ആഗ്രഹങ്ങൾ എളുപ്പം സാധിക്കുന്നതിന് നിരവധി വഴിപാടുകൾ പ്രചരത്തിലുണ്ട്. അതിൽ പ്രധാനപ്പെട്ട ഒന്നാണ് തുലാഭാരം. ഓരോ കാര്യസാദ്ധ്യത്തിനും പ്രത്യേകം നിശ്ചയിക്കപ്പെട്ട ദ്രവ്യങ്ങൾ കൊണ്ടാണ് തുലാഭാരം വഴിപാട് നടത്തേണ്ടത്. അവ ഓരോന്നിൻ്റെയും ഫലങ്ങളെക്കുറിച്ചും പറയുന്നതിന് മുൻപ് ഈ വഴിപാടിന്റെ ആരംഭത്തെക്കുറിച്ച് മനസിലാക്കാം. ഭാഗവത പുരാണത്തിലാണ് ഈ വഴിപാടിന്റെ ഉൽഭവത്തെപ്പറ്റി പരാമർശമുള്ളത്.
സത്യഭാമയുടെ അസൂയ
ഒരിക്കല്‍ നാരദമഹര്‍ഷി അത്യധികം വിശിഷ്ടമായ ഒരു പാരിജാതപുഷ്പം ശ്രീകൃഷ്ണഭഗവാന് സമര്‍പ്പിച്ചു. ഭഗവാനാകട്ടെ അത് രുഗ്മിണിക്ക് സമ്മാനിച്ചു. ഇതറിഞ്ഞ സത്യഭാമയ്ക്ക് തെല്ലസൂയ തോന്നി. ഇത്രയും വിശിഷ്ടമായ പുഷ്പം ഭഗവാന്‍ തനിക്കു തന്നില്ലല്ലോ എന്ന് വിഷമിച്ചു. ഭഗവാന്‍ തന്റെതു മാത്രമായി തീരണമെന്നും സത്യഭാമ മോഹിച്ചു. ഇതിനായി ഭാമ നാരദനെ സമീപിച്ചു. നാരദോപദേശപ്രകാരം ഭാമ വ്രതം അനുഷ്ഠിക്കാന്‍ തുടങ്ങി. വ്രതാവസാനം ഭഗവാനെ ഒരു ബ്രാഹ്മണന് ദാനം ചെയ്യാമെന്ന് നേർച്ച നേര്‍ന്നു. ഭഗവാന്റെ തൂക്കത്തിനൊത്ത സ്വര്‍ണ്ണം നല്‍കി അദ്ദേഹത്തെ മോചിപ്പിക്കാമെന്നും ഭാമ വ്യവസ്ഥ വച്ചു.
ആത്മസമര്‍പ്പണം മുഖ്യം
എന്നാല്‍ ഭഗവാനെ ദാനമായി വാങ്ങാന്‍ ആരും തയ്യാറായില്ല. ഒടുവില്‍ നാരദമഹര്‍ഷി തന്നെ ആ ചുമതല ഏറ്റെടുത്തു. ഭഗവാന്‍ നാരദന്റെ അടിമയായി. ഭഗവാനെ മോചിപപിക്കാനായി വ്യവസ്ഥപ്രകാരം തുലാഭാരത്തട്ടൊരുക്കി. തുലാസിന്റെ ഒരു തട്ടില്‍ ഭഗവാനിരുന്നു. മറുതട്ടില്‍ ഭാമ സ്വര്‍ണ്ണം വച്ചു തുടങ്ങി. തന്റെ സമ്പാദ്യം മുഴുവന്‍ വച്ചിട്ടും കൃഷ്ണന്റെ തട്ട് അനങ്ങിയില്ല. കുണ്ഠിതപ്പെട്ട ഭാമ പോംവഴി തേടി രുഗ്മിണിയെ സമീപിച്ച് രക്ഷിക്കണമെന്നപേക്ഷിച്ചു. രുഗ്മിണി ഭഗവല്‍സ്മരണയോടെ പ്രാര്‍ത്ഥനാപൂര്‍വ്വം ഒരു തുളസീദളമെടുത്തു തട്ടില്‍വച്ചു. തുളസീദളം വച്ച തട്ട് താണു. രണ്ടുതട്ടും സമനിലയില്‍ നിന്നു. ഭഗവാന്‍ മോചിതനായി. ഇതോടെ സത്യഭാമയുടെ അഹങ്കാരം ശമിച്ചു. യഥാര്‍ത്ഥഭക്തി സമ്പത്തുക്കള്‍ക്കും മേലെയാണെന്നും ആത്മസമര്‍പ്പണത്തോടെയുള്ള ഏതും ലക്ഷ്യപ്രാപ്തിയിലെത്തുമെന്നും ബോധ്യമായി.
