കന്യാകുമാരി ജില്ലയിലെ കൊല്ലങ്കോട് ശ്രീ ഭദ്രകാളി ദേവീ ക്ഷേത്രത്തിൽ മീനഭരണി മഹോത്സവത്തിന് മാർച്ച് 12 വെള്ളിയാഴ്ച കൊടിയേറ്റം നടക്കും. ഇതോടനുബന്ധിച്ച് നടത്തുന്ന ലോകപ്രസിദ്ധമായ വഴിപാടാണ് കൊല്ലങ്കോട് തൂക്കം. മക്കളുടെ സൗഖ്യത്തിനായി മാതാപിതാക്കൾ നടത്തുന്ന നേർച്ചയാണിത്. വില്ലിൽ കെട്ടിയുയർത്തുന്ന തൂക്കക്കാർ കുട്ടികളെ കൈകളിൽ ഏന്തി ക്ഷേത്രത്തിന് ചുറ്റും വലംവെക്കുന്നു. തൂക്കക്കാരുടെ എണ്ണം ഓരോ വർഷവും വർദ്ധിച്ചു വരുന്നു. കഴിഞ്ഞ വർഷം ഏകദേശം 1200 കുഞ്ഞുങ്ങളെ തൂക്കിയിരുന്നു. മീനഭരണി നാൾ
പുലർച്ചെ ആരംഭിച്ച് അടുത്ത പുലർച്ചെ വരെ നീളുന്ന ദീർഘമായ ചടങ്ങാണിത്. ദാരിക നിഗ്രഹം കഴിഞ്ഞിട്ടും ദേവിയുടെ കോപം ശമിപ്പിക്കാനാണ് ഈ വഴിപാട് നടത്തുന്നത് എന്ന് വിശ്വസിക്കുന്നു.
ഭഗവതി മൂന്ന് ഭാവങ്ങളിൽ
കന്യാകുമാരി ജില്ലയിലെ തീരദേശഗ്രാമമാണ്
കൊല്ലങ്കോട്. ഇവിടെ രണ്ട് മുടികളിൽ കുടികൊള്ളുന്ന കൊല്ലങ്കോട്ടമ്മയ്ക്ക് വട്ടവിള വെങ്കഞ്ഞി എന്നീ രണ്ടു ദേശങ്ങളിലായി രണ്ട് മുടിപ്പുരകളുമുണ്ട്. മൂലക്ഷേത്രമായ വട്ടവിള മുടിപ്പുരയിലാണ് നിത്യപൂജ. തൂക്കമഹോത്സവം നടക്കുന്ന 10 ദിവസങ്ങളിലും ഒന്നിടവിട്ട വർഷങ്ങളിൽ വൃശ്ചിക ചിറപ്പ് നടക്കുന്ന 41 ദിവസവും ഭഗവതി വെങ്കഞ്ഞി ക്ഷേത്രത്തിൽ കുടിയിരിക്കും. മഹാകാളി, മഹാലക്ഷ്മി, മഹാസരസ്വതി തുടങ്ങിയ മൂന്ന് ഭാവങ്ങളിലും ഭഗവതി ഇവിടെ ആരാധിക്കപ്പെടുന്നു.

പത്താമുദയത്തിന് പൊങ്കാല
തെക്കൻ തിരുവിതാംകൂറിലെ ഏറ്റവും പ്രസിദ്ധമായ ഉത്സവങ്ങളിലൊന്നാണ് കൊല്ലങ്കോട് തൂക്കം. ഇതിന് വേണ്ടി വട്ടവിള ക്ഷേത്രത്തിൽ നിന്നും ദേവി വെങ്കഞ്ഞി മുടിപ്പുരയിലേയ്ക്ക് എഴുന്നള്ളുന്നു. തുടർന്ന് 10 ദിവസം അവിടെ ഉത്സവം നടക്കുന്നു. പത്താം ഉത്സവദിനമായ മീന ഭരണി നാളിലാണ് തൂക്ക മഹോത്സവം. വട്ടവിള മുടിപ്പുരയിൽ പത്താമുദയത്തിനു ഭക്തജനങ്ങൾ ഭഗവതിക്ക് പൊങ്കാല നിവേദ്യം അർപ്പിക്കുന്നു. അന്ന് ദേവിക്ക് ലക്ഷാർച്ചനയും നടക്കുന്നു. 12 വർഷം
കൂടുമ്പോഴാണ് കൊല്ലങ്കോട് കാളിയൂട്ട് നടക്കുന്നത്. വട്ടവിള മുടിപ്പുരയ്ക്കടുത്തുള്ള കരിവട്ടം വയലിൽ താത്കാലിക മുടിപ്പുര നിർമ്മിച്ചാണ് കാളിയൂട്ട് ഉത്സവം നടത്തുന്നത്.
