(2026 ഫെബ്രുവരി 8 – 14 )
കുംഭ രവിസംക്രമം, വിജയ ഏകാദശി, പ്രദോഷം എന്നിവയാണ് 2026 ഫെബ്രുവരി 8 ഞായറാഴ്ച ചോതി നക്ഷത്രത്തിൽ ആരംഭിക്കുന്ന ഈ ആഴ്ചത്തെ പ്രധാന വിശേഷങ്ങൾ. ഫെബ്രുവരി 13 വെള്ളിയാഴ്ച വെളുപ്പിന് 4:08 മണിക്കാണ് കുംഭ രവിസംക്രമം നടക്കുക. അന്ന് രാവിലെ 7:53 മണിക്ക് ഹരിവാസരം തുടങ്ങും. രാത്രി 8:48 വരെ ഹരിവാസരമാണ്. ഈ സമയത്ത് വിഷ്ണുനാമ, മന്ത്രജപം ഒഴിവാക്കരുത്. കുംഭമാസാരംഭമായ ഈ ദിനം ശ്രീഹരി വിഷ്ണുവിന്റെ അനുഗ്രഹാശിസ്സുകൾക്ക് പ്രാർത്ഥിക്കാൻ ഉത്തമമായ വിഷ്ണുപദി പുണ്യകാല ദിവസമാണ്. ഒരു വർഷം നാലു തവണ വിഷ്ണുപദി പുണ്യകാലം വരും. ഒരോ മൂന്നു മാസം കൂടുമ്പോഴും – സൂര്യൻ സ്ഥിര രാശികളായ ഇടവം, ചിങ്ങം, വൃശ്ചികം, കുംഭം രാശികളിലേക്ക് കടക്കുമ്പോഴാണ് വിഷ്ണുപദി പുണ്യകാലം വരുന്നത്. ശ്രീ മഹാവിഷ്ണു ഇഹലോകത്തിന്റെ നിലനിൽപ്പിനും ക്ഷേമത്തിനും അനുഗ്രഹ വർഷം ചൊരിയുന്ന ദിവസമാണിതെന്ന് പുരാണങ്ങൾ പറയുന്നു. ഈ ദിവസം വിഷ്ണു പ്രീതികരമായ വഴിപാടുകൾ നടത്തുന്നതും ഫലം, പുഷ്പം, തുളസീദലം തുടങ്ങിയവ സമർപ്പിക്കുന്നതും മന്ത്രങ്ങൾ ജപിക്കുന്നതും ഐശ്വര്യം, പ്രശസ്തി, ധനം, മോക്ഷം എന്നിവ സമ്മാനിക്കും. അന്ന് വെളുപ്പിന് 1:30 മണി മുതൽ 9 മണിക്കൂറാണ് വിഷ്ണുപദി പുണ്യകാലം. അതിനാൽ അന്ന് രാവിലെ 10: 30 ന് മുൻപ് വിഷ്ണു പ്രീതികരമായ കർമ്മങ്ങൾ അനുഷ്ഠിക്കണം.
ഫെബ്രുവരി 14 നാണ് പ്രദോഷം. ശിവരാത്രിയുടെ തലേന്ന് വരുന്ന ഈ പ്രദോഷ വ്രതമെടുത്ത് സന്ധ്യയ്ക്ക് ശിവക്ഷേത്രത്തിൽ പ്രദോഷ പൂജയിൽ പങ്കെടുത്താൽ ആഗ്രഹലബ്ധിയുണ്ടാകും. 2021 ഫെബ്രുവരി 15 ന് ഉത്രാടം നക്ഷത്രത്തിൽ വാരം അവസാനിക്കും. ഈ
ആഴ്ചത്തെ നക്ഷത്ര ഫലം:
മേടക്കൂറ്
(അശ്വതി, ഭരണി, കാർത്തിക 1 )
സാമ്പത്തിക ബുദ്ധിമുട്ടുകളിൽ നിന്ന് പുറത്തുവരാൻ കഴിയും. മാനസിക പിരിമുറുക്കത്തിൽ ആശ്വാസം ലഭിക്കും. സമൂഹത്തിൽ സ്വീകാര്യതയും അന്തസ്സും വർദ്ധിക്കും. തൊഴിൽ രംഗത്ത് സമയം വളരെ മികച്ചതായിരിക്കും, ശരിയായ രീതിയിൽ വിവിധ പദ്ധതികൾ ആസൂത്രണം ചെയ്യും. പ്രമോഷൻ ലഭിക്കും. വിനോദത്തിന് കൂടുതൽ പണം ചെലവഴിക്കും. കേസിൽ അനുകൂലവിധി വിദേശത്ത് ജോലി ലഭിക്കാൻ സാദ്ധ്യത. തെറ്റിദ്ധാരണ മാറ്റിയെടുക്കും. കൃഷിയിൽ നിന്നും ആദായം വർദ്ധിക്കും. തീർത്ഥാടനം നടത്തും സർക്കാറിൽ നിന്നും പ്രത്യേക ആനുകുല്യങ്ങൾ ലഭിക്കും. പങ്കാളിത്ത ബിസിനസ് നടത്തുന്നവർക്ക് മുൻകാല നഷ്ടങ്ങൾ മറികടക്കാൻ കഴിയും. പ്രമുഖരായ ചില വ്യക്തികളെ കണ്ടുമുട്ടും. കാത്തിരുന്ന പരീക്ഷാഫലം സന്തോഷം നൽകും. ഓം വചത്ഭുവേ നമഃ ദിവസവും 108 തവണ വീതം ജപിക്കുക.
