പുഴകളൊഴുകുന്ന കാവുകൾ നിറഞ്ഞ രമണീയമായ ഒരു കൊച്ചുഗ്രാമത്തെ കാത്തുരക്ഷിക്കുന്ന ദേവതയാണ് ശ്രീ മുണ്ടയാംപറമ്പിൽ ഭഗവതി. കണ്ണൂരിൻ്റെ കിഴക്കൻ മലയോര താഴ് വരയിൽ, ഇരിട്ടിയിൽ നിന്നും ഏകദേശം 10 കിലോമീറ്റർ വടക്കുകിഴക്കു മാറിയാണ് ലോകമാതാവ് മുണ്ടയാംപറമ്പിലമ്മ കുടികൊള്ളുന്ന തറയ്ക്കുമീത്തൽ ഭഗവതി ക്ഷേത്രം.
മിണ്ടാപറമ്പ് മുണ്ടയാംപറമ്പായി
ചണ്ഡമുണ്ഡാസുരന്മാരെയും അനുയായികളെയും ഘോരയുദ്ധത്തിൽ നിഗ്രഹിച്ച ശേഷം കോപാകുലയായ ദേവി വിശ്രമിക്കാനിരുന്ന ദേശമാണ് മുണ്ടയാംപറമ്പെന്ന് സ്ഥലപുരാണം പറയുന്നു. അന്ന് നിബഡവനമായിരുന്നു ഇവിടം. രൂക്ഷമായ യുദ്ധാന്ത്യത്തിൽ അസുരന്മാരെ വധിച്ചിട്ടും കോപം ശമിക്കാതെ വന്നിരുന്ന ഭദ്രകാളിയെ വനവാസികൾ കാണുകയും തന്നെ കണ്ട വിവരം പുറത്ത് മിണ്ടരുത് എന്ന് ദേവി അവരെ വിലക്കുകയും ചെയ്തത്രേ. അങ്ങനെ ആളുകൾ മിണ്ടാപറമ്പെന്ന് പറഞ്ഞു തുടങ്ങിയ ദേശം കാലക്രമേണ മുണ്ടയാംപറമ്പ് എന്നായി മാറി. ഉച്ച കഴിഞ്ഞാൽ പേരുച്ചരിക്കാൻ പാടില്ലാത്ത ദേശമായാണ് ഇവിടം അറിയപ്പെടുന്നത്.
വിവാഹതടസ്സം മാറും; രോഗം ശമിക്കും

കേരളത്തിലെ സംസ്ഥാനം രൂപീകരിക്കും മുൻപ് ഈ പ്രദേശങ്ങൾ സാമന്ത രാജാക്കൻമാരായ ചുഴലി സ്വരൂപത്തിൻ്റെ ഭാഗമായ കനകത്തിടം ജന്മികളുടെ അധീനതയിലായിരുന്നു. അന്ന് ശ്രീ മുണ്ടയാം പറമ്പിലമ്മ കുടിക്കൊള്ളുന്നിടം എന്ന ഖ്യാതി മാത്രമാണ് ഇതിന് ഉണ്ടായിരുന്നത്. ദൂരെ സ്ഥലങ്ങളിൽ നിന്നും വരെ ഭക്തർ കാൽനടയായി ഇവിടെ വന്നു തൊഴുതു പോയിരുന്നു. ക്ഷേത്ര നിർമ്മാണവും നവീകരണവും നടന്നത് കനകത്തിടം വാഴുന്നവരുടെ മേൽനോട്ടത്തിലാണ്. പൂജാദി കർമ്മങ്ങൾക്കായി വാഴുന്നവർ, കീഴ്പാടില്ലം, മാങ്ങാട്ടില്ലം എന്നീ ഇല്ലക്കാരെ നിയോഗിക്കുകയും ശാന്തിവൃത്തി നിലം എന്ന പേരിൽ പ്രത്യേകം സ്ഥലം പതിച്ചു നൽകുകയും ചെയ്തു. തടസ്സങ്ങൾ മാറാനും പെട്ടെന്ന് വിവാഹം നടക്കാനും രോഗദുരിത ശമനത്തിനും ആയുരാരോഗ്യ സൗഖ്യം നേടാനും മുണ്ടയാംപറമ്പ് ഭഗവതിയുടെ അനുഗ്രഹം തേടി ആയിരങ്ങളാണ് എത്തുന്നത്. അത്ഭുത ഫലസിദ്ധിയാണ് മുണ്ടയാംപറമ്പിലമ്മയുടെ ദർശനത്തിന് പറയുന്നത്.
