(2026 ഏപ്രിൽ 12 മുതൽ 18 വരെ)
ഏകാദശി, പ്രദോഷം, മേടസംക്രമം, വിഷുക്കണി, അമാവാസി, വൈശാഖ മാസം ആരംഭം എന്നിവയാണ് 2026 ഏപ്രിൽ 12 ന് തിരുവോണം നാളിൽ തുടങ്ങുന്ന ഈ ആഴ്ചയിലെ പ്രധാന വിശേഷങ്ങൾ. 13 ന് തിങ്കളാഴ്ചയാണ് ഏകാദശി . രാത്രി 7:30 ന് ഹരിവാസരം തുടങ്ങും. പിറ്റേന്ന് രാവിലെ 9:32 മണിക്കാണ് മേട സംക്രമണം. കുംഭക്കൂറിൽ ചതയം നക്ഷത്രം മൂന്നാം പാദത്തിൽ സൂര്യൻ മേടം രാശിയിൽ പ്രവേശിക്കുന്ന മുഹൂർത്തം സൗരവർഷത്തിന്റെ ആരംഭമായും കണക്കാക്കുന്നു. കാലത്തിന്റെ ദേവനായ വിഷ്ണുവിനും അവതാരമായ കൃഷ്ണനും വിഷുവിന് പ്രാധാന്യം വന്നത് അതിനാലാണ്. രാവണന്റെ ആജ്ഞ ലംഘിക്കാൻ ഭയന്ന് സൂര്യഭഗവാൻ കിഴക്ക് നേരെ ഉദിക്കാറില്ലായിരുന്നു. ശ്രീരാമൻ രാവണനെ വധിച്ചതിന്റെ പിറ്റേ ദിവസം മേടമാസ വിഷു മുതലാണത്രെ സൂര്യൻ വീണ്ടും നേരെ കിഴക്ക് ഉദിക്കാൻ തുടങ്ങിയത്. മറ്റൊരു ഐതിഹ്യ പ്രകാരം വിഷു ദിവസത്തിന്റെ പ്രധാന്യം ഇതാണ്. ഹരിവാസരാവസാനം രാവിലെ 6:52 നാണ്. 15 ബുധനാഴ്ചയാണ് വിഷുക്കണിയും പ്രദോഷവും.
ക്ഷേത്രങ്ങളിലും വീടുകളിലുംഅന്നാണ് വിഷുക്കണിദർശനം. നാടെങ്ങും ഐശ്വര്യത്തിന്റെ പ്രതീകമായ
കൊന്നപ്പൂക്കൾ നിറയുന്ന വിഷുക്കാലം പ്രകൃതി സ്വർണ്ണ വർണ്ണത്തിൽ കുളിച്ച് ഏറ്റവും സുന്ദരിയാകുന്ന ദിനങ്ങളാണ്. കണികാണാൻ കൊന്നപ്പൂവും കൈനീട്ടവും ഇല്ലാത്ത വിഷു സങ്കല്പിക്കാൻ പോലും കഴിയില്ല. മേടത്തിലെ അമാവാസി 17 വെള്ളിയാഴ്ചയാണ്. പിറ്റേന്നാണ് വൈശാഖ മാസം ആരംഭം. ഈ ആഴ്ചയിലെ നക്ഷത്ര ഫലം :
മേടക്കൂറ്
(അശ്വതി, ഭരണി, കാർത്തിക 1)
കർമ്മരംഗത്ത് പുരോഗതി, സാമ്പത്തിക നേട്ടങ്ങൾ ലഭിക്കും. ജോലിയിൽ അനുകൂല സാഹചര്യങ്ങൾ നിലനിൽക്കും. മേലുദ്യോഗസ്ഥരുടെ സഹകരണവും പ്രശംസയും ലഭിക്കാൻ സാധ്യത. ഉദ്യോഗാർത്ഥികൾക്ക് സ്ഥാനക്കയറ്റമോ ശമ്പളവർദ്ധനവോ പ്രതീക്ഷിക്കാം. വരുമാനം വർദ്ധിക്കും. പുതിയ നിക്ഷേപം നടത്തും. ഭൂമിയോ വസ്തുവോ വാങ്ങാനോ വിൽക്കാനോ പറ്റിയ സമയം. ഇതിൽ നിന്ന് ലാഭം കിട്ടും. കുടുംബപരമായ ഉത്തരവാദിത്തങ്ങൾ വിജയകരമായി പൂർത്തിയാക്കും. മക്കൾ വഴി സന്തോഷവാർത്ത കേൾക്കും. ബിസിനസ്സ് യാത്രകൾ പുതിയ ബന്ധങ്ങൾക്കും ബിസിനസ് വിപുലീകരണത്തിനും വഴിയൊരുക്കും. പ്രധാനപ്പെട്ട തീരുമാനങ്ങൾ എടുക്കുമ്പോൾ ശ്രദ്ധിക്കണം. ഓം നമോ നാരായണായ നിത്യവും 108 തവണ ജപിക്കുക.
