Sunday, January 11, 2026
Sunday, January 11, 2026
Home » സജ്ജന സംരക്ഷകനായ ധര്‍മ്മജ്യോതിസിൻ്റെ ഷഡ് ക്ഷേത്രങ്ങൾ, വ്യത്യസ്ത അഭീഷ്ടസിദ്ധികൾ

സജ്ജന സംരക്ഷകനായ ധര്‍മ്മജ്യോതിസിൻ്റെ ഷഡ് ക്ഷേത്രങ്ങൾ, വ്യത്യസ്ത അഭീഷ്ടസിദ്ധികൾ

0 comments


ധർമ്മശബ്ദം കൊണ്ടു വിശേഷിപ്പിക്കപ്പെടുന്ന ഒരേയൊരു മൂർത്തിയാണ് ധർമ്മശാസ്താവ്. സര്‍വ മംഗളസ്വരൂപനായ ശ്രീപരമേശ്വരന്റേയും വിശ്വസംരക്ഷകനായ മഹാവിഷ്ണുവിന്റെയും ശക്തി ഒത്തുചേര്‍ന്ന ദിവ്യാവതാരം. കലിയുഗ സംരക്ഷണാർത്ഥമാണ് ശ്രീധര്‍മ്മശാസ്താവ് അവതരിച്ചത്. അധര്‍മ്മം നടമാടുന്ന കലിയുഗത്തില്‍ സജ്ജനങ്ങളെ സംരക്ഷിക്കുവാന്‍ ധര്‍മ്മജ്യോതിസ്സായി ശാസ്താവ് നിലകൊള്ളുന്നു.

ധർമ്മം നടപ്പാക്കുന്ന ദേവൻ
ഹരിഹരപുത്രനായ ഭഗവാന് ശ്രീ ധര്‍മ്മശാസ്താവ് എന്ന പേര് ലഭിച്ചതിനെപ്പറ്റി പല വ്യാഖ്യാനങ്ങളും പറയുന്നുണ്ട്. ‘ശാസ്’ എന്ന വാക്കിൽ നിന്നാണ് ശാസ്താവ് എന്ന നാമമുണ്ടായത്. ‘ശാസ്താ’ എന്ന ശബ്ദത്തിന് ശാസിക്കുന്നവനെന്നും ധാർമ്മിക കാര്യങ്ങൾ നടപ്പാക്കുന്നവനെന്നും ഇങ്ങനെ വ്യത്യസ്തമായ അർത്ഥങ്ങളുണ്ട്. ‘ധര്‍മ്മസ്യ ശാസനഃ കര്‍ത്താ ഇതി ധര്‍മ്മശാസ്താ’ എന്ന് ധര്‍മ്മശാസ്താ ശബ്ദത്തെ വ്യാഖ്യാനിക്കുന്നു . പുണ്യം ചെയ്തവരാല്‍ ധരിക്കപ്പെടുന്നതാണ് ധര്‍മ്മം ( ധരതി ലോകാന്‍ ധ്രിയതേ പുണ്യാത്മഭിരിതി വാ ). നിയമനിഷ്ഠമായ സദാചാരാനുഷ്ഠാനമാണു ധര്‍മ്മം. പ്രപഞ്ചത്തിനും, ലോകത്തിനും, സമൂഹത്തിനും, വ്യക്തിക്കും ഒരുപോലെ അനുകൂലമായ വിചാരവും വാക്കും പ്രവൃത്തിയുമാണ് ധർമ്മമെന്നു പറയാം. ഈ പ്രപഞ്ചത്തെ നിലനിർത്തുന്ന, എല്ലാറ്റിനെയും ഒരുമിച്ച് സഹവർത്തിപ്പിക്കുന്ന ഒരേയൊരു നിയമമേയുള്ളൂ അതാണ് ധർമ്മം.