ഇടവക്കൂറ്
(കാർത്തിക 2,3,4, രോഹിണി, മകയിരം 1,2)
കുടുംബാംഗങ്ങൾക്കിടയിൽ ഐക്യവും സാഹോദര്യവും വർദ്ധിക്കും. സാമൂഹിക രംഗത്ത് അംഗീകാരം നേടും. പ്രശസ്തി, വിജയം എന്നിവ കരസ്ഥമാക്കും. സ്വന്തം കഴിവുകളിൽ അഹംഭാവം വർദ്ധിക്കും. വളരെയധികം ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കും. ദിനചര്യ ക്രമീകരിച്ചാൽ ആരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കാം. ആവശ്യത്തിലധികം പണം ചെലവഴിക്കും. വിലപ്പിടിപ്പുള്ള വസ്തുക്കൾ കൈമോശം വരാതെ നോക്കണം. കഠിനാധ്വാനത്തിന് നല്ല ഫലം ലഭിക്കും. പ്രതികൂല സാഹചര്യങ്ങൾ കൈകാര്യം ചെയ്യുന്നതിൽ വിജയിക്കും. യഥാസമയം പാഠഭാഗങ്ങൾ പൂർത്തിയാക്കുന്നത് വിദ്യാർത്ഥികളുടെ മനോവീര്യം വർദ്ധിപ്പിക്കും. ഒപ്പം, മുമ്പത്തേതിനേക്കാൾ മികച്ചത് ചെയ്യാനും അവർക്ക് കഴിയും. ഓം ഗം ഗണപതയേ നമഃ ദിവസവും 108 തവണ ജപിക്കുക.
മിഥുനക്കൂറ്
(മകയിരം 3,4, തിരുവാതിര, പുണർതം 1,2,3)
മുൻകാല തിരിച്ചടികൾ ഉൾക്കൊണ്ട് തിരുത്തലുകൾ വരുത്തി പുതിയ പദ്ധതികൾക്ക് തുടക്കം കുറിക്കാൻ ശ്രമിക്കും. ബിസിനസ്സ് വിപുലീകരിക്കാൻ ഏതെങ്കിലും തരത്തിലുള്ള വായ്പ എടുക്കാൻ പദ്ധതിയിടും. പണ ഇടപാടുകൾ നടത്തുമ്പോൾ ആദ്യം മുതൽ വളരെ ശ്രദ്ധിക്കേണ്ടതുണ്ട്. വൈകാരിക പിരിമുറുക്കം കൂടിയ ഒരു മാനസികാവസ്ഥ ആയിരിക്കും. അതിഥികളുടെ പെട്ടെന്നുള്ള വരവ് കുടുംബാന്തരീക്ഷത്തിൽ സന്തോഷം നിറയ്ക്കും. പോസിറ്റീവിറ്റി ഗുണം ചെയ്യും.
കഠിനാധ്വാനം, ബുദ്ധിശക്തി എന്നിവ അടിസ്ഥാനമാക്കി ശമ്പള വർദ്ധനവ് നേടാനാകും. മത്സരപരീക്ഷകൾക്ക് തയ്യാറെടുക്കുകയാണെങ്കിൽ സമയം വളരെയധികം അനുകൂലമായിരിക്കും. ഓം നമോ നാരായണ” എന്ന് ദിവസവും 108 തവണ ജപിക്കുക.
