Wednesday, February 18, 2026
Wednesday, February 18, 2026
Home » എത്രകടുത്ത ശത്രുദോഷവും ദുരിതവും അതിവേഗം അകറ്റാൻ ഇതാണ് വഴി

എത്രകടുത്ത ശത്രുദോഷവും ദുരിതവും അതിവേഗം അകറ്റാൻ ഇതാണ് വഴി

0 comments

അതിശക്തമായ ശത്രുദോഷങ്ങൾ വരെ ഹനിക്കുന്ന, അതിവേഗം പ്രസാദിക്കുന്ന ഉഗ്രമൂർത്തിയായ നരസിംഹ ഭഗവാനെ ഭജിക്കാൻ അവതാര വിഷ്ണു പ്രധാനമായ ബുധനാഴ്ചകളും വിഷ്ണു പ്രധാനമായ വ്യാഴാഴ്ചകളുമാണ് മുഖ്യം. ഈ ദിവസങ്ങളിലും ഭഗവാൻ്റെ അവതാര ദിനമായ ചതുർദ്ദശി തിഥിയിലും ചോതി നക്ഷത്രത്തിലും നടത്തുന്ന പ്രാർത്ഥനകൾ അതിവേഗം ഫലിക്കും. വൈശാഖ മാസത്തിലെ ശുക്ലപക്ഷ ചതുർദശിയും ചോതി നക്ഷത്രവും ഒന്നിച്ചു വരുന്ന ദിവസമാണ് ഭഗവാന്റെ ജയന്തി ആഘോഷം. നരസിംഹമൂർത്തി പ്രധാനമായ ഈ ദിവസങ്ങളിൽ വ്രതമെടുത്തു പ്രാർത്ഥിച്ചാൽ കൂടുതൽ ഫലം ലഭിക്കും. നരസിംഹ മൂർത്തിക്ക് ക്ഷേത്രമില്ലാത്ത സ്ഥലമാണെങ്കിൽ വിഷ്ണുക്ഷേത്ര ദർശനം നടത്തി പ്രാർത്ഥിച്ചാൽ മതി. നരസിംഹ മൂർത്തിയുടെ വ്യത്യസ്ത ഉപാസനകളും പ്രാർത്ഥനകളും എത് ദുഃഖ ദുരിതങ്ങളിൽ നിന്നുമുള്ള മോചനത്തിന് അതീവ ഫലപ്രദമാണ്. നരസിംഹാവതാരം സന്ധ്യാസമയത്ത് ആയിരുന്നതിനാൽ ആ സമയത്ത് നരസിംഹമൂർത്തി മന്ത്രം ജപിക്കുന്നന്നത് അനുഗ്രഹലബ്ധിക്ക് വളരെ നല്ലതാണ്.

മൃഗീയവാസന നശിച്ചാൽ അനുഗ്രഹം
ദുഷ്ടനായ ഹിരണ്യകശിപുവിന്റെ മദം തീർത്ത് നിഗ്രഹിച്ച് തന്റെ ഭക്തനായ പ്രഹ്‌ളാദനെ കൂടുതൽ ഭക്തനാക്കി മാറ്റുകയാണ് വിഷ്ണു ഭഗവാൻ നരസിംഹാവതാരത്തിലൂടെ ചെയ്തത്. മനസിലെ മൃഗീയവാസനകൾ നശിപ്പിച്ച് നല്ല പ്രവൃത്തികളിലേക്ക് തിരിഞ്ഞാൽ ഏതൊരു വ്യക്തിക്കും ഉത്തമ വ്യക്തികളായി മാറാനാകും. മനോഭിലാഷങ്ങളെല്ലാം സാക്ഷാത്കരിക്കാൻ കഴിയും – ഇതാണ് നരസിംഹ അവതാരം പകരുന്ന സന്ദേശം.

ഗ്രഹദോഷം, ദൃഷ്ടിദോഷം ശമിക്കും
ക്ഷിപ്രസാദിയായ നരസിംഹമൂർത്തിയെ ഉപാസിച്ചാൽ വ്യാഴം, ശനി ഗ്രഹ ദോഷങ്ങൾ, ദൃഷ്ടിദോഷങ്ങൾ ഇവയെല്ലാം അവസാനിക്കും. വിഷ്ണു, നരസിംഹ ക്ഷേത്ര സന്നിധിയിൽ സുദർശന ഹോമം നടത്തിയാൽ ഗ്രഹദോഷങ്ങൾ, ദൃഷ്ടിദോഷങ്ങൾ എന്നിവ ഉടൻ പരിഹരിക്കാം. ജാതകത്തിലെ ശത്രുബാധ, രോഗബാധ, പ്രേതബാധ വിവാഹതട‌സം എന്നിവ മാറാൻ ലക്ഷ്മീ സമേതനായ നരസിംഹ മൂർത്തിയെ പൂജിച്ചാൽ മതി. വ്യാഴാഴ്ചകളിലും നരസിംഹജയന്തി ദിവസവും വിഷ്ണു – നരസിംഹ മൂർത്തി ക്ഷേത്രദർശനവും അരയാൽ പ്രദക്ഷിണവും നരസിംഹമൂർത്തി മന്ത്ര ജപവും നടത്തുന്നത് ശത്രുക്കളുടെ ഉപദ്രവങ്ങൾ കുറയ്ക്കുന്നതിനും വ്യാപാരത്തിലെയും മറ്റ് കർമ്മ രംഗങ്ങളിലെയും എതിരാളികളുടെ ഉപദ്രവങ്ങൾ കുറയുന്നതിനും നല്ലതാണ്.

