പ്രപഞ്ചസൃഷ്ടാക്കളായ പാര്‍വ്വതീ പരമേശ്വരന്‍മാരുടെ ദിവ്യ സമാഗമത്തിന്റെ പുണ്യദിനമാണ് മീനമാസത്തിലെ പൂരം നക്ഷത്രം. വിവാഹതടസം മാറാനും ഇഷ്ടവിവാഹം വേഗം നടക്കാനും പ്രണയസാഫല്യത്തിനും ദാമ്പത്യക്ലേശങ്ങൾ, ദമ്പതികൾക്കിടയിലെ ഭിന്നത എന്നിവ മാറാനും ശ്രീപാര്‍വ്വതി ദേവിയെ ഉപാസിക്കാൻ ഏറ്റവും നല്ല ദിവസമാണ് മീനപ്പൂരം.
ഉമാമഹേശ്വര പ്രീതി നേടാം
സതീദേവിയുടെ വിയോഗശേഷം വൈരാഗിയായ ശ്രീപരമേശ്വനെ കൊടും തപസ്സ് ചെയ്ത് പാർവതിദേവി സ്വന്തമാക്കിയ മീനപ്പൂരം അതിവേഗം ഉമാമഹേശ്വര പ്രീതി നേടാൻ കഴിയുന്ന പുണ്യദിനമാണ്. ആഗ്രഹങ്ങളുടെ ദേവനായ കാമദേവനെ തന്റെ തപസ്സ് മുടക്കിയതിന്റെ രോഷത്തിൽ പരമേശ്വരൻ ഭസ്മീകരിക്കുകയും പിന്നീട് പാർവതിയുടെ ആവശ്യപ്രകാരം പുനര്‍ജന്മമേകുകയും ചെയ്ത ദിവസവുമാണിത്. ഈ സവിശേഷ ദിവസത്തെ പ്രാർത്ഥനയ്ക്കും വ്രതാനുഷ്ഠാനത്തിനും അതിവേഗം ഫലസിദ്ധി കൈവരും എന്ന് അനുഭവസ്ഥര്‍ പറയുന്നു. 2026 മാർച്ച് 31 ചൊവ്വാഴ്ചയാണ് മീനപ്പൂരം.
വ്രതനിഷ്ഠകൾ പാലിക്കണം
മത്സ്യ–മാംസാദി ഭക്ഷണം ഒഴിവാക്കി തലേന്ന് ഒരിക്കൽ എടുത്ത് സാധാരണ വ്രതനിഷ്ഠകൾ പാലിക്കണം. ഈ ദിവസം ഉമാമഹേശ്വരന്മാരെ പ്രീതിപ്പെടുത്തുന്ന വഴിപാട് നടത്തുകയും ശിവപാർവതി പ്രീതികരമായ മന്ത്രങ്ങള്‍, സ്തോത്രങ്ങൾ ജപിക്കുകയുമാണ് മുഖ്യമായി വേണ്ടത്. ഉമാമഹേശ്വര സ്തോത്രം, ശിവന്റെയും പാര്‍വ്വതീ ദേവിയുടെയും അഷേ്ടാത്തരം തുടങ്ങിയവയാണ് ഇതിൽ പ്രധാനം. മാസന്തോറും പൂരം നക്ഷത്രം പ്രധാനം എങ്കിലും മീനത്തിലെ പൂരം ഉത്കൃഷ്ടമാണ്.
വിവാഹതടസം മാറ്റാം
മീനത്തിലെ പൂരം തുടങ്ങി ഏഴ് മാസം പൂരം വ്രതം അനുഷ്ഠിച്ച് പ്രാര്‍ത്ഥിക്കുന്നവരുടെ ഏത് ആഗ്രഹവും സാക്ഷാത്കരിക്കും എന്നാണ് വിശ്വാസം. വിവാഹതടസം മാറാനും ഇഷ്ടവിവാഹലബ്ധിക്കും മീനപ്പൂരം ഉറപ്പായും സഹായിക്കുമെന്ന് അനുഭവസ്ഥര്‍ പറയുന്നു.