ഇടവക്കൂറ്
(കാർത്തിക 2,3,4, രോഹിണി, മകയിരം 1,2)
ചില വെല്ലുവിളികൾ നേരിടേണ്ടി വരുമെങ്കിലും ക്രമേണ കാര്യങ്ങൾ അനുകൂലമായി മാറും. തൊഴിൽരംഗത്ത് സമ്മർദ്ദം അനുഭവപ്പെടാം. അതീവജാഗ്രത പാലിക്കണം. പ്രധാന തീരുമാനങ്ങൾ എടുക്കുമ്പോൾ മുതിർന്നവരുടെ ഉപദേശം തേടുന്നത് നല്ലതായിരിക്കും. തടസ്സപ്പെട്ട ജോലികൾ പൂർത്തിയാക്കും. സാമ്പത്തിക ഉയർച്ചതാഴ്ചകൾക്ക് സാധ്യത. അമിത ചെലവുകൾ കുടുംബബജറ്റിനെ ബാധിച്ചേക്കാം. പണമിടപാടുകളിൽ പ്രത്യേക ശ്രദ്ധ വേണം. പാരമ്പര്യ സ്വത്ത് ലഭിക്കാൻ ഭാഗ്യമുണ്ടാകാം. വൈറൽ ഇൻഫെക്ഷൻ ബാധിക്കാം. പങ്കാളി, കുടുംബാംഗങ്ങൾ എന്നിവരുടെ പൂർണ്ണമായ പിന്തുണ ലഭിക്കും. സംസാരത്തിൽ പരുഷത ഒഴിവാക്കണം. ഇത് അയൽക്കാരുമായോ ബന്ധുക്കളുമായോ ഉള്ള ബന്ധത്തെ ബാധിക്കാം. ഓം
ദും ദുർഗ്ഗായൈ നമഃ നിത്യവും ജപിക്കണം.
മിഥുനക്കൂറ്
(മകയിരം 3, 4, തിരുവാതിര, പുണർതം 1, 2, 3)
ചിലകാര്യങ്ങളിൽ അതീവ ജാഗ്രത ആവശ്യമാണ്.