ശബരിഗിരീശൻ

ധര്‍മ്മത്തിന്റെ പത്ത് ലക്ഷണങ്ങള്‍
ധര്‍മ്മാനുഷ്ഠാനത്തിലൂടെ ഒരു വ്യക്തിക്ക് ശ്രേയസ്സുണ്ടാകുന്നു. ധൈര്യം, ക്ഷമ, ദമം, അസ്‌തേയം, ശൗചം, നിഗ്രഹം, ലജ്ജ, വിദ്യ, സത്യം, അക്രോധം എന്നിവയാണ് ധര്‍മ്മത്തിന്റെ പത്ത് ലക്ഷണങ്ങള്‍ (ഈ പത്തു ലക്ഷണങ്ങളോടും കൂടിയ ധര്‍മ്മം അനുഷ്ഠിക്കുന്നതിലൂടെ ധര്‍മ്മശാസ്താവിലേക്കു നമ്മൾ എത്തുന്നു. ഈ ധര്‍മ്മാനുഷ്ഠാനത്തിന്റെ പ്രായോഗിക ആവിഷ്കാരമാണ് മണ്ഡല- മകര വിളക്ക് കാലവ്രതം എന്നു നിസ്സംശയം പറയാം.

നന്മയെ ചേർത്തു പിടിക്കുന്ന ജീവിതചര്യ
സമസ്ത ജീവജാലങ്ങളിൽ മാത്രമല്ല, വിണ്ണിലും മണ്ണിലും തൂണിലും തുരുമ്പിലും ഈശ്വര ചൈതന്യത്തെ ദർശിക്കുവാനും, അതിനെ സ്വാംശീകരിക്കുവാനും, പര്യാപ്തമാക്കുന്ന വ്രതശുദ്ധിയുടെ പുണ്യകാലമാണിത്. ധർമ്മത്തെ അല്ലെങ്കിൽ നന്മയെ പൂർണ്ണമായും ചേർത്തു പിടിക്കുന്ന ഇത്രയും ഭാവാത്മകമായ ജീവിതചര്യ നിർദ്ദേശിക്കുന്ന മറ്റൊരു വ്രതകാലം ഭാരതീയ സംസ്കാരത്തിലുണ്ടോ എന്നു സംശയമാണ്. അത്രകണ്ട് പാവനത്വവും ശുദ്ധിയും മണ്ഡല – മകരവിളക്ക് വ്രതത്തിനും, തുടർന്നുള്ള ശബരിമല ദർശനത്തിനുമുണ്ട്. വ്രതശുദ്ധി കൊണ്ട് പവിത്രമായ മനസ്സും ശരീരവുമായി ധർമ്മശാസ്താവിനെ ദർശിച്ച്, ആ പാദാരവിന്ദങ്ങളിൽ ഒരു നെയ് നാളം പോലെ സ്വയമലിയുക – ഏതൊരു ഭക്തനും ആത്മസാക്ഷാത്കാരത്തിന്റെ നിർവൃതിക്ക് ഇതേപോലെ എളുപ്പമുള്ള മറ്റൊരു മാർഗ്ഗവും യോഗശാസ്ത്രത്തിലില്ല.

അശ്വാരൂഢ ശാസ്താവ്

വീടും നാടും അനുഗൃഹീതം
അറിഞ്ഞും അറിയാതെയും, ഈ ജീവിതയാത്രയിൽ താൻ നേടിയ പുണ്യവും പാപവും ശിരസ്സിലും ഹൃദയത്തിലും വഹിച്ചുക്കൊണ്ട്, കല്ലും മുള്ളും ചവിട്ടി കാനന യാത്രയിലൂടെ കഠിനമായ കരിമലയും നീലിമലയും കയറി ഗിരി മുകളിലെത്തി തത്ത്വമസി പൊരുളായ ശ്രീധര്‍മ്മശാസ്താവിനു മുന്നില്‍ സമസ്തവും സമര്‍പ്പിച്ച ശേഷം തിരികെ മടങ്ങുമ്പോൾ വ്യക്തിയുടെ മനസ്സു ശുദ്ധീകരിക്കപ്പെടുക മാത്രമല്ല, അയാളുടെ വീടും നാടും ഭഗവത് കൃപയാൽ അനുഗ്രഹിക്കപ്പെടുകയും ചെയ്യുന്നു.

