അലസമായി നേരം കൊല്ലുന്ന ശീലം മാറ്റാനും സമയം ബുദ്ധിപൂർവ്വം ഉപയോഗപ്പെടുത്തി ജീവിതം വിജയകരമാക്കാനും കാലഭൈരവമൂർത്തിയെ ആരാധിച്ചാൽ മതി. ഈ മൂർത്തിയെ ഭജിച്ചാൽ രാഹു – ശനിദോഷങ്ങൾ ഒഴിയുന്നതിനൊപ്പം പാപമോചനവും എല്ലാ തടസങ്ങളും അകന്ന് സർവകാര്യ വിജയവും ഉണ്ടാകും. കാലത്തിന്റെ അഥവാ സമയത്തിന്റെ ഈശ്വരനാണ് ശിവന്റെ പ്രചണ്ഡമായ ഭാവമായ കാലഭൈരവൻ. പ്രപഞ്ചത്തിന്റെ പ്രയാണം നിർണ്ണയിക്കുന്ന ഭഗവാൻ കാലഭൈരവനാണത്രേ. വിനാശത്തെ നിയന്ത്രിക്കുന്ന രൗദ്ര ശിവരൂപമായാണ് കാലഭൈരവൻ. ശരീരത്തിൽ സർപ്പങ്ങളും, കപാലത്തിന്റെ മാലയുമാണ് ഈ ദേവൻ്റെ ആഭരണങ്ങൾ. നായയുടെ പുറത്തേറിയാണ് സഞ്ചാരം. ശിവന്റെ രൗദ്രരൂപങ്ങളായ അഷ്ട ഭൈരവന്മാരിൽ ആദ്യത്തേതാണ് കാലഭൈരവൻ.
ശിവന്റെ അഷ്ട ഭാവങ്ങൾ
- കാല ഭൈരവൻ
- അസിതാംഗ ഭൈരവൻ
- സംഹാര ഭൈരവൻ
- രുരു ഭൈരവൻ
- ക്രോധ ഭൈരവൻ
- കപാല ഭൈരവൻ
- രുദ്ര ഭൈരവൻ
- ഉന്മത്ത ഭൈരവൻ
കാലഭൈരവാഷ്ടകം
കാലത്തെ നിയന്ത്രിക്കുന്ന കാലകാലനായ മഹാഭൈരവനെ ഭജിക്കാൻ അത്യുത്തമമാണ് ശങ്കരാചാര്യ വിരചിതമായ കാലഭൈരവാഷ്ടകം. കർമ്മബന്ധങ്ങൾ അഴിച്ച് മോക്ഷം നൽകി അനുഗ്രഹിക്കുന്ന ഭഗവാൻ ഭയം, ദുഃഖം, ആസക്തി, ദാരിദ്ര്യം, അത്യാഗ്രഹം, കോപം, താപം എന്നിവ നശിപ്പിക്കും. മരണഭയം മാറ്റാനും അകാലമൃത്യു ഒഴിവാക്കുവാനും കാലഭൈരവാഷ്ടകം നിത്യേന ജപിക്കുന്നത് നല്ലതാണ്. ധൈര്യവും ആത്മവിശ്വാസവും ഈ ജപം വർദ്ധിപ്പിക്കും. നിഷേധാത്മക സ്വഭാവം നിയന്ത്രിക്കും. ധർമ്മചിന്ത ശക്തമാക്കും. തടസ്സങ്ങൾ മറികടക്കാൻ സഹായിക്കും. രാഹു – കേതുവിന്റെ പ്രതികൂല ഫലങ്ങൾ കുറയ്ക്കും. അതുപോലെ സംരക്ഷണം, നിർഭയത്വം എന്നിവ നൽകുകയും ചെയ്യും.
രാത്രി ജപം വിശേഷം
കാലഭൈരവാഷ്ടകം എല്ലാ ദിവസവും മൂന്ന് തവണ കേൾക്കുകയോ ജപിക്കുകയോ ചെയ്യണം. എപ്പോൾ വേണമെങ്കിലും കേൾക്കാം. എന്നാൽ രാത്രികാലം കൂടുതൽ അനുയോജ്യമാണ്, കാരണം കാലഭൈരഭൻ സന്തത സഹചാരിയായ കറുത്ത നായയുമായി ഈ സമയം ഭക്തരുടെ രക്ഷയ്ക്ക് ഇറങ്ങുന്നതായി പറയുന്നു. ബ്രഹ്മാവിൻ്റെ അഹങ്കാരം ശമിപ്പിക്കാൻ ശിവൻ്റെ തൃക്കണ്ണിൽ നിന്നും അവതരിച്ച കാലഭൈരവൻ തിന്മകളെയും ദുഷ്ടരെയും നശിപ്പിച്ച് ശക്തിപീഠങ്ങൾ സംരക്ഷിക്കുന്നു.
നവംബർ / ഡിസംബർ മാസത്തിൽ വരുന്ന മാർഗ്ഗശീർഷ മാസത്തിലെ കൃഷ്ണാഷ്ടമി നാളിലാണ് കാലഭൈരവ ജയന്തി ആഘോഷിക്കുക.
ക്ഷിപ്രവേഗത്തിൽ ഫലം
എല്ലാ മാസത്തിലെയും കൃഷ്ണപക്ഷ അഷ്ടമിയെ കാലഭൈരഭ അഷ്ടമി എന്ന് വിളിക്കുന്നു, ഈ ദിവസം രാത്രിയിലെ കാലഭൈരഭവ ആരാധനയ്ക്ക് ക്ഷിപ്രവേഗത്തിൽ ഫലം ലഭിക്കും. ഭക്തിയോടെയും നിഷ്ഠയോടെയും കാലഭൈരവ അഷ്ടകം പതിവായി ജപിച്ചാൽ ചിന്തകൾ സുവ്യക്തമാകും. ഭയം കുറയും. ഞായർ, തിങ്കൾ, പ്രദോഷം, തിരുവാതിര, ശിവരാത്രി ദിവസങ്ങളിൽ ജപിച്ചാൽ അതിവേഗം ഫലം ചെയ്യും. പ്രസിദ്ധ ഗായകൻ മണക്കാട് ഗോപൻ ആലപിച്ച കാലഭൈരവാഷ്ടകം കേൾക്കാം :
Story Summary: Significance of Kalabhairava Moorthy and Kalabhairava Ashtakam Chanting
ALSO READ
(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . ആത്മീയ- ജ്യോതിഷ വാര്‍ത്തകള്‍ക്ക്, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക: AstroG App .)
Copyright @ 2026 NeramOnline.com . All rights reserved.