Saturday, March 21, 2026
Saturday, March 21, 2026
Home » തിങ്കളാഴ്ച ശബരിമല തൃക്കൊടിയേറ്റ് ശനിദുരിതം മാറ്റാൻ ഇപ്പോൾ ചെയ്യേണ്ടത്

തിങ്കളാഴ്ച ശബരിമല തൃക്കൊടിയേറ്റ് ശനിദുരിതം മാറ്റാൻ ഇപ്പോൾ ചെയ്യേണ്ടത്

by NeramAdmin
0 comments

ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്ര ഉത്സവത്തിന് മാർച്ച് 23, മീനം 9 തിങ്കളാഴ്ച കൊടിയേറും. പത്തു ദിവസത്തെ ഉത്സവത്തിന് ഞായറാഴ്ച വൈകിട്ട് നട തുറക്കും. തിങ്കളാഴ്ച രാവിലെ തന്ത്രി മഹേഷ് മോഹനരുടെ കാർമ്മികത്വത്തിൽ ഉഷ പൂജ കഴിഞ്ഞ് രാവിലെ 10 മണിക്കും 11 മണിക്കും മദ്ധ്യേയുള്ള ശുഭ മുഹൂർത്തത്തിലാണ്. തൃക്കൊടിയേറ്റ് നടക്കുക. അയ്യപ്പ സ്വാമിയുടെ തിരുഅവതാരദിനമായ പൈങ്കുനി ഉത്രം നാളിൽ, ഏപ്രിൽ 1 ന് രാവിലെയാണ്
പമ്പയിൽ ശബരിഗിരീശന്റെ ആറാട്ട് . ഈ സമയത്ത് ഭക്തർക്ക് പറ വഴിപാടിന് സൗകര്യമുണ്ട്. ആറാട്ട് യാത്ര തിരിച്ച് സന്നിധാനത്ത് എത്തിക്കഴിഞ്ഞ് കൊടിയിറക്കം നടക്കും. തുടർന്ന് ഹരിവരാസനം പാടി നട അടയ്ക്കും.
ഉത്സവബലിയും ശീവേലിയും സേവയും ഉത്സവത്തിൻ്റെ ഭാഗമായി നടക്കും. മാർച്ച് 31 ന് രാത്രിയാണ് പളളിവേട്ട. ഉത്സവത്തിന് മാർച്ച് 22 ഞായറാഴ്ച വൈകിട്ട് 5 മണിക്ക് ശബരിമല നട തുറക്കും. മാർച്ച് 24 മുതൽ 30 വരെ എല്ലാ ദിവസവും ഉച്ചയ്ക്ക് ഉത്സവബലി ഉണ്ടാകും. ഉത്സവ കാലത്ത് ദർശനത്തിന് ഭക്തർക്ക് ശബരിമല വെർച്വൽ ക്യൂ വഴി മുൻകൂട്ടി ബുക്ക് ചെയ്യാം.

ഉപാസനകൾക്ക് അതിവേഗം ഫലം
ഭക്തർക്ക് ശനിദോഷ ദുരിതങ്ങൾ തീർക്കാൻ ഏറ്റവും നല്ല ദിവസമാണ് ശ്രീ അയ്യപ്പന്റെ അവതാര ദിവസമായ
മീനമാസത്തിലെ ഉത്രവും പൗർണ്ണമിയും അടുത്ത് വരുന്ന പൈങ്കുനി ഉത്രം. കലിയുഗ വരദനായ അയ്യപ്പസ്വാമിയെ പ്രീതിപ്പെടുത്താൻ മണ്ഡല മകരവിളക്ക് കാലം പോലെ ഉത്തമമാണ് 10 ദിവസത്തെ ശബരിമല ഉത്സവകാലവും. ഈ സമയത്തെ ഉപാസനകൾക്ക് അതിവേഗം ഫലസിദ്ധി
ലഭിക്കും.

