Monday, March 9, 2026
Monday, March 9, 2026
Home » വിദ്യയും ധനവും ഐശ്വര്യവും ഒന്നിച്ചു നൽകി അനുഗ്രഹിക്കും വിശ്വനാഥാഷ്ടകം

വിദ്യയും ധനവും ഐശ്വര്യവും ഒന്നിച്ചു നൽകി അനുഗ്രഹിക്കും വിശ്വനാഥാഷ്ടകം

by മംഗളഗൗരി
0 comments

കാശി വിശ്വനാഥനെ സ്തുതിക്കുന്ന ഭക്തിപ്രഹർഷം നിറഞ്ഞ അതിമനോഹര സ്തോത്രമാണ് വിശ്വനാഥാഷ്ടകം. ഇത് പതിവായി ജപിക്കുന്നവർക്ക് ലഭിക്കാത്തായി ഒന്നും തന്നെയില്ല. ജഗത് പിതാവിനെ, വിശ്വനാഥനെ സ്തുതിക്കുന്ന ഈ സ്തോത്രം നിരന്തരം ജപിച്ചാൽ ജന്മജന്മാന്തര പാപങ്ങളിൽ നിന്ന് മുക്തി ലഭിക്കും. തീവ്രമായ ശിവാനുഭൂതി സമ്മാനിക്കുന്ന ഈ സ്തോത്രം സ്ത്രീ പുരുഷ ഭേദമന്യേ ഏതൊരു ഭക്തരെയും ആത്മീയതയുടെ ഉത്തുംഗ ശൈലത്തിൽ ഉയർത്തിക്കൊണ്ടു പോകും. ഇത് ഒരിക്കൽ കേട്ടാൽ സ്വയം അറിയാതെ തന്നെ വീണ്ടും വീണ്ടും കേട്ട് നമ്മൾ മനസ്സും ബുദ്ധിയും ശുദ്ധമാക്കും. അത്രയധികം സദ്ഗുണ സമ്പൂർണ്ണവും പദഭംഗിയുള്ളതും താളലയ പൂരിതവുമാണ് എട്ടു ശ്ലോകങ്ങളുള്ള ഈ കീർത്തനം.

ഏതാപത്തിലും രക്ഷിക്കും
വാക്കുകളാൽ വർണ്ണിക്കാൻ കഴിയാത്ത വിധം അനേകമനേകം ഗുണങ്ങളുടെ സ്വരൂപമായ കാശീപുരേശനെ ഭജിച്ചാൽ ലഭിക്കാത്തതായി ഒന്നും തന്നെയില്ല. ഏതാപത്തിലും വിശ്വനാഥൻ രക്ഷിക്കും. വിദ്യയും ധനവും ഐശ്വര്യവും ഒന്നിച്ചു നൽകി അനുഗ്രഹിക്കും. അനന്തമായ കീർത്തിയും സന്തോഷവും നേടാൻ സഹായിക്കുന്ന വിശ്വനാഥാഷ്ടകം ഗുരുതരമായ രോഗങ്ങളിൽ നിന്നും നമ്മെ രക്ഷിക്കും. തിന്മകളിൽ നിന്നും ദുഷ്ടരിൽ നിന്നും സംരക്ഷണം നൽകും. ജീവിതസുഖങ്ങൾ അനുഭവിച്ച് മോക്ഷം പ്രാപിക്കും. ഭൗതികവും ആത്മീയവുമായ നിരവധി ഗുണങ്ങൾ നിറഞ്ഞ ഈ കൃതി വിദ്യയും ജ്ഞാനവും സമ്പത്തും ഐശ്വര്യവും കീർത്തിയും യശസ്സും ധനധാന്യ സമൃദ്ധിയും കുടുംബ സുഖവും സന്താനഭാഗ്യവും സന്തോഷവും ശാന്തിയും എല്ലാം പ്രദാനം ചെയ്യും. സർവ്വപാപങ്ങളും ദോഷങ്ങളും അകറ്റി ഒടുവിൽ മോക്ഷ പ്രാപ്തിയും നൽകും.

