Wednesday, December 10, 2025
Wednesday, December 10, 2025
Home » ഈ ചൊവ്വാഴ്ച ശിവപൂജ ചെയ്താൽ കാര്യസിദ്ധി, ദാരിദ്ര്യ ശമനം, ഐശ്വര്യം

ഈ ചൊവ്വാഴ്ച ശിവപൂജ ചെയ്താൽ കാര്യസിദ്ധി, ദാരിദ്ര്യ ശമനം, ഐശ്വര്യം

by NeramAdmin
0 comments

ജോതിഷി പ്രഭാസീന സി പി

ശ്രീപരമേശ്വര പ്രീതി നേടാൻ ഏറ്റവും ഉത്തമമായ ഒരു ദിവസമാണ് പ്രദോഷം. മനസും ശരീരവും ഒരുപോലെ ശുദ്ധമാക്കി ഈ ദിവസം ശിവഭഗവാനെ ആരാധിച്ചാൽ എല്ലാ പാപങ്ങളും നശിക്കും. എല്ലാ ആഗ്രഹങ്ങളും സാധിക്കും. ഭൗതികമായ സുഖ സൗകര്യങ്ങൾ ലഭിക്കും. ജീവിതാന്ത്യത്താൽ ശിവലോക പ്രാപ്തിയും നേടാം.

സന്ധ്യയ്ക്ക് ത്രയോദശി തിഥി വരുന്ന ദിവസമാണ് പ്രദോഷ വ്രതം അനുഷ്ഠിക്കുന്നത്; ശിവ ക്ഷേത്രത്തിൽ
പ്രദോഷ പൂജ നടത്തുന്നത്. എല്ലാ മാസവും കുറഞ്ഞത് രണ്ട് ത്രയോദശി തിഥി വരും. കറുത്തപക്ഷത്തിലും വെളുത്തപക്ഷത്തിലും വരുന്ന രണ്ടു പ്രദോഷ വ്രതവും ആചരിക്കാം. ചിലർ കറുത്തപക്ഷ പ്രദോഷത്തിന് കൂടുതൽ പ്രാധാന്യം കൊടുക്കുന്നു. പുണ്യ കർമ്മങ്ങള്‍ അനുഷ്ഠിക്കാൻ ഉത്തമമായ ദിവസമാണ് പ്രദോഷം. ഇതിൽ തിങ്കൾ പ്രദോഷവും, ശനി പ്രദോഷവും വളരെ ശ്രേഷ്ഠമാണ്. ഇതിന് ഇരട്ടിഫല സിദ്ധിയുണ്ട്.

2024 ഒക്ടോബർ 15 ചൊവ്വാഴ്ച കന്നിയിലെ വെളുത്ത പ്രദോഷമാണ്. ഈ ദിവസം ശിവക്ഷേത്രത്തിൽ ദർശനം,
വഴിപാടുകൾ എന്നിവ നടത്തുന്നതും ഓം നമഃ ശിവായ, ശിവ അഷ്ടോത്തരം ഇവ ജപിക്കുന്നതും ഗുണപ്രദമാണ്.

പ്രദോഷ ദിവസം വ്രതം നോറ്റാൽ ദാരിദ്ര്യ ശമനം, ആയുരാരോഗ്യം, ആഗ്രഹ സാഫല്യം, സത്കീർത്തി, സന്തുഷ്ട കുടുംബം, വിവാഹലബ്ധി, സന്താനസൗഭാഗ്യം തുടങ്ങി സർവ്വൈശ്വര്യങ്ങളും ലഭിക്കും. ഭഗവാൻ ശ്രീ മഹാദേവന്റെ അനുഗ്രഹത്തിനു ധാരാളം വ്രതങ്ങൾ ഉണ്ടെങ്കിലും ഏറ്റവും ലളിതമായി അനുഷ്ഠിക്കാവുന്ന വ്രതമാണ് പ്രദോഷം.