ജോലിസ്ഥലത്ത് സഹപ്രവർത്തകരുമായി തർക്കങ്ങൾ ഉണ്ടാകാതെ ശ്രദ്ധിക്കണം. പുതിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കുമ്പോൾ കൃത്യത പാലിക്കുക. ബിസിനസ്സ് ചെയ്യുന്നവർക്ക് പുതിയ കരാറുകളിൽ ഒപ്പിടാൻ അത്ര അനുകൂല സമയമല്ല; തീരുമാനം മാറ്റിവെക്കുന്നതാണ് ഉചിതം. വരുമാനത്തിൽ കാര്യമായ കുറവുണ്ടാകില്ല. എങ്കിലും അപ്രതീക്ഷിത ചെലവ് വരാൻ സാധ്യതയുണ്ട്. പഴയ കടങ്ങൾ വീട്ടാൻ സാധിക്കും. ഓഹരി വിപണിയിൽ പണം നിക്ഷേപിക്കുന്നത് ഒഴിവാക്കുക. വിദ്യാർത്ഥികൾ പഠനത്തിൽ കൂടുതൽ ശ്രദ്ധിക്കും. മത്സരപരീക്ഷകളിൽ മികച്ച വിജയം കൈവരിക്കാൻ കഠിനാധ്വാനം വേണം. വിദേശപഠനത്തിന് ശ്രമിക്കുന്നവർക്ക് അനുകൂലമായ മറുപടി ലഭിക്കും. കുടുംബത്തിൽ സമാധാന അന്തരീക്ഷം നിലനിൽക്കും. ജീവിതപങ്കാളിയുടെ ആരോഗ്യത്തിൽ പ്രത്യേക ശ്രദ്ധ വേണം. യാത്രകൾ ചെയ്യുന്നുണ്ടെങ്കിൽ യാത്രാരേഖകൾ കൃത്യമാണെന്ന് ഉറപ്പുവരുത്തുക.
തൊണ്ടയുമായോ ശ്വാസകോശവുമായോ ബന്ധപ്പെട്ട അസ്വസ്ഥതകൾ അനുഭവപ്പെടാൻ സാധ്യതയുണ്ട്.
നിത്യവും ഓം ശരവണ ഭവ: 108 തവണ വീതം ജപിക്കുക.
കർക്കടകക്കൂറ്
(പുണർതം 4, പൂയം, ആയില്യം)
വൈകാരികമായ തീരുമാനങ്ങൾ ഒഴിവാക്കുന്നത് നന്നായിരിക്കും. ജോലിയിൽ കഠിനാധ്വാനം ആവശ്യമായി വരും. സഹപ്രവർത്തകരിൽ നിന്ന് പ്രതീക്ഷിച്ച പിന്തുണ ലഭിക്കാത്തത് മാനസികവിഷമത്തിന് കാരണമായേക്കാം. പുതിയ തൊഴിൽ അവസരങ്ങൾ തേടിയെത്താൻ സാധ്യതയുണ്ട്. സാമ്പത്തികമായി മെച്ചപ്പെട്ട സമയമാണ്. മുടങ്ങിപ്പോയ കുടിശ്ശികകൾ തിരികെ ലഭിക്കും. എന്നാൽ വീട് നവീകരണത്തിനായോ വാഹനങ്ങൾക്കായോ അപ്രതീക്ഷിതമായി പണം ചെലവാക്കേണ്ടി വന്നേക്കാം.
കുടുംബത്തിൽ സമാധാനവും സന്തോഷവുമുണ്ടാകും. മാതാപിതാക്കളുടെ ആരോഗ്യത്തിൽ പ്രത്യേക ശ്രദ്ധ വേണം. ദാമ്പത്യ ജീവിതത്തിൽ ചെറിയ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാമെങ്കിലും അത് വേഗത്തിൽ പരിഹരിക്കപ്പെടും. ഉദരസംബന്ധമായ അസ്വസ്ഥതകളോ അലർജി പ്രശ്നങ്ങളോ അനുഭവപ്പെടാൻ സാധ്യതയുണ്ട്. ഭക്ഷണകാര്യത്തിൽ നിയന്ത്രണം പാലിക്കുന്നത് നല്ലത്. അനാവശ്യ തർക്കങ്ങളിൽ നിന്ന് വിട്ടുനിൽക്കുക.
തിങ്കളാഴ്ചകളിൽ ശിവക്ഷേത്ര ദർശനം നടത്തുന്നതും വിശ്വനാഥാഷ്ടകം ജപിക്കുന്നതും തടസ്സങ്ങൾ മാറാൻ സഹായിക്കും.