ക്ഷേത്രഭരണം
വലിയവീട്, കാടാക്കുറിച്ചി, കോവിൽ വിളാകം ഇടവിളാകം, കടയാംതോട്ടം, റാവം, കുറ്ററ, നെടുവിള, കുട്ടമംഗലം, പള്ളിത്തോട്ടം, ചാത്തറ എന്നീ 11 കുടുംബങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടവരാണ് ക്ഷേത്രഭരണം നിർവ്വഹിക്കുന്നത്. കൊല്ലങ്കോട് മുടിപ്പുര ഭരണകാര്യങ്ങൾ കൈകാര്യം ചെയ്ത സ്ഥാനിമാരിൽ പ്രമുഖനായിരുന്നു ഇലുപ്പമൂട്ടിൽ നാരായണപിള്ള. വളരെ വർഷങ്ങൾക്കു മുൻപ് കൊല്ലങ്കോട് പഴയ മുടിപ്പുര അഗ്നിക്കിരയായത്രേ. തുടർന്ന് നാരായണ പിള്ളയുടെ നേതൃത്വത്തിൽ മുടിപ്പുര നവീകരിച്ചു. കൊല്ലങ്കോട് മുടിപ്പുരയിൽ ലിഖിതമായ ഭരണഘടന നിലവിൽ വന്നതും ഇദ്ദേഹത്തിന്റെ കാലഘട്ടത്തിലാണ്. കൊല്ലവർഷം 1126 ചിങ്ങമാസം 17 ന് കൊല്ലങ്കോട് സബ് രജിസ്റ്റർ ഓഫീസിൽ ഭരണ ഉടമ്പടി രജിസ്റ്റർ ചെയ്തു. നാരായണ പിള്ളയുടെ പൗത്രി കൂടിയായ കരുത്തിലവാടി ഓമന അമ്മ രചിച്ച് സകേതം പബ്ലിക്കേഷൻ പ്രസിദ്ധീകരിച്ച ‘കൊല്ലങ്കോട്ടമ്മ’ എന്ന പുസ്തകത്തിൽ ഇദ്ദേഹത്തെക്കുറിച്ച് പറയുന്നുണ്ട്.
കൊല്ലങ്കോട് മീനഭരണി
തൂക്ക മഹോത്സവം: പ്രധാന ദിനങ്ങൾ
മാർച്ച് 13 – വെള്ളി: തൃക്കൊടിയേറ്റ്.
മാർച്ച് 15 – ഞായർ: തൂക്കക്കാരുടെ വൈദ്യപരിശോധന.
മാർച്ച് 16 – തിങ്കൾ: തൂക്കനേർച്ച നറുക്കെടുപ്പ്.
മാർച്ച് 21 – ശനി: വണ്ടിയോട്ടം.
മാർച്ച് 22 – ഞായർ: കൊല്ലങ്കോട് തൂക്കം
ALSO READ
ഭദ്രകാളിപ്പത്ത്
പ്രസിദ്ധ ഗായകൻ മണക്കാട് ഗോപൻ ആലപിച്ച ഭദ്രകാളിപ്പത്ത് കേൾക്കാം:
Story Summary: Kollamkodu Sri Bhadrakali Temple is gearing for Meena Bharani Thukkam
Highlights
മൂലക്ഷേത്രമായ വട്ടവിള മുടിപ്പുരയിലാണ്
കൊല്ലങ്കോട് അമ്മയുടെ നിത്യപൂജ
തൂക്കമഹോത്സവം നടക്കുന്ന 10 ദിവസം
ഭഗവതി വെങ്കഞ്ഞി ക്ഷേത്രത്തിൽ
മഹാകാളി, മഹാലക്ഷ്മി, മഹാസരസ്വതി
ഭാവങ്ങളിൽ ദേവിയെ ആരാധിക്കുന്നു
(നേരം ഓൺ ലൈൻ വാട്സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്സ്ആപ്പ് നമ്പർ : + 91 81380 15500 . ആത്മീയ- ജ്യോതിഷ വാര്ത്തകള്ക്ക്, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്ലോഡ് ചെയ്യുക: AstroG App .)
Copyright @ 2026 NeramOnline.com . All rights reserved.