Thursday, February 12, 2026
Thursday, February 12, 2026
Home » ശ്രീകണ്‌ഠേശ്വരന് മഹാശിവരാത്രിക്ക് ഇടമുറിയാതെ ഘൃതധാര

ശ്രീകണ്‌ഠേശ്വരന് മഹാശിവരാത്രിക്ക് ഇടമുറിയാതെ ഘൃതധാര

0 comments

തിരുവനന്തപുരം ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിൽ ശിവരാത്രി നാളിൽ 24 മണിക്കൂറും ഘൃതധാര നടക്കും. ഫെബ്രുവരി 15 പുലർച്ചെ മുതൽ പിറ്റേന്ന് പുലർച്ചെ വരെയാണ് നെയ്യ് ധാര. ദിവസവും ഏറ്റവും കൂടുതൽ ജലധാര നടക്കുന്ന ഇവിടെ ശിവരാത്രി നാളിൽ മറ്റ് ധാരകളൊന്നും നടത്തില്ല. ആയിരക്കണക്കിന് ഭക്തരാണ് ഇവിടെ ശിവരാത്രിക്ക് ഘൃതധാര നടത്താൻ നെയ് സമർപ്പിക്കുന്നത്. എല്ലാ ശിവ ക്ഷേത്രങ്ങളിലും ഉത്സവകാലത്ത് ചെയ്യുന്ന പ്രകാരശുദ്ധി, തത്വഹോമം, തത്വകലശം, ദിവ്യകലശം എന്നീ പൂജകള്‍ ശ്രീകണ്‌ഠേശ്വരത്ത് ശിവരാത്രി ദിവസമാണ് ചെയ്യുന്നത്. ശിവരാത്രിക്ക് മൂന്നുനാലു ദിവസം മുമ്പേ ഈ ചടങ്ങുകള്‍ തുടങ്ങും. ശിവരാത്രിക്ക് പ്രധാന ചടങ്ങ് നെയ്യഭിഷേകമാണ്. തലേന്ന് തന്നെ വെള്ളിക്കുളത്തില്‍ നെയ് നിറച്ച് പൂജിച്ചു വയ്ക്കും. ശിവരാത്രി ദിവസം ഏഴുമണിക്ക് നെയ് ധാര തുടങ്ങും. ശിവരാത്രിക്ക് പകലും രാത്രിയും ഘൃതധാര നടക്കും. അന്ന് പുലർച്ചെ മുതൽ പിറ്റേന്ന് പുലർച്ചെ വരെയാണ് നെയ്യ് ധാര. ഈ ദിവസം മറ്റ് ധാരകളൊന്നും നടത്തില്ല. നെയ്യഭിഷേകം ഒഴികെ മറ്റെല്ലാം തന്ത്രിയും നെയ്യഭിഷേകം മേല്‍ശാന്തിയുമാണ് നടത്തുന്നത്. രാത്രി ഓരോ മൂന്നുമണിക്കൂറിലും മണികൊട്ടിപൂജയും നിവേദ്യവും ശിവരാത്രി ദിവസത്തെ പ്രത്യേകതയാണ്. വെളുപ്പിന് നാലുമണിക്ക് അര്‍ദ്ധയാമപൂജ നടത്തും. അതിന് വലിയ വൃഷഭവാഹനത്തിലാണ് എഴുന്നള്ളിപ്പ്. അതുകഴിഞ്ഞ് നട അടയ്ക്കും. രാവിലെ ആറുമണിക്കേ പിന്നീട് നട തുറക്കൂ.


ശിവഭഗവാന് പ്രിയങ്കരം ധാര

കുംഭമാസത്തിലെ കൃഷ്ണപക്ഷ ചതുർദ്ദശി ദിവസം അതായത് ചതുർദ്ദശി അർദ്ധരാത്രിയിൽ വരുന്ന ദിവസമാണ് മഹാശിവരാത്രി. ഈ വർഷം ഫെബ്രുവരി 15 ഞായറാഴ്ചയാണ് മഹാശിവരാത്രി.
ശിവരാത്രി ദിവസം ശിവഭഗവാന് ധാര, ഭസ്മാഭിഷേകം എന്നീ വഴിപാടുകൾ നടത്തുന്നത് അഭീഷ്ടസിദ്ധിക്കും രോഗശാന്തിക്കും കാര്യവിജയത്തിനും ഐശ്വര്യത്തിനും ഉത്തമമാണ്. എന്നാൽ ചില ശിവ ക്ഷേത്രങ്ങളിൽ ഈ ദിവസം ജലധാര കാണില്ല. ദിവസം മുഴുവനും ഘൃതധാര നടക്കുന്നത് കാരണമാണ് ജലധാര ഒഴിവാക്കുക. ശിവഭഗവാന് ഏറ്റവും പ്രിയങ്കരമായ വഴിപാട് ധാരയാണ്. പാപശാന്തിക്കും, ഇഷ്ടകാര്യ സിദ്ധിക്കും ചെയ്യാവുന്ന ഏറ്റവും പ്രധാന നേർച്ചയാണ് ധാര. ധാരക്കിടാരം എന്ന ഒരു പ്രത്യേക പാത്രത്തില്‍ ജലം പൂജിച്ച് ഒഴിച്ച് ഒരു കര്‍മ്മി ആ ജലത്തില്‍ ദര്‍ഭകൊണ്ട് തൊട്ട് മന്ത്രം ജപിക്കുന്നു. ഈ സമയം മുഴുവനും ഈ പാത്രത്തിന്റെ അടിയിലുള്ള ദ്വാരത്തിലൂടെയും കൂര്‍ച്ചത്തിലൂടെയും ശിവലിംഗത്തില്‍ ജലം ഇടമുറിയാതെ വീഴുന്നു. ഇതാണ് ഈ ചടങ്ങിന്റെ രീതി. ഇങ്ങനെ ഉപയോഗിക്കുന്ന ദ്രവ്യങ്ങള്‍ക്കനുസരിച്ച് വ്യത്യസ്ത ഫലങ്ങളും കണക്കാക്കപ്പെടുന്നു. യോഗ്യനായ കര്‍മ്മിയെക്കൊണ്ട് ചെയ്യിച്ചാല്‍ നല്ല ഫലപ്രാപ്തി ഉണ്ടാകും.


