Wednesday, December 10, 2025
Wednesday, December 10, 2025
Home » 12 തിങ്കളാഴ്ച ഭസ്മാഭിഷേകം നടത്തിയാൽ സൗഖ്യം, കാര്യവിജയം, പാപശാന്തി

12 തിങ്കളാഴ്ച ഭസ്മാഭിഷേകം നടത്തിയാൽ സൗഖ്യം, കാര്യവിജയം, പാപശാന്തി

by NeramAdmin
0 comments

ജ്യോതിഷരത്നം വേണു മഹാദേവ്

ശിവപൂജയില്‍ പ്രധാനപ്പെട്ട ഒന്നാണ് ഭസ്മധാരണം. ഭഗവാന്‍ ശ്രീ പരമേശ്വരന്റെ പ്രീതിക്ക് പ്രദോഷം പോലുള്ള വ്രതങ്ങള്‍ അനുഷ്ഠിക്കുന്നവര്‍ രാവിലെ കുളിച്ച് ഭസ്മം ധരിക്കണം. ഭസ്മം അണിയുമ്പോള്‍ മൃത്യുഞ്ജയമന്ത്രം ഉരുവിടണം. ശിവ ഭഗവാനെ ഉപാസിച്ചുകൊണ്ട് പ്രത്യേക തടിക്കഷണങ്ങള്‍ നെയ്, മറ്റ് ഔഷധികള്‍ എന്നിവ ഹോമിക്കുമ്പോള്‍ കിട്ടുന്നതാണ് ഭസ്മം. യഥാശക്തി ഭസ്മം കൊണ്ട് ശിവന് അഭിഷേകം ചെയ്യുന്നത് ശിവപ്രീതിക്ക് വളരെയേറെ ഗുണകരമാണ്. വിശേഷ ദിവസങ്ങളില്‍ കലശപൂജയായും ഭസ്മാഭിഷേകം ചില ശിവക്ഷേത്രങ്ങളില്‍ ചെയ്യാറുണ്ട്. നിത്യേന രാവിലെ അഭിഷേകചടങ്ങിന് ശേഷം ഭസ്മവും ഭഗവാന് അഭിഷേകം ചെയ്യുന്നു. ഇങ്ങനെ ശിവലിംഗത്തില്‍ സ്പര്‍ശിച്ച ഭസ്മം വിതരണം ചെയ്യുന്നതാണ് പ്രസാദം. ഇത് നിത്യേന ധരിക്കുന്നത് രോഗശാന്തി, പാപശാന്തി, കാര്യവിജയം എന്നിവയ്ക്ക് നല്ലതാണ്. തിങ്കളാഴ്ചകളില്‍ തുടര്‍ച്ചയായി 12 പ്രാവശ്യം ഭസ്മാഭിഷേകം വഴിപാടായി നടത്തുന്നത് ഏറെ ഗുണകരമാണ്. ഇങ്ങനെ ചെയ്താല്‍ പൂര്‍വ്വജന്മാര്‍ജ്ജിത ദുരിതങ്ങളും പാപങ്ങളും നീങ്ങി സൗഖ്യവും കാര്യവിജയവും രോഗശാന്തിയും ഉണ്ടാകും. എപ്പോഴും ഭസ്മം ധരിക്കുന്ന വ്യക്തിയെ മഹാദേവന്‍ സദാ കാത്തു രക്ഷിക്കുക തന്നെ ചെയ്യും.

സാധാരണ ഭക്തര്‍ നെറ്റിയിൽ ഭസ്മം ധരിക്കണം. ഉപാസകര്‍ നെറ്റിക്ക് പുറമെ കൈത്തണ്ട്, മാറിടം മുതലായ ഭാഗങ്ങളിലും ഭസ്മം പൂശുന്നു. സന്ന്യാസിമാര്‍ ശരീരം മുഴുവന്‍ ഭസ്മം പൂശും. പാപം ഇല്ലാതാക്കുന്നതും ഭഗവത് സ്മരണ ഉണർത്തുന്നതുമാണ് ഭസ്മം. ഇത് ധരിക്കുന്നവര്‍ക്ക് ഐശ്വര്യമുണ്ടാകും. അവരെ അനാരോഗ്യത്തില്‍ നിന്നും ക്ഷുദ്രശക്തികളില്‍ നിന്നും സംരക്ഷിക്കും.

വേദോച്ചാരണത്തോടൊപ്പം ഹോമദ്രവ്യങ്ങള്‍ അഗ്‌നിയില്‍ സമര്‍പ്പിക്കുന്ന ഹോമത്തിന് ശേഷം ലഭിക്കുന്ന ചാരം സുകൃതഫലമായ ആത്മശുദ്ധിയെ സൂചിപ്പിക്കുന്നു. ശരീരം നശ്വരമാണെന്നും അതൊരിക്കല്‍ ചാരമായി കലാശിക്കുമെന്നും ഇത് ഓര്‍മ്മിപ്പിക്കുന്നു. അതിനാല്‍ ഭൗതിക ശരീരത്തോട് അത്യധികമായ ആസക്തിയുണ്ടാകരുത്. മരണം ഏതു നിമിഷവും കടന്നു വരാം എന്ന ബോധം സമയത്തിന്റെ സദുപയോഗത്തിന് നമ്മെ പ്രേരിപ്പിക്കും. മരണത്തെക്കുറിച്ച്‌ വിഷാദാത്മക ധാരണ ഉണര്‍ത്തുകയല്ല ഇത്. എന്നാല്‍ ഒന്നും ആരെയും കാത്തുനില്‍ക്കില്ലെന്ന് ശക്തമായി ഓര്‍മ്മിപ്പിക്കുകയാണ്.

ഔഷധമൂല്യമുള്ള ഭസ്മം ആയൂര്‍വേദ ഔഷധങ്ങള്‍ ഉണ്ടാക്കാന്‍ ഉപയോഗിക്കാറുണ്ട്. ഇത് ശരീരത്തിലെ അധികമായ ജലാംശം വലിച്ചെടുത്ത് ജലദോഷത്തെയും തലവേദനയെയും തടയുന്നു.

ജ്യോതിഷരത്‌നം വേണു മഹാദേവ്

ALSO READ

91 9847475559

Story Summary: Importance of Bhasmadharanam and Bhasmabhishekam in Siva Pooja


You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?