പ്രത്യേക കാര്യസിദ്ധിക്ക് 8 തവണ ജപം
കാശിയിൽ വസിക്കുന്ന ലോകനാഥനായ ശിവ ഭഗവാനെയാണ് ഇതിൽ വർണ്ണിക്കുന്നത്. ആദിശങ്കരാചാര്യർ രചിച്ചതെന്ന് കരുതപ്പെടുന്ന ഇതിലെ ഓരോ ശ്ലോകവും വിശ്വനാഥനെ ഭജിച്ചു കൊണ്ടാണ് അവസാനിക്കുന്നത്. സാധാരണക്കാർക്ക് പോലും എളുപ്പത്തിൽ ചൊല്ലി മനഃപാഠമാക്കാൻ കഴിയുന്ന ലളിതമായ സംസ്കൃത പദങ്ങളാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. ദിവസവും രാവിലെയും വൈകിട്ടും കുറഞ്ഞത് ഒരു തവണയെങ്കിലും ജപിക്കണം. പ്രത്യേക അഭീഷ്ട സിദ്ധിക്ക് എട്ട് അല്ലെങ്കിൽ 11 തവണ ജപിക്കുന്നത് നല്ലതാണെന്ന് ആചാര്യന്മാർ വിധിച്ചിട്ടുണ്ട്. ഞായർ, തിങ്കൾ, പ്രദോഷം, തിരുവാതിര, ശിവരാത്രി തുടങ്ങിയ ശിവപ്രധാനമായ ദിവസങ്ങളിൽ വിശ്വനാഥാഷ്ടകം ജപിക്കുന്നത് ഇരട്ടി ഫലം നൽകുമെന്നാണ് വിശ്വാസം. ഈ ദിവസങ്ങളിൽ കുളിച്ച് ശുദ്ധിയോടെ പൂജാമുറിയിൽ വിളക്ക് വച്ച് കൊളുത്തി ജപിക്കണം. പ്രസിദ്ധ ഗായകൻ മണക്കാട് ഗോപൻ ശിവകൃപയാൽ അന്യാദൃശ്യമായ തികവോടെ ആലപിച്ച് ഭക്തി നിർഭരമാക്കിയ സ്വരഗംഗാ പ്രവാഹം ശ്രവിച്ച് നിർവൃതിനേടാം:

വിശ്വനാഥാഷ്ടകം : വരികൾ അർത്ഥം
1
ഗംഗാ തരംഗ രമണീയ ജടാ കലാപം
ഗൗരീ നിരന്തര വിഭൂഷിത വാമ ഭാഗം
നാരായണ പ്രിയം അനംഗ മദാപഹാരം
വാരാണസീ പുരപതിം ഭജ വിശ്വനാഥം

(ഗംഗയിലെ ഓളങ്ങൾ അലതല്ലുകയാൽ മനോഹരമായി ഇളകുന്ന ജടയുള്ളവനും, പാർവതീ ദേവിയാൽ പരിശോഭിതമായ ഇടതുഭാഗമുള്ളവനും, വിഷ്ണുവിനു പ്രിയപ്പെട്ടവനും, കാമദേവന്റെ അഹങ്കാരം ശമിപ്പിച്ചവനുമായ വാരാണസീ നഗരാധിപനായ കാശി വിശ്വനാഥനെ ഞാൻ ഭജിക്കുന്നു.)
2
വാചാമഗോചരം അനേക ഗുണ സ്വരൂപം
വാഗീശ വിഷ്ണു സുര സേവിത പാദ പത്മം
വാമേണ വിഗ്രഹ വരേണ കലത്രവന്തം
വാരാണസീ പുരപതിം ഭജ വിശ്വനാഥം

(വാക്കുകൾ കൊണ്ട് വിവരിക്കാൻ കഴിയാത്തത്ര ഒട്ടേനേകം ഗുണങ്ങളുടെ മൂർത്തിമദ് ഭാവമാർന്നവനും, സരസ്വതി-വിഷ്ണു-ദേവഗണങ്ങൾ എന്നിവരെല്ലാം പരിസേവിക്കുന്ന പാദകമലങ്ങളോടുകൂടിയവനും, ഇടതുകൈകൊണ്ട് ശ്രേഷ്ഠയായ ഭാര്യ പാർവതീ ദേവിയെ പുണർന്നു സ്ഥിതിചെയ്യുന്നവനും ആയ വാരാണസീ നഗരാധിപനായ കാശി വിശ്വനാഥനെ ഞാൻ ഭജിക്കുന്നു.