പ്രദോഷസന്ധ്യാ സമയത്ത്, കൈലാസത്തില്‍ ആനത്തോലുടുത്ത മഹാദേവന്‍, പാർവതി ദേവിയെ രത്‌നപീഠത്തിലിരുത്തി ഭഗവതിയുടെ മുന്‍പില്‍ ആനന്ദ നടനം ആടുന്നു എന്നാണ് സങ്കല്പം. ആ പുണ്യവേളയില്‍ വാണീ ഭഗവതി വീണ വായിക്കും. ബ്രഹ്മദേവൻ താളം പിടിക്കും. ദേവേന്ദ്രന്‍ പുല്ലാങ്കുഴലൂതും. മഹാലക്ഷ്മി ഗീതം ആലപിക്കും. മഹാവിഷ്ണു മൃദംഗം വായിക്കും. നന്ദിയും ഭൃംഗിയും നടനം ചെയ്യും. സ്തുതിപാഠകര്‍ സ്തുതിഗീതം ആലപിക്കും. ഗന്ധര്‍വയക്ഷകിന്നരന്മാര്‍, അപ്‌സരസുകള്‍ തുടങ്ങി എല്ലാവരും ഭഗവാനെ സേവിച്ചു നില്‍ക്കും. അങ്ങനെ ത്രയോദശി തിഥിയിലെ പ്രദോഷ സന്ധ്യാവേളയിൽ കൈലാസത്തില്‍ മുപ്പത്തിമുക്കോടി ദേവകളുടെയും സാന്നിധ്യമുണ്ടാകും. അതിനാൽ ഈ തിഥിയിലെ പ്രദോഷ സന്ധ്യാവേളയില്‍ ശിവഭഗവാനെ പ്രാര്‍ത്ഥിച്ചാല്‍ സന്തോഷവതിയായ പാർവതിയുടെയും മഹാദേവന്റെയും മാത്രമല്ല എല്ലാ ദേവീദേവന്മാരുടെയും കടാക്ഷവും അനുഗ്രഹവും ലഭിക്കും എന്നാണ് വിശ്വാസം.

ALSO READ

പ്രദോഷ വ്രതം നോൽക്കുന്നവർ അതിന്റെ തലേന്ന് ഒരിക്കലെടുക്കണം. മാനസികമായും ശാരീരികമായും
ശുദ്ധി പാലിക്കണം. ദുഷിച്ച കൂടുകെട്ടുകൾ, ലഹരി വസ്തുക്കൾ, മത്സ്യമാംസാദികൾ, പരദ്രോഹചിന്ത ഇവ
പാടില്ല. വാക്കുകൊണ്ടും പ്രവർത്തികൊണ്ടും ആരെയും ദ്രോഹിക്കരുത്. മനസ് ഈശ്വര ചിന്തയിൽ ഏകാഗ്രമാക്കി കഴിയണം. സ്ത്രീപുരുഷബന്ധം, പുകവലി, വെറ്റില മുറുക്ക് ഇതൊന്നും പാടില്ല.

പ്രദോഷ ദിവസം രാവിലെ കുളിച്ച് ദേഹശുദ്ധിയും മനഃശുദ്ധിയും വരുത്തി ശിവക്ഷേത്രദര്‍ശനം നടത്തണം.
ഉപവാസം അനുഷ്ഠിക്കണം. അതിന് ആരോഗ്യം അനുവദിക്കാത്തവർക്ക് ലഘു ഭക്ഷണം കഴിക്കാം. വൈകുന്നേരം പ്രദോഷ പൂജയുള്ള ശിവക്ഷേത്രത്തില്‍ ദര്‍ശനം നടത്തണം. പ്രദോഷപൂജയിൽ പങ്കെടുത്ത് ഭഗവാന് കരിക്ക് നേദിക്കണം. പഞ്ചാക്ഷരീമന്ത്രം 108 തവണയോ ജപിക്കണം. അന്ന് ബ്രാഹ്മമുഹൂർത്തിൽ കൂടി ജപിച്ചാൽ അത്യുത്തമം. പഞ്ചാക്ഷരി സ്തോത്രം, ശിവ അഷ്ടോത്തരം, ശിവസഹസ്രനാമം, ശിവപുരാണം ശിവാഷ്ടകം, ശങ്കര ധ്യാനപ്രകാരം, ഉമാ മഹേശ്വര സ്തോത്രം എന്നിവ ഭക്തിപൂർവ്വം ചൊല്ലുക. പ്രദോഷപൂജ, ദീപാരാധന ഇവയ്ക്ക് ശേഷം ക്ഷേത്രത്തിൽ നിന്നും അവിലോ, മലരോ, പഴമോ കഴിച്ച് പാരണ വിടുക. ദീപാരാധനയ്ക്കു ശേഷം ക്ഷേത്രത്തിൽ നിന്നുള്ള ചോറു വാങ്ങി കഴിക്കാം.

