ജ്യോതിഷി ദിനേശ് പണിക്കർ
സർപ്പങ്ങൾ എന്ന് കേട്ടാൽ ഉള്ളിൽ ഭയം നിറയും; എന്നാൽ സർപ്പക്കാവുകൾ എന്നു കേൾക്കുമ്പോൾ മനസ്സിൽ ഭക്തിയാണ് നിറയുന്നത്. ഭാരതത്തിൽ മാത്രമല്ല
പല രാജ്യങ്ങളിലും നാഗാരാധനയുണ്ട്. ഈ ഭൂമിയുടെ അവകാശികൾ എന്നാണ് നാഗങ്ങളെ സങ്കല്പിക്കുന്നത്. അതുകൊണ്ടാകണം സർപ്പങ്ങളുടെ സ്വൈര്യ ജീവിതത്തിന് ഭംഗം വരുത്തുന്ന രീതിയിൽ ഏന്തുതന്നെ സംഭവിച്ചാലും അതിന് കാരണക്കാരായവർക്ക് അല്ലെങ്കിൽ അവരുടെ കുടുംബത്തിലുള്ളവർക്കെല്ലാം തന്നെ രോഗങ്ങൾ വരും. ചിലപ്പോൾ കുടുംബം തന്നെ നശിക്കും. തലമുറകൾ ഇല്ലാതെ ക്ഷയിച്ചെന്നും വരും. ഇത്തരം സംഭവങ്ങൾ ധാരാളമായി കണ്ടുവരുന്നു.
നാഗദോഷങ്ങൾ കണ്ടെത്താം
സർപ്പശാപത്തെക്കുറിച്ചും നാഗദോഷത്തെക്കുറിച്ചും പുരാണ ഗ്രന്ഥങ്ങളിൽ പലയിടത്തും പറഞ്ഞിട്ടുണ്ട്. ഈ ദോഷങ്ങൾ ലളിതമായ ചില ആരാധനയിലൂടെ പരിഹരിക്കാമെന്നും പറയുന്നു. നാഗാരാധനയിലൂടെ ലഭിക്കുന്നത് അഷ്‌ടൈശ്വര്യങ്ങളാണ്. നാഗദോഷത്താൽ സംഭവിക്കുന്നതാകട്ടെ സർവ്വനാശവും. ജാതകം പരിശോധിച്ചാൽ ഓരോരുത്തരുടെയും നാഗദോഷം കണ്ടെത്താം. രാഹുവിന്റെ കേതുവിന്റെയും സ്ഥാനം നിർണ്ണയിച്ചാണിത് സാധിക്കുന്നത്. ഒരു ജാതകത്തിൽ രാഹു , കേതു ഗ്രഹങ്ങളുടെ ബന്ധനത്തിൽ മറ്റു ഗ്രഹങ്ങൾ നിൽക്കുന്നതിനെ കാളസർപ്പയോഗം എന്ന് പറയും. ഒരു പ്രധാന സർപ്പദോഷമാണിത്. പല തരം കാളസർപ്പയോഗമുണ്ട്. ഇതിൽ ഒരോന്നിനും ഒരോ ഫലമാണ്. കാളസർപ്പയോഗങ്ങളിൽ ചിലത് ജാതകന്റെയോ കുടുംബത്തിന്റെ തന്നെയോ വളർച്ചയെ പ്രതികൂലമായി ബാധിക്കുന്നവയാണ്. ഒരാളുടെ ജീവിതത്തിന്റെ അവസാനത്തെ ഉത്തരമൊന്നുമല്ല ജാതകം. അത്തരത്തിലെ അഭിപ്രായങ്ങളൊന്നും ഉന്നയിക്കുന്നില്ലെങ്കിലും കാളസർപ്പയോഗം കാരണം വന്നുഭവിക്കാൻ സാധ്യതയുള്ള പ്രയാസങ്ങളെക്കുറിച്ച് ജ്യോതിഷിയിൽ നിന്ന് അറിഞ്ഞിരിക്കുന്നത് നല്ലതാണ്. പ്രയാസങ്ങളുടെ കാഠിന്യം കുറക്കാൻ അത് ഉപകരിക്കും.
കാളസർപ്പയോഗം ഉണ്ടെങ്കിലും ഇല്ലെങ്കിലും ഭരണി, രോഹിണി, ആയില്യം, അത്തം, പൂരം, പൂരാടം, തൃക്കേട്ട, തിരുവോണം, രേവതി നക്ഷത്രക്കാർ നിർബന്ധമായും രാഹുപ്രീതി വരുത്തണം. കാളസർപ്പയോഗം എപ്പോഴും ദോഷമല്ലെന്നും ചില സാഹചര്യങ്ങളിൽ ഇത് രാഷ്ട്രീയ രംഗത്തും കലാരംഗത്തും വലിയ വിജയം നൽകുന്ന രാജയോഗമായി മാറാറുണ്ടെന്നും അഭിപ്രായമുണ്ട്.
