Thursday, January 15, 2026
Thursday, January 15, 2026
Home » കുളത്തൂപ്പുഴ ബാലകൻ, വീരമണികണ്ഠൻ ; ത്വക്ക് രോഗങ്ങൾ ശമിപ്പിക്കും

കുളത്തൂപ്പുഴ ബാലകൻ, വീരമണികണ്ഠൻ ; ത്വക്ക് രോഗങ്ങൾ ശമിപ്പിക്കും

0 comments

ശാസ്താ ഷഡ് ക്ഷേത്രങ്ങൾ – 5
കൊല്ലം ജില്ലയിലെ തെന്മലയ്ക്കടുത്താണ് കുളത്തൂപ്പുഴ ക്ഷേത്രം. തിരുവനന്തപുരം ചെങ്കോട്ട ഹൈവേയിൽ തെന്മലയ്ക്കും 10 കിലോമീറ്റർ മുൻപാണ് ക്ഷേത്രത്തിന്റെ സ്ഥാനം. ധർമ്മശാസ്താവ് ബാലകനായായി ഇവിടെ കുടികൊള്ളുന്നു. മൂലാധാരം തുടങ്ങി നാലാമത്തെ ചക്രമായ അനാഹതത്തിന്റെ സ്ഥാനം ഇവിടെ കൽപ്പിക്കപ്പെടുന്നു. ഈ ക്ഷേത്രം പരശുരാമ പ്രതിഷ്ഠിതമാണെന്നു വിശ്വസിക്കുന്നു.

കുളത്തൂപ്പുഴയിൽ വീരമണികണ്ഠൻ
കല്ലടയാറിന്റെ കൈവഴിയായ കുളത്തൂപ്പുഴയുടെ തീരത്തുള്ള മനോഹരമായ കാനന മദ്ധ്യത്തിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പരശുരാമൻ പ്രതിഷ്ഠിച്ചതാണെന്നതിനു പുറമേ മറ്റൊരു ഐതിഹ്യം കൂടി ക്ഷേത്ര നിർമ്മാണവുമായി ബന്ധപ്പെട്ടു പറയുന്നുണ്ട്. കോക്കളത്തുമഠത്തിലെ ഒരു തന്ത്രിമുഖ്യൻ രാമേശ്വരം യാത്ര കഴിഞ്ഞു മടങ്ങിവരവേ ഇവിടെയെത്തി വിശ്രമിച്ചു എന്നും, അദ്ദേഹം കുളിക്കുന്നതിന് പുഴയിൽ ഇറങ്ങിയപ്പോൾ ഒപ്പമുണ്ടായിരുന്നവർ ഭക്ഷണം പാകം ചെയ്യാനായി അടുപ്പു കൂട്ടുകയും, കൂട്ടിയ അടുപ്പിന്റെ മൂന്നു കല്ലിൽ ഒരെണ്ണം വലുതായതാകയാൽ അതു ചെറുതാക്കാനായി ഇടിച്ചു പൊട്ടിക്കുകയും ആ ശില എട്ടായി പൊട്ടി അതിൽനിന്നും രക്തം വരികയും ചെയ്തുവത്രേ.

കുളി കഴിഞ്ഞെത്തിയ തന്ത്രിമുഖ്യൻ ഇതു കണ്ടു പരിഭ്രമിച്ചു. അയ്യപ്പൻ തന്റെ ബാല്യകാലം കുളത്തുപ്പുഴയിൽ കഴിച്ചു കൂട്ടിയിരുന്നതായി അദ്ദേഹം ജ്ഞാനദൃഷ്ടിയാൽ മനസ്സിലാക്കി. തുടർന്ന് കൊട്ടാരക്കര രാജാവിന്റെ നിർദ്ദേശപ്രകാരം ക്ഷേത്രം പണിത് അഷ്ടശിലകൾ പ്രതിഷ്ഠിച്ചു പൂജ തുടങ്ങി. അതേ അഷ്ടശിലാ പ്രതിഷ്ഠയിലാണ് എന്നും ഭഗവാൻ ബാലകനായി വീരമണികണ്ഠ സങ്കല്പത്തിൽ കുടികൊള്ളുന്നത്. പ്രകൃത്യാലുള്ള പവിത്രതയ്ക്ക് ഏറെ സ്ഥാനം കൽപ്പിക്കപ്പെടുന്ന ഈ ദേവസന്നിധിയിൽ തൊട്ടുചേർന്നൊഴുകുന്ന പുഴയ്ക്കും ക്ഷേത്രവുമായി അഭേദ്യ ബന്ധമുണ്ട്. പ്രപഞ്ചത്തിന്റെ അവിരാമമായ തുടർച്ചയെ ഈ പുഴ സൂചിപ്പിക്കുന്നു. ഇതിലെ മത്സ്യങ്ങൾ ഭഗവാന്റെ തിരുമക്കളാണ്. പുഴയുടെ തീരത്ത് ഒരു നാൾ മഹാതേജസ്വിയായ ബാലശാസ്താവിനെ ദർശിച്ച ഒരു മത്സ്യകന്യകയ്ക്ക് ദേവനിൽ അനുരാഗം ഉണ്ടായി. അവളെ എക്കാലവും തന്റെ ശിഷ്യയായിക്കൊണ്ട് തന്നെ സേവിച്ച് നദിയിൽ കഴിയാൻ ഭഗവാൻ അനുവദിക്കുകയും ചെയ്തു എന്നു ഭക്തർ വിശ്വസിക്കുന്നു.

