്യങ്ങളിൽ ഇടപെട്ട് പഴി കേൾക്കാൻ സാധ്യതയുണ്ട്. വാഹനം ഓടിക്കുന്നതിൽ അതീവ ജാഗ്രത പാലിക്കുക. ഓം ഘ്രൂം നമഃ പരായ ഗോപ് ത്രേ ജപിക്കുക. ശനിയാഴ്ച ശാസ്താ ക്ഷേത്രത്തിൽ ദർശനം നടത്തി നീരാജനം സമർപ്പിക്കുക .
ജ്യോതിഷരത്നം വേണു മഹാദേവ് ,
മൊബൈൽ: +91 9847475559
Story Summary: Astrological predictions for February 22 to 28
(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . ആത്മീയ- ജ്യോതിഷ വാര്‍ത്തകള്‍ക്ക്, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക: AstroG App .)
Copyright @ 2026 NeramOnline.com . All rights reserved.