കാര്യവിജയത്തിന് ഭസ്മാഭിഷേകം
ശിവരാത്രിക്ക് ഭസ്മാഭിഷേകം വഴിപാട് നടത്തിയാൽ കാര്യവിജയം ലഭിക്കും. ശിവപൂജയ്ക്ക് ഏറ്റവും പ്രധാനമായ ശിവരാത്രി നാളില്‍ ശിവലിംഗത്തില്‍ അഭിഷേകം ചെയ്ത ഭസ്മം ധരിക്കാന്‍ കഴിഞ്ഞാല്‍ തന്നെ പൂര്‍വ്വജന്മാര്‍ജ്ജിത ദുരിതങ്ങളും പാപങ്ങളുമകന്ന് സൗഖ്യം ഉണ്ടാകും. എപ്പോഴും ഭസ്മം ധരിക്കുന്ന വ്യക്തിയെ മഹാദേവന്‍ കാത്തുരക്ഷിക്കും എന്നാണ് വിശ്വാസം. ശിവരാത്രിക്ക് ഭസ്മാഭിഷേകം വഴിപാടായി നടത്തുന്നത് ശിവപ്രീതിക്ക് തികച്ചും ഗുണകരമാണ്. വിശേഷദിനങ്ങളില്‍ കലശ പൂജയായും ഭസ്മാഭിഷേകം ക്ഷേത്രങ്ങളില്‍ ചെയ്യാറുണ്ട്. സാധാരണ എന്നും രാവിലെ അഭിഷേക ചടങ്ങിന് ശേഷം ഭസ്മവും അഭിഷേകം ചെയ്യുന്നു. ഇങ്ങനെ ശിവലിംഗത്തില്‍ സ്പര്‍ശിച്ച ഭസ്മം നിത്യേന ധരിക്കുന്നത് രോഗശാന്തി, പാപശാന്തി, കാര്യവിജയം എന്നിവയ്ക്ക് നല്ലതാണ്. തിങ്കളാഴ്ചകളില്‍ 12 പ്രാവശ്യം ഭസ്മാഭിഷേകം വഴിപാടായി നടത്തുന്നത് അഭീഷ്ടസിദ്ധി നൽകും. ഈ ദിവസം ശിവമന്ത്രങ്ങളും സ്തോത്രങ്ങളും നിരന്തരം ജപിക്കുന്നത് പുണ്യകരമാണ്. പ്രസിഗായകൻ മണക്കാട് ഗോപൻ ആലപിച്ച ലിംഗാഷ്ടകം കേൾക്കാം :


തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി,
മൊബൈൽ: +919447020655

Story Summary: Benefits of Gee Dhara and Bhasmabishekam tl Lord Shiva on Maha Shiva Ratri

ALSO READ

Highlights
മഹാശിവരാത്രിക്ക് പകലും രാത്രിയും ശ്രീകണ്ഠേശ്വരത്ത് ഘൃതധാര മാത്രം നടക്കും

ശിവരാത്രിക്ക് ധാര, ഭസ്മാഭിഷേകം നടത്തുന്നത് രോഗശാന്തിക്കും കാര്യവിജയത്തിനും ഉത്തമം
ശിവലിംഗത്തില്‍ അഭിഷേകം ചെയ്ത ഭസ്മം ധരിച്ചാൽ ദുരിതം മാറി സൗഖ്യം ഉണ്ടാകും

(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും: NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . ആത്മീയ- ജ്യോതിഷ വാര്‍ത്തകള്‍ക്ക്, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക: AstroG App .)

Copyright @ 2026 NeramOnline.com . All rights reserved.

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?