കർക്കടകക്കൂറ്
(പുണർതം 4, പൂയം, ആയില്യം )
ആരോഗ്യം മികച്ചതായിരിക്കും. എല്ലാവിധ യാത്രകളും ഒഴിവാക്കുക. നഷ്ട സാധ്യത കൂടുതലുള്ള സാമ്പത്തിക
ബാധ്യതകൾ ഏറ്റെടുക്കരുത്. പല വഴികളിൽ പെട്ടെന്ന് പണം ലഭിക്കാനുള്ള അവസരം ലഭിക്കും. സ്വാധീനമുള്ള പ്രധാനപ്പെട്ട ആളുകളുമായി പരിചയം വർദ്ധിപ്പിക്കും.
സാമൂഹിക പ്രവർത്തനങ്ങളിൽ സജീവമാകുന്നതിന് പറ്റിയ അവസരമാണിത്. മറ്റുള്ളവരെ സ്വാധീനിക്കാൻ കഴിയും. ഈ വൈഭവം ധാരാളം അനുകൂല കാര്യങ്ങൾ കൊണ്ടുവരും. ജോലിയിൽ നല്ല ഫലം ലഭിക്കാൻ സ്വയം വിലയിരുത്തൽ ഗുണംചെയ്യും. ആവശ്യമെങ്കിൽ വേണ്ട
മാറ്റങ്ങൾ വരുത്തേണ്ടതുമാണ്. നിഷേധാത്മക രീതി ഒഴിവാക്കണം. പ്രതിച്ഛായ മോശമാകാതിരിക്കാൻ നന്നായി ശ്രദ്ധിക്കണം. വിദ്യാർത്ഥികൾ അവരുടെ ലക്ഷ്യം നേടാൻ ആസൂത്രിതമായ രീതിയിൽ മുന്നോട്ട് പോകും. ഓം ദും ദുർഗ്ഗായ നമഃ ദിവസവും 108 തവണ ജപിക്കുക.
ALSO READ
ചിങ്ങക്കൂറ്
( മകം, പൂരം, ഉത്രം 1 )
ആരോഗ്യം മികച്ചതായിരിക്കും. എല്ലാ ജോലികളും കാര്യക്ഷമമായി പൂർത്തിയാക്കാനുള്ള ശ്രമങ്ങൾ നടത്തും. കാര്യമായ പ്രയോജനമില്ലാത്ത കാര്യങ്ങളിൽ ശ്രദ്ധിക്കുന്നതിൽ നിന്ന് ഒഴിഞ്ഞ് നിൽക്കേണ്ടതാണ്. കൈയിൽ പണമുള്ളിടത്തോളം ചെലവുകൾ കൂടും
എന്ന് മനസ്സിലാക്കണം. സാമ്പത്തിക പ്രശ്‌നങ്ങളിൽ നിന്ന് കരകയറും. സാമൂഹികമായ കൂടിച്ചേരലുകൾ
നടക്കുന്ന സ്ഥലങ്ങളിൽ ശ്രദ്ധ, അംഗീകാരം ലഭിക്കും. സമൂഹത്തിൽ അന്തസ്സ് വർദ്ധിപ്പിക്കുന്നതിനൊപ്പം, പ്രമുഖരുടെ ശ്രദ്ധ ആകർഷിക്കാൻ കഴിയും. ജോലി സംബന്ധമായ യാത്രകളിൽ ധാരാളം നല്ല ഫലങ്ങൾ ലഭിക്കും. ബിസിനസ്സിൽ ലാഭം നേടാൻ സാധ്യതയുണ്ട്.
മറ്റുള്ളവരുടെ സഹായം സ്വീകരിക്കാൻ വിസമ്മതിക്കും. ആദിത്യ ഹൃദയ സ്തോത്രം ദിവസവും ജപിക്കുക.