ALSO READ
ചിങ്ങക്കൂറ്
(മകം, പൂരം, ഉത്രം 1)
തൊഴിൽപരമായ കാര്യങ്ങളിൽ ശ്രദ്ധ ആവശ്യമാണ്. മേലുദ്യോഗസ്ഥരിൽ നിന്ന് ചില ബുദ്ധിമുട്ടുകൾ ഉണ്ടാകും. എന്നാൽ പിന്നീട് കഴിവുകൾ തെളിയിക്കാനുള്ള അവസരങ്ങൾ ലഭിക്കും. ബിസിനസ്സിൽ പുതിയ മാറ്റങ്ങൾ കൊണ്ടുവരുന്നത് ഗുണകരമാകും. സാമ്പത്തികമായി നില മെച്ചപ്പെടും. മുടങ്ങിപ്പോയ വരുമാന സ്രോതസ്സുകൾ വീണ്ടും സജീവമാകും. ആഡംബര വസ്തുക്കൾക്കായി അമിതമായി പണം ചെലവാക്കാതിരിക്കാൻ ശ്രദ്ധിക്കണം.
കണ്ണിനോ പല്ലിനോ അസ്വസ്ഥതകൾ അനുഭവപ്പെടാൻ സാധ്യതയുണ്ട്. കൃത്യസമയത്ത് വൈദ്യസഹായം തേടുന്നത് നല്ലതാണ്. ഉഷ്ണ സംബന്ധമായ പ്രശ്നങ്ങൾ വരാതെ നോക്കണം. വീട്ടിൽ ചെറിയ തർക്കങ്ങൾക്ക് സാധ്യതയുണ്ട്. അത് വേഗത്തിൽ പരിഹരിക്കപ്പെടും. പങ്കാളിയുടെ വാക്കുകൾക്ക് മുൻഗണന നൽകുന്നത് ബന്ധം ഊഷ്മളമാക്കാൻ സഹായിക്കും. ബന്ധുക്കളിൽ നിന്ന് അപ്രതീക്ഷിത സഹായങ്ങൾ ലഭിച്ചേക്കാം.
ഞായറാഴ്ചകളിൽ സൂര്യ അഷ്ടോത്തരം ജപിക്കുന്നത് ആത്മവിശ്വാസം വർദ്ധിപ്പിക്കാൻ സഹായിക്കും.
കന്നിക്കൂറ്
(ഉത്രം 2, 3, 4, അത്തം, ചിത്തിര 1, 2)
ജാഗ്രത വേണ്ടതായ സമയമാണ്. തീരുമാനങ്ങളിൽ അവ്യക്തത ഉണ്ടാകാം. ജോലിയിൽ കഴിവുകൾ അംഗീകരിക്കപ്പെടും. പുതിയ ഉത്തരവാദിത്തങ്ങൾ തേടിയെത്തും. എന്നാൽ സഹപ്രവർത്തകരുമായി ആശയവിനിമയം നടത്തുമ്പോൾ വ്യക്തത വരുത്താൻ ശ്രദ്ധിക്കണം. അല്ലാത്തപക്ഷം തെറ്റിദ്ധാരണകൾക്ക് സാധ്യതയുണ്ട്. വിദേശത്ത് ജോലി നോക്കുന്നവർക്ക്
നല്ല വാർത്ത ലഭിക്കാം. സാമ്പത്തികമായി മെച്ചപ്പെട്ട സമയമാണ്. പഴയ നിക്ഷേപങ്ങളിൽ നിന്ന് ലാഭം കിട്ടും. അനാവശ്യമായ ചെലവുകൾ നിയന്ത്രിക്കാൻ കഴിയും. ചർമ്മസംബന്ധമായ അലർജികളോ ദഹനപ്രശ്നങ്ങളോ വരാതെ നോക്കണം. ധാരാളം വെള്ളം കുടിക്കുന്നതും കൃത്യസമയത്ത് ഭക്ഷണം കഴിക്കുന്നതും ശീലമാക്കുക. കുടുംബത്തിൽ സന്തോഷ അന്തരീക്ഷമായിരിക്കും. ബന്ധുക്കളുമായി ഒത്തുചേരാൻ അവസരമുണ്ടാകും. പ്രണയിക്കുന്നവർക്ക് അനുകൂലമായ സമയമാണ്, വീട്ടുകാരുമായി വിവാഹകാര്യങ്ങൾ സംസാരിക്കാൻ ശ്രമിക്കാവുന്നതാണ്. ഓം ക്ലീം കൃഷ്ണായ നമഃ എന്നും 108 തവണ ജപിക്കുക.