കാളസർപ്പയോഗങ്ങൾ 12 തരം
കാളസർപ്പയോഗത്തെ ജ്യോതിശാസ്ത്രം 12 ആയി തിരിച്ചിരിക്കുന്നു.ജാതകത്തിൽ രാശിചക്രത്തെ 12 രാശികളായാണ് തിരിച്ചിരിക്കുന്നത്. മേടം തൊട്ടു മീനം വരെ ക്രമത്തിലാണ് രാശികൾ. എന്നാൽ കാളസർപ്പ ദോഷം ലഗ്നം മുതൽക്കാണ് കണക്കാക്കിയിട്ടുള്ളത്. ലഗ്നത്തിൽ രാഹു നിന്നാൽ കേതു ഏഴിൽ ആയിരിക്കും . മറ്റു ഗ്രഹങ്ങളെല്ലാം അവർക്കിടയിൽ ആയിരുന്നാൽ കാളസർപ്പയോഗമായി. നിസ്സാര കാര്യങ്ങൾ ഓർത്ത് മനപ്രയാസം, അബദ്ധങ്ങളിൽ ചെന്ന് ചാടുക, ഭൂമി ദോഷത്താൽ വ്യാകുലപ്പെടേണ്ടി വരിക, ഉദ്യോഗ തടസ്സം, ദുഖാനുഭവങ്ങൾ, അനാവശ്യ ടെൻഷൻ, അലസത, സഹിക്കാനാവാത്ത കോപം, ദുർവാശി, കഠിനപ്രവർത്തി ചെയ്യാൻ മടിക്കായ്ക, സന്താനക്ലേശം, ചികിത്സകൾ ഫലിക്കാതെ വരിക, നിരന്തരം രോഗപീഡ, ലഹരിക്ക് അടിമയാകുക, വികാരങ്ങൾക്ക് അടിമപ്പെടുക തുടങ്ങിയവയാണ് വിവിധ കാളസർപ്പയോഗ ഫലങ്ങൾ.
12 തരം കാളസർപ്പയോഗങ്ങൾ ഇതാണ്:
1 അനന്ത കാളസർപ്പയോഗം
2 ഗുളിക കാളസർപ്പയോഗം
3 വാസുകി കാളസർപ്പയോഗം
4 ശംഖപാല കാളസർപ്പയോഗം
5 പത്മ കാളസർപ്പയോഗം
6 മഹാപത്മ കാളസർപ്പയോഗം
7 തക്ഷക കാളസർപ്പയോഗം
8 കാർക്കോടക കാളസർപ്പയോഗം
9 ശംഖചൂഢ കാളസർപ്പയോഗം
10 ഘാതക കാളസർപ്പയോഗം
11 വിഷധര കാളസർപ്പയോഗം
12 ശേഷനാഗ കാളസർപ്പയോഗം
അനന്ത കാളസർപ്പയോഗം
രാഹു ഒന്നിലും കേതു ഏഴിലും നിൽക്കുമ്പോൾ സംഭവിക്കുന്ന കാളസർപ്പ യോഗമാണ് അനന്ത കാളസർപ്പയോഗം. കുടുംബ ജീവിതത്തിൽ കുടുംബാംഗങ്ങൾക്ക് നിരന്തരം രോഗപീഡകൾ, വിവാഹ തടസ്സം , മാനസിക സംഘർഷം, ദാമ്പത്യ സുഖഹാനി, ആത്മീയ കാര്യങ്ങളിൽ കൂടുതൽ താല്പര്യം, സന്യാസ തുല്യമായ ജീവിതം നയിക്കേണ്ടി വരിക ഇവയെല്ലാം അനന്തകാള യോഗത്താൽ സംഭവിച്ചേക്കാം.
ALSO READ
ഗുളിക കാളസർപ്പയോഗം
രാഹു രണ്ടിലും കേതു എട്ടാം ഭാവത്തിലും നിൽക്കുമ്പോൾ സംഭവിക്കുന്ന കാളസർപ്പയോഗമാണ് ഗുളിക കാളസർപ്പയോഗം. ഇത് സാമ്പത്തികമായ ചില പ്രശ്നങ്ങൾക്കും ആരോഗ്യപരമായ പ്രശ്നങ്ങൾക്കും കാരണമാകും.
വാസുകി കാളസർപ്പയോഗം
രാഹു മൂന്നാം ഭാവത്തിലും കേതു ഒൻപതാം ഭാവത്തിലും നിൽക്കുമ്പോഴുണ്ടാകുന്ന വാസുകി കാളസർപ്പയോഗം സഹോദരങ്ങളുമായുള്ള ബന്ധത്തെയും ഭാഗ്യത്തെയും ബാധിക്കുന്നു.
ശംഖപാല കാളസർപ്പയോഗം
രാഹു നാലാം ഭാവത്തിലും കേതു പത്താം ഭാവത്തിലും നിൽക്കുമ്പോൾ. മാതാവിൻ്റെ ആരോഗ്യത്തെയും വീട്, വാഹനം എന്നിവയുമായി ബന്ധപ്പെട്ട സൗകര്യങ്ങളെയും ശംഖപാല കാളസർപ്പയോഗം ബാധിക്കുന്നു.
