ഭദ്രകാളി പ്രീതി നേടി ദോഷശാന്തി കൈവരിച്ച് ജീവിത വിജയം നേടാൻ ഏറ്റവും അനുകൂലമായ ദിവസമാണ് മീനഭരണി. മീനമാസത്തിലെ ഏറ്റവും പ്രധാന വിശേഷമായ മീനഭരണി ഇത്തവണ 2026 മാർച്ച് 22 ഞായറാഴ്ചയാണ്. കൊടുങ്ങല്ലൂർ, ശാർക്കര , കന്യാകുമാരി ജില്ലയിലെ കൊല്ലങ്കോട് എന്നീ പ്രസിദ്ധ ഭദ്രകാളി ക്ഷേത്രങ്ങളിൽ മീനഭരണി സുപ്രധാനമാണ്.
നൂറ്റിയെട്ട് ശക്തിപീഠങ്ങളിൽ ഒന്ന്
ദുഷ്ട സങ്കല്പമായ തിന്മയ്ക്കുമേൽ കാളീ സങ്കല്പമായ നന്മയുടെ വിജയം ക്ഷേത്രാചാരങ്ങളിൽ ദൃശ്യമാകുന്ന ദിനം കൂടിയാണ് മീനഭരണി. കൊടുങ്ങല്ലൂർ ഭഗവതി ക്ഷേത്രത്തിലെ ലോക പ്രശസ്ത ആഘോഷമാണിത്. കേരളത്തിലെ ഭദ്രകാളി ക്ഷേത്രങ്ങളുടെയെല്ലാം മൂലസ്ഥാനമായി കണക്കാക്കുന്നത് കൊടുങ്ങല്ലൂർ ശ്രീ കുരുംബ ഭഗവതി ക്ഷേത്രമാണ്. വടക്ക് ദർശനമായ ശ്രീകോവിലിൽ എട്ടുകൈകളോടും വലതുകാൽ മടക്കി ഇടതുകാൽ തൂക്കിയിട്ട് ദേവി അധിവസിക്കുന്നു. കിഴക്ക് ദർശനമായി ശിവനും പ്രതിഷ്ഠയുണ്ട്. ഉഗ്രരൂപിണിയും അതേ സമയം ഭക്താഭീഷ്ടദായിനിയുമായ ഭദ്രകാളിയാണ് പ്രധാന പ്രതിഷ്ഠ. ഭാരതത്തിലെ നൂറ്റിയെട്ട് ശക്തിപീഠങ്ങളിൽ ഒന്നായും കൊടുങ്ങല്ലൂർ ശ്രീകുരുംബക്ഷേത്രത്തെ കണക്കാക്കുന്നു.
ദാരിക നിഗ്രഹത്തിന് അവതരിച്ച ദേവി
ഈ ക്ഷേത്രത്തിൽ നിന്ന് ആവാഹിച്ചു കൊണ്ടുവന്നതോ, കൊടുങ്ങല്ലൂർ അമ്മയെ സങ്കല്പിച്ചു പ്രതിഷ്ഠിച്ചതോടെ ആയ നിരവധി ഭദ്രകാളി ക്ഷേത്രങ്ങൾ കേരളത്തിലെമ്പാടുമുണ്ട്. ഈ ക്ഷേത്രങ്ങളുടെ എല്ലാം അടിസ്ഥാന പ്രതിഷ്ഠയായി കാണുന്നത് കൊടുങ്ങല്ലൂർ ക്ഷേത്രത്തെയാണ്. ദാരിക നിഗ്രഹത്തിന് അവതരിച്ച ഭദ്രകാളി സ്വരൂപമാണ് കൊടുങ്ങല്ലൂർ ക്ഷേത്രത്തിൽ കൊടുങ്ങല്ലൂരമ്മയായി, പുണ്യ പ്രദായിനിയായി കുടികൊള്ളുന്നത്.
ദുരിതദു:ഖങ്ങൾ അകറ്റാം
മീനഭരണി ദിവസം ഭക്ത്യാദരവോടെ കാളീമന്ത്രങ്ങൾ ഉരുവിട്ട് പ്രാർത്ഥനയിൽ മുഴുകുകയും ഭദ്രകാളി ക്ഷേത്രങ്ങളിൽ ദർശനം നടത്തി അമ്മയെ തൊഴുകയും വ്രതം അനുഷ്ഠിക്കുകയും ചെയ്താൽ
രോഗക്ലേശങ്ങൾ ഉൾപ്പെടെയുള്ള എല്ലാ ദുരിതങ്ങളും ദുഃഖങ്ങളും അകന്ന് സർവ്വൈശ്വര്യങ്ങളും മനോബലവും വർദ്ധിക്കുമെന്നാണ് വിശ്വാസം.