തുലാക്കൂറ്
(ചിത്തിര 3, 4 ചോതി, വിശാഖം 1, 2, 3)
മികച്ച നേട്ടങ്ങൾ കൊണ്ടുതരുന്ന സമയയിരിക്കും. ശുക്രന്റെ അനുകൂലസ്ഥിതി ആത്മവിശ്വാസം കൂട്ടും. പുതിയ തൊഴിൽ അവസരങ്ങൾ തേടിവരാൻ സാധ്യത. ജോലി ചെയ്യുന്നവർക്ക് സ്ഥാനക്കയറ്റത്തിനോ ശമ്പള വർദ്ധനവിനോ സാഹചര്യങ്ങൾ തെളിയും. ബിസിനസ്സ് രംഗത്തുള്ളവർക്ക് പുതിയ പങ്കാളിത്തം ലാഭകരമാകും. സാമ്പത്തികമായി നല്ല സമയമാണ്. അപ്രതീക്ഷിത സ്രോതസ്സുകളിൽ നിന്ന് പണം വന്നുചേരാം. പഴയ ബാധ്യതകൾ തീർക്കാൻ സാധിക്കും. വീട് വാങ്ങാനോ വാഹനം മാറാനോ ആഗ്രഹിക്കുന്നവർക്ക് അതിന് പറ്റിയ സമയമാണ്. ദാമ്പത്യ ജീവിതത്തിൽ സന്തോഷം, സമാധാനം അനുഭവപ്പെടും. ബന്ധുക്കളുമായുള്ള പിണക്കങ്ങൾ മാറി ഐക്യമുണ്ടാകും. മക്കളുടെ നേട്ടങ്ങളിൽ അഭിമാനിക്കും. ആരോഗ്യം തൃപ്തികരം. എങ്കിലും കാൽ, സന്ധി വേദനകൾ അനുഭവപ്പെടാൻ സാധ്യതയുണ്ട്. യാത്രാവേളകളിൽ പണവും രേഖകളും നഷ്ടപ്പെടാതെ ശ്രദ്ധിക്കുക. ഓം ഗം ഗണപതയേ നമഃ നിത്യവും 108 തവണ വീത ജപിക്കണം.
വൃശ്ചികക്കൂറ്
(വിശാഖം 4, അനിഴം, തൃക്കേട്ട)
ആത്മവിശ്വാസത്തോടെ മുന്നേറാൻ സാധിക്കും. കഠിനാധ്വാനം ചെയ്യും. സംസാരിക്കുമ്പോൾ സംയമനം പാലിക്കുന്നത് ഗുണകരമാകും. ബിസിനസ്സ് രംഗത്ത് പുതിയ നിക്ഷേപങ്ങൾ നടത്താൻ കാത്തിരിക്കുന്നത് നല്ലതാണ്. പഴയ പ്രോജക്റ്റുകൾ പൂർത്തിയാക്കാൻ സാധിക്കും. സാമ്പത്തികാവസ്ഥ തൃപ്തികരമാണെന്ന് കാണുന്നു. കോടതി സംബന്ധമായ കാര്യങ്ങൾക്കോ ആശുപത്രി ആവശ്യങ്ങൾക്കോ പണം ചെലവാകാൻ സാധ്യതയുണ്ട്. ഭാഗ്യപരീക്ഷണങ്ങളിൽ നിന്ന് ഇപ്പോൾ വിട്ടുനിൽക്കുക. കുടുംബത്തിൽ സമാധാനമുണ്ടാകും. സഹോദരങ്ങളിൽ നിന്ന് സഹായങ്ങൾ ലഭിക്കും. സുഹൃത്തുക്കളുമായി സമയം ചെലവഴിക്കാൻ അവസരം ലഭിക്കും. പ്രണയബന്ധങ്ങളിൽ ചെറിയ ഉലച്ചിലുകൾ ഉണ്ടാകും. പക്വതയോടെ കൈകാര്യം ചെയ്താൽ അത് പരിഹരിക്കാം. രക്തസമ്മർദ്ദമോ തലകറക്കമോ ഉള്ളവർ അത് അവഗണിച്ച് നടക്കരുത്. കൃത്യസമയത്ത് മരുന്നുകൾ കഴിച്ച് വിശ്രമിക്കാൻ ശ്രദ്ധിക്കുക. ഓം ഭദ്രകാള്യൈ നമഃ എന്നും ജപിക്കുക.
