ശബരിമല ശ്രീ അയ്യപ്പ സ്വാമിയുടെ അവതാരദിനമായ പൈങ്കുനി ഉത്രം ശനിദോഷ ദുരിതങ്ങൾ തീർക്കാൻ ഏറ്റവും നല്ല ദിവസമാണ്. മീന മാസത്തിലെ ഉത്രം നക്ഷത്രവും പൗർണ്ണമിയും ഒത്തുവരുന്ന ഈ പുണ്യദിനം കലിയുഗ വരദനായ അയ്യപ്പസ്വാമിക്ക് മാത്രമല്ല ശിവനും പാർവതിക്കും സുബ്രഹ്മണ്യനും മഹാലക്ഷ്മിക്കും പ്രധാനമാണ്. അയ്യപ്പസ്വാമിക്കും മഹാലക്ഷ്മിക്കും ഇത് അവതാര ദിനമാണെങ്കിൽ ശിവപാർവതിമാർക്കും പുത്രനും തൃക്കല്യാണ ദിവസമാണ്. ശബരിമലയിൽ പത്തു ദിവസത്തെ ഉത്സവം സമാപിക്കുന്നത് പെെങ്കുനി ഉത്രം ദിവസമാണ്. പൈങ്കുനി ഉത്രത്തിനാണ് ശബരി ഗിരീശന് പമ്പാ തീർത്ഥത്തിൽ ആറാട്ട്.
സവിശേഷ ഫലസിദ്ധി
മീനത്തിലെ ഉത്രം ശബരിമലയിൽ മാത്രമല്ല എല്ലാ അയ്യപ്പ – ധർമശാസ്താ ക്ഷേത്രങ്ങളിലും വഴിപാടുകളും വിശേഷാൽ പൂജകളുമായാണ് ആചരിക്കുന്നത്. പൈങ്കുനി ഉത്രം നാളിലെ അയ്യപ്പ ദർശനത്തിനും വഴിപാടുകൾക്കും പൂജകൾക്കും സവിശേഷ ഫലസിദ്ധിയുണ്ട്. ശനിയുടെ അധിദേവതയായ, ഹരിഹര പുത്രനായ ധർമ്മ ശാസ്താവിൽ വിലയം പ്രാപിച്ച അയ്യപ്പനെ ഭജിച്ചാൽ ശനിദോഷങ്ങളെല്ലാം ശമിക്കും. ശനിദോഷ പരിഹാരത്തിനായി ശാസ്താക്ഷേത്രത്തിൽ എല്ലാ ശനിയാഴ്ചയും ഉത്രം നക്ഷത്രത്തിലും മണ്ഡല – മകര വിളക്ക് കാലത്തും നീരാജനം, എള്ളുപായസം വഴിപാട് വളരെ ഫലപ്രദമാണ്.
മൂലമന്ത്രവും ഭുജംഗവും ജപിക്കണം
ഈ വഴിപാടുകൾ നടത്തുന്നതിനൊപ്പം അയ്യപ്പന്റെ മൂലമന്ത്രവും ശാസ്താ സ്തുതിയും ശാസ്തൃ ഗായത്രിയും ശാസ്താ പഞ്ചരത്ന സ്തോത്രവും ധർമ്മ ശാസ്താ ഭുജംഗ സ്തോത്രവും ശനിദോഷമുള്ളവർ പൈങ്കുനി ഉത്രം മുതൽ 21 ദിവസം തുടർച്ചയായി കഴിയുന്നത്ര തവണ ജപിക്കണം. ധർമ്മ ശാസ്താ ഭുജംഗ സ്തോത്രം.
ശാസ്താ പഞ്ചരത്നം വേഗം ഫലം തരും
ശങ്കരാചാര്യർ രചിച്ച ദിവ്യ സ്തോത്രമാണ് ശാസ്താ പഞ്ചരത്നം. ഇത് നിത്യേന ജപിക്കുന്നത് ശനിദോഷത്തിന് ഉത്തമ പരിഹാരമാണ്. ഈ സ്തുതി എന്നും ജപിക്കുന്ന ഭക്തരിൽ പ്രസാദിക്കുന്ന
ശാസ്താവ് എല്ലാ ഐശ്വര്യവും നൽകി അവരെ അനുഗ്രഹിക്കും എന്നാണ് ശാസ്താ പഞ്ചരത്നത്തിന്റെ ഫലശ്രുതിയിൽ പറയുന്നത് :
മൂലമന്ത്രം
ഓം ഘ്രൂം നമ: പരായ ഗോപ്ത്രേ
ശാസ്താസ്തുതി
ഭൂതനാഥ സദാനന്ദ
സർവഭൂത ദയാപര
രക്ഷരക്ഷ മഹാബാഹോ
ശാസ്ത്രേ തുഭ്യം നമോനമഃ
ALSO READ
ശാസ്തൃ ഗായത്രി
ഭൂതനാഥായ വിദ്മഹേ ഭവപുത്രായ ധീമഹി
തന്നോ ശാസ്താ പ്രചോദയാത്
ശാസ്താ പഞ്ചരത്ന സ്തോത്രം
ലോകവീരം മഹാപൂജ്യം
സര്‍വ്വരക്ഷാകരം വിഭും
പാര്‍വതീ ഹൃദയാനന്ദം
ശാസ്താരം പ്രണമാമ്യഹം
വിപ്രപൂജ്യം വിശ്വവന്ദ്യം
വിഷ്ണുശംഭു പ്രിയം സുതം
ക്ഷിപ്രപ്രസാദനിരതം
ശാസ്താരം പ്രണമാമ്യഹം
മത്തമാതംഗ ഗമനം
കാരുണ്യാമൃതപൂരിതം
സര്‍വ്വവിഘ്നഹരം ദേവം
ശാസ്താരം പ്രണമാമ്യഹം
അസ്മത് കുലേശ്വരം
ദേവമസ്മച്ഛത്രു വിനാശനം
അസ്മദിഷ്ട പ്രദാതാരം
ശാസ്താരം പ്രണമാമ്യഹം
പാണ്ഡ്യേശവംശതിലകം
കേരളേ കേളിവിഗ്രഹം
ആര്‍ത്തത്രാണപരം ദേവം
ശാസ്താരം പ്രണമാമ്യഹം
പഞ്ചരത്നാഖ്യമേതദ്യോ
നിത്യം ശുദ്ധ: പഠേന്നര:
തസ്യ പ്രസന്നോ ഭഗവാൻ
ശാസ്താവസതി മാനസേ
Story Summary: Panguni Uthiram : The Day of incarnation of Lord Ayyappan
Highlights
പൈങ്കുനി ഉത്രം നാളിലെ അയ്യപ്പ ദർശനത്തിനും വഴിപാടുകൾക്കും വിശേഷ ഫലസിദ്ധിയുണ്ട്
ശനിയുടെ അധിദേവതയായ അയ്യപ്പനെ
ഭജിച്ചാൽ ശനിദോഷങ്ങളെല്ലാം ശമിക്കും
ശാസ്താ പഞ്ചരത്നം നിത്യേന ജപിക്കുന്നത് ശനിദോഷത്തിന് ഉത്തമ പരിഹാരം
(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . ആത്മീയ- ജ്യോതിഷ വാര്‍ത്തകള്‍ക്ക്, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക: AstroG App .)
Copyright @ 2026 NeramOnline.com . All rights reserved.