ശനിദോഷ നിവാരണത്തിന് ഏറ്റവും ഉത്തമമായി കരുതപ്പെടുന്ന ശനിപ്രദോഷം ഇത്തവണ മഹാശിവരാത്രിയുടെ തൊട്ടു തലേന്ന് വരുന്നത് ശ്രേഷ്ഠവും അത്ഭുത ഫലസിദ്ധികരവുമായി പറയുന്നു. ഈ പ്രദോഷത്തിൻ്റെ മറ്റൊരു പ്രത്യേകത ഇത് കൃഷ്ണപക്ഷത്തിൻ വരുന്നതാണ്. കൃഷ്ണപക്ഷ പ്രദോഷത്തിന് സ്വതേ കൂടുതൽ പ്രാധാന്യമുണ്ട്. അതിൽ തന്നെ കൃഷ്ണപക്ഷത്തിൽ ശനിയാഴ്ച വരുന്ന പ്രദോഷത്തിലെ വ്രതാനുഷ്ഠാനം ശിവപ്രീതിയാൽ എല്ലാ ദുരിതങ്ങളും അലച്ചിലുകളും അവസാനിപ്പിക്കും എന്നാണ് വിശ്വാസം. ശനിയാഴ്ചയും പ്രദോഷവും ചേർന്നു വരുന്ന ശനിപ്രദോഷ അനുഷ്ഠാന മാഹാത്മ്യം ആചാര്യന്മാർ പ്രത്യേകമായി രേഖപ്പെടുത്തിയിട്ടുണ്ട്. അപ്പോൾ ശിവാരാധനയിലെ ഏറ്റവും മഹത്തായ ദിവസമായ മഹാശിവരാത്രിയോട്
ചേർന്ന് വരുന്ന ശനിപ്രദോഷമാഹാത്മ്യം പ്രത്യേകം വിശദീകരിക്കേണ്ടതില്ലല്ലോ.
അനന്തമായ ഫലംതരും
പ്രദോഷം എന്നത് പാപങ്ങൾ അഥവാ ദോഷങ്ങൾ ഇല്ലാതാക്കി കർമ്മദോഷ മോചനം നൽകുന്നതാണ്. ശിവരാത്രിയോട് ചേർന്ന് ശനിപ്രദോഷം കൂടി വരുന്ന രണ്ടുനാൾ ശിവഭജനം നടത്തുന്നത് മുജ്ജന്മത്തിലെ ദോഷങ്ങൾ നീക്കാനും സഹായിക്കുമെന്ന് പറയുന്നു. പ്രദോഷ വ്രതം അനുഷ്ഠിക്കുന്നത് 15 ദിവസം ക്ഷേത്രദർശനം നടത്തി പ്രാർത്ഥിക്കുന്നതിന് തുല്യമാണെങ്കിൽ മഹാശിവരാത്രി ദിവസവുമായി അത് ബന്ധപ്പെട്ടു വരുമ്പോൾ കിട്ടുന്ന ഫലം അനന്തമാണെന്ന് പുരാണങ്ങൾ പറയുന്നു. ഈ ദിനങ്ങളിലെ പ്രാർത്ഥനകൾ കുടുംബജീവിതത്തിൽ ഐശ്വര്യവും ദീർഘായുസ്സും മോക്ഷവും നൽകുന്നു
വിഷമങ്ങളിൽ നിന്ന് മോചനം നേടാം
സാധാരണ ജീവിതത്തിലെ ദുരിതങ്ങളിൽ പ്രധാനം ശത്രുദോഷം, ദൃഷ്ടിദോഷം, ബാധാദോഷം, രോഗക്ലേശം, ശനിദോഷം തുടങ്ങിയവയാണ്. ഇവ മാറുന്നതിന് ഏറ്റവും ഉത്തമമാണ് ശനി ത്രയോദശി തിഥിയിലെ പ്രദോഷ വ്രതാചരണം. അന്ന് ഉപവസിച്ച് ശിവ പാർവ്വതിമാരെ പ്രാർത്ഥിക്കുകയും സന്ധ്യയ്ക്ക് പ്രദോഷപൂജയിൽ പങ്കെടുക്കുകയും ചെയ്താൽ ഈ വിഷമങ്ങളിൽ നിന്നെല്ലാം മോചനം നേടാം. ത്രയോദശി തിഥി സന്ധ്യയ്ക്ക് വരുന്ന ദിവസമാണ് പ്രദോഷ വ്രതം ആചരിക്കുന്നത്. ശിവ പാർവ്വതി ക്ഷേത്രങ്ങളിലെല്ലാം വിശേഷകരമായ ഈ ദിവസം. മാസത്തിൽ രണ്ടു പ്രദോഷമുണ്ട് ശുക്ല പക്ഷത്തിലും കൃഷ്ണ പക്ഷത്തിലും. ശിവഭക്തർ രണ്ടും ആചരിക്കും. കൃഷ്ണ പക്ഷത്തിലെ പ്രദോഷത്തിന് കൂടുതൽ പ്രാധാന്യം കല്പിക്കുന്നു. അതിൽ കുംഭമാസം കറുത്തപക്ഷത്തിൽ ശിവരാത്രിയോട് ചേർന്ന് വരുന്ന പ്രദോഷ വ്രതം ശിവപ്രീതിയാൽ എല്ലാ ദുരിതവും അലച്ചിലുകളും അവസാനിപ്പിക്കും. 1201 കുംഭം 3, 2026 ഫെബ്രുവരി 14
ശനിയാഴ്ചയാണ് കുംഭമാസത്തിലെ പ്രദോഷം.