മീനൂട്ട് ത്വക്ക് രോഗം മാറ്റും
വംശനാശഭീഷണി നേരിടുന്ന കറ്റി വർഗ്ഗത്തിൽപ്പെട്ട അപൂർവ്വ ഇനം മത്സ്യങ്ങളാണ് ഈ നദിയിലുള്ളത്. ഇവിടെ മീൻപിടുത്തം കർശനമായി വിലക്കിയിരിക്കുന്നു. ഇവിടെയുള്ള വിശിഷ്ടമത്സ്യങ്ങളെല്ലാം ദേവന്റെ പരിവാരങ്ങളായി അറിയപ്പെടുന്നു. പിതൃദോഷത്തിനും, ത്വക്ക് രോഗങ്ങൾക്കും, മീനൂട്ട് വഴിപാട് നടത്തുന്നത് പ്രാധാനമാണ്. ഭക്തന്മാർ ഭഗവാന്റെ തിരുമക്കൾക്ക് വഴിപാടായി ധാരാളം ഭക്ഷണം നൽകുന്നതിനാൽ മനുഷ്യനുമായി ഏറെ ഇണങ്ങിയാണ് ഇവിടെ മത്സ്യങ്ങൾ പുഴയിൽ കഴിയുന്നത്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നിയന്ത്രണത്തിലാണ് ക്ഷേത്രഭരണം നടക്കുന്നത്. വിഷു മഹോത്സവത്തിന് ഇവിടെ ഏറെ പ്രാധാന്യമുണ്ട്. മണ്ഡലകാലത്തും എല്ലാ ശനിയാഴ്ചകളിലും നൂറുകണക്കിന് ഭക്തരാണ് ഇവിടെയെത്തുന്നത്.

ശനിദോഷ ബാലാരിഷ്ടത മാറ്റാം
കുളത്തൂപ്പുഴയിലെ ബാലകനെ ഭക്ത്യാദരവോടെ ദർശനം നടത്തുമ്പോൾ അനാഹതചക്രം യോഗ സാധനയിലെന്നപോലെ ഉത്തേജിക്കപ്പെടുന്നു. ശരിയായ ബോധം ലഭിക്കുന്നു. ഈ പ്രപഞ്ചത്തിന്റെ മൂലസ്വരൂപത്തെക്കുറിച്ചുള്ള ജ്ഞാനത്തിനു വഴിതെളിയുന്നു. സർവ്വ ജീവികളുടെയും നിലനിൽപ്പിനാധാരം പരബ്രഹ്മമാണെന്ന ബോധമുറയ്ക്കുന്നു. കുടിലവാസനകൾ വെടിഞ്ഞ് അവൻ ശാന്തനാകുന്നു. തന്റെ കർമ്മത്തിൽ സത്യസന്ധമായി വ്യാപരിക്കാനുള്ള ശേഷി നേടുന്നു. ശനിദോഷത്താൽ ഉള്ള ബാലാരിഷ്ടതകൾ നീങ്ങി പൂർവകർമ്മദോഷങ്ങൾ ഇല്ലാതെയായി,പിതൃദോഷമകന്ന് പരിശുദ്ധിയിലേക്കുള്ള ആന്തരിക പ്രയാണം അവൻ ആരംഭിക്കുകയും ചെയ്യുന്നു.

നാഗരാജാവ്, നാഗയക്ഷി ദുർഗ്ഗാദേവി ഗണപതി യക്ഷി, എന്നിങ്ങനെ ഉപദേവതകളും ക്ഷേത്രത്തിലുണ്ട്. ക്ഷേത്ര സംബന്ധമായ വിവരങ്ങൾക്ക് :

ALSO READ

സന്തോഷ്‌ ( ക്ഷേത്ര ഉപദേശക സമിതി സെക്രട്ടറി ഫോൺ:9745406947 )

അടുത്ത പോസ്റ്റിൽ : അഹങ്കാരം നശിപ്പിക്കും; കാരാഗൃഹവാസം ഒഴിവാക്കും എരുമേലി ശ്രീധർമ്മ ശാസ്താവ്

അശോകൻ ഇറവങ്കര;
Email: ashokaneravankara@gmail.com

Story Summary : Kulathupuzha Sri Dharma Shastha Temple; Fourth Shadadhara temple dedicated to Lord Ayyappa

(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും: NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . ആത്മീയ- ജ്യോതിഷ വാര്‍ത്തകള്‍ക്ക്, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക: AstroG App .)

Copyright @ 2026 NeramOnline.com . All rights reserved.

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?