മംഗള ഗൗരി
സങ്കീർണ്ണമായ ജീവിത പ്രശ്നങ്ങളാൽ നട്ടം തിരിയുന്ന മനുഷ്യർക്ക് അതിവേഗത്തിൽ അതിൽ നിന്നും കരകയറാനുള്ള ലളിതവും ഭദ്രവും നൂറുശതമാനം ഫലം തരുന്നതുമായ മാർഗ്ഗമാണ് ലളിതാ സഹസ്രനാമം ജപം.
അതുകൊണ്ടുതന്നെയാണ് ദേവീഭക്തരുടെ അമൂല്യനിധി, കാമധേനു എന്നെല്ലാം ലളിതാ സഹസ്രനാമത്തെ
വിശേഷിപ്പിക്കുന്നത്. എത്ര ശ്രമിച്ചിട്ടും പരിഹാരം കാണാൻ കഴിയാത്ത പ്രശ്നങ്ങൾക്ക് പോലും പതിവായി ഇത് ജപിച്ചാൽ പോംവഴിയുണ്ടാകുമെന്നത് ഭക്തകോടികളുടെ അനുഭവമാണ്.
ലളിതാ സഹസ്രനാമം പതിവായി ജപിക്കുന്ന വീട്ടിൽ ദാരിദ്ര്യം, അന്നവസ്ത്രാദികൾക്ക് പ്രയാസം, ബാധകൾ, മഹാരോഗദുരിതം എന്നിവ ഉണ്ടാകില്ല, ഗ്രഹപ്പിഴകൾ, ജാതകദോഷം എന്നിവ ഇല്ലാതാകും. ദീർഘായുസ്, സൽസന്താന ലബ്ധി, ബുദ്ധിശക്തി, സൗഭാഗ്യം എന്നിവ സിദ്ധിക്കും. കോടി ജന്മങ്ങളിൽ ചെയ്ത പാപങ്ങൾ വരെ നശിക്കും.
ദേവീസഹസ്ര നാമങ്ങൾ അനേകമുണ്ടെങ്കിലും ഏറ്റവും പുണ്യപ്രദം ലളിതാസഹസ്രനാമം തന്നെയാണ്. കാരണം ഇതിലെ ഒരു നാമം പോലും ആവർത്തിക്കപ്പെടുന്നില്ല. ഈ ദിവ്യസ്തോത്രത്തിലെ ഒരോ നാമവും ഒരോ മന്ത്രമാണ്.
എല്ലാം കൊണ്ടും ശ്രേഷ്ഠമായ ഈ സ്തോത്രം ഭക്തിയുള്ള ആർക്കും പതിവായി ജപിക്കാം. യാതൊരു ആപത്തും
പിന്നെ അവരെ ബാധിക്കില്ല. യശസ്സ്, അപകടങ്ങളിൽ നിന്നും രക്ഷ എന്നിവയും ഇതിൻ്റെ ജപഫലമാണ്.
പരമശിവന്റെ അനുഗ്രത്താൽ നേടിയ വരബലത്താൽ മൂന്ന് ലോകങ്ങളും കാൽക്കീഴിലാക്കി എല്ലാവരെയും ദ്രോഹിച്ച് മദിച്ച് നടന്ന ഭണ്ഡാസുരനെ നിഗ്രഹക്കുന്നതിന് വേണ്ടി പ്രത്യക്ഷയായ ആദിപരാശക്തി ബാല, മന്ത്രിണി, ദണ്ഡിനി, ജ്വാലാമാല, അശ്വാരൂഢാ, സമ്പല്‍ക്കരീ എന്നീ സൈന്യങ്ങളോടൊപ്പം ഭണ്ഡാസുരനോട് യുദ്ധംചെയ്ത് അവനെയും ആസ്ഥാനമായ ശോണിതപുരത്തെയും നശിപ്പിച്ചു. അവതാരലക്ഷ്യത്തിനു ശേഷം ശ്രീചക്രത്തിൽ മഹാരാജ്ഞി ഭാവത്തിൽ സിംഹാസനസ്ഥയായ ദേവിയെ കീർത്തിക്കുവാൻ വേണ്ടി ദേവി നടത്തിയ യുദ്ധവിവരണം സഹിതം വശിനി, കാമേശി, അരുണ, സർവേശി, കൗളിനി, വിമലാ, ജയിനി, മോദിനി എന്നീ അഷ്ട ദേവതകളാൽ രചിക്കപ്പെട്ടതാണ് ലളിതാസഹസ്രനാമം. ബ്രഹ്‌മാണ്ഡ പുരാണത്തിലെ ഹയഗ്രീവ അഗസ്ത്യ സംവാദത്തിലാണ് ലളിതാസഹസ്രനാമത്തെ ഉൾപ്പെടുത്തിയിരിക്കുന്നത്..
ശ്രീമാതാ, ശ്രീമഹാരാജ്ഞീ, ശ്രീമത്സിംഹാസനേശ്വരി,
ചിദഗ്നികുണ്ഡസംഭൂതാ, ദേവകാര്യസമുദ്യതാ……….. എന്ന് തുടുങ്ങുന്നതാണ് ഈ സ്തോത്രം.
ഈ വരികളുടെ അർത്ഥം: എൻ്റെ ചിദാകാശത്തിൽ സ്വയം പ്രകാശിക്കുന്ന അഗ്നിയിൽ എന്നിലെ ദേവാവസ്ഥയുടെ പൂർണ്ണതയ്ക്ക് സിംഹാസനമെന്ന യോഗാസനത്തിൽ മഹാരാജ്ഞീ ഭാവത്തിൽ ശ്രീജഗത്മാതാവായി പ്രത്യക്ഷമായിരിക്കുന്ന ദേവീ എന്നാണ്. ഇതിൻ്റെ ന്യാസവും ധ്യാനശ്ലോകവും
സഹിതം നിത്യം ജപിക്കുന്നവർക്ക് ദേവീ പ്രീതി ഉറപ്പാണ്. സർവ്വകാമവും നിറവേറ്റപ്പെടും. കാമങ്ങളെ മറികടക്കും.
ദേവിയുടെ താല്പര്യം ഭക്തരിലേക്ക് പകരപ്പെടും. ജപം ഒരിക്കലും പകുതിയാക്കി അല്ലെങ്കിൽ അപൂർണ്ണമായി
നിറുത്തരുത്. പ്രസിദ്ധ ഗായകൻ മണക്കാട് ഗോപൻ ന്യാസവും ധ്യാനവും എന്നിവ ഉൾപ്പെടുത്തി ആലപിച്ച ലളിതാ സഹസ്രനാമം കേൾക്കാം:
ALSO READ
Story Summary: Significance and Benefits of Lalitha Sahasranamam chanting
നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : riyoceline.com/projects/Neram/
ആത്മീയ വിശേഷങ്ങളും ജ്യോതിഷ പ്രവചനങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക : AstroG App
Copyright 2024 riyoceline.com/projects/Neram/. All rights reserved