Monday, December 15, 2025
Monday, December 15, 2025
Home » അമാവാസി വെള്ളിയാഴ്ച; ഭദ്രകാളിയെ ഭജിക്കൂ, സകല ദോഷങ്ങളിൽ നിന്നും രക്ഷപ്പെടാം

അമാവാസി വെള്ളിയാഴ്ച; ഭദ്രകാളിയെ ഭജിക്കൂ, സകല ദോഷങ്ങളിൽ നിന്നും രക്ഷപ്പെടാം

0 comments

അമാവാസി ദിവസം ഭഗവതി ക്ഷേത്രദർശനം നടത്തി ഭദ്രകാളിയെ ഭജിച്ചാൽ ശത്രുശല്യം, രോഗപീഡ, കുടുംബ കലഹം, ഭയം, അശങ്ക, അപ്രതീക്ഷിതമായ ആപത്തുകൾ, അപകടങ്ങൾ, അശാന്തി, മാനസിക സമ്മർദ്ദം, ദുർചിന്തകൾ, നിരാശ തുടങ്ങി സകല ദോഷങ്ങളിൽ നിന്നും രക്ഷപ്പെടാം. 2025 ഡിസംബർ 19, 1201 ധനു 4 വെള്ളിയാഴ്ചയാണ് ഈ മാസത്തെ അമാവാസി. ദേവീ പ്രധാനമായ വെള്ളിയാഴ്ച അമാവാസി കൂടി വരുന്നതിനാൽ അന്നത്തെ ഉപാസനയ്ക്ക് ഇരട്ടി ഫലം ലഭിക്കും.

അമാവാസിയിൽ ഹനുമദ് ജയന്തി
ധനുമാസത്തിലെ അമാവാസിയോട് ചേർന്നു വരുന്ന മൂലം നക്ഷത്ര ദിവസമായ ഡിസംബർ 20 നാണ് തമിഴ് നാട്ടിലും കേരളത്തിൽ തിരുവനന്തപുരം പാളയം ശ്രീ ഹനുമാൻ ക്ഷേത്രം പോലുള്ള ഒട്ടേറെ ക്ഷേത്രങ്ങളിലും ഹനുമദ് ജയന്തി ആഘോഷം. അന്ന് പുലർച്ചെ 1:38 നാഴിക അമാവാസി തിഥിയുണ്ട്. അതിനാൽ അമാവാസി ഹനുമദ് ഭജനത്തിനും മന്ത്രങ്ങൾ ജപിക്കുന്നതിനും ഉത്തമമാണ്.

മുൻജന്മപാപങ്ങളകറ്റാം
പിതൃപ്രീതിക്കും ഗുണകരമായ വ്രതമാണ് അമാവാസി അഥവാ കറുത്തവാവ് വ്രതം. എല്ലാ മാസവും അമാവാസി വ്രതമെടുക്കാം. പിതൃക്കള്‍ക്ക് വേണ്ടി ബലിയൂട്ടുകയും, അന്നദാനം, പുരാണപാരായണം, തിലഹോമം, പ്രാര്‍ത്ഥന എന്നിവ നടത്തുകയും വേണം. തീര്‍ത്ഥഘട്ടങ്ങളില്‍ ദര്‍ശനം നടത്തി ദാനധര്‍മ്മങ്ങള്‍ ചെയ്യുന്നതും വിശേഷം. ഉച്ചയ്ക്കുമാത്രം ഊണ് കഴിക്കാം. രാവിലെയും, വൈകിട്ടും മിതാഹാരം മാത്രം ഭക്ഷിക്കുക. ബലിതര്‍പ്പണത്തിനും ഏറെ വിശേഷം. ദുർമരണം നേരിട്ടവരുടെ മോക്ഷത്തിന് ഈ വ്രതധാരണം ഏറെ വിശേഷമാണ്. 18 അമാവാസിയിൽ വ്രതം നോറ്റാൽ പൂര്‍വ്വിക തലമുറ മുഴുവനും ദുരിതമോചിതരാകും എന്നാണ് വിശ്വാസം. അതിലൂടെ മുൻജന്മപാപങ്ങളകറ്റി നമുക്ക് സന്തോഷവും സമാധാനവും അഭീഷ്ട സിദ്ധിയും നേടാൻ സാധിക്കും.