ധനുക്കൂറ്
(മൂലം, പൂരാടം, ഉത്രാടം 1)
വളരെ അനുകൂലമായ സമയമാണ് കാത്തിരിക്കുന്നത്. വ്യാഴത്തിന്റെ സ്വാധീനം എല്ലാ കാര്യങ്ങളിലും ഉണർവ് നൽകും. തൊഴിൽരംഗത്ത് വൻ മുന്നേറ്റം ഉണ്ടാക്കാൻ സാധിക്കും. പരീക്ഷകളിലും ഇന്റർവ്യൂകളിലും ഉന്നത വിജയം നേടും. പുതിയ ബിസിനസ്സ് ആശയങ്ങൾ നടപ്പിലാക്കാൻ ഏറ്റവും അനുയോജ്യമായ സമയമാണിത്. സഹപ്രവർത്തകരിൽ നിന്ന് പൂർണ്ണ പിന്തുണ ലഭിക്കും. സാമ്പത്തിക നില ഭദ്രമായിരിക്കും. മുൻപ് നടത്തിയ നിക്ഷേപങ്ങളിൽ നിന്ന് വലിയ ലാഭം പ്രതീക്ഷിക്കാം. പുതിയ വരുമാന മാർഗ്ഗങ്ങൾ തെളിയും. സാമ്പത്തിക ക്ലേശങ്ങൾ മാറും. വിലപിടിപ്പുള്ള വസ്തുക്കളോ സ്വർണ്ണമോ വാങ്ങാൻ സാധ്യതയുണ്ട്. കുടുംബത്തിൽ മംഗളകർമ്മങ്ങൾ നടക്കാൻ സാധ്യതയുണ്ട്. മക്കളുടെ വിദ്യാഭ്യാസത്തിലോ വിവാഹ കാര്യങ്ങളിലോ നല്ല തീരുമാനങ്ങൾ എടുക്കാൻ സാധിക്കും. പങ്കാളിയുമായി ചേർന്ന് വിനോദയാത്രകൾ പോകാൻ അവസരമുണ്ടാകും. പൊതുവെ ആരോഗ്യം മികച്ചതായിരിക്കും. ദഹന സംബന്ധമായ ചെറിയ അസ്വസ്ഥതകൾ ഉണ്ടാകാതെ നോക്കണം. അന്യരുടെ കാര്യങ്ങളിൽ ഇടപെടുന്നത് ഒഴിവാക്കുക. അത് അനാവശ്യ തർക്കങ്ങൾക്ക് വഴിവച്ചേക്കാം.