മന്ത്രങ്ങളും സ്തോത്രങ്ങളും ജപിക്കണം
പ്രദോഷ വ്രതമെടുക്കുന്നവർ രാവിലെ കുളിച്ച് ഭസ്മം തൊട്ട് വൃത്തിയും ശുദ്ധിയുമുള്ള വസ്ത്രം ധരിച്ച് ക്ഷേത്രദർശനം നടത്തണം. സ്വന്തം കഴിവിനൊത്ത വഴിപാടുകൾ നടത്തണം. അന്ന് ഓം നമഃ ശിവായ, ശിവ അഷ്ടോത്തര ശതനാമാവലി തുടങ്ങി ശിവപ്രീതികരമായ മന്ത്രങ്ങളും ശങ്കരധ്യാന പ്രകാരം, ലിംഗാഷ്ടകം, ശിവപഞ്ചാക്ഷര സ്തോത്രം, ബില്വാഷ്ടകം, ദാരിദ്ര്യ ദഹന ശിവ സ്തോത്രം, പ്രദോഷ സ്തോത്രം, വിശ്വനാഥാഷ്ടകം, പാർവ്വതി വല്ലഭാഷ്ടകം, ഉമാ മഹേശ്വര സ്തോത്രം തുടങ്ങിയ കീർത്തനങ്ങളും പരമാവധി ചൊല്ലണം. ക്ഷേത്രത്തിൽ പോകാൻ കഴിയുന്നില്ലെങ്കിൽ വീട്ടിൽ ഇരുന്ന് പ്രാർത്ഥിച്ചാലും മതി. എന്തായാലും ഓം നമഃ ശിവായ പഞ്ചാക്ഷരി മന്ത്രം പരമാവധി പ്രാവശ്യം ജപിക്കുക. കൂടാതെ പാർവതീ സമേതനായ ശിവനെ സങ്കല്പിച്ചു കൊണ്ട് ഓം ഹ്രീം നമഃ ശിവായ എന്ന ശക്തി പഞ്ചാക്ഷരി മന്ത്രം കഴിയുന്നത്ര ജപിക്കുന്നതും ഉത്തമമാണ്. ശിവ സഹസ്രനാമം ജപിക്കുന്നത് ഏറ്റവും നല്ലതാണ്.
വ്രതം ഇങ്ങനെ, പ്രദോഷ പൂജതൊഴണം
ശിവരാത്രി വ്രതം കൂടി അനുഷ്ഠിക്കുന്ന ഈ പുണ്യ ദിവസം ശിവ ലീലകൾ അടങ്ങുന്ന ശിവപുരാണം പാരായണം ചെയ്യാൻ ഏറ്റവും നല്ല ദിവസവുമാണ്. ഈ പുണ്യദിനത്തിൽ യാതൊരു അധാർമ്മിക പ്രവൃത്തികളും ചെയ്യരുത്. മോശം കാര്യങ്ങൾ ചിന്തിക്കുകയും പ്രവർത്തിക്കുകയും പാടില്ല. അസ്തമയസന്ധ്യാ സമയത്ത് നല്ല കാര്യങ്ങൾ മാത്രം ചിന്തിക്കുകയും പറയുകയും പ്രവർത്തിക്കുകയും ചെയ്യണം. പ്രദോഷ ദിവസം ഉപവസിക്കാൻ കഴിയുന്നില്ലെങ്കിൽ മിതമായി മാത്രം ഭക്ഷണം കഴിക്കുക. പ്രാർത്ഥനയ്ക്കുള്ള സന്ധ്യാസമയമാണ് പ്രദോഷസമയമായി കണക്കാകുന്നത്. ഈ സമയത്ത് ക്ഷേത്രത്തിൽ പോയി ഫലമൂലാദികൾ സമർപ്പിച്ച് ധാര നടത്തി പൂജ കണ്ട് തൊഴണം. പ്രദോഷപൂജയുടെ തീർത്ഥം കഴിച്ച് വ്രതം അവസാനിപ്പിക്കാം.