ധ്യാനവും മൂലമന്ത്രവും ജപിക്കുക
വ്രതം നോറ്റാലും ഇല്ലെങ്കിലും അന്ന് രാവിലെയും വൈകിട്ടും കുളിച്ച് ശുദ്ധമായി ഭദ്രകാളി ധ്യാനവും മൂലമന്ത്രവും ഭക്തിപൂർവ്വം ഏകാഗ്രതയോടെ ജപിക്കണം. നിത്യ ജപത്തിനും ഈ ധ്യാനവും
മൂലമന്ത്ര ജപവും നല്ലതാണ്. അമാവാസിക്ക് പുറമെ ചൊവ്വ, വെള്ളി ദിവസങ്ങളിലും ഈ ജപം മുടക്കരുത്. കുടുംബ ജീവിതത്തിൽ ശാന്തിയും പുരോഗതിയും കൊണ്ടുവരാൻ ഈ ജപം നിശ്ചയമായും സഹായിക്കും. ആദ്യം ധ്യാനം അർത്ഥം മനസ്സിലാക്കി ജപിച്ച് ഭഗവതിയുടെ രൂപം മനസ്സിൽ ഉറപ്പിച്ച് മൂലമന്ത്രം 108 തവണ ജപിക്കുക.

ഭദ്രകാളി ധ്യാനം
കാളീം മേഘസമപ്രഭാം
ത്രിനയനാം വേതാളകണ്ഠസ്ഥിതാം
ഖഡ്ഗം ഖേടകപാലദാരികശിരഃ
കൃത്വാ കരാഗ്രേഷു ച
ഭൂതപ്രേതപിശാചമാതൃസഹിതാം
മുണ്ഡസ്രജാലംകൃതാം
വന്ദേ ദുഷ്ടമസൂരികാദിവിപദാം
സംഹാരിണീമീശ്വരീം.

അർത്ഥം:
(കാര്‍മേഘ നിറത്തോടും മൂന്ന് കണ്ണുകളോടും കൂടിയ വേതാളത്തിന്‍റെ കഴുത്തില്‍ ഇരിക്കുന്ന കൈകളില്‍ വാള്‍ – പരിച – തലയോട്ടി – ദാരികന്‍റെ ശിരസ്സ് എന്നിവ ഏന്തിയ , ഭൂതങ്ങള്‍ – പ്രേതങ്ങള്‍ – പിശാചുക്കള്‍ – സപ്തമാതൃക്കള്‍ എന്നിവരോട് കൂടി , മുണ്ഡമാല ധരിച്ച , വസൂരി തുടങ്ങിയ വിപത്തുകളെ ഇല്ലാതാക്കുന്ന സര്‍വ്വേശ്വരിയെ വന്ദിക്കുന്നു)

ALSO READ

ഭദ്രകാളി മൂലമന്ത്രം
ഓം ഐ ക്ലീം സൗ: ഹ്രീം ഭദ്രകാള്യൈ നമഃ

ദ്വാദശമന്ത്രം ദാമ്പത്യസൗഖ്യത്തിന്
ദാമ്പത്യകലഹം മാറി ഉത്തമബന്ധം ഉണ്ടാകാനും കുടുംബസൗഖ്യത്തിനും ഭദ്രകാളി ദ്വാദശമന്ത്രം പതിവായി ജപിക്കുന്നത് ഉത്തമമാണ്. ഈ 12 മന്ത്രങ്ങളും വ്രതചര്യയോടെ രാവിലെയും വൈകിട്ടും 3 പ്രാവശ്യം വീതം ജപിക്കുക. നിത്യജപത്തിനും ഈ മന്ത്രം പ്രയോജനപ്പെടും. കാര്യസിദ്ധി നേടാൻ 21 ദിവസം തുടർച്ചയായി ജപിക്കണം.