മകരക്കൂറ്
(ഉത്രാടം 2, 3, 4, തിരുവോണം, അവിട്ടം 1, 2)
ഗുണദോഷസമ്മിശ്രമായ ഫലങ്ങളാണ് ഉണ്ടാകുക. ചില കാര്യങ്ങളിൽ മന്ദത അനുഭവപ്പെടും. കഠിനാധ്വാനത്തിന് ഫലം ലഭിക്കും. ജോലിയിൽ ഉത്തരവാദിത്തങ്ങൾ കൂടും. അമിതമായ ജോലിഭാരം മാനസിക സമ്മർദ്ദം ചെലുത്തും. അർപ്പണബോധം മേലുദ്യോഗസ്ഥരുടെ പ്രശംസയ്ക്ക് സഹായിക്കും. ബിസിനസ്സുകാർക്ക് പുതിയ സംരംഭങ്ങൾ തുടങ്ങാൻ നല്ല സമയമാണ്. സാമ്പത്തിക നില ഭദ്രമാണ്. ഭൂമി ഇടപാടുകളിൽ നിന്ന് ലാഭം പ്രതീക്ഷിക്കാം. എങ്കിലും അപ്രതീക്ഷിത ചെലവ് വന്നേക്കാം. കടം കൊടുക്കുന്നതും ജാമ്യം നിൽക്കുന്നതും ഒഴിവാക്കുന്നത് നന്നായിരിക്കും.
കുടുംബത്തിൽ ചെറിയ അഭിപ്രായവ്യത്യാസം ഉണ്ടാകാം. വിട്ടുവീഴ്ചാ മനോഭാവം സ്വീകരിക്കുന്നത് സമാധാനം നിലനിർത്താൻ സഹായിക്കും. ഗൃഹനിർമ്മാണത്തിലോ അറ്റകുറ്റപ്പണികളിലോ തടസ്സമകറ്റി മുന്നോട്ട് പോകാൻ സാധിക്കും. നടുവേദനയോ സന്ധി സംബന്ധമായ അസ്വസ്ഥതകളോ അനുഭവപ്പെടാം. വ്യായാമം, വിശ്രമം അനിവാര്യമാണ്. ശാസ്താവിനെയോ വിഷ്ണുവിനെയോ ആരാധിക്കുക. ഓം നമഃ ശിവായ എന്നും ജപിക്കുക.
കുംഭക്കൂറ്
(അവിട്ടം 3, 4 ചതയം, പൂരൂരുട്ടാതി 1,2,3)
ആത്മവിശ്വാസത്തോടെ കാര്യങ്ങളെ നേരിടാനാകും. ജോലിയിൽ അനുകൂലമായ സാഹചര്യം നിലനിൽക്കും. തടസ്സപ്പെട്ടു കിടന്ന പല കാര്യങ്ങളും പൂർത്തിയാക്കാൻ സാധിക്കും. സ്വന്തമായി ബിസിനസ്സ് ചെയ്യുന്നവർക്ക് പുതിയ ഓർഡറുകൾ ലഭിക്കാനും വിപുലീകരണത്തിന് വഴി തെളിയാനും സാധ്യതയുണ്ട്. പ്രധാന രേഖകളിൽ ഒപ്പിടുമ്പോൾ ശ്രദ്ധിക്കണം. സാമ്പത്തികമായി നില മെച്ചപ്പെടും. സുഹൃത്തുക്കൾ, സഹോദരങ്ങൾ വഴി സാമ്പത്തിക സഹായം പ്രതീക്ഷിക്കാം. നിക്ഷേപങ്ങളിൽ നിന്ന് മിതമായ ലാഭം ലഭിക്കും. പഴയ കടബാധ്യത ഒരു പരിധി വരെ തീർക്കാനാകും. കുടുംബത്തിൽ സമാധാനം, സന്തോഷം ഉണ്ടാകും. ദൂരദേശത്തുള്ള ബന്ധുക്കളെ കാണാൻ അവസരം ലഭിക്കും. വീടിന് ആവശ്യമായ ഗൃഹോപകരണങ്ങൾ വാങ്ങാനാകും. പങ്കാളിയുമായി നല്ല ബന്ധം പുലർത്താൻ സാധിക്കും. മാനസികമായ ഉന്മേഷം നിലനിൽക്കും. എങ്കിലും കാലുകൾക്കോ പാദങ്ങൾക്കോ ചെറിയ വേദന അനുഭവപ്പെടാൻ സാധ്യതയുള്ളതിനാൽ അധികം ആയാസപ്പെടാതിരിക്കാൻ ശ്രദ്ധിക്കുക. എന്നും ഓം നമോ വെങ്കിടേശായ ജപിക്കുക. ശനിയാഴ്ച അയ്യപ്പസ്വാമിക്ക് നീരാജനം സമർപ്പിച്ച് പ്രാത്ഥിക്കുക.
