Friday, March 27, 2026
Friday, March 27, 2026
Home » ആരെല്ലാം പ്രദോഷം എടുക്കണം ? ആദ്യം തുടങ്ങാൻ ഉത്തമം ഈ  സോമ പ്രദോഷം

ആരെല്ലാം പ്രദോഷം എടുക്കണം ? ആദ്യം തുടങ്ങാൻ ഉത്തമം ഈ  സോമ പ്രദോഷം

0 comments


തിങ്കളാഴ്ചയും പ്രദോഷവും ഒത്തുചേര്‍ന്നു വരുന്ന സോമപ്രദോഷം അനുഷ്ഠിക്കുന്നത് എല്ലാം കൊണ്ടും ശ്രേയസ്ക്കരമാണ്. ശുക്ലപക്ഷത്തിലെ തിങ്കൾ പ്രദോഷവും കൃഷ്ണപക്ഷത്തിലെ ശനി പ്രദോഷവും എടുത്താൽ അതിവേഗം ആഗ്രഹ സാഫല്യം ലഭിക്കും. ആദ്യമായി പ്രദോഷ വ്രതാനുഷ്ഠാനം തുടങ്ങാൻ ഈ രണ്ടു ദിവസവും ഏറ്റവും ഉത്തമമായി ആചാര്യന്മാർ പറയുന്നു. 2026 മാർച്ച് 30 തിങ്കളാഴ്ച, ഇത്തരത്തിൽ അപൂർവ്വമായി ശുക്ലപക്ഷവും പ്രദോഷവും തിങ്കളാഴ്ചയും ഒന്നിച്ചു വരുന്ന സോമപ്രദോഷമാണ്.

പ്രദോഷവ്രത ചിട്ടകൾ
ശിവപ്രീതിക്കായി എടുക്കുന്ന ഏറ്റവുമധികം ഫലപ്രദായകമായ അനുഷ്ഠാനമാണ് പ്രദോഷവ്രതം. കറുത്തപക്ഷത്തിലും വെളുത്തപക്ഷത്തിലും ത്രയോദശി തിഥിയിലാണ് ഈ വ്രതം നോൽക്കുന്നത്. അസ്തമനത്തിൽ ത്രയോദശിയുള്ള ദിവസമാണ് പ്രദോഷം വ്രതമനുഷ്ഠിക്കുന്നത്. അന്ന് പ്രഭാത സ്നാനം കഴിഞ്ഞ് ഈറനുടുത്ത് ഭസ്മം, രുദ്രാക്ഷം എന്നിവ ധരിച്ച് ആല്‍ പ്രദക്ഷിണം ചെയ്ത് ശിവ ക്ഷേത്രത്തിൽ ദര്‍ശനം നടത്തി ഭഗവാന് കൂവളമാല ചാര്‍ത്തണം. കൂവളദളം കൊണ്ട് മൃത്യുഞ്ജയാര്‍ച്ചന നടത്തുന്നതും അതീവ ശുഭപ്രദമാണ്. പഞ്ചാക്ഷരീജപം, ശിവ മാഹാത്മ്യ കഥകളുടെ കഥനവും സ്തുതികളുടെ ശ്രവണവും, ഉപവാസവുമായി ആ പകല്‍ കഴിക്കണം. സന്ധ്യക്ക് മുന്‍പായി കുളിച്ച് ക്ഷേത്രദര്‍ശനം, ദീപാരാധന, പ്രദോഷപൂജ ഇവ കണ്ട് പ്രാര്‍ത്ഥിക്ക‌ണം.

വിദേശത്തുള്ളവർക്ക് മാനസപൂജ
ശിവക്ഷേത്രത്തില്‍ ഇളനീർ നേദിച്ച് അതിലെ ജലം സേവിച്ച് ഉപവാസമവസാനിപ്പിക്കുന്നു. അന്ന് പൂര്‍ണ്ണ ഉപവാസമാണ് ഏറ്റവും ഉത്തമം. അതിനുള്ള ആരോഗ്യമില്ലാത്തവര്‍ക്ക് ഉച്ചക്ക് നിവേദ്യ ചോറുണ്ണാം. അല്ലെങ്കിൽ പഴങ്ങൾ കഴിക്കാം. വിദേശ രാജ്യങ്ങളിൽ കഴിയുന്നതിനാൽ ക്ഷേത്ര ദർശനം സാധിക്കാത്ത ഭക്തര്‍ക്ക്‌ വ്രതം നോറ്റു കൊണ്ട് സകല കര്‍മ്മങ്ങളും മാനസപൂജാ ക്രമത്തില്‍ അനുഷ്ഠിക്കാവുന്നതാണ്.

