ജീവിതവിജയം നേടാൻ ഏറ്റവും ശക്തമായ ഈശ്വരീയ മാർഗ്ഗം നാഗാരാധനയാണ്. സന്താനദുഃഖം, സന്താനക്ലേശം, ദാമ്പത്യദുരിതം, ശാപദോഷങ്ങൾ, കുടുംബപ്രശ്നങ്ങൾ, മാറാരോഗങ്ങൾ തുടങ്ങിയവ പരിഹരിക്കാൻ ഇതിലൂടെ കഴിയും. നാഗാരാധനയ്ക്ക് ഏറ്റവും ഉത്തമമായ ദിവസമാണ് എല്ലാ മാസവുമുള്ള ആയില്യം നക്ഷത്രം. ഈ മാസത്തെ ആയില്യം നാളെ ഡിസംബർ 9 ചൊവ്വാഴ്ചയാണ്.
എല്ലാമാസവും ആയില്യ പൂജ നടത്താം
സങ്കടങ്ങളും ദോഷദുരിതങ്ങളും പരിഹരിക്കാൻ മാസന്തോറും ആയില്യം നാളിൽ നാഗ പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങളിൽ ദർശനം നടത്തി വഴിപാടുകൾ കഴിക്കുന്നതും ആയില്യ വ്രതം അനുഷ്ഠിക്കുന്നതും നല്ലതാണ്. സന്താന ക്ഷേമത്തിനും മന:ശാന്തിക്കും കാര്യസിദ്ധിക്കും ആയുരാരോഗ്യ സൗഖ്യത്തിനും സമ്പദ് സമൃദ്ധിക്കും മന:സമാധാനമുള്ള ജീവിതത്തിനും സന്താനഭാഗ്യത്തിനും സന്താന ദുരിതമോചനത്തിനും വളരെ ഗുണപ്രദമാണിത്. നാഗസന്നിധികളിൽ പൂജ, നൂറും പാലും, സർപ്പബലി, കമുകിൻ പൂക്കുല സമർപ്പണം എന്നീ വഴിപാടുകൾ നടത്തുമ്പോൾ സർവ്വ വിഘ്‌നങ്ങളും അകന്ന് അഭീഷ്ടസിദ്ധി കൈവരും.
നൂറും പാലും ഏറ്റവും പ്രിയങ്കരം
നാഗദൈവങ്ങൾക്ക് പൊതുവേ എല്ലാവരും ചെയ്യുന്ന വഴിപാടാണ് നൂറും പാലും. മഞ്ഞൾപ്പൊടി, അരിപ്പൊടി, പശുവിൻപാൽ, കരിക്കിൻവെള്ളം എന്നിവ ചേർത്ത മിശ്രിതമാണിത്. ഇത് നാഗ പ്രീതിക്ക് ഏറ്റവും ഉത്തമമായ വഴിപാടാണ്.
3 ആയില്യപൂജ നടത്തിയാൽ
നാഗദൈവങ്ങൾക്ക് പ്രാധാന്യമുള്ള നക്ഷത്രമായ ആയില്യത്തിന് നാഗ സന്നിധികളിൽ നടത്തുന്ന പ്രധാന പൂജയാണ് ആയില്യപൂജ. കുടുംബ ക്ഷേത്രത്തിലോ നാഗ ക്ഷേത്രത്തിലോ ആയില്യ പൂജ നടത്തുന്നത് ഉദ്ദിഷ്ടകാര്യ സിദ്ധിക്കും ഐശ്വര്യത്തിനും വളരെ ഗുണപ്രദമാണ്. നാഗർക്ക് തുടർച്ചയായി 3 മാസം ആയില്യ പൂജ നടത്തിയാൽ സർവാഭീഷ്ടസിദ്ധിയാണ് ഫലം. നാഗത്താന്മാരെ മനസിൽ ധ്യാനിച്ച് 3 പൂജകളും അനുഷ്ഠിക്കുമ്പോൾ സർവ്വ വിഘ്‌നങ്ങളും തീർന്ന് ഫലസിദ്ധി കൈവരും.
നാഗമന്ത്രങ്ങൾ ജപിച്ചു തുടങ്ങാം
ആയില്യത്തിന് ക്ഷേത്രദർശനം നടത്തി പ്രാർത്ഥിച്ച് വഴിപാടുകൾ നടത്തുന്നതിനൊപ്പം ശരീരശുദ്ധിയും മന:ശുദ്ധിയും കൂടിയാകുമ്പോൾ നാഗാരാധനയ്ക്ക് പൂർണ്ണമായ ഫലപ്രാപ്തി ലഭിക്കും. പഞ്ചമി, ആയില്യം, കറുത്തവാവ്, പൗർണ്ണമി, ബുധൻ, വ്യാഴം, ഞായർ, തിങ്കൾ എന്നിവയാണ് നാഗമന്ത്രങ്ങൾ ജപിച്ചു തുടങ്ങാൻ ഉത്തമം. ഗുരുവിൽ നിന്നും മന്ത്രോപദേശം വാങ്ങി ജപിച്ചാൽ അത്ഭുതശക്തി അനുഭവിച്ചറിയാം.
ALSO READ
അഷ്ടനാഗമന്ത്രങ്ങൾ
ഓം അനന്തായ നമഃ
ഓം വാസുകയേ നമഃ
ഓം തക്ഷകായ നമഃ
ഓം കാര്‍ക്കോടകായ നമഃ
ഓം ഗുളികായ നമഃ
ഓം പത്മായ നമഃ
ഓം മഹാപത്മായ നമഃ
ഓം ശംഖപാലായ നമഃ
ആയില്യം നാളിൽ ഈ 8 മന്ത്രങ്ങള്‍ 12 പ്രാവശ്യം വീതം ആദ്യം മുതല്‍ അവസാനം വരെ ചൊല്ലുക.
തിരുവാതിര, ചോതി, ചതയം നക്ഷത്രക്കാർക്ക് സർപ്പപൂജ ഐശ്വര്യകരമാണ്. അതുപോലെ ആയില്യം നക്ഷത്രക്കാർ ഏതൊരു പ്രവൃത്തി ചെയ്യും മുൻപും നവനാഗങ്ങളെ ഭജിക്കണം. ഇവർ എല്ലാ ദിവസവും നവനാഗ സ്‌തോത്രം ജപിച്ചാൽ എല്ലാ ഐശ്വര്യങ്ങളും ലഭിക്കും. അഹിതങ്ങൾ ഒഴിഞ്ഞു പോകും. ഭരണി, രോഹിണി, ആയില്യം, അത്തം, പൂരം, പൂരാടം, കേട്ട, തിരുവോണം, രേവതി നക്ഷത്രജാതർ രാഹുർദശയുടെ കാലത്തും അല്ലാതെയും നാഗാരാധന നടത്തണം. ജന്മനക്ഷത്ര ദിവസം ഞായറാഴ്ചകൾ എന്നിവയാണ് നാഗാരാധനയും നാഗക്ഷേത്ര ദർശനവും നടത്താൻ ഉത്തമം.
നവനാഗ സ്തോത്രം
നാഗദോഷങ്ങൾ മാറാൻ ആയില്യത്തിന് നവനാഗ സ്തോത്രം ജപിക്കുന്നതും നല്ലതാണ്. പതിവായി ഇത് ജപിക്കുന്നവർക്ക് വിഷഭയം ഉണ്ടാകില്ല; അവർക്ക് സകലകാര്യങ്ങളിലും മംഗളം ഭവിക്കുകയും ചെയ്യും. മാത്രമല്ല അവരുടെ ആഗ്രഹങ്ങളെല്ലാം സഫലമാകും. അവർക്ക് സമൃദ്ധിയും ഐശ്വര്യവും നാഗാരാധന വഴി കരഗതമാക്കാനും സാധിക്കും. പ്രസിദ്ധ ഗായകൻ മണക്കാട് ഗോപൻ 36 തവണ ജപിച്ച നവനാഗ സ്തോത്രം കേൾക്കാം:
സംശയ നിവാരണത്തിനും മന്ത്രോപദേശത്തിനും ബന്ധപ്പെടുക:
തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി,
+91 094-470-20655
Story Summary: Significance of Monthly Ayilya Pooja
(നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ: NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ: + 91 81380 15500 . ആത്മീയ വിശേഷങ്ങളും ജ്യോതിഷ പ്രവചനങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക : AstroG App . )
Copyright @ 2025 NeramOnline.com . All rights reserved