ശത്രുദോഷശാന്തിക്ക് പാനകം
പാനകമാണ് നരസിംഹമൂർത്തിയുടെ നിവേദ്യം. ശത്രു ദോഷശാന്തിയാണ് ഈ വഴിപാടിന്റെ പ്രധാന ഫലം. ചെറുപയർ വഴിപാട് നടത്തിയാൽ തടസങ്ങൾ മാറും. രക്തപുഷ്പാഞ്ജലി കഴിച്ചാൽ ദൃഷ്ടി, ശത്രു, ഗ്രഹ ദോഷങ്ങൾക്ക് ശാന്തി ലഭിക്കും. പുരുഷസൂക്താർച്ചന, ഐശ്വര്യം സമ്മാനിക്കും. ശർക്കരപായസം മന:ശാന്തിയേകും. ഇഷ്ടസിദ്ധിക്ക് നേദിക്കുന്നത് പാൽപ്പായസമാണ്. തുളസിമാല പാപമോചനവും ചുവന്നമാലയും ചുവന്നപട്ടും ആഭിചാരദോഷ ശാന്തിയേകും.

നരസിംഹമൂർത്തി മന്ത്രം
ഉഗ്രം വീരം മഹാവിഷ്ണും
ജ്വലന്തം സർവതോ മുഖം
നൃസിംഹം ഭീഷണം ഭദ്രം
മൃത്യു മൃത്യും നമാമ്യഹം

വ്രതമെടുത്ത് നരസിംഹമൂർത്തിയെ പ്രീതിപ്പെടുത്താൻ താല്പര്യപ്പെടുന്നവർ ബ്രഹ്മചര്യം പാലിച്ച് മത്സ്യ മാംസാദികൾ ഉപേക്ഷിച്ച് തലേ ദിവസം മുതൽ വ്രതമെടുക്കണം. 108 ഓം നമോ നാരായണായ നമ: ജപിച്ചുകൊണ്ട് ക്ഷേത്രത്തിന് 7 പ്രദക്ഷിണവും അരയാലിന് 7 പ്രദക്ഷിണം വച്ച ശേഷം വ്രതമെടുക്കുന്നവർ നരസിംഹമൂർത്തി മന്ത്രം 36 തവണ ജപിക്കണം. കടുത്ത ശത്രുദോഷമാണെങ്കിൽ 41 ദിവസം കഠിനവ്രതത്തോടെ ദിവസവും 108 തവണ വീതം നരസിംഹമൂർത്തി മന്ത്രം ജപിക്കുക.

ALSO READ

ലക്ഷ്മീ നരസിംഹമന്ത്രം ധനലബ്ധിക്ക്
ലക്ഷ്മീ നരസിംഹമന്ത്രജപം ധനലബ്ധിക്ക് ഉത്തമമാണ്. 86 തവണ വീതം 36 ദിവസം മന്ത്രോപദേശം നേടി ജപിച്ചാൽ ധനലാഭം, പ്രശസ്തി ഐശ്വര്യം എന്നിവയാണ് ഫലം. പരീക്ഷവിജയം, ഓർമ്മശക്തി ബുദ്ധിശക്തി വർദ്ധിക്കുന്നതിനും നരസിംഹപൂജ നല്ലതാണ്. 108 തവണ വീതം ജപിക്കുക. 28 ദിവസത്തെ ജപം കൊണ്ട് അത്ഭുതഫലം ലഭിക്കും. തൊഴിൽ വിജയത്തിനും കർമ്മരംഗത്ത് അസൂയാവഹമായ നേട്ടത്തിനും നരസിംഹ മൂർത്തിയെ ആശ്രയിക്കാം. 28 ദിവസം 28 തവണ വീതം ജപിക്കണം. വ്രതം വേണം. എന്നും ജപിക്കാം:
ഓം നമോ നാരസിംഹായ
നാരായണായ മധുസൂദനായ
ലക്ഷ്മീ പ്രിയായ
നാരസിംഹായ നമഃ

ശ്രീലക്ഷ്മീ നരസിംഹ സ്തോത്രം
എതിരാളികളുടെ ശല്യം മൂലം ബുദ്ധിമുട്ടുന്നവരും അകാരണ ഭയം, ഉത്കണ്ഠ, ആശങ്ക, ആത്മവിശ്വാസം ഇല്ലായ്മ എന്നിവയുടെ പിടിയിലായവരും ശത്രുക്കളുടെ ഉപദ്രവങ്ങൾ കാരണം പെറുതിമുട്ടിയിരിക്കുന്നവരും വിവാഹാലോചനകൾ ഒന്നും ശരിയാകാത്തതിൽ വിഷമിക്കുന്നവരും വ്യാപാരത്തിലും വ്യവസായത്തിലും മറ്റ് കർമ്മരംഗങ്ങളിലും വിഷമങ്ങൾ നേരിടുന്നവരും ശ്രീ ലക്ഷ്മീനരസിംഹ കരാവലംബ സ്തോത്രം ജപിച്ചാൽ പ്രത്യേകിച്ച് സന്ധ്യാവേളയിൽ ഇതിൽ നിന്നെല്ലാം മോചനം ലഭിക്കുമെന്ന് വിശ്വസിക്കുന്നു. വ്രതമെടുത്തു പ്രാർത്ഥിച്ചാൽ വേഗം ഫലം ലഭിക്കും. പ്രസിദ്ധ ഗായകൻ മണക്കാട് ഗോപൻ ആലപിച്ച ശ്രീ ലക്ഷ്മീനരസിംഹ കരാവലംബ സ്തോത്രം കേൾക്കാം:


തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി,
+91 094-470-20655

Story Summary Significance of Narasimha Murthy Worshipping

(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . ആത്മീയ- ജ്യോതിഷ വാര്‍ത്തകള്‍ക്ക്, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക: AstroG App .)

Copyright @ 2026 NeramOnline.com . All rights reserved.

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?