പ്രദോഷവ്രത ഫലങ്ങൾ
എല്ലാ ശിവക്ഷേത്രങ്ങളിലും പ്രദോഷപൂജ ഉണ്ടാകും. ശത്രുനാശം, കീര്‍ത്തി, സത്സന്താനലബ്ധി, രോഗശാന്തി, ദീര്‍ഘായുസ്, ദാരിദ്ര്യശമനം എന്നിവയെല്ലാം സഫലമാകാൻ പ്രദോഷവ്രതം അത്യുത്തമം ആകുന്നു. പാർവതി ദേവിയെ സന്തോഷിപ്പിക്കാൻ ശിവന്‍ നൃത്തം ചെയ്യുന്ന സന്ധ്യയാണ് പ്രദോഷം. പ്രദോഷസന്ധ്യയില്‍ പാര്‍വ്വതീദേവിയെ പീഠത്തില്‍ ഇരുത്തി, ശിവന്‍ നൃത്തം ചെയ്യുമ്പോള്‍ സകല ദേവതകളും സന്നിഹിതരാകും. അങ്ങനെ എവരാലും സ്തുതിക്കപ്പെട്ട് അതീവ സന്തുഷ്ടരായിരിക്കുന്ന സമയത്ത് ശിവപാര്‍വ്വതിമാരെ വ്രതമെടുത്ത് ഭജിക്കുന്നത് അതീവ ശ്രേയസ്ക്കരമാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

ഇവർ പ്രദോഷ വ്രതം എടുക്കണം
ഒരു ജാതകത്തില്‍ അഞ്ചാംഭാവമോ ഒമ്പതാംഭാവമോ ചിങ്ങം ആയി വരുന്നവരും അതായത് മേടലഗ്നക്കാരും ധനുലഗ്നക്കാരും, അഞ്ചിലോ ഒമ്പതിലോ സൂര്യന്‍ നില്‍ക്കുന്നവരും മേടമാസത്തില്‍ ജനിച്ചവരും (അഥവാ സൂര്യന്‍ മേടത്തില്‍ നില്‍ക്കുന്നവരും) ജാതകത്തില്‍ ഉപാസനാ മൂര്‍ത്തിയെപ്പറ്റി പ്രതിപാദിക്കുന്ന കാരകാംശ ലഗ്നം ചിങ്ങം ആയി വരുന്നവരും, സൂര്യന്‍ നീചരാശിയായ തുലാത്തില്‍ നില്‍ക്കുന്നവരും അതായത് തുലാമാസം ജനിച്ചവര്‍, കാര്‍ത്തിക, ഉത്രം, ഉത്രാടം നക്ഷത്രക്കാരും, സൂര്യദശാപഹാരകാലം നേരിടുന്നവരും, സര്‍ക്കാര്‍ ജോലിക്ക് ശ്രമിക്കുന്നവരും, ശിവനോ പാർവ്വതിയോ പ്രധാന ദേവതകളായ പ്രദേശത്ത് താമസിക്കുന്നവരും, രാഷ്ട്രീയത്തില്‍ ശോഭിക്കാന്‍ ആഗ്രഹിക്കുന്നവരും പ്രദോഷവ്രതം അനുഷ്ഠിക്കുന്നത് അത്യുത്തമമാണ്.

ശങ്കരധ്യാന പ്രകാരം ജപിക്കണം
പ്രദോഷ വ്രതം എടുക്കുന്നവർ 11 പ്രദോഷ ദിവസം തുടർച്ചയായി ശങ്കരധ്യാനപ്രകാരം ജപിക്കുകയോ കേൾക്കുകയോ ചെയ്താൽ സർവ്വാഭീഷ്ട സിദ്ധിയാണ് ഫലം പറയുന്നത്. ഇതിന് പുറമെ ഉമാ മഹേശ്വര സ്തോത്രം, ശിവപഞ്ചാക്ഷര സ്തോത്രം, പ്രദോഷസ്തോത്രം, ശിവസഹസ്രനാമം, ലിംഗാഷ്ടകം, കാലഭൈരവാഷ്ടകം, ദാരിദ്ര്യ ദഹനശിവ സ്തോത്രം, വിശ്വനാഥാഷ്ടകം, കാലഭൈരവാഷ്ടകം, വൈദ്യനാഥാഷ്ടകം, പാർവ്വതി വല്ലഭാഷ്ടകം, ശിവപുരാണം തുടങ്ങിയവയും ചൊല്ലണം. വ്രതം അനുഷ്ഠിക്കുന്നവര്‍ ഫലമൂലാദികൾ ദാനം ചെയ്യുന്നത് നല്ലതാണ്. ഒരു പ്രദോഷമെങ്കിലും ഒരു മാസം എടുക്കുന്നതിലൂടെ ദുരിതശമനം ഉറപ്പാണ്. മണക്കാട് ഗോപൻ ആലപിച്ച വിശ്വനാഥാഷ്ടകം കേൾക്കാം :

ALSO READ

അനിൽ വെളി‌ച്ചപ്പാടൻ
(മൊബൈൽ: + 9497 134 134)

Story Summary: Thikal Pradosha Vritham of Sukla Paksha, The best day for First Pradosha observence

Highlights

ആദ്യമായി പ്രദോഷവ്രതം തുടങ്ങാൻ ശുക്ലപക്ഷ സോമപ്രദോഷം ഉത്തമം


ഇക്കൂട്ടർ പ്രദോഷവ്രതം അനുഷ്ഠിക്കുന്നത് അത്യുത്തമം

വിദേശത്ത് കഴിയുന്നവര്‍ക്ക്‌ വ്രതം നോറ്റ് മാനസപൂജാ ക്രമത്തില്‍ അനുഷ്ഠിക്കാം

(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . ആത്മീയ- ജ്യോതിഷ വാര്‍ത്തകള്‍ക്ക്, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക: AstroG App .)

Copyright @ 2026 NeramOnline.com . All rights reserved.

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?