നേര്‍വഴി കാണിക്കുന്ന ഭഗവാൻ
ശാസ്താ ശബ്ദത്തിനു ഭരണകര്‍ത്താവ്, ആചാര്യന്‍, ശാസകന്‍, പിതാവ് എന്നിങ്ങനെയെല്ലാം അര്‍ത്ഥം പറയുന്നുണ്ട്. ധര്‍മ്മത്തെ പാലിക്കുന്നവൻ ധര്‍മ്മത്തെ പഠിപ്പിക്കുന്നവന്‍, ധര്‍മ്മച്യുതി വരുത്തുന്നവരെ ശാസിച്ച് സന്‍മാര്‍ഗ്ഗ നിഷ്ഠരാക്കുന്നവന്‍, ധര്‍മ്മത്തെ പരിപോഷിപ്പിക്കുന്നവന്‍ എന്നീ അര്‍ത്ഥങ്ങള്‍ ഇവിടെ കൽപ്പിക്കാം ശാസനഃകര്‍ത്താ എന്നതിന് നേര്‍വഴി കാണിക്കുന്നവന്‍ എന്നും അര്‍ത്ഥമുണ്ട്. ധര്‍മ്മമാര്‍ഗ്ഗമാകുന്ന നേര്‍വഴി കാണിക്കുന്നവനാകയാൽ ശാസ്താവ് ധർമ്മശാസ്താവാകുന്നു. ചുരുക്കത്തിൽ തത്ത്വമസി – അതു നീയാകുന്നു എന്ന ശാശ്വതമായ സത്യത്തിലേക്ക് , ജീവാത്മാവും പരമാത്മാവും ഒന്നു തന്നെയെന്ന അദ്വൈത ദർശനത്തിലേക്ക് നേര്‍വഴി കാണിക്കുന്ന ഭഗവാനായ ധര്‍മ്മശാസ്താവിന്റെ അവതാരമാണ് അയ്യപ്പൻ എന്നു വിശ്വസിക്കുന്നു.

ALSO READ

വ്യത്യസ്ത ശാസ്തൃ ഭാവങ്ങൾ

ചരിത്രവും ഐതിഹ്യവും ഇടകലർന്ന്
അയ്യപ്പന്റെ അവതാരവും, അവതാരലക്ഷ്യം നിറവേറ്റലും, തുടർന്നുള്ള തപസ്സും, ശാസ്താ വിലയവുമെല്ലാം ദക്ഷിണേന്ത്യയിലായിരുന്നതിനാൽ ശാസ്താ സങ്കല്പങ്ങൾക്കും, ക്ഷേത്രങ്ങൾക്കും ഏറെ പ്രാധാന്യം ഇവിടെയാണ്. സ്കന്ദപുരാണം കേരളോൽപ്പത്തി ശ്രീഭൂതനാഥോപാഖ്യാനം തുടങ്ങിയ ഭാരതീയ പൗരാണിക ആദ്ധ്യാത്മിക ഗ്രന്ഥങ്ങളിലെല്ലാം ശാസ്താവിന്റെയും അയ്യപ്പന്റെയും അപദാനങ്ങൾ കീർത്തിക്കപ്പെടുന്നുണ്ട്. മോഹിനീരൂപം പൂണ്ട മഹാവിഷ്ണുവിൽ അനുരക്തനായ ശിവന് മോഹിനിയിൽ ജനിച്ച പുത്രനാണ് ശാസ്താവെന്ന് സ്കന്ദപുരാണത്തിലും, ഭാഗവതത്തിലും കമ്പ രാമായണത്തിലും വ്യക്തമാക്കുമ്പോൾ ശ്രീഭൂത നാഥോപാഖ്യാനത്തിൽ ശാസ്താവിന്റെയും ശാസ്താവിന്റെ അവതാരമായ അയ്യപ്പന്റെയും കഥകൾ ചരിത്രവും ഐതിഹ്യവും ഇടകലർത്തി പറയുന്നു.

