ഭദ്രകാളി ആരാധനയ്ക്ക് ഏറ്റവും ഉത്തമ ദിവസമായ കുംഭഭരണി 2026 ഫെബ്രുവരി 23 തിങ്കളാഴ്ചയാണ്. ദേവിയുടെ വ്യത്യസ്ത ഭാവങ്ങളിൽ അത്യുഗ്രരൂപമാണ് ഭദ്രകാളി. ലക്ഷ്മിയും, സരസ്വതിയും, പാർവതിയും, ദുർഗ്ഗയും ഭദ്രകാളിയും എല്ലാം ഒന്നു തന്നെയാണ് ; ഒരേ മൂർത്തിയുടെ വിവിധ ഭാവങ്ങൾ മാത്രം. സമസ്ത ലോകത്തിന്റെയും സർവ്വ ജീവജാലങ്ങളുടെയും മാതാവായ ആദിപരാശക്തിയുടെ വിവിധരൂപങ്ങളാണ് ഇവയെല്ലാം. അതിനാൽ ഭഗവതി ഉപാസനയിലൂടെ സാധിക്കാൻ കഴിയാത്തതായി ഒന്നും തന്നെയില്ല.
ദാരിക നിഗ്രഹത്തിന് അവതരിച്ച ദേവി
ദാരികൻ എന്ന അസുരൻ പ്രപഞ്ചത്തെ മുഴുവനും ഭരിക്കുകയും സജ്ജനങ്ങളെയും ഋഷികളെയും ദേവന്മാരെയുമെല്ലാം പീഡിപ്പിക്കുകയും ചെയ്തു. ദാരിക നിഗ്രഹത്തിനായി ശിവന്റെ തൃക്കണ്ണിൽ നിന്നും ഭദ്രകാളി അവതരിച്ചു. നെറ്റിക്കണ്ണിൽ നിന്നല്ല, ജടയിൽ നിന്നാണ് എന്നും ഒരു വിശ്വാസമുണ്ട്. ദാരികനുമായി ഘോരയുദ്ധം ചെയ്ത ഭദ്രകാളിയിലേക്ക് സമസ്ത ദേവചൈതന്യവും ഒത്തുചേർന്നു. വേതാളത്തിന്റെ പുറത്തേറിയ ഉഗ്രസംഹാരിണിയായ ഭദ്രകാളി ദാരികനെ നിഗ്രഹിച്ച് ലോകത്തെ രക്ഷിച്ചു. ഇപ്രകാരം നടന്ന ധർമ്മവിജയത്തിന്റെ ആഘോഷ ദിനമാണ് കുംഭഭരണിയെന്നും അഭിപ്രായമുണ്ട്. സതീദേവിയുടെ ആത്മാഹൂതിക്ക് കാരണമായ ദക്ഷനെ ഭദ്രകാളി നിഗ്രഹിച്ച ദിനമാണ് കുംഭഭരണി എന്ന് മറ്റൊരു സങ്കല്പം. സങ്കല്പം എന്തായാലും അധർമ്മത്തെ നിഗ്രഹിച്ച് ദേവി പ്രപഞ്ചത്തെ സംരക്ഷിച്ചതിന്റെ ഓർമ്മ പുതുക്കലാണ് കുംഭഭരണി എന്ന് സാരം. കുംഭഭരണി തുടങ്ങി മീനഭരണി വരെയുള്ള ദിനങ്ങളിൽ യുദ്ധം ചെയ്തതെന്നും മീനഭരണി ദിവസമാണ് ശത്രുസംഹാരം നടത്തിയതെന്നും മറ്റൊരു സങ്കല്പവുമുണ്ട്.