മീനക്കൂറ്
(പൂരൂരുട്ടാതി 4, ഉത്രട്ടാതി, രേവതി)
ജോലിയിൽ സ്ഥാനമാറ്റത്തിനോ ദൂരസ്ഥലങ്ങളിലേക്ക് യാത്രചെയ്യാനോ സാധ്യതയുണ്ട്. കഠിനാധ്വാനം ചെയ്യും. എന്നാൽ അതിനനുസരിച്ചുള്ള അംഗീകാരം ലഭിക്കാൻ കാലതാമസം നേരിട്ടേക്കാം. ബിസിനസ്സുകാർ പണമിടപാടിൽ ശ്രദ്ധ പുലർത്തണം. വരുമാനത്തിലും ചെലവ് വർദ്ധിക്കാൻ സാധ്യതയുണ്ട്. അനാവശ്യ യാത്രകൾ വഴിയോ ചികിത്സാ ആവശ്യങ്ങൾക്കോ പണം ചെലവാകാം. എന്നിരുന്നാലും, പഴയ നിക്ഷേപങ്ങളിൽ നിന്ന് ചെറിയ ലാഭം ലഭിക്കുന്നത് ആശ്വാസമാകും. കുടുംബത്തിൽ ശാന്തമായ അന്തരീക്ഷം നിലനിർത്താൻ വിട്ടുവീഴ്ചകൾ ചെയ്യേണ്ടി വരും. ബന്ധുക്കളുമായി തർക്കം ഉണ്ടാകാതെ ശ്രദ്ധിക്കുക. ദമ്പതികൾക്കിടയിൽ ചെറിയ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാമെങ്കിലും സംസാരത്തിൽ നിയന്ത്രണം പാലിച്ചാൽ വൻ പ്രശ്നങ്ങൾ ഒഴിവാക്കാം. കണ്ണുകൾക്കോ പാദങ്ങൾക്കോ ചെറിയ അസ്വസ്ഥതകൾ അനുഭവപ്പെടാൻ സാധ്യതയുണ്ട്. കൃത്യസമയത്ത് വിശ്രമം എടുക്കാനും കണ്ണിന് അമിത ജോലി നൽകാതിരിക്കാനും ശ്രദ്ധിക്കുക. ശനിയാഴ്ച ഹനുമാൻ സ്വാമിക്ക് വെണ്ണ സമർപ്പിക്കുക. ഓം ഘ്രൂം നമഃ പരായ ഗോപ്ത്രേ നിത്യവും 108 തവണ വീതം ജപിക്കുക.
ജ്യോതിഷരത്നം വേണു മഹാദേവ്
മൊബൈൽ: + 91 9847575559
Summary: Weekly Star predictions based on moon sign by Venu Mahadev
Highlights
ഏപ്രിൽ 13 ന് തിങ്കളാഴ്ചയാണ് ഏകാദശി
15 ബുധനാഴ്ചയാണ് വിഷുക്കണിയും പ്രദോഷവും
17 ന് വെള്ളിയാഴ്ചയാണ് അമാവാസി; പിറ്റേന്നാണ് വൈശാഖ മാസം ആരംഭം
(നേരം ഓൺ ലൈൻ വാട്സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്സ്ആപ്പ് നമ്പർ : + 91 81380 15500 . ആത്മീയ- ജ്യോതിഷ വാര്ത്തകള്ക്ക്, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്ലോഡ് ചെയ്യുക: AstroG App .)
Copyright @ 2026 NeramOnline.com . All rights reserved.