ALSO READ

3
ഭൂതാധിപം ഭുജഗ ഭൂഷണ ഭൂഷിതാംഗം
വ്യാഘ്രാഽജിനാംബരധരം, ജടിലം, ത്രിനേത്രം
പാശാങ്കുശാഭയ വരപ്രദ ശൂലപാണിം
വാരാണസീ പുരപതിം ഭജ വിശ്വനാഥം

(ഭൂതാധിപനും, സർപ്പാഭരണവിഭൂഷിതനും, പുലിത്തോലുടുത്തവനും, ജഡാവാനും, മുക്കണ്ണനും, കയറും ആനത്തോട്ടിയും അഭയവരമുദ്ര ശൂലം എന്നിവ കൈകളിൽ ധരിച്ചവനും, ആയ വാരാണസീ നഗരാധിപനായ കാശിവിശ്വനാഥനെ ഞാൻ ഭജിക്കുന്നു.)
4
ശീതാംശു ശോഭിത കിരീട വിരാജമാനം
ഫാലേക്ഷണാനല വിശോഷിത പഞ്ചബാണം
നാഗാധിപാരചിത ഭാസുര കർണ പൂരം
വാരാണസീ പുരപതിം ഭജ വിശ്വനാഥം

(തലയിൽ ചന്ദ്രക്കല ധരിച്ചവനും, നെറ്റിത്തടത്തിലെ തൃക്കണ്ണ് ഫാലനേത്രം തുറന്നുള്ള ഒറ്റനോട്ടം കൊണ്ട് കാമദേവനെ ദഹിപ്പിച്ചവനും, നാഗങ്ങളെ കർണാഭരണമായി ധരിച്ചവനും, ആയ വാരാണസീ നഗരാധിപനായ കാശി വിശ്വനാഥനെ ശിവനെ ഞാൻ ഭജിക്കുന്നു.)
5
പഞ്ചാനനം ദുരിത മത്ത-മതംഗജാനാം
നാഗാന്തകം തനുജ പുംഗവ പന്നഗാനാം
ദാവാഽനലം മരണ ശോക ജരാഽടവീനാം
വാരാണസീ പുരപതിം ഭജ വിശ്വനാഥം

(അഞ്ചുമുഖങ്ങളുള്ളവനും, ക്ലേശങ്ങളാകുന്ന മദയാനകളെയും ശരീരത്തെ ജന്യമായ രോഗാദികളാകുന്ന പാമ്പുകളെയും മരണം ദുഃഖം വാർദ്ധക്യം തുടങ്ങിയ ഘോരവനങ്ങളെയും ദഹിപ്പിക്കുന്ന ഘോരാഗ്നിയായ, വാരാണസീ നഗരാധിപനായ കാശിവിശ്വനാഥനെ ഞാൻ ഭജിക്കുന്നു.)
6
തേജോമയം സഗുണ നിർഗുണമദ്വിതീയം
ആനന്ദ കന്ദം അപരാജിതം അപ്രമേയം
നാഗാത്മകം സകല നിഷ്കളം ആത്മരൂപം
വാരാണസീ പുരപതിം ഭജ വിശ്വനാഥം

(തോജോമയനും, സഗുണനും, നിർഗുണനും, അദ്വിതീയനും, ആനന്ദത്തിന്റെ അടിവേരും, അപരാജിതനും, അപ്രമേയനും, നാഗാത്മകനും, സകളനും (ശരീരമുള്ളവനും), നിഷ്ക്കളനും (ശരീരമില്ലാത്തവനും), ആത്മരൂപവും ആയ, വാരാണസീ നഗരാധിപനായ കാശിവിശ്വനാഥനെ ഞാൻ ഭജിക്കുന്നു.)
7
ആശാം വിഹായ പരിഹൃത്യ പരസ്യ നിന്ദാം
പാപേ രതിം ച സുനിവാര്യ മനഃ സമാധൗ
ആധായ ഹൃത്കമല മധ്യഗതം പരേശം
വാരാണസീ പുരപതിം ഭജ വിശ്വനാഥം