സങ്കല്പങ്ങൾ അനവധി
മത്തഗജത്തിന്റെ പുറത്തിരിക്കുന്നവനായി ശാസ്താവിനെ സ്തുതിക്കുമ്പോൾ, അയ്യപ്പൻ വാജിവാഹനനായി വാഴ്ത്തപ്പെടുന്നു. മേഘത്തിന്റെ നിറമുള്ളവനും കയ്യിൽ നീലത്താമരപ്പൂ ധരിച്ചവനുമായി ശാസ്താവിനെ ഒരിടത്തു വിശേഷിപ്പിക്കുമ്പോൾ കരിമ്പു വില്ലും അഭയമുദ്രയും ധരിച്ച് മത്തഗജത്തിന്റെ പുറത്തിരിക്കുന്നവനായി മറ്റൊരിടത്തു പറയുന്നുണ്ട് . സ്വർണ്ണത്താമരയിൽ ഇരിക്കുന്നവനായും, സ്വർണ്ണ നിറമുള്ളവനായും മഞ്ഞപ്പട്ടു ധരിച്ചവനായുമെല്ലാം ശാസ്താവിനെ സങ്കൽപ്പിച്ചു പോരുന്നു. ഇങ്ങനെയെല്ലാം എങ്കിലും ചിന്മുദ്രാങ്കിതമായ ശാസ്താസ്വരൂപത്തിനാണ് ഏറെ പ്രാധാന്യമുള്ളത്.

പൂർണ്ണാ പുഷ്കലാ സമ്മേത ശാസ്താ

ആത്മസാക്ഷാത്കാരത്തിന്റെ പരകോടി
ത്രിഗുണങ്ങളിൽ നിന്ന് അഹങ്കാരത്തെ അകറ്റി പ്രകൃതിയുമായി ബന്ധിപ്പിക്കുന്ന ചിന്മുദ്രയ്ക്ക് യോഗശാസ്ത്രത്തിൽ ഏറെ പ്രാധാന്യമുണ്ട്. കയ്യിലെ അഞ്ചു വിരലുകൾ ആദ്ധ്യാത്മികമായി അഞ്ചു പ്രതീകങ്ങളെ സൂചിപ്പിക്കുന്നു. തള്ളവിരൽ പ്രകൃതിയെയും, ചൂണ്ടുവിരൽ അഹങ്കാരത്തെയും, നടുവിരൽ തമോഗുണത്തെയും മോതിരവിരൽ രജോഗുണത്തെയും, ചെറുവിരൽ സത്വഗുണത്തെയും പ്രതിനിധീകരിക്കുന്നു. അഹങ്കാരത്തിന്റെ പ്രതീകമായ ചൂണ്ടുവിരലിനെ അല്ലെങ്കിൽ ഞാൻ എന്ന ഭാവത്തെ, പ്രകൃതിയുടെ പ്രതീകമായ തള്ളവിരലിൽ ചേർത്തുകൊണ്ട് അഥവാ ഈശ്വരനിൽ ലയിപ്പിച്ചുകൊണ്ട് തത്ത്വമസി – അതു നീ തന്നെയാണ് – എന്ന ആത്മസാക്ഷാത്കാരത്തിന്റെ പരകോടിയിലേക്ക് ഭക്തനെ എത്തിക്കുന്നന്നതിന്റെ അത്ഭുത പ്രതീകം തന്നെയാകുന്നു ചിന്മുദ്ര.