പത്മ കാളസർപ്പയോഗം
രാഹു അഞ്ചാം ഭാവത്തിലും കേതു പതിനൊന്നാം ഭാവത്തിലും നിൽക്കുമ്പോൾ വരുന്ന പത്മ കാളസർപ്പയോഗം വിദ്യാഭ്യാസ തടസ്സങ്ങൾക്കും സന്താന സംബന്ധമായ ബുദ്ധിമുട്ടുകൾക്കും കാരണമാകാം.
മഹാപത്മ കാളസർപ്പയോഗം
രാഹു ആറാം ഭാവത്തിലും കേതു പന്ത്രണ്ടാം ഭാവത്തിലും നിൽക്കുമ്പോൾ കടബാധ്യതകൾക്കും ശത്രുശല്യത്തിനും കാരണമാകുന്ന മഹാപത്മ കാളസർപ്പയോഗം ഉണ്ടാകും
തക്ഷക കാളസർപ്പയോഗം
രാഹു ഏഴാം ഭാവത്തിലും കേതു ഒന്നാം ഭാവത്തിലും നിൽക്കുമ്പോള്ള കാളസർപ്പയോഗം കാരണം വിവാഹ തടസ്സങ്ങൾക്കും പങ്കാളിത്ത ബിസിനസ്സുകളിൽ നഷ്ടങ്ങൾക്കും സാധ്യതയുണ്ട്.
കാർക്കോടക കാളസർപ്പയോഗം
രാഹു എട്ടാം ഭാവത്തിലും കേതു രണ്ടാം ഭാവത്തിലും നിൽക്കുമ്പോൾ കാർക്കോടക കാളസർപ്പ യോഗം അപകടങ്ങൾക്കും പിതൃസ്വത്ത് ലഭിക്കുന്നതിലെ തടസ്സങ്ങൾക്കും കാരണമായേക്കാം.
ശംഖചൂഢ കാളസർപ്പയോഗം
രാഹു ഒൻപതാം ഭാവത്തിലും കേതു മൂന്നാം ഭാവത്തിലും നിൽക്കുന്ന ശംഖചൂഢ കാളസർപ്പയോഗം കാരണം ഭാഗ്യഹീനതയും പിതാവുമായി അഭിപ്രായ വ്യത്യാസവും ഉണ്ടാകാം.
ഘാതക കാളസർപ്പയോഗം
രാഹു പത്താം ഭാവത്തിലും കേതു നാലാം ഭാവത്തിലും നിൽക്കുമ്പോഴത്തെ ഘാതക കാളസർപ്പയോഗം തൊഴിൽപരമായ ബുദ്ധിമുട്ടുകൾക്കും സർക്കാറിൽ നിന്നുള്ള പ്രശ്നങ്ങൾക്കും കാരണമാകാറുണ്ട്.
വിഷധര കാളസർപ്പയോഗം
രാഹു പതിനൊന്നാം ഭാവത്തിലും കേതു അഞ്ചാം ഭാവത്തിലും നിൽക്കുമ്പോഴുള്ള വിഷധര കാളസർപ്പയോഗം തുടർച്ചയായ യാത്രകൾക്കും സുഹൃത്തുക്കളിൽ നിന്നുള്ള വഞ്ചനയ്ക്കും സാധ്യത പറയുന്നു.
ശേഷനാഗ കാളസർപ്പയോഗം
രാഹു പന്ത്രണ്ടാം ഭാവത്തിലും കേതു ആറാം ഭാവത്തിലും നിൽക്കുമ്പോൾ വരുന്ന ശേഷനാഗ കാളസർപ്പയോഗം രഹസ്യ ശത്രുക്കളിൽ നിന്നുള്ള ഭയത്തിനും ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകുന്നു.
കാളസർപ്പയോഗ പരിഹാരങ്ങൾ
കാളഹസ്തിയിൽ രുദ്രാഭിഷേകം, രാഹുപൂജ, പുരാതന ശിവക്ഷേത്രത്തിൽ പക്ക പിറന്നാള്‍ തോറും ധാരയും കൂവള മാലയും സമർപ്പിക്കുക, അനന്തൻകാട് നാഗരാജ ക്ഷേത്രത്തിൽ പഞ്ചദ്രവ്യസമർപ്പണം കൂടാതെ പുറ്റ് അഷ്ടനാഗങ്ങൾ, നവധാന്യം എന്നിവ സമർപ്പണം. കാളസർപ്പയോഗമുള്ള ജാതകർ ജ്യോതിഷികൾ കണ്ടെത്തുന്ന പരിഹാരമാർഗ്ഗങ്ങൾ സ്വീകരിക്കുന്നത് ഉചിതയിരിക്കും.മാനസപൂജയുടെ ഫലസിദ്ധി അതിവിശേഷം എന്ന് പറഞ്ഞേ പറ്റൂ.
ദിനേശ് പണിക്കർ,
മൊബൈൽ: + 91 8943116696
dineshpanikkar92@gmail.com
(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . ആത്മീയ- ജ്യോതിഷ വാര്‍ത്തകള്‍ക്ക്, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക: AstroG App .)
Copyright @ 2026 NeramOnline.com . All rights reserved.