കന്നിക്കൂറ്
(ഉത്രം 2, 3, 4 അത്തം, ചിത്തിര 1 , 2 )
നേരായ മാർഗ്ഗത്തിലൂടെ മാത്രം സഞ്ചരിച്ച് കാര്യങ്ങൾ സാധിക്കും. ആരോഗ്യം മെച്ചപ്പെടുത്താൻ പെട്ടെന്ന് നല്ല തീരുമാനങ്ങൾ എടുക്കും. കുടുംബത്തിൽ ഭിന്നതകൾ ഉണ്ടാകാൻ സാധ്യത കാണുന്നു. അത്തരം സന്ദർഭങ്ങളിൽ കുടുംബാംഗങ്ങളുമായി മനസ്സ് തുറന്ന് സംസാരിക്കുന്നത് എല്ലാ പ്രശ്നങ്ങളും പരിഹരിക്കാൻ സഹായിക്കും. കുട്ടികൾക്ക് അമിത സ്വാതന്ത്ര്യം നൽകുന്നത് ഭാവിയിൽ പ്രശ്നം സൃഷ്ടിക്കും.
പൂർത്തിയാകാത്ത ജോലികൾ തീർക്കുന്നതിൽ പരാജയപ്പെടാം. ഇത് മാനസിക പിരിമുറുക്കം വർദ്ധിപ്പിക്കും. അതേസമയം ചില ജോലികൾ മറ്റൊരാൾക്ക് കൈമാറാനും സാധ്യതയുണ്ട്.
മേലുദ്യോഗസ്ഥരുമായി മുഷിഞ്ഞ് സംസാരിക്കരുത്. മത്സരപരീക്ഷകളിൽ വിജയം നേടാൻ സാധിക്കും. ചില
കൂട്ടു കെട്ടുകൾ ഒഴിവാക്കണം. അല്ലാത്തപക്ഷം അത് ദോഷം ചെയ്യും. വിഷ്ണു സഹസ്രനാമം ദിവസവും ജപിക്കുക.
തുലാക്കൂറ്
(ചിത്തിര 3, 4, ചോതി, വിശാഖം 1,2,3)
ഉദര സംബന്ധമായ രോഗങ്ങളിൽ നിന്ന് ആശ്വാസം ലഭിക്കും. എങ്കിലും, കാലാകാലങ്ങളിൽ ഉണ്ടാകുന്ന ചെറിയ പ്രശ്നങ്ങളിൽ നിന്ന് സ്വയം പരിരക്ഷിക്കാൻ ശ്രദ്ധിക്കേണ്ടതാണ്. പെട്ടെന്ന് പണം ലഭിക്കും. എന്നാൽ വേണ്ടത്ര ആലോചനയില്ലാതെയും റിസ്ക് എടുത്തും
പണം ചെലാക്കിയാൽ നഷ്ടം നേരിടും. എല്ലാത്തരം തടസ്സങ്ങളിൽ നിന്ന് പൂർണ്ണമായും മോചനം ലഭിക്കും. കുടുംബത്തിൽ ഒരു നല്ല അന്തരീക്ഷം കാണപ്പെടും. മാതാപിതാക്കൾക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടെങ്കിൽ
അത് മാറാൻ സാധ്യതയുണ്ട്. ബിസിനസുകാർ ഒരു ഉറ്റ ചങ്ങാതിയുടെയോ സുഹൃത്തിന്റെയോ സഹായത്താൽ ഒരു നല്ല നിക്ഷേപം നടത്തും. പരീക്ഷകളിൽ മികച്ച വിജയം നേടാൻ കഴിയും. ഓം ഹം ഹനുമതേ നമഃ എന്നും 108 തവണ വീതം ജപിക്കണം.
വൃശ്ചികക്കൂറ്
(വിശാഖം 4, അനിഴം, തൃക്കേട്ട )
ആരോഗ്യം അനുകൂലമാകും. സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്തു ജീവിക്കുന്നവർക്ക് പണത്തിന്റെ ആവശ്യകത വർദ്ധിക്കും, മുൻകാലത്തെ അനാവശ്യമായ ചെലവുകൾ കാരണമാകും ഇപ്പോൾ ധനപരമായ ബുദ്ധിമുട്ടുകൾ വരുക. പഴയ ഓർമ്മകൾ പുതുക്കുന്ന സന്ദർഭങ്ങൾ ഉണ്ടാകും. ബിസിനസ്സുകാർക്ക് പങ്കാളിയുടെ കാര്യത്തിൽ ഒരു കണ്ണ് അത്യാവശ്യമാണ്.
സാമൂഹ്യ പ്രവർത്തകർക്ക് നല്ല സമയമാണ്.