മാസംതോറും ഒരു പ്രദോഷമെങ്കിലും അനുഷ്ഠിച്ചാൽ ശത്രുദോഷ, ശാപദോഷങ്ങൾ അടക്കമുള്ള എല്ലാ ദുരിതങ്ങളും ശമിക്കും. ശത്രുവില്‍ നിന്ന് മോചനമേ ആഗ്രഹിക്കാവൂ; ശത്രുനാശത്തിന് പ്രാര്‍ത്ഥിക്കരുത്. ദാരിദ്ര്യദു:ഖങ്ങൾ ശമിക്കുന്നതിനും സത്കീര്‍ത്തിക്കും സന്താനലബ്ധിക്കും രോഗശാന്തിക്കും എല്ലാവിധത്തിലെ ഉന്നതിക്കും ഐശ്വര്യത്തിനും പ്രദോഷവ്രതം ഏറ്റവും ഉത്തമമാണ്. ഗൃഹസ്ഥാശ്രമ ജീവിതത്തിലെ ബാധ്യതകൾ തീര്‍ന്നവര്‍ മാത്രമേ മോക്ഷപ്രാപ്തിക്ക് പ്രാര്‍ത്ഥിക്കാവൂ.

ജാതകത്തില്‍ ആദിത്യദശ വരുമ്പോൾ പ്രദോഷവ്രതം അനുഷ്ഠിച്ചാല്‍ ഉദ്ദിഷ്ടകാര്യം അതിവേഗം സാധിക്കും. ജാതകത്തില്‍ ഇഷ്ടദേവന്‍ ആദിത്യനാണെങ്കില്‍ പ്രദോഷവ്രതം നോൽക്കുന്നത് ഏറെ ഐശ്വര്യപ്രദമാണ്. ദീര്‍ഘായുസും സമ്പത്തും ലഭിക്കും. ജീവിതാവസാനം സായൂജ്യവും കരഗതമാകും. ജാതകത്തില്‍ ആദിത്യന്‍ അനിഷ്ടഷസ്ഥാനത്തു നില്‍ക്കുന്നവര്‍ക്ക് പ്രദോഷവ്രതാചരണം മൂലം അരിഷ്ടതകള്‍ ഒഴിവാകും.
ആബാലവൃദ്ധം ശിവഭക്തർക്കും ഏറ്റവും പ്രിയപ്പെട്ട, ശിവ ഭഗവാൻ്റെ സ്വരൂപവർണ്ണനയായ ശങ്കര ധ്യാനപ്രകാരം ഗ്രഹിക്ക നീ തിങ്കൾക്കലാഞ്ചിതം കോടീര ബന്ധനം…. എന്ന് ആരംഭിക്കുന്ന കീർത്തനം, 11 പ്രദോഷത്തിന് തുടർച്ചയായി ജപിച്ചാൽ കാര്യസിദ്ധി നിശ്ചയമാണ്. വ്രതം അനുഷ്ഠിക്കാത്തവർ പ്രദോഷനാൾ ശിവക്ഷേത്രദര്‍ശനം നടത്തി ധാര, കൂവളമാല, പിന്‍വിളക്ക് എന്നീ വഴിപാടുകള്‍ സമർപ്പിക്കുന്നത് അഭീഷ്ടങ്ങൾ സഫലീകരിക്കുന്നതിന് ഉത്തമമാണ്. പ്രസിദ്ധ ഗായകൻ മണക്കാട് ഗോപൻ ആലപിച്ച ശങ്കര ധ്യാനപ്രകാരം കേൾക്കാം :


ജോതിഷി പ്രഭാസീന സി പി,
+91 9961442256

Story Summary: Significance of Pradosha Viratham on Kanni Month Sukla Paksha

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?