ഓം ഹ്രീം ഭദ്രകാള്യൈ ശ്മശാനവാസിന്യൈ നമഃ
ഓം ഹ്രീം ഉഗ്രകാള്യൈ ഉഗ്രരൂപായൈ നമഃ
ഓം ഐം വശ്യകാള്യൈ മഹാകാള്യൈ നമഃ
ഓം ഐം ക്ലീം സൗ: കാളരാത്ര്യൈ
       മേഘലായൈ നമഃ
ഓം ഐം ക്ലീം സൗ: രാക്ഷസഘ്‌ന്യൈ
        ത്രിശൂലായൈ നമഃ
ഓം ഐം ക്ലീം സൗ: രാവണപ്രപൂജിതയൈ
        ഭദ്രകാള്യൈ നമഃ
ഓം ഭദ്രകാള്യൈ നീലകാള്യൈ ഐം
        മദാർച്ചിതായൈ നമഃ
ഓം സമ്മോഹിതായൈ ഐം ക്ലീം സൗ: ഹ്രീം നമഃ
ഓം വശിന്യൈ കാമാക്ഷ്യൈ ഐം ക്ലീം സൗ:
        മഹാദേവ്യൈ നമഃ
ഓം ദേവാർച്ചിതായൈ സുന്ദര്യൈ
        സുരമോഹിതായൈ നമഃ
ഓം ഹിമവത്പൂജ്യായൈ വന്ദ്യായൈ
        തീർത്ഥസേവിതായൈ നമഃ
ഓം ഹ്രീങ്കാരശക്ത്യൈ സുരപ്രദായൈ
        ഐം ഹ്രീം നമഃ

ഭദ്രകാളിപ്പത്ത് ജപിക്കാം
ഭരണി, പുണർതം, ആയില്യം, പൂരം, വിശാഖം, തൃക്കേട്ട, പൂരാടം, പൂരുരുട്ടാതി, രേവതി എന്നീ നക്ഷതങ്ങളിൽ ജനിച്ചവർ, കുടുംബദേവതയായി ഭദ്രകാളി ദേവിയെ പൂജിക്കുന്നവർ, ഇടവം, കർക്കടകം, കന്നി, വൃശ്ചികം, മകരം, മീനം രാശിയിൽ ചൊവ്വ നിൽക്കുന്നവർ, ചൊവ്വ ദോഷമുള്ളവർ, മീനക്കൂറിൽ ജനിച്ചവർ, ഒൻപതിൽ ചൊവ്വ നിൽക്കുന്നവർ ചന്ദ്രബലമില്ലാതെ വൃശ്ചികം രാശിയിൽ ജനിച്ചവർ, ചൊവ്വ ദശയിലുള്ള അശ്വതി, കാർത്തിക, ഉത്രം, ഉത്രാടം, മകം, മൂലം, പൂയം, അനിഴം, ഉത്തൃട്ടാതി നക്ഷത്രക്കാർ, പതിവായി ഭദ്രകാളിയെ ആരാധിക്കുന്നവർ എന്നിവരെ ഭഗവതി അതിവേഗം അനുഗ്രഹിക്കും. ഭദ്രകാളിപ്പത്ത് എന്ന വിശിഷ്ടമായ ഭദ്രകാളി സ്തുതി ഇവർ നിത്യവും ജപിക്കുകയോ കേൾക്കുകയോ ചെയ്താൽ അവരുടെ ആഗ്രഹങ്ങൾ എല്ലാം സാധിക്കും. തുടർച്ചയായി അഞ്ച് തവണ ഓതുന്നത് അല്ലെങ്കിൽ ശ്രവിക്കുന്നത് പെട്ടെന്ന് ഫലസിദ്ധിയേകും എന്നും പറയുന്നു. പ്രസിദ്ധ ഗായകൻ മണക്കാട് ഗോപൻ ആലപിച്ച ഭദ്രകാളിപ്പത്ത് കേൾക്കൂ:

തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി,
+91 9447020655

Story Summary : Amavasya Vritham and Benefits of Powerful Bhadrakali Mantra Japam

(നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . ആത്മീയ വിശേഷങ്ങളും ജ്യോതിഷ പ്രവചനങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക : AstroG App . )

Copyright 2025 NeramOnline.com . All rights reserved

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?