Wednesday, December 10, 2025
Wednesday, December 10, 2025
Home » ഉമാമഹേശ്വര വ്രതവും തിങ്കളാഴ്ചയും ഒന്നിച്ച്; ദാമ്പത്യദുരിതം, വിവാഹ തടസം നീക്കാം

ഉമാമഹേശ്വര വ്രതവും തിങ്കളാഴ്ചയും ഒന്നിച്ച്; ദാമ്പത്യദുരിതം, വിവാഹ തടസം നീക്കാം

by NeramAdmin
0 comments

ജ്യോതിഷരത്‌നം വേണു മഹാദേവ്

ഭാദ്രപദത്തിലെ പൂര്‍ണ്ണിമ, വെളുത്ത വാവ് ദിവസം അനുഷ്ഠിക്കുന്ന വ്രതമാണ് ഉമാമഹേശ്വര വ്രതം. ദാമ്പത്യ ദുരിത മോചനത്തിനും വിവാഹ തടസം നീങ്ങുന്നതിനും കാര്യതടസങ്ങള്‍ മാറ്റുന്നതിനും ഏറ്റവും ഉത്തമമായ അനുഷ്ഠാനമാണ് സക്ന്ദപുരാണത്തില്‍ വിവരിച്ചിട്ടുള്ള അഷ്ടമാതാ വ്രതങ്ങളില്‍ ഒന്നായ ഇത്. ഇത്തവണ കേരളത്തില്‍ 2021 സെപ്തംബര്‍ 20 തിങ്കളാഴ്ചയാണ് ഇത് ആചരിക്കുന്നത്. ശിവപാര്‍വതി പ്രീതിക്ക് ഏറ്റവും ശുഭകരമായ ദിവസമായ തിങ്കളാഴ്ചയും ഉമാമഹേശ്വര വ്രതവും ഒന്നിച്ചു വരുന്നത് അതിവിശേഷമായും ഇരട്ടി ഫലദായകമായും ആചാര്യന്മാര്‍ കല്പിച്ചിട്ടുണ്ട്. ദാമ്പത്യക്ഷേമം, ഐശ്വര്യം തുടങ്ങി എല്ലാ ഭൗതിക വിജയങ്ങള്‍ക്കും ശിവപാര്‍വതിമാരെ ആരാധിക്കാന്‍ ഈ വ്രതമെടുക്കുന്നത് നല്ലതാണ്.

വ്രതദിവസം രാവിലെ കുളിച്ച് ശിവപാര്‍വ്വതി ക്ഷേത്ര ദര്‍ശനം നടത്തി കൂവള അര്‍ച്ചനയും ധാരയും വഴിപാട് നടത്തണം. അന്ന് ഒരിക്കലെടുത്ത് കഴിയുന്നത്ര തവണ ഓം നമ: ശിവായ, ഓം ഹ്രീം നമ: ശിവായ തുടങ്ങിയ മന്ത്രങ്ങള്‍ ജപിക്കണം. ഉമാമഹേശ്വര സ്‌തോത്രം ജപിക്കുന്നതും നല്ലതാണ്. ദാമ്പത്യ ബന്ധത്തില്‍ പ്രശ്‌നങ്ങള്‍ നേരിടുന്നവരാണെങ്കില്‍ വൈശ്യ ഗണപതി സൂക്തപുഷ്പാഞ്ജലിയും ഐക്യമത്യ പുഷ്പാഞ്ജലിയും കഴിക്കുന്നത് ബന്ധം ദൃഢമാകുവാന്‍ സഹായിക്കും. വിവാഹം നടക്കുവാന്‍ താമസിക്കുന്നവര്‍ക്കും ഈ വ്രതം നോല്‍ക്കാവുന്നതാണ്.

പണ്ടുകാലത്ത് ഏതെങ്കിലും ചിങ്ങത്തിലെ പൗര്‍ണ്ണമി നാളില്‍ തുടങ്ങി 12 വര്‍ഷം തുടര്‍ച്ചയായി ഈ വ്രതം നോറ്റ് ഭക്തര്‍ ആഗ്രഹസാഫല്യം നേടിയിരുന്നു. ഉമാമഹേശ്വര രൂപങ്ങള്‍ വച്ചായിരുന്നു അക്കാലത്ത് ആരാധന. പന്ത്രണ്ടാമത്തെ വ്രതത്തിന് ലോഹപ്രതിമ വച്ച് പൂജിച്ച ശേഷം അത് ശിവ ക്ഷേത്രത്തില്‍ സമര്‍പ്പിക്കുമായിരുന്നു. ഇപ്പോള്‍ ഇതിന് മാറ്റങ്ങള്‍ വന്നിട്ടുണ്ട്. വെളുത്തപക്ഷ അഷ്ടമിയിലും വെളുത്ത ചതുര്‍ദ്ദശിയിലും പൗര്‍ണ്ണമിയിലും അമാവാസിയിലും എല്ലാം ഇപ്പോള്‍ ഭക്തര്‍ ഉമാമഹേശ്വരവ്രതം എടുക്കാറുണ്ട്. തമിഴ്‌നാട്ടില്‍ കാര്‍ത്തിക മാസത്തിലെ പൗര്‍ണ്ണമിയിലാണ് ഉമാമഹേശ്വര വ്രതം ആചരിക്കുന്നത്. 2021 നവംബര്‍ 19 നാണ് അവിടെ വ്രതാചരണം.

ഹിമവാന് മേനയില്‍ ജനിച്ച പാര്‍വതി ദേവിയുടെ പര്യായമാണ് ഉമ. ദക്ഷപുത്രിയായ സതിയുടെ പുനരവതാരമാണ് പാര്‍വതി. ശിവനെ ഭര്‍ത്താവായി ലഭിക്കണമെന്ന ആഗ്രഹത്തോടെ കഠിന തപസ് ചെയ്യാന്‍ തുടങ്ങിയ മകളോട് അമ്മ മേന തപസ് അരുതേ എന്ന് പറഞ്ഞതിനാല്‍ ഉമ എന്ന് പേര് ലഭിച്ചതായി ഹരിവംശത്തിലും കാളിദാസന്‍ കുമാര സംഭവത്തിലും പറയുന്നു. സംസ്‌കൃതത്തില്‍ ഉ എന്നാല്‍ തപസും മ എന്നാല്‍ അരുതേ എന്നുമാണ് അര്‍ത്ഥം.

ദുര്‍വാസാവിന്റെ ശാപഫലമായി തനിക്ക് നഷ്ടപ്പെട്ട ലക്ഷ്മിദേവിയെ വിഷ്ണു ഭഗവാന്‍ വീണ്ടെടുത്തത് ഉമാമഹേശ്വര വ്രതം നോറ്റാണെന്ന് ഐതിഹ്യമുണ്ട്. ഒരിക്കല്‍ വിഷ്ണുഭഗവാന് ദുര്‍വാസാവ് ശിവന്റെ ഒരു മാല നല്‍കി. ഭഗവാന്‍ അത് ഗരുഡനെ അണിയിച്ചത് കണ്ട് കുപിതനായി ദുര്‍വാസാവ് പറഞ്ഞു: അല്ലയോ വിഷ്‌ണോ, അങ്ങ് ശ്രീ ശങ്കരനെ അപമാനിച്ചു.
അതിനാല്‍ അങ്ങയുടെയടുക്കല്‍ നിന്ന് ലക്ഷ്മി വിട്ടു പോകും. ക്ഷീരസാഗരത്തില്‍ നിന്നു പോലും വിട്ടു മാറേണ്ടി വരും; ശേഷന്‍ സഹായിക്കുകയില്ല. ഇതുകേട്ട് വിഷ്ണു ദുര്‍വാസാവിനെ നമസ്‌ക്കരിച്ച് ചോദിച്ചു: ഈ ശാപത്തില്‍ നിന്നും മുക്തനാവാന്‍ എന്താണ് ഉപായം? ദുര്‍വാസാവ് പറഞ്ഞു: ഉമാമഹേശ്വര വ്രതം അനുഷ്ഠിക്കുക. അപ്പോള്‍ നഷ്ടമായ സകലതും തിരിച്ചു കിട്ടും. അങ്ങനെ ഉമാമഹേശ്വരവ്രതം അനുഷ്ഠിച്ചതിന്റെ ഫലമായി ലക്ഷ്മി മുതലായ നഷ്ടപ്പെട്ട സകലതും വിഷ്ണുവിന് തിരിച്ചു കിട്ടി.

ALSO READ

ഉമാമഹേശ്വര സ്‌തോത്രം

നമ: ശിവാഭ്യാം നവയൗവനാഭ്യാം
പരസ്പരാശ്ലീഷ്ട വപുര്‍ധരാഭ്യാം
നാഗേന്ദ്ര കന്യാ വൃഷകേതനാഭ്യാം
നമോ നമ: ശങ്കര പാര്‍വതീഭ്യാം

കുടുംബജീവിതം ഭദ്രമാക്കുന്നതിനും വിവാഹ തടസം മാറുന്നതിനും മഹാദേവനെയും ഉമയെയും ആരാധിക്കുന്നതാണ് ഏറ്റവും നല്ലത്. ഇതിന് ക്ഷേത്രങ്ങളില്‍ ചെയ്യാവുന്ന ശ്രേഷ്ഠമായ വഴിപാട് ഉമാമഹേശ്വര പൂജയാണ്. ശിവനും പാര്‍വതിയും പ്രതിഷ്ഠയായുള്ള ക്ഷേത്രത്തിലാണ് ആരാധന നടത്തേണ്ടത്. ജാതകത്തിലെയും പ്രശ്‌നത്തിലെയും എല്ലാ ദോഷങ്ങള്‍ക്കും പരിഹാരമാണിത്. വിവാഹം നടക്കുന്നതിനു തടസം നേരിടുന്നവര്‍ക്കും വിവാഹം കഴിഞ്ഞവര്‍ക്ക് ദാമ്പത്യ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും മറ്റ് ദുരിതങ്ങളില്‍ നിന്നുള്ള മോചനത്തിനും കാര്യ സാധ്യത്തിനും ഐകമത്യത്തിനും ഉമാമഹേശ്വര പൂജ നടത്തുന്നത് നല്ലതാണ്.

പാര്‍വതി ദേവിക്ക് പ്രത്യേക പ്രതിഷ്ഠയില്ലാത്ത ശിവ ക്ഷേത്രങ്ങളിലെല്ലാം ശിവന്റെ നടയുടെ പിന്നില്‍ പാര്‍വതിയെ സങ്കല്പിക്കുന്നു. ദേവിക്കാണ് ഭക്തര്‍ പിന്‍വിളക്ക് തെളിക്കുന്നത്. ശ്രീകോവിലില്‍ കിഴക്കും പടിഞ്ഞാറുമായി പാര്‍വതി പരമേശ്വരന്മാരെ പ്രതിഷ്ഠിച്ചിട്ടുള്ള സന്നിധികളും ചിലതുണ്ട്. കൊല്ലം ആനന്ദവല്ലീശ്വരം ക്ഷേത്രം ഇതില്‍ പ്രധാനമായ ഒന്നാണ്. എറണാകുളം തിരുവൈരാണിക്കുളം ക്ഷേത്രം, കോട്ടയം വാഴപ്പള്ളി ക്ഷേത്രം, പത്തനംതിട്ടയിലെ കവിയൂര്‍ ക്ഷേത്രം എന്നിവ ഇതില്‍ ചിലതാണ്. കാടമ്പുഴ ക്ഷേത്രത്തിൽ ശിവ പാര്‍വതിമാര്‍ കിരാത – കിരാതി സങ്കല്പത്തിലാണ്. ചെങ്ങന്നൂരില്‍ ഭഗവതി ഭുവനേശ്വരിയാണ്.

ജ്യോതിഷരത്‌നം വേണു മഹാദേവ്

+91 9847475559

Story Summary: Significance and Benefits Of Uma Maheswara Vritham


You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?