ശത്രുസംഹാരം അവതാര ലക്ഷ്യം
പ്രധാനമായും ശത്രുസംഹാരമാണ് കുംഭഭരണിയുടെ ലക്ഷ്യം. നാമെല്ലാം ഓരോ വിധത്തിൽ ദു:ഖിക്കുന്നു. നമ്മെ ബാധിച്ചിരിക്കുന്ന പലവിധത്തിലുള്ള ശത്രുദോഷങ്ങളെ മാറ്റി രക്ഷിക്കുന്നതിനായി കുംഭഭരണിനാളിൽ ദേവിയോട് പ്രാർത്ഥിക്കാം. കുംഭഭരണിക്ക് ദേവിക്ഷേത്രങ്ങളിലെല്ലാം വിപുലമായ പ്രാർത്ഥനകൾ ആചാരങ്ങൾ നടത്താറുണ്ട്. മുടിയേറ്റ്, തോറ്റംപാട്ട്, കളംഎഴുത്തും പാട്ട്, പടയണി തുടങ്ങി വ്യത്യസ്തമായി പലയിടത്തും ആചരിച്ചു വരുന്നു. ചെട്ടികുളങ്ങര പോലുള്ള ധാരാളം മഹാക്ഷേത്രങ്ങളിൽ ശ്രദ്ധേയമായ ചടങ്ങുകൾ നടത്തുന്നു. ദാരികവധം നടത്തിയ ഭദ്രകാളിയുടെ വിജയാഹ്‌ളാദങ്ങളാണ് ഇത്തരം ആഘോഷങ്ങളെല്ലാം. ദാരികനുമായുള്ള യുദ്ധത്തിന്റെ ഐതിഹ്യം ഇത്തരം ആചാരങ്ങളിലൂടെ തോറ്റം പാട്ടുകളിലൂടെ ഭക്തർ പാടി പുകഴ്ത്തുന്നു. കാവടിയും അമ്മൻകുടവും വേലകാഴ്ചകളും എല്ലാം ദേവിയുടെ വിജയത്തിന്റെ ആഹ്‌ളാദസൂചനയാണ്. ലക്ഷാർച്ചന, കലശപൂജ, പന്തീരായിരം പുഷ്പാഞ്ജലി, വിശേഷ അഭിഷേകങ്ങൾ താലപ്പൊലി എന്നിവയും ഈ ദിവസം ക്ഷേത്രങ്ങളിൽ നടത്തുന്നു.
അതിവേഗം ഫലം ലഭിക്കും
കുംഭഭരണി ദിവസം നടത്തുന്ന ഉപാസനകൾക്കും ഭദ്രകാളി ക്ഷേത്രങ്ങളിൽ നടത്തുന്ന വഴിപാടുകൾക്കും അതിവേഗം ഫലം ലഭിക്കും. വളരെ ശക്തിയുള്ള മന്ത്രങ്ങളാണ് ഭദ്രകാളി ഉപാസനാ വിധികളിലുള്ളത്. പ്രത്യേകിച്ച് കുടുംബ ദേവതകൾ പ്രീതിപ്പെടാൻ ഭദ്രകാളി ഭജനം അതി വിശേഷമാണ്. ഭദ്രകാളി മന്ത്രങ്ങൾ ചിട്ടയോടെയും നിഷ്ഠയോടെയും ജപിച്ചാൽ വളരെ വേഗം ഫലം ലഭിക്കും. സാത്വിക ഭാവത്തിലൂടെ ആറു മാസം കൊണ്ടും രജോഗുണഭാവത്തിലൂടെ മൂന്നു മാസം കൊണ്ടും തമോഗുണഭാവത്തിലൂടെ ഒരു മാസം കൊണ്ടും ഭദ്രകാളിയെ പ്രീതിപ്പെടുത്താം. ഭദ്രകാളീപ്രീതിക്ക് വേണ്ടി സാധാരണക്കാർക്ക് എളുപ്പം ചെയ്യാവുന്ന കാര്യം ക്ഷേത്രങ്ങളിൽ വഴിപാട് നടത്തി പ്രാർത്ഥിക്കുകയാണ്. ഭദ്രകാളീ പ്രീതിക്ക് ചെയ്യാവുന്ന പ്രധാന വഴിപാടുകൾ കടുംപായസം, കുങ്കുമാർച്ചന, സഹസ്രനാമ പുഷ്പാഞ്ജലി, ഗുരുതി പുഷ്പാഞ്ജലി, എണ്ണ അഭിഷേകം, പട്ടുംതാലിയും സമർപ്പിക്കുക എന്നിവയാണ്. കുംഭഭരണിപ്പറ്റിയും ഈ വഴിപാടുകൾ സംബന്ധിച്ചും കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണാം:
സംശയ നിവാരണത്തിനും
മന്ത്രോപദേശത്തിനും ബന്ധപ്പെടുക:
തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി,
+91 09447020655
Summary: Benefits of offerings to Bhadrakali on Kumbha Bharani
ALSO READ
(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . ആത്മീയ- ജ്യോതിഷ വാര്‍ത്തകള്‍ക്ക്, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക: AstroG App .)
Copyright @ 2026 NeramOnline.com . All rights reserved.