കോഴിക്കല്ല് മൂടിയാൽ ഭരണിപ്പാട്ട്
കുംഭത്തിലെ ഭരണി നക്ഷത്രദിവസം കൊടുങ്ങല്ലൂരമ്മയുടെ തിരുവുത്സവമായ മീനഭരണിക്ക് കൊടിയേറും. കൊടിമരമില്ലാത്ത ഈ ക്ഷേത്രത്തിൽ ആൽമരത്തിലാണ് കൊടികയറുന്നത്. കുംഭഭരണിനാൾ ഉച്ചയ്ക്ക് മുമ്പാണ് കൊടിയേറ്റം. ചെറുഭരണി എന്നാണ് ഈ ദിവസം അറിയപ്പെടുന്നത്. ഉത്സവ ഭാഗമായി മീനത്തിലെ തിരുവോണത്തിന് കോഴിക്കല്ല് മൂടൽ എന്ന ചടങ്ങുണ്ട്. ഭദ്രകാളി–ദാരിക യുദ്ധത്തിൽ അസുരന്മാരെ കൊന്നൊടുക്കുന്നതിന്റെ പ്രതീകമായി ദിവസംതോറും ഓരോ അങ്കക്കോഴിയെ മുമ്പ് ബലി കൊടുത്തിരുന്നു. അന്ന് കോഴിവെട്ടിന് ഉപയോഗിച്ചിരുന്ന രണ്ടു കല്ലുകളാണ് കോഴിക്കല്ലുകൾ. കോഴിക്കല്ല് മൂടിക്കഴിഞ്ഞാൽ ഭരണിപ്പാട്ട് തുടങ്ങും. 41 ദിവസത്തെ വ്രതമെടുത്ത് കുടുംബാംഗങ്ങൾ ഒരുമിച്ചാണ് ഭരണിപ്പാട്ട് പാടുന്നത്. അഹല്യാമോക്ഷം തുടങ്ങിയ പുരാണകഥകളെ ആസ്പദമാക്കിയാണ് ഭരണിപ്പാട്ട് രചിച്ചിരിക്കുന്നത്. ദേവീസന്നിധിയിൽ വച്ച് മനസ്സിലെ മാലിന്യം മുഴുവൻ അകറ്റി പരിശുദ്ധമാകുക എന്നതാണ് ഈ അനുഷ്ഠാനത്തിന്റെ ലക്ഷ്യം.
രേവതി വിളക്ക് ദർശനം പ്രധാനം
രേവതി വിളക്ക്, തൃച്ചന്ദനച്ചാർത്ത് അശ്വതി കാവുതീണ്ടൽ തുടങ്ങിയവയും മീനഭരണിയുടെ വിശേഷങ്ങളാണ്. രേവതി ദിവസം ഭഗവതിക്ക് ഏറ്റവും വിശേഷമാണ്. അന്ന് സന്ധ്യക്ക് ഭഗവതിയെ ദർശിച്ച് തൊഴുത് പ്രാർത്ഥിച്ചാൽ സർവ്വദോഷങ്ങളും അകന്ന് ഭഗവതിയുടെ അനുഗ്രഹവും ഒപ്പം ആഗ്രഹസാഫല്യവും കൈവരും. അശ്വതി ദിവസമാണ് തൃച്ചന്ദനച്ചാർത്ത്. അതീവ താന്ത്രിക പ്രാധാന്യമുള്ള വിശേഷ പൂജയാണിത്. തൃച്ചന്ദനച്ചാർത്ത് പൂജക്കായി അവകാശികളും പൂജയ്ക്ക് ഉപയോഗിക്കുന്ന രഹസ്യ മന്ത്രങ്ങൾ പകർന്നുകിട്ടിയവരുമായ അടികൾമാർ ഈറനണിഞ്ഞ് കിഴക്കേ നടയിലെത്തി വലിയ തമ്പുരാന്റെ അനുവാദം വാങ്ങി ശ്രീകോവിലിന് ഉള്ളിൽ പ്രവേശിച്ച് രഹസ്യമന്ത്രങ്ങൾ ഉരുക്കഴിച്ച് തൃച്ചന്ദച്ചാർത്ത് പൂജ നടത്തും. പൂജ കഴിഞ്ഞ് അടികൾമാരും ക്ഷേത്ര അധികൃതരും പുറത്തിറങ്ങിയാൽ വലിയ തമ്പുരാൻ കാവുതീണ്ടലിന് അനുവാദം നല്കും. തുടർന്ന് ഭക്തി പാരമ്യത്തോടെ സ്വയംമറന്ന് ഉറഞ്ഞുതുള്ളി കോമരക്കൂട്ടങ്ങളും ഭക്തജനങ്ങളും ക്ഷേത്രത്തിന്റെ ചെമ്പോലത്തകിടിൽ മുളംതണ്ടുകളാൽ ആഞ്ഞടിച്ചും വഴിപാടുകൾ എറിഞ്ഞും ഭക്തിയുടെ അലയൊലികൾ സൃഷ്ടിച്ച് മൂന്നു പ്രാവശ്യം ക്ഷേത്ര പ്രദക്ഷിണം ചെയ്ത് അശ്വതി കാവ് തീണ്ടൽ പൂർത്തിയാക്കും.
ALSO READ
പ്രസിദ്ധ താന്ത്രിക – മാന്ത്രിക ആചാര്യൻ പുതുമന മഹേശ്വരൻ നമ്പൂതിരി മീന ഭരണി ആചരണത്തെപ്പറ്റി വിശദമാക്കുന്ന വീഡിയോ കാണാം:
ജോതിഷി പ്രഭാ സീന സി പി
(മൊബൈൽ: 91 9961 442256, 989511 2028
ഹരിശ്രീ, മമ്പറം പി.ഒ, പിണറായി കണ്ണൂർ,
Email : prabhaseenacp@gmail.com)
Story Summary: Kodungalloor MeenaBharani rituals and celebrations
(നേരം ഓൺ ലൈൻ വാട്സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്സ്ആപ്പ് നമ്പർ : + 91 81380 15500 . ആത്മീയ- ജ്യോതിഷ വാര്ത്തകള്ക്ക്, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്ലോഡ് ചെയ്യുക: AstroG App .)
Copyright @ 2026 NeramOnline.com . All rights reserved.