ഇരുപതോളം ശാസ്തൃ ഭാവങ്ങള്‍
നിരവധി ഭാവങ്ങളില്‍ ശാസ്താവിനെ ആരാധിച്ചു വരുന്നു. മഹാശാസ്താ, താരകബ്രഹ്മമായ ധര്‍മ്മ ശാസ്താ, ബാല ശാസ്താ, കിരാത ശാസ്താ, സമ്മോഹന ശാസ്താ, പൂർണ്ണാ പുഷ്കലാ സമ്മേത ശാസ്താ, പ്രഭാസാത്യക സമ്മേത ശാസ്താ, കാല ശാസ്താ, വിദ്യാ ശാസ്താ, ശ്രീ ഭൂതനാഥന്‍, പ്രഭു ഗോപ്താവ് , രേവന്തന്‍, ഗോപ്താവ്, കിരാത ശാസ്താ, ത്രൈലോക്യ സമ്മോഹന ശാസ്താ, കുബേര ശാസ്താ, ഗോപ്തൃ ശാസ്താ, പ്രത്യക്ഷ ശാസ്താ, രുദ്ര ശാസ്താ, ഭൂതാധിപ ശാസ്താ, ഹംസഃ മദന ശാസ്താ, ഘോഷപതി ശാസ്താ, ഭുവന ശാസ്താ തുടങ്ങി വിവിധ മൂര്‍ത്തിഭാവങ്ങള്‍ ഭഗവാനുണ്ട് . തെക്കേ ഇന്ത്യയിൽ മണികണ്ഠന്‍, അയ്യപ്പൻ വേട്ടെയ്ക്കൊരുമകൻ, ചാത്തൻ തുടങ്ങി അനേകം പേരുകളിലും ഭാവങ്ങളിലും ശാസ്താവിനെ ആരാധിക്കുന്നു. അങ്ങനെ ശാസ്താ ആരാധയിൽ മുഖ്യമായും ഇരുപതോളം ഭാവങ്ങള്‍ പ്രചാരത്തിലുണ്ട്.

ശാസ്താവിനും ഷഡ് ക്ഷേത്രങ്ങൾ
ശൂരപത്മാസുരനെ വധിക്കാനായി അവതരിച്ച സുബ്രഹ്മണ്യന് പടൈവീടുകൾ എന്നറിയപ്പെടുന്ന ആറു ക്ഷേത്രങ്ങൾ ഉള്ളതുപോലെ തന്നെ ശാസ്താവിനും ആറു ക്ഷേത്രങ്ങൾ ഉള്ളതായി പൗരാണികമായി തന്നെ കരുതപ്പെടുന്നു. അതിൽ ഒരെണ്ണം തമിഴ്നാട്ടിലും ബാക്കിയുള്ളവ കേരളത്തിലുമാണുള്ളത്. യോഗശാസ്ത്രത്തിലെ ഷഡാധാര ചക്രങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ഈ ആറു ക്ഷേത്രങ്ങൾ കൽപ്പിക്കപ്പെട്ടിട്ടുള്ളത്. ശാസ്താ ഷഡ് ക്ഷേത്രങ്ങൾ എന്ന് ഇവയെ വിശേഷിപ്പിക്കാം. കൃത്യമായ നിഷ്ഠകൾ പാലിച്ച് ഈ ക്ഷേത്രങ്ങളിലേക്ക് നടക്കുന്ന ആത്മീയ യാത്ര കുണ്ഡലിനി ശക്തി ഉണർത്തും എന്ന് പറയുന്നു. ഇതിൽ ആദ്യ ക്ഷേത്രം തമിഴ്നാട്ടിലെ തിരുനെൽവേലി ജില്ലയിൽ പൊതിഗൈ മല പാപനാശത്താണ്. ഇവിടെ ദേവകളാൽ അർച്ചിക്കപ്പെടുന്ന സൊരിമുത്തു അയ്യനാരായും (മൂലാധാര ചക്രം), കേരളത്തിൽ കൊല്ലം ജില്ലയിലെ കുളത്തുപ്പുഴയിൽ ബാലകനായും (അനാഹത ചക്രം) കൊല്ലം ജില്ലയിൽ തന്നെ ആര്യങ്കാവിൽ തൃക്കല്യാണ സ്വരൂപനായും (മണിപൂരക ചക്രം), അച്ചൻകോവിലിൽ ഗൃഹസ്ഥാശ്രമി (സ്വാധിഷ്ടാന ചക്രം) ആയും, എരുമേലിയിൽ അഹന്ത നശിപ്പികുന്ന ഭഗവാനായും (വിശുദ്ധ ചക്രം) ശബരിമലയിൽ ധ്യാനാവസ്ഥയിലുള്ള ചിന്മുദ്രാധാരിയായും ( ആജ്ഞാ ചക്രം) കാന്തമലയിൽ പരമാത്മാവായും ഭഗവാൻ ധർമ്മശാസ്താവ് കുടികൊള്ളുന്നു എന്നാണ് സങ്കല്പം.

