തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി
കുടുംബബന്ധങ്ങൾ ദൃഢമാകാനും ദാമ്പത്യത്തിലെ ഐക്യത്തിനും തെറ്റിദ്ധാരണ, അഭിപ്രായ ഭിന്നത എന്നിവ പരിഹരിക്കാനും സന്താനങ്ങളുടെ നന്മയ്ക്കും ധനുമാസത്തിലെ തിരുവാതിര വ്രതം എടുക്കുന്നത് നല്ലത്. അതിവേഗം ശിവപാർവ്വതിമാരുടെ അനുഗ്രഹം നേടാൻ കഴിയുന്നതാണ് ഈ അനുഷ്ഠാനത്തിൻ്റെ സവിശേഷത.
പ്രണയബന്ധം ദൃഢമാകും
വിവാഹാർത്ഥികൾക്ക് ഉത്തമമായ വിവാഹബന്ധം ലഭിക്കുന്നതിനും പ്രണയബന്ധം ഉള്ളവർക്ക് അത് ദൃഢമാകുന്നതിനും ധനു മാസത്തിലെ തിരുവാതിര വ്രതം ശ്രേഷ്ഠമാണ്. വിവാഹിതർക്കാകട്ടെ സ്ത്രീ പുരുഷ ഭേദമന്യേ ദാമ്പത്യ സൗഖ്യത്തിനൊപ്പം തന്നെ ആയുരാരോഗ്യത്തിനും കളത്രത്തിന്റെ വിജയത്തിനും സ്വഭാവശുദ്ധിക്കും ഐശ്വര്യത്തിനും ഗുണകരമാണ്.
രോഹിണിയിൽ വ്രതം തുടങ്ങണം
തിരുവാതിരയ്ക്ക് അശ്വതി നാൾ മുതൽ തന്നെ വ്രതം തുടങ്ങുന്നവർ ധാരാളമുണ്ട്. എന്നാൽ പൊതുവേ കൂടുതൽ ഭക്തരും രോഹിണി നാളായ 2026 ജനുവരി ഒന്നിന് വ്രതം അനുഷ്ഠിക്കും. തിരുവാതിര ആചരണത്തിൽ മകയിരം നാളിനും വലിയ പ്രാധ്യാനം പറയുന്നത്. എട്ടങ്ങാടി നിവേദ്യം മകയിരം നാളിൽ സന്ധ്യയിലാണ്. വ്രതനിഷ്ഠകൾ പാലിക്കണം. മത്സ്യവും മാംസവും ഉപേക്ഷിച്ച് പഴങ്ങൾ മാത്രം കഴിക്കണം. എപ്പോഴും ഓം നമഃ ശിവായ ജപിക്കണം. ശിവപാർവ്വതി സങ്കല്പമുള്ള ക്ഷേത്രത്തിൽ ദർശനം നടത്തണം. അതിന് കഴിയുന്നില്ലെങ്കിൽ ശിവക്ഷേത്രത്തിലോ ദേവീ ക്ഷേത്രത്തിലോ ദർശനം നടത്തണം. മാസമുറയുള്ള സമയത്ത് 7 ദിവസം വ്രതമെടുക്കണ്ട.
ക്ഷേത്രദർശനം, ജപം വേണം
വ്രതമെടുക്കുന്നവർ ക്ഷേത്രത്തിൽ രാവിലെത്തെ അഭിഷേകം ദർശിക്കുന്നതാണ് ഏറ്റവും പുണ്യകരം. കഴിയുമെങ്കിൽ ഉഷ:പൂജ, ഉച്ചപൂജ, അത്താഴപൂജ എന്നിവ തൊഴണം. ക്ഷേത്രത്തിന് പ്രദക്ഷിണം ചെയ്യുകയും വേണം. ശംഖാഭിഷേകം, ജലധാര, കൂവളമാല, ത്രിമധുരം എന്നിവ വഴിപാടായി നടത്താം. വേദസാര ശിവസഹസ്രനാമം ജപിക്കുന്നത് നല്ലതാണ്. ശിവാഷ്ടോത്തരം, ഉമാമഹേശ്വര സ്തോത്രം, പാർവതീ വല്ലഭാഷ്ടകം, ശിവ പഞ്ചാക്ഷര സ്തോത്രം തുടങ്ങിയവ ജപിക്കുന്നത് ഉത്തമമാണ്.
