ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ ആറു വർഷത്തിലൊരിക്കൽ നടക്കുന്ന സുപ്രധാനമായ ചടങ്ങാണ് മകരസംക്രമ സന്ധ്യയിൽ തെളിക്കുന്ന ലക്ഷദീപം. 56 ദിവസം നീണ്ടുനിൽക്കുന്ന മുറജപം ചടങ്ങുകളുടെ സമാപനമായാണ് ലക്ഷദീപോത്സവം ആഘോഷിക്കുന്നത്.
ചൊവ്വാഴ്ച സന്ധ്യയ്ക്ക് ട്രയൽ റൺ
മകരസംക്രാന്തി ദിവസമായ 14 ബുധനാഴ്ച നടക്കുന്ന ലക്ഷദീപത്തിന്റെ ട്രയൽ റൺ 13 ന് ചൊവ്വാഴ്ച സന്ധ്യയ്ക്ക് നടക്കും. വ്യാഴം, വെള്ളി ദിവസങ്ങളിൽ 15, 16 തീയതികളിലും ലക്ഷദീപങ്ങൾ തെളിക്കും. മകരസംക്രാന്തി ദിനമായ ബുധനാഴ്ച ശ്രീപദ്മനാഭ സ്വാമിയെയും നരസിംഹമൂർത്തിയെയും തിരുവമ്പാടി ശ്രീകൃഷ്ണസ്വാമിയെയും പുഷ്പാലംകൃതമായ ഗരുഡവാഹനത്തിൽ എഴുന്നള്ളിക്കും. വൈകിട്ട് ദീപാരാധനയ്ക്ക് ശേഷമാണ് മകരശീവേലി നടക്കുക. ക്ഷേത്രസ്ഥാനി മൂലം തിരുനാൾ രാമവർമ്മ ശീവേലിക്ക് അകമ്പടി സേവിക്കും. രാജകുടുംബാംഗങ്ങളും ഉദ്യോഗസ്ഥരും അനുഗമിക്കും
ക്ഷേത്രം പ്രഭാപൂരിതമാകും
ദീപാലങ്കാര ഭാഗമായി ക്ഷേത്രത്തിന്റെ ഉള്ളിലും ഗോപുരത്തിലും പുറത്തുമായി ലക്ഷക്കണക്കിന് എണ്ണവിളക്കുകൾ തെളിയിക്കുന്നു. ക്ഷേത്രമതിൽക്കെട്ടിന് ചുറ്റുമുള്ള മരക്കൂടുകളിൽ ദീപങ്ങൾ തെളിക്കുന്നത് നയന മനോഹരമായ കാഴ്ചയാണ്. കണ്ണിനും മനസ്സിനും ഒരു പോലെ കുളിർമ്മ പകരുന്ന ഈ പ്രകാശ സാഗരം ഋഗ്വേദം, യജുർവേദം, സാമവേദം എന്നിവയുടെ പാരായണമായ മുറജപം പൂർത്തിയാകുന്ന ദിവസമാണ് നടക്കുന്നത്.
ഭക്തർക്ക് പ്രത്യേക പാസ്
അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ മഹാരാജാവാണ് 1750-ൽ ഈ ചടങ്ങ് ആരംഭിച്ചത്. 2020 ജനുവരി 15 നാണ് കഴിഞ്ഞ ലക്ഷദീപം നടന്നത്. ആറു വർഷത്തെ ഇടവേളയ്ക്ക് ശേഷം അടുത്ത ലക്ഷദീപം 2032 ജനുവരിയിൽ നടക്കുമെന്ന് പ്രതീക്ഷിക്കുന്നു. ലക്ഷദീപവും ശീവേലിയും ദർശിക്കാൻ ഭക്തർക്ക് പ്രത്യേക പാസ് ഏർപ്പെടുത്തിയിട്ടുണ്ട്. ബാർകോഡ് പതിപ്പിച്ചിട്ടുള്ള പാസ് കൈവശമുള്ളവരെ വൈകീട്ട് 5 മുതൽ ക്ഷേത്രത്തിനുള്ളിലേക്കു പ്രവേശിപ്പിക്കും ബുധനാഴ്ച വൈകിട്ട് മുതൽ പാസുള്ള വാഹനങ്ങൾ മാത്രമേ കോട്ടയ്ക്കുള്ളിലേക്കു കടത്തി വിടൂ. പുത്തരിക്കണ്ടം മൈതാനം, ഫോർട്ട് ഹൈസ്കൂൾ, വാഴപ്പള്ളി ഗ്രൗണ്ട് തുടങ്ങിയ സ്ഥലങ്ങളിലാണ് പാർക്കിങ് സൗകര്യം ഏർപ്പെടുത്തിയിട്ടുള്ളത്.
Story Summary: Sri Padmanabha Swamy Temple is gearing for Lakhadeepam on January 14
(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും. ക്ലിക്ക് ചെയ്യൂ : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . ആത്മീയ- ജ്യോതിഷ വാര്‍ത്തകള്‍ക്ക്, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക: AstroG App .)
ALSO READ
Copyright @ 2026 NeramOnline.com . All rights reserved.