ഷഡ് ക്ഷേത്ര ദർശനം: വ്യത്യസ്ത ഫലം
ശാസ്താ ഷഡ് ക്ഷേത്ര ദർശനത്തിന് വ്യത്യസ്തമായ ഫലങ്ങളാണ് പറയുന്നത്. സോരിമുത്തു അയ്യനാർ സ്വാമിയെ സങ്കൽപ്പിച്ച് ചെരുപ്പ് സമർപ്പിച്ചാൽ കാൽവേദന, മുട്ടുവേദന തുടങ്ങിയവ ശമിക്കും എന്നാണ് വിശ്വാസം. അച്ചൻകോവിൽ ആണ്ടവൻ വിഷബാധ അകറ്റുന്ന വൈദ്യനാഥനാണ്. സർപ്പദംശമേറ്റവർ ഇവിടുത്തെ തീർത്ഥം മുറിവിൽ പുരട്ടുകയോ, കഴിക്കുകയോ ചെയ്താൽ വിഷത്തിൽ നിന്നും മുക്തരാകും എന്ന് വിശ്വസിക്കുന്നു. അതിനാൽ പാതിരാത്രിയാണെങ്കിൽ കൂടി ഈ നട തുറക്കും. മംഗല്യഭാഗ്യത്തിനായി ആര്യങ്കാവിൽ എത്തി വഴിപാട് നടത്തിയാൽ ഒരു വർഷത്തിനകം വിവാഹം നടക്കും. വിവാഹതടസ്സം മാറാനും. ത്വക്ക് രോഗങ്ങൾ മാറാനും കുളത്തൂപ്പുഴ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ മീനൂട്ട് വഴിപാട് നടത്തുന്നത് പ്രാധാനമാണ്. ശനിദോഷം കാരണമുള്ള ബാലാരിഷ്ടതകൾ നീക്കാനും കുറ്റവാസന, അസൂയ, അനുസരണയില്ലായ്മ ആത്മഹത്യാപ്രവണത, കൊലപാതക വാസന എന്നിവ ഒഴിവാകാനും എരുമേലി ക്ഷേത്രദർശനം സഹായിക്കും. നൈഷ്ഠിക ബ്രഹ്മചാരിയായി, യോഗനിഷ്ഠനായി ശബരിമലയിൽ വാഴുന്ന ശ്രീധർമ്മ ശാസ്താവ് ഭക്തി വേണ്ടവർക്ക് ഭക്തിയും മുക്തി വേണ്ടവർക്ക് മുക്തിയേയും നൽകുന്നു. പരമാനന്ദ സ്വരൂപനായി അഷ്ടൈശ്വര്യ മൂർത്തിയായി, യുക്തിക്കും ശാസ്ത്രത്തിനും ബുദ്ധിക്കുമെല്ലാം അതീതനായി ഭഗവാൻ ഇവിടെ പരിലസിക്കുന്നു. ഈ ഷഡ് ക്ഷേത്രങ്ങളെ തുടർച്ചയായി പരിചയപ്പെടാം:

അടുത്ത പോസ്റ്റിൽ: ശ്രീഭൂതനാഥന്റെ ആദി സ്വരൂപം സോരിമുത്തു അയ്യനാർ ക്ഷേത്രം

Story Summary : An introduction to Shadadhara Sastha Temple : A group of six temples dedicated to Lord Sastha (Ayyappa) that are believed to correspond to the six spiritual chakras in the human body. A pilgrimage to these temples in a specific order is considered to be a spiritual journey, raising one’s kundalini or life-force energy.

(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും. ക്ലിക്ക് ചെയ്യൂ : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . ആത്മീയ- ജ്യോതിഷ വാര്‍ത്തകള്‍ക്ക്, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക: AstroG App .)

Copyright @ 2025 NeramOnline.com . All rights reserved.

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?