എട്ടങ്ങാടി നിവേദ്യം
എട്ടങ്ങാടി നിവേദ്യത്തിനുള്ള എട്ടുകൂട്ടങ്ങൾ ചേന, ചേമ്പ്, മൂന്നുതരം കിഴങ്ങ്, കാച്ചിൽ (കാവുത്ത്), കൂർക്ക, നേന്ത്രക്കായ എന്നിവയാണ്. ഇവ ചുട്ടെടുത്ത് വറുത്തഎള്ള്, പയർ, മുതിര എന്നിവ കുറച്ച് ചേർക്കണം. നെയ്യിൽ വേണം വറുക്കാൻ. ഇവയെല്ലാം കൂട്ടിയിണക്കി കുറച്ചു നാളികേരവും ചിരകിയിട്ട് ആവശ്യത്തിന് ശർക്കരയും കൂട്ടി ഉരുളിയിൽ ഉരുക്കി പാവുമുറുക്കിയാൽ ചുട്ടതും വറുത്തതുമെല്ലാം അതിലിട്ടിളക്കി കുറച്ച് നെയ്യും ചേർത്താൽ എട്ടങ്ങാടി നിവേദ്യമാകും. നിലവിളക്കും കൊടിവിളക്കും കൊളുത്തി ഐശ്വര്യത്തോടെയും ഭക്തിയോടെയും മന്ത്രപൂർവ്വമായും ഗണപതി, ശിവൻ പാർവതി എന്നിവർക്ക് നിവേദിക്കണം. സന്ധ്യക്ക് മകയിരം നാൾ ഉള്ളപ്പോൾ വേണം നിവേദിക്കാൻ. സുമംഗലിയായ ഒരാളും പുത്തൻ തിരുവാതിരക്കാരും നിവേദ്യം നടത്തണം.
ശിവമന്ത്രം
ദാമ്പത്യഭദ്രതയും ഐശ്വര്യവും ആഗ്രഹിച്ച് വ്രതമെടുക്കുന്നവർ ഇനി പറയുന്ന ശിവ മന്ത്രം രാവിലെയും വൈകിട്ടും 108 തവണ 12 ദിവസം മുടങ്ങാതെ ജപിക്കണം. ദാമ്പത്യ അസ്വാരസ്യങ്ങൾ മാറുന്നതിനും പരസ്പര സ്‌നേഹവും അനുരാഗവും വർദ്ധിക്കുന്നതിനും ഗുണകരമാണ്. തിരുവാതിര ദിവസം ജപം തുടങ്ങാൻ ഉത്തമമാണ്:
ഓം നമോ ഭഗവതേ സുന്ദരാംഗായ
സദാശിവായ ശ്രീ ശങ്കരായ
ഐം ഐം ഐം ഉമാപ്രിയായ
സർവ്വവശ്യ പ്രദായിനേ നമഃ
ALSO READ
പാർവ്വതീശ മന്ത്രം
വിവാഹതടസം മാറുന്നതിന് ഇനി പറയുന്ന പാർവ്വതീശ മന്ത്രം 84 തവണ വീതം തിരുവാതിര നാൾ മുതൽ 12 ദിവസം രാവിലെയും വൈകിട്ടും ജപിക്കണം. ജപസമയത്ത് ചുവന്ന വസ്ത്രം ധരിക്കണം. നെയ്‌വിളക്ക് കൊളുത്തി വയ്ക്കുന്നതും ഗുണകരമാണ്.
ഓം ഹ്രീം യോഗിന്യൈ
യോഗവിദ്യായൈ
സർവ്വസൂക്ഷ്മായൈ
ശാന്തിരൂപായൈ
ഹരപ്രിയംകര്യൈ
ഭഗമാലിന്യൈ ശ്രീരുദ്രപ്രിയാ
യൈ ഹ്രീം ഹ്രീം നമഃ
അശ്വാരൂഢ മന്ത്രം
രാഷ്ട്രീയം, കല, വ്യാപാരം, വ്യവസായം തുടങ്ങിയ രംഗങ്ങളിൽ പ്രവർത്തിക്കുന്നവർക്ക് ജനപ്രീതിക്കും വശ്യശക്തിക്കും വ്യാപാര വിജയത്തിനും അശ്വാരൂഢ മന്ത്രം ഗുണകരമാണ്. തിരുവാതിര ദിവസം തുടങ്ങി 108 വീതം നിത്യേന 21 ദിവസം രണ്ടുനേരം ജപിക്കുക.
ഓം ആം ഹ്രീം ക്രോം
ഏഹ്വേഹി പരമേശ്വരി സ്വാഹാ
സന്താനശങ്കരമന്ത്രം
തിരുവാതിര ദിവസം തുടങ്ങി വ്രതനിഷ്ഠയോടെ ഭാര്യയും ഭർത്താവും ഒന്നിച്ചിരുന്ന് രാവിലെയും വൈകിട്ടും 84 വീതം 18 ദിവസം സന്താനശങ്കര മന്ത്രം ജപിക്കുക. ഒരു മാസം 18 ദിവസം വീതം മൂന്നു മാസം ചെയ്യുക. സന്താനതടസം മാറും:
പാർവ്വതീശ മഹാദേവ സൂതം
മേ ദേഹി ശങ്കര
യുവാനം ധർമ്മനിരതം
ആയുഷ്മന്തം യശസ്വിനം
ഉമാമഹേശ്വര സ്തോത്രം
ഉമാമഹേശ്വര സ്തോത്രം കേട്ട് ജപിക്കാൻ:
തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി,
(മൊബൈൽ: +91 9447020655)
Story Summary: Dhanumasa Thiruvathira Vritham Procedures
(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും. ക്ലിക്ക് ചെയ്യൂ : NeramOnline.com .
നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . ആത്മീയ- ജ്യോതിഷ വാര്‍ത്തകള്‍ക്ക്, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക:
AstroG App .)
Copyright @ 2025 NeramOnline.com . All rights reserved.