ഒറ്റയ്ക്കിരിക്കുന്ന ഭഗവതി
ALSO READ
ആദിപരാശക്തിയും സർവ്വാഭീഷ്ട വരദായിനിയുമായ ശ്രീ ഭദ്രകാളിയാണ് ലോകമാതാവായി ശ്രീ മുണ്ടയാംപറമ്പ് ഭഗവതി ക്ഷേത്രത്തിൽ കുടികൊള്ളുന്നത്. എപ്പോഴും ഒറ്റയ്ക്കിരിക്കാൻ താല്പര്യപ്പെടുന്ന ദേവിയുടെ പ്രധാന ഇരിപ്പിടം തറയ്ക്ക് മീത്തലാണ്. അതുകൊണ്ട് തന്നെ നിത്യപൂജ ഇവിടെ ഇല്ല. എല്ലാമാസവും സംക്രമ ദിവസത്തിലാണ് പൂജ നടക്കുന്നത്. ചൊവ്വ, വെള്ളി ദിവസങ്ങളിൽ താഴെക്കാവിൽ കലശങ്ങൾ നടത്താറുണ്ട്. തറയ്ക്ക് മീത്തൽ ഭഗവതി സ്ഥാനം മുകളിലാണ് ദേവി ഉച്ച കഴിഞ്ഞ് വിശ്രമിക്കുന്നത് തറയ്ക്ക് മീത്തലാണ് ബാലികയായും ശാന്ത സ്വരൂപിയായും ഉച്ചവരെ കഴിഞ്ഞശേഷം ഉച്ചയ്ക്ക് ശേഷം രൗദ്ര ഭാവത്തിൽ ദേവി തറയ്ക്ക് മീത്തലേക്ക് മാറിയിരിക്കുന്നു എന്ന് പറയുന്നു. ക്ഷേത്രത്തിൽ ഭഗവതിയെ വലിയതമ്പുരാട്ടിയെന്നും ചെറിയ തമ്പുരാട്ടിയെന്നും പറഞ്ഞ് ആരാധിക്കുന്നു. ഒപ്പം പെരുമ്പേശൻ ദൈവത്തിന്റെ സ്ഥാനവും ഇവിടുണ്ട്. ക്ഷേത്രത്തിനു സമീപത്തെ അറവിലാൻ കാവാണ് അറവിലാൻ ദൈവത്തിന്റെ സ്ഥാനം.

മൂന്ന് തരത്തിലെ പൂജാക്രമങ്ങൾ
ആചാരവൈവിധ്യമാണ് മുണ്ടയാംപറമ്പ് ക്ഷേത്രത്തെ മറ്റ് ദേവീക്ഷേത്രങ്ങളിൽ നിന്നും വ്യത്യസ്തമാക്കുന്നത്. അസുര നിഗ്രഹത്തിനായി ശ്രീ കൊട്ടിയൂർ പെരുമാളീശ്വര സന്നിധിയിൽ നിന്നും ഉത്ഭവിച്ചശക്തി മുണ്ടയാംപറമ്പിൽ കുടികൊണ്ടു എന്നാണ് ഐതിഹ്യം. ഈ ക്ഷേത്രത്തിൽ മൂന്ന് തരത്തിലുള്ള പൂജാക്രമങ്ങളാണുള്ളത്. ശ്രീകോവിലിൽ ബ്രാഹ്മണപൂജയും തറക്കുമീത്തൽ സ്ഥാനത്ത് കല്ലാടിയുടെ നേതൃത്വത്തിലുള്ള കർമങ്ങളും താഴെകാവിൽ കോമരത്തിന്റെ നേതൃത്വത്തിലുള്ള കർമ്മങ്ങളും നടക്കുന്നു. സാത്വികാചര പ്രകാരമുള്ള പൂജാവിധികളും കൗളാചാര പ്രകാരമുള്ള പൂജാവിധികളും ഈ ക്ഷേത്രത്തിന്റെ പ്രത്യേകതയാണ്.