ഒരോ ദ്രവ്യത്തിനും ഒരോ ഫലം
തുലാഭാരം സമർപ്പിക്കുന്ന ദ്രവ്യങ്ങളിലല്ല ഭക്തരുടെ മനോഭാവത്തിനാണ് ഭഗവാൻ അനുഗ്രഹം ചൊരിയുന്നതെന്ന പാഠവും ഈ വഴിപാട് പകർന്നു നൽകി. അതേ തുടർന്ന് ഭഗവത് പ്രീതി നേടുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട വഴിപാടിൽ ഒന്നായിത്തീർന്നു തുലാഭാരം. ഗുരുവായൂർ ക്ഷേത്രമാണ് ഈ വഴിപാടിന് ഏറ്റവും പ്രസിദ്ധം. എല്ലാ ക്ഷേത്രങ്ങളിലും തുലാഭാരം
വഴിപാട് നടത്താറുണ്ട്. ക്ഷേത്രാചാരവിരുദ്ധമല്ലാത്ത ദ്രവ്യങ്ങളെക്കൊണ്ട് ഭക്തന്‍ തന്റെ ഭാരത്തിന് തുല്യമായി ഭഗവാന് സമര്‍പ്പണം ചെയ്യുന്നു. ഒരോ ദ്രവ്യം കൊണ്ടും നടത്തുന്ന തുലാഭാരത്തിന് ഓരോ ഫലമാണ്:
1
ദീർഘായുസിനും മാനസികസമ്മർദ്ദം കുറയ്ക്കാനും മഞ്ചാടിക്കുരു കൊണ്ട് തുലാഭാരം നടത്തണം.
2
കർമ്മലാഭം, ആയുസ്, ആത്മബലം എന്നിവ നേടാൻ താമരപ്പൂവാണ് വേണ്ടത്.
3
ദാരിദ്ര്യ ദു:ഖങ്ങൾ ശമിക്കുന്നതിന് അവൽ, നെല്ല് ഉത്തമം
4
പ്രമേഹരോഗശമനത്തിന് പഞ്ചസാര തുലാഭാരം നല്ലത്.
5
രോഗ ദുരിതങ്ങൾ മാറാൻ കദളിപ്പഴം കൊണ്ട് തുലാഭാരം നടത്തണം.
6
നീർക്കെട്ട് മാറാൻ ഇളനീർ, വെള്ളവും ഉത്തമം.
7
ഉദരരോഗശമനത്തിന് ശർക്കര, തേൻ എന്നിവ നല്ലത്
8
വാതരോഗശമനത്തിന് പൂവൻപഴം വേണം
9
ചിക്കൻപോക്‌സ് ശമനത്തിന് കുരുമുളക് ഉത്തമം
10
ത്വക്‌രോഗശമനത്തിന് ചേനയാണ് വേണ്ടത്
11
ബിസിനസ് ഉയർച്ചയ്ക്ക് നാണയങ്ങൾ വച്ച് തുലാഭാരം നടത്തുക.
12
ഐശ്വര്യ സമൃദ്ധമായ ജീവിതത്തിന് ഉപ്പ് കൊണ്ട് തുലാഭാരം നടത്തുക.
13
മാനസിക രോഗമുക്തിക്ക് നെല്ലിക്കയും വാളൻപുളിയും വച്ച് തുലാഭാരം നടത്തണം
തരവത്ത് ശങ്കരനുണ്ണി
(മൊബൈൽ: + 91 9847118340)
Story Summary: Significance and Benefits of Thulabharam Vazhipad
ALSO READ
(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . ആത്മീയ- ജ്യോതിഷ വാര്‍ത്തകള്‍ക്ക്, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക: AstroG App .)
Copyright @ 2026 NeramOnline.com . All rights reserved.