ഈശ്വരചിന്ത വർദ്ധിക്കും. പുണ്യ സ്‌ഥലങ്ങൾ സന്ദർശിക്കും. ഗൃഹനിർമ്മാണം തടസ്സം മാറും. കർമ്മ രംഗത്ത് അപ്രതീക്ഷിത മാറ്റങ്ങൾ സംഭവിക്കും. മംഗള കർമ്മങ്ങളിൽ പങ്കെടുക്കും. ഏറ്റെടുക്കുന്ന കാര്യങ്ങൾ എന്ത് വില കൊടുത്തും പൂർത്തിയാക്കും. പുതിയ ഗൃഹോപകരണങ്ങൾ വാങ്ങും. പുതിയ കോഴ്‌സിന് ചേർന്നു പഠിക്കാൻ പറ്റും. അശ്രദ്ധ വിദ്യാർത്ഥികൾക്ക് ദോഷം ചെയ്യും. ഓം ഭദ്രകാള്യൈ നമഃ നിത്യവും ജപിക്കണം.
ധനുക്കൂറ്
(മൂലം, പൂരാടം, ഉത്രാടം 1)
പണം സൂക്ഷിച്ച് ഉപയോഗിക്കുക. വിവേകത്തോടെ നിക്ഷേപങ്ങൾ നടത്തുക. ശുഭാപ്തി വിശ്വാസം ഗുണം ചെയ്യും. ആരോഗ്യം മികച്ചതായിരിക്കും. നല്ല ഉന്മേഷം തോന്നും. കരാറുകളിൽ അബദ്ധം പറ്റാതെ സൂക്ഷിക്കണം. ആവശ്യപ്പെട്ട ധനസഹായം ലഭിക്കും. പരുഷ സ്വഭാവം നിയന്ത്രിക്കണം. ജോലിയിൽ ബുദ്ധിമുട്ട് അനുഭവിച്ചവർക്ക് അത് പൂർണ്ണമായും മറികടക്കാനാകും. പൂർത്തിയാകാത്ത പ്രവൃത്തികൾ പൂർത്തിയാക്കാൻ കഴിയും. ദാമ്പത്യ ജീവിതത്തിൽ പങ്കാളിയുടെ പ്രതീക്ഷകൾക്കൊപ്പം ഉയരാൻ കഴിയാത്തത് സങ്കടത്തിന് കാരണമാകും. അനാവശ്യ ചിന്തകൾ കാരണം മാനസികാവസ്ഥ വഷളാകാൻ സാധ്യതയുണ്ട്. വിദ്യാഭ്യാസത്തിൽ നേരിടുന്ന എല്ലാത്തരം പ്രശ്നങ്ങളിൽ നിന്നും മുക്തി നേടാൻ കഴിയും. ഓം ദും ദുർഗ്ഗായൈ നമഃ ദിവസവും 108 തവണ ജപിക്കുക.
മകരക്കൂറ്
(ഉത്രാടം 2,3,4, തിരുവോണം, അവിട്ടം 1,2)
സാമ്പത്തികമായ വെല്ലുവിളികൾ മറികടക്കും. പുതിയ ജോലി സാദ്ധ്യതകൾ വന്നു ചേരും. പ്രതികൂല സാഹചര്യങ്ങളിൽ നിന്നും പുറത്ത് വരാനാകും. മറ്റുള്ളവരുടെ താല്പര്യങ്ങൾക്ക് കൂടുതൽ പ്രാധാന്യം
നൽകുന്നത് വളരെ ദോഷകരമായി ബാധിക്കും. മികച്ച ജീവിതശൈലി പരിപാലിക്കുന്നത് ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും. സംവേദനക്ഷമത വർദ്ധിക്കും. തൊഴിൽ രംഗത്ത് പുതിയ പദ്ധതികൾ ആവിഷ്കരിക്കും. ജോലിയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും. കർമ്മ ശേഷിയും സർഗ്ഗാത്മകതയും വികസിക്കും. അത് ശരിയായി പ്രയോജനപ്പെടുത്തി കലാ സാഹിത്യ രംഗത്ത് ശോഭിക്കും. എന്നും ഓം ഭദ്രകാള്യൈ നമഃ 108 തവണ ജപിക്കുക.