ചെണ്ട ഉപയോഗിക്കാത്ത ക്ഷേത്രം
എങ്ങനെ വിളിച്ചാലും, അതായത് സാത്വികമായും തമോഗുണത്തോടും രജോഗുണത്തോടും കൂടി കർമ്മങ്ങൾ ചെയ്ത് വിളിച്ചാൽ വിളിപ്പുറത്തെത്തുന്ന ശക്തിയാണ് അമ്മ. ക്ഷേത്രത്തിൽ തെയ്യങ്ങൾക്കോ മറ്റ് ചടങ്ങുകൾക്കോ ചെണ്ട ഉപയോഗിക്കാത്ത അപൂർവം ക്ഷേത്രങ്ങളിൽ ഒന്നുമാണിത്.
ചൊവ്വ, വെള്ളി ദിനങ്ങളിൽ കലശം
നിരവധികാവുകൾ ക്ഷേത്രവുമായി ബന്ധപ്പെട്ടു മുണ്ടയാംപറമ്പിൽ ഉണ്ട്. മേലെക്കാവ് (തറക്കുമീത്തൽ), താഴെക്കാവ്, അറവിലാൻ കാവ്, നാരായണികാവ്, പനക്കരക്കാവ്, ഓലേക്കാവ് എന്നിവയാണ് കാവുകൾ. തറക്കുമീത്തൽ സ്ഥാനത്ത് എല്ലാ സംക്രമ നാളുകളിലും കല്ലാടിയുടെ കലശം ഉണ്ടാവാറുണ്ട്. ദേവിയുടെ തറക്കുമീത്തൽ സ്ഥാനത്തിനാണ് പ്രാധാന്യം. താഴെകാവിൽ കോമരത്തിന്റെയും പാട്ടാളിയുടെയും കാർമ്മികത്വത്തിൽ എല്ലാ ചൊവ്വ, വെള്ളി ദിവസങ്ങളിലും കലശം ഉണ്ടാവാറുണ്ട്. സർവ്വ വിഘ്നങ്ങൾക്കും പരിഹാരമായ മറികൊത്തൽ ചടങ്ങ് നടക്കുന്നത് താഴെക്കാവിലാണ്.

ധനുത്തിറയും മേടത്തിറയും
വർഷത്തിൽ രണ്ട് ഉത്സവങ്ങൾ നടക്കുന്ന ക്ഷേത്രം കൂടിയാണിത്. മേടത്തിറയും ധനുത്തിറയും. നിത്യ പൂജയില്ലാത്ത ഈ ക്ഷേത്രം മണ്ഡലകാലത്തും പുത്തരിദിവസവും നവീകരണകലശത്തിനും ഉത്സവങ്ങൾക്കും സംക്രമദിവസങ്ങളിലും മാത്രമാണ് തുറക്കുന്നത്. മണ്ഡലകാലത്തിന് സമാപനം കുറിച്ചുകൊണ്ടാണ് ധനുത്തിറ ഉത്സവം ധനു 10,11,12 തീയതികളിൽ ആഘോഷിക്കുന്നത്. വിവിധ ദേശങ്ങളിൽ നിന്നുള്ള ഘോഷയാത്രയാണ് ഈ ഉത്സവത്തിന്റെ ആകർഷണീയത. മേടത്തിറ ഉത്സവം മേടം 13,14,15 തീയതികളിൽ നടക്കുന്നത് . പതിറ്റാണ്ടുകൾക്ക് മുമ്പുതന്നെ മലബാറിന്റെ നാനാ ഭാഗത്തുനിന്നും നിരവധി ആളുകൾ ഈ ഉത്സവത്തിന് എത്തിയിരുന്നു. ഇന്ന് പതിനായിരങ്ങളാണ് മേടത്തിറ പ്രധാനമായ മേടം 14 ന് മുണ്ടയാംപറമ്പിൽ എത്തിച്ചേരുന്നത്. മേടത്തിറയെ ദേവിയുടെ ഓമനകല്യാണം എന്നാണ് വിളിക്കുന്നത്. വിദൂരങ്ങളിൽ നിന്ന് പോലും ഭക്തർ എത്തിച്ചേരുന്ന ഉത്സവമാണ് മേടത്തിറ. ക്ഷേത്ര സ്ഥാനീയർക്കെല്ലാം അരി അളന്നു നൽകുന്ന കുണ്ടുംകരയൂട്ട് ഈ ഉത്സവത്തിന്റെ ഒരു പ്രധാന ചടങ്ങാണ്. അതിനുള്ള അവകാശം കനകത്തിടം വാഴുന്നവർക്കാണ്.