പാർവതീ പരിണയം
പരമശിവനെ ഭര്‍ത്താവായി ലഭിക്കാൻ പാര്‍വ്വതീദേവി ദീർഘകാലം ഉപാസിച്ചെങ്കിലും ഭഗവാനെ തപസിൽ നിന്ന് ഉണർത്താൻ കഴിഞ്ഞില്ല. ഈ സന്ദർഭത്തിലാണ് ലോകത്തിന് മുഴുവൻ ഉപദ്രവകാരിയായി മാറിയ താരകാസുര നിഗ്രഹത്തിന് ശിവപാർവതി പുത്രജനനം സംഭവിക്കേണ്ടത് അനിവാര്യമായത്. അതിന് വേണ്ടി ദേവന്മാരുടെ നിരന്തരമായ പ്രേരണയാൽ കാമദേവന്‍ ശിവഭഗവാന് നേരെ പുഷ്പബാണം അയച്ചു. ബാണമേറ്റ് മനസ്സിളകിയ ഭഗവാന്റെ തപസ്സ് മുടങ്ങി. കോപിഷ്ഠനായ ശിവഭഗവാന്‍ കാമദേവനെ തൃക്കണ്ണ് തുറന്ന് ദഹിപ്പിച്ചു. പുഷ്പബാണത്തിന്റെ ശക്തിയാൽ ഭഗവാന്‍ ദേവിയില്‍ പ്രണയപരവശനായി പാർവതിയെ വിവാഹം കഴിച്ചു.
കാമദേവന് പുനര്‍ജന്മം
സന്തോഷവതിയായി മാറിയ പാർവതി ദേവിയോട് കാമദേവന്റെ ഭാര്യ രതീദേവി തന്റെ ഭര്‍ത്താവിനെ
പുനരുജ്ജീവിപ്പിക്കണമെന്ന് അപേക്ഷിച്ചു. തുടർന്ന് പാര്‍വ്വതീദേവി ഭഗവാനെ ശാന്തനാക്കിയ ശേഷം കാമദേവനെ ജീവിപ്പിക്കാന്‍ ആവശ്യപ്പെടുകയും ഭഗവാന്‍ അപ്രകാരം ചെയ്യുകയും ചെയ്തു. അങ്ങനെ കാമദേവന് പുനര്‍ജന്മം ലഭിക്കുകയും താരകാസുര നിഗ്രഹത്തിന് ശിവ പാർവതി പുത്രജനനം സംഭവിക്കുമെന്ന് ഉറപ്പാകുകയും ചെയ്തതോടെ പ്രപഞ്ചം മുഴുവനും സുഖവും സന്തോഷവും പ്രതീക്ഷയും തിരിച്ചുകിട്ടി. ഈ ആഹ്‌ളാദം പങ്കിടാനാണ് മീനപ്പൂരം ആഘോഷപൂര്‍വം കൊണ്ടാടുന്നത്.
ALSO READ
പള്ളിക്കല്‍ സുനിൽ, ഭാഗവത സപ്താഹ ആചാര്യൻ, മൊബൈൽ: + 91 9447310712
Story Summary: Meenappooram For Removing Obstacles in Marriage
High lights
മീനത്തിലെ പൂരം തുടങ്ങി ഏഴ് മാസം പൂരം വ്രതം അനുഷ്ഠിച്ചാൽ ഏത് ആഗ്രഹവും നടക്കും
വിവാഹതടസം മാറാനും ഇഷ്ടവിവാഹലബ്ധിക്കും മീനപ്പൂരം ഉറപ്പായും സഹായിക്കും
(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . ആത്മീയ- ജ്യോതിഷ വാര്‍ത്തകള്‍ക്ക്, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക: AstroG App .)
Copyright @ 2026 NeramOnline.com . All rights reserved.