കുംഭക്കൂറ്
( അവിട്ടം 3, 4, ചതയം, പൂരുരുട്ടാതി 1, 2, 3)
മന:സമാധാനം നേടാനുള്ള മാർഗ്ഗങ്ങൾ ആരായും. ഒരു പുതിയ പദ്ധതിക്ക് കൈകൊടുക്കും മുൻപ് നന്നായി ആലോചിക്കുക. തിടുക്കത്തിൽ തീരുമാനങ്ങൾ എടുക്കുന്നത് ഒഴിവാക്കുക. കാരണം അതിൽ നിന്ന് പ്രതീക്ഷിച്ച നേട്ടങ്ങൾ ലഭിക്കാൻ സാധ്യത കാണുന്നില്ല. പുതിയ വീട് വാങ്ങും. അല്ലെങ്കിൽ പഴയ വീട് അറ്റകുറ്റ പണി നടത്താൻ തീരുമാനിക്കും. കുടുംബാംഗങ്ങളുടെ ബഹുമാനം ലഭിക്കും. വീട്ടിൽ ഓഫീസിലെ കാര്യങ്ങളെക്കുറിച്ച് സംസാരിക്കുന്നത് ഒഴിവാക്കണം. ജോലിസ്ഥലത്തെ തർക്കങ്ങളിൽ കക്ഷി ചേരാതിരിക്കാൻ ശ്രമിക്കം. പല വിഷയങ്ങളും മനസിലാക്കുന്നതിലെ ബുദ്ധിമുട്ടുകൾ മാറിക്കിട്ടാൻ സാധ്യതയുണ്ട്. പഠനത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനും കഴിയും. ഓം ഘ്രൂം നമഃ പരായ ഗോപ്ത്രേ ദിവസവും 108 തവണ ജപിക്കുക.
മീനക്കൂറ്
( പൂരുരുട്ടാതി 4, ഉത്തൃട്ടാതി, രേവതി )
അനാവശ്യ ചെലവുകൾ വർദ്ധിക്കാൻ സാധ്യതയുണ്ട്. എന്നാൽ വരുമാനം വർദ്ധിക്കുന്നത് കാരണം അതിൻ്റെ ബുദ്ധിമുട്ട് അറിയില്ല. സർക്കാർ നടപടി അല്ലെങ്കിൽ കോടതിയിലെ കേസ് സംബന്ധിച്ച അമിതമായ ഉത്കണ്ഠ ഒഴിവാക്കണം. കുടുംബാന്തരീക്ഷം ശാന്തമായി മുന്നോട്ട് കൊണ്ടു പോകാൻ ശ്രമിക്കണം. സ്വന്തം തീരുമാനങ്ങൾ ആരുടെ മേലും അടിച്ചേൽപ്പിക്കാൻ ശ്രമിക്കരുത്. ഔദ്യോഗിക കാര്യങ്ങളുമായി ബന്ധപ്പെട്ട്, വളരെയധികം പ്രശംസയും പുരോഗതിയും ലഭിക്കും. ബിസിനസ്സിൽ നേട്ടം കൈവരിക്കും. ഭാഗ്യം അനുകൂലമാകും. ക്ഷമയോടെ പ്രവർത്തിച്ച് കുഴഞ്ഞു മറഞ്ഞ പ്രശ്നങ്ങൾക്ക് പരിഹാരം കാണും. വിദ്യാഭ്യാസം പൂർത്തിയാക്കി ജോലി തേടുന്നവർക്ക് നല്ല അവസരങ്ങൾ ലഭിക്കും. നിത്യവും ഓം നമോ നാരായണായ 108 തവണ ജപിക്കുക.
ജ്യോതിഷരത്നം വേണു മഹാദേവ്
മൊബൈൽ: + 91 9847575559
Summary: Weekly Star predictions based on moon sign by Venu Mahadev
Highlights
ഫെബ്രുവരി 13 വെള്ളിയാഴ്ച വെളുപ്പിന്
4:08 മണിക്കാണ് കുംഭ രവിസംക്രമം നടക്കുക
കുംഭമാസാരംഭം വിഷ്ണു പ്രധാനമായ
വിഷ്ണുപദി പുണ്യകാലവും ഏകാദശിയുമാണ്
ശിവരാത്രിയുടെ തലേന്ന് വരുന്ന പ്രദോഷം
ഫെബ്രുവരി 14 ശനിയാഴ്ചയാണ്
(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . ആത്മീയ- ജ്യോതിഷ വാര്‍ത്തകള്‍ക്ക്, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക: AstroG App .)
Copyright @ 2026 NeramOnline.com . All rights reserved.