ശനിദോഷ പരിഹാരം ചെയ്യാം
മീനത്തിലെ ഉത്രം ശബരിമലയിൽ മാത്രമല്ല എല്ലാ ശാസ്താ ക്ഷേത്രങ്ങളിലും വഴിപാടുകളും വിശേഷാൽ പൂജകളുമായാണ് ആചരിക്കുന്നത്. പൈങ്കുനി ഉത്രം നാളിലെ അയ്യപ്പദർശനത്തിനും വഴിപാടുകൾക്കും പൂജകൾക്കും സവിശേഷ ഫലസിദ്ധിയുണ്ട്. ശനിയുടെ അധിദേവതയായ, ഹരിഹരപുത്രനായ ധർമ്മ ശാസ്താവിൽ വിലയം പ്രാപിച്ച അയ്യപ്പനെ ഭജിച്ചാൽ ശനിദോഷങ്ങൾ ശമിക്കും. ശനിദോഷ പരിഹാരത്തിന് ശാസ്താക്ഷേത്രങ്ങളിൽ എല്ലാ ശനിയാഴ്ചയും ഉത്രം നക്ഷത്രത്തിലും മണ്ഡല , മകര വിളക്ക്, ഉത്സവ കാലത്തും നീരാജനം, എള്ളുപായസം വഴിപാട് വളരെ ഫലപ്രദമാണ്.

മന്ത്രം, ശാസ്താ സ്തുതി
ഈ വഴിപാടുകൾ നടത്തുന്നതിനൊപ്പം അയ്യപ്പന്റെ മൂലമന്ത്രവും ശാസ്താ സ്തുതിയും ശാസ്തൃ ഗായത്രിയും ശാസ്താ പഞ്ചരത്ന സ്തോത്രവും ശനിദോഷമുള്ളവർ പൈങ്കുനി ഉത്രം മുതൽ 21 ദിവസം തുടർച്ചയായി കഴിയുന്നത്ര തവണ ജപിക്കണം. ശങ്കരാചാര്യർ രചിച്ച ദിവ്യ സ്തോത്രമാണ് ശാസ്താ പഞ്ചരത്നം. ഇത് നിത്യേന ജപിക്കുന്നത് ശനിദോഷത്തിന് ഉത്തമ പരിഹാരമാണ്. ഈ സ്തുതി എന്നും ജപിക്കുന്ന ഭക്തരിൽ പ്രസാദിക്കുന്ന
ശാസ്താവ് എല്ലാ ഐശ്വര്യവും നൽകി അവരെ അനുഗ്രഹിക്കും എന്നാണ് ശാസ്താ പഞ്ചരത്നത്തിന്റെ ഫലശ്രുതിയിൽ പറയുന്നത് :

മൂലമന്ത്രം
ഓം ഘ്രൂം നമ: പരായ ഗോപ്ത്രേ

ALSO READ

ശാസ്താസ്തുതി
ഭൂതനാഥ സദാനന്ദ
സർവഭൂത ദയാപര
രക്ഷരക്ഷ മഹാബാഹോ
ശാസ്ത്രേ തുഭ്യം നമോനമഃ

ശാസ്തൃ ഗായത്രി
ഭൂതനാഥായ വിദ്മഹേ ഭവപുത്രായ ധീമഹി
തന്നോ ശാസ്താ പ്രചോദയാത്

ശാസ്താ പഞ്ചരത്ന സ്തോത്രം

പ്രസിദ്ധ ഗായകൻ മണക്കാട് ഗോപൻ ആലപിച്ച ശാസ്താ പഞ്ചരത്നം കേൾക്കാം :


ശാസ്താ പഞ്ചരത്ന സ്തോത്രം വരികൾ

ലോകവീരം മഹാപൂജ്യം
സര്‍വ്വരക്ഷാകരം വിഭും
പാര്‍വതീ ഹൃദയാനന്ദം
ശാസ്താരം പ്രണമാമ്യഹം

വിപ്രപൂജ്യം വിശ്വവന്ദ്യം
വിഷ്ണുശംഭു പ്രിയം സുതം
ക്ഷിപ്രപ്രസാദനിരതം
ശാസ്താരം പ്രണമാമ്യഹം

മത്തമാതംഗ ഗമനം
കാരുണ്യാമൃതപൂരിതം
സര്‍വ്വവിഘ