(ആഗ്രഹങ്ങളുപേക്ഷിച്ച്, മറ്റുള്ളവരുടെ നിന്ദ പരിഹരിച്ച്, പാപകർമ്മങ്ങളിലുള്ള താൽപര്യം ഉപേക്ഷിച്ച്, മനസ്സിനെ സമാധിയിലാക്കി, ഹൃത്കമലമധ്യത്തിൽ പരമേശ്വരൻ ആയ, വാരാണസീ നഗരാധിപനായ കാശി വിശ്വനാഥനെ ഞാൻ ഭജിക്കുന്നു.)
8
രാഗാദി ദോഷ രഹിതം സ്വജനാനുരാഗം
വൈരാഗ്യ ശാന്തി നിലയം ഗിരിജാ സഹായം
മാധുര്യ ധൈര്യ സുഭഗം ഗരളാഭിരാമം
വാരാണസീ പുരപതിം ഭജ വിശ്വനാഥം

(കാമം തുടങ്ങിയ ദോഷങ്ങൾ ഇല്ലാത്തവനും, ഭക്തജനളെ ഇഷ്ടപ്പെടുന്നനും, വൈരാഗ്യം ശാന്തി എന്നിത്യാദി ഗുണങ്ങളുടെ ഇരിപ്പിടവും, പാർവതീദേവിയുടെ സഹായം ഉള്ളവനും, മാധുര്യം ധൈര്യം സുഭഗത്വം എന്നിവയുള്ളവനും, കഴുത്തിൽ വിഷത്താൽ അതായത് കാളകൂട വിഷം വിഴുങ്ങിയതിന്റെ അടയാളമായ നീലകണ്ഠത്താൽ പരിശോഭിക്കുന്നവനുമായ, വാരാണസീ നഗരാധിപനായ കാശി വിശ്വനാഥനെ ഞാൻ ഭജിക്കുന്നു.)

ഫലശ്രുതി
വാരാണസീ പുരപതേ സ്തവനം ശിവസ്യ
വ്യാഖ്യാതം അഷ്ടകമിദം പഠതേ മനുഷ്യ
വിദ്യാം ശ്രിയം വിപുല സൗഖ്യം അനന്ത കീർത്തിം
വാരാണസീ പുരപതിം ഭജ വിശ്വനാഥം

(ഇപ്രകാരം വിവരിക്കപ്പെട്ട വാരാണസീ നഗരാധിപനായ ശിവന്റെ ഈ 8 ശ്ലോകങ്ങൾ ആരാണോ ജപിക്കുന്നത്, അവർക്ക് വിദ്യയും ഐശ്വര്യവും, വലിയ സൗഖ്യവും, അനന്തകീർത്തിയും ലഭിക്കും. വാരാണസീ നഗരാധിപനായ കാശിവിശ്വനാഥനെ ഞാൻ വീണ്ടും വീണ്ടും ഭജിക്കുന്നു.

വിശ്വനാഥാഷ്ടകമിദം പുണ്യം യഃ പഠേഃ ശിവ സന്നിധൗ
ശിവലോകമവാപ്നോതി ശിവേനസഹ മോദതേ

(കാശിവിശ്വനാഥനെ സ്തുതിക്കുന്ന 8 ശ്ലോകങ്ങൾ ആരാണോ ശിവക്ഷേത്രത്തിൽ വെച്ച് ജപിക്കുന്നത് അവർക്ക് മരണശേഷം ശിവലോക പ്രാപ്തിയുണ്ടാവുകയും എക്കാലത്തും ശിവലോകത്ത്, ശിവനോടൊപ്പം സുഖമായിരിക്കാൻ സാധിക്കുകയും ചെയ്യും. അവർക്ക് മരണശേഷം മോക്ഷം ലഭിക്കും എന്ന് പൊരുൾ)

Story Summary: Significance of Viswanathashtakam

(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . ആത്മീയ- ജ്യോതിഷ വാര്‍ത്തകള്‍ക്ക്, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക: AstroG App .)

Copyright @ 2026 NeramOnline.com . All rights reserved.

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?