ഉത്സവത്തിന് ഒമ്പത് തെയ്യങ്ങൾ
ഈ ഉത്സവത്തോടനുബന്ധിച്ച് ഒമ്പത് തെയ്യങ്ങൾ കെട്ടിയാടാറുണ്ട്. വലിയതമ്പുരാട്ടി, ചെറിയതമ്പുരാട്ടി, അറവിലാൻ തെയ്യം, പെരുമ്പേശൻ തെയ്യം, ഓലേപ്പോതിയോർ, രാപ്പോതിയോർ, ഇവരുടെ മക്കൾ എന്നിങ്ങനെയാണ് തെയ്യങ്ങൾ. കൂടാതെ ചിങ്ങ സംക്രമനാളിൽ പടിക്കൽത്തിറയും വർഷാവർഷം ക്ഷേത്രത്തോടനുബന്ധിച്ച് കാരണവന്മാരെ കെട്ടൽത്തിറയും നടന്നുവരുന്നു.
പ്രധാന വഴിപാടുകൾ
രക്ത പുഷ്പാജലി, ഭഗവതി പൂജ, തേങ്ങ മുട്ടൽ, തുളസി / ചെക്കി മാല, നെയ്യ് വിളക്ക്, ശത്രു സംഹാര പൂജ, തൃമധുരം, പട്ട്, കാവിൽ കലശം, കരിങ്കലശം, ഗണപതി ഹോമം, കാണിക്ക എന്നിവയാണ് ഇവിടുത്തെ പ്രധാന വഴിപാടുകൾ.
ധനു സംക്രമത്തിന് നടതുറക്കും
മുണ്ടയാംപറമ്പ് ശ്രീ തറക്കുമീത്തൽ ഭഗവതി ക്ഷേത്രത്തിൽ ഈ വർഷത്തെ ധനു സംക്രമം ദിവസമായ 2025 ഡിസംബർ 17 ചൊവ്വാഴ്ച ക്ഷേത്ര നട തുറക്കുന്നതാണ്. ഈ ദിവസം വിശേഷാൽ പൂജകളും ഉച്ചയ്ക്ക് തറക്കുമീത്തൽ സ്ഥാനത്ത് ഭഗവതിയുടെ കലശവും അന്നദാനവും ഉണ്ടായിരിക്കും. ഇപ്പോൾ ക്ഷേത്രഭരണം മലബാർ ദേവസ്വം ബോർഡും പാരമ്പര്യ ട്രസ്റ്റിമാരും സംയുക്തമായി നടത്തിവരുന്നു. ക്ഷേത്ര നവീകരണ കമ്മറ്റിയുടെ ഫോൺ: 98474 60073, 9947267822. വിലാസം: പി ഒ മുണ്ടയാംപറമ്പ് – 670704, കണ്ണൂർ
ജ്യോതിഷി പ്രഭാസീന സി പി
+91 9961442256
Story Summary: Mundayamparamba Temple: Mundayamparamba Tharakkumeethal Bhagavathi Temple is a famous, ancient Devi temple in Ayyankunnu, near Iritty, Kannur known for its unique rituals (both Sathwika & Koula), powerful deity, and vibrant Theyyam festivals like Meda Thira and Dhanu Thira, attracting devotees for blessings like marriage and health, with legends linking its name to demon-slaying or a “silent place” after noon.
(നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . ആത്മീയ വിശേഷങ്ങളും ജ്യോതിഷ പ്രവചനങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക : AstroG App . )
Copyright 2025 NeramOnline.com . All rights reserved