മൃത്യുദോഷം ഉൾപ്പെടെ അകറ്റാം
ത്രയോദശിയിലെ പ്രദോഷസന്ധ്യയിൽ പാർവ്വതിയെ തൃപ്തിപ്പെടുത്താൻ ശിവൻ താണ്ഡവമാടുന്നു എന്നാണ് വിശ്വാസം. ഈ സമയത്ത് സകല ദേവഗണങ്ങളും ശിവ സന്നിധിയിലെത്തും എന്നാണ് വിശ്വാസം. അപ്പോൾ പാർവതീദേവിയും സുബ്രഹ്മണ്യനും ഗണപതി ഭഗവാനും ശിവ ഭൂതഗണങ്ങളും മാത്രമല്ല മറ്റ് ദേവതകളും മഹർഷിമാരും ദിവ്യത്മാക്കളുമെല്ലാം ഭഗവാന്റെ നൃത്തം കണ്ട് സ്തുതിക്കുന്നു. അത്ര മഹനീയ മുഹൂർത്തമായാണ് പ്രദോഷ സമയം. കാലകാലനാണ് ശിവൻ. അതായത് കാലന്‍റെ പോലും കാലൻ. മനുഷ്യ ജീവിതത്തിൽ എല്ലാ ദോഷ ദുരിതങ്ങളുടെയും അവസാനം മരണമാണ്. കാലനാണ്, യമധർമ്മനാണ് മരണത്തിന്‍റെ ദേവൻ. ആ കാലനെ പോലും നശിപ്പിക്കാൻ ശക്തിയുള്ള ദേവനാണ് പരമശിവൻ. അതുകൊണ്ടുതന്നെ മൃത്യുദോഷം ഉൾപ്പെടെ എല്ലാ ദുരിതങ്ങളും ദുഃഖങ്ങളും അകറ്റുന്ന ദേവനായി ശിവനെ ആരാധിക്കുന്നു. ക്ഷിപ്രകോപിയും ക്ഷിപ്രപ്രസാദിയുമായ ശിവൻ അത്യധികം സന്തോഷവാനാകുന്നത് പ്രദോഷ സന്ധ്യയിലാണ്. അപ്പോൾ ഭക്തർ എന്ത് ചോദിച്ചാലും ദേവദേവൻ കനിഞ്ഞ് അനുഗ്രഹിക്കുമെന്ന് ആചാര്യന്മാർ പറയുന്നു. അതിനാൽ ഈ ദിവസം അനുഷ്ഠിക്കുന്ന വ്രതത്തിനും പ്രാർത്ഥനകൾക്കും പെട്ടെന്ന് ഫലസിദ്ധി ലഭിക്കും.
ALSO READ
ശിവരാത്രി മാഹാത്മ്യം വീഡിയോ കാണാം
തന്ത്രരത്‌നം പുതുമന മഹേശ്വരന്‍ നമ്പൂതിരി
+91 9447020655
Story Summary: Significance of Krishna Paksha Shani Pradosh Vrat of Kumbham Month, prelude of Maha Shivaratri
Highlights
ശനിപ്രദോഷം മഹാശിവരാത്രിയുടെ തലേന്ന് വരുന്നത് ശ്രേഷ്ഠം, അത്ഭുത ഫലസിദ്ധികരം
എല്ലാ ദുരിതങ്ങളും അലച്ചിലുകളും
ശനിപ്രദോഷം പെട്ടെന്ന് അവസാനിപ്പിക്കും
ശത്രുദോഷം, ദൃഷ്ടിദോഷം, ബാധാദോഷം,
രോഗക്ലേശം മാറ്റുന്നതിന് ഉത്തമം
(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . ആത്മീയ- ജ്യോതിഷ വാര്‍ത്തകള്‍ക്ക്, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക: AstroG App .)
Copyright @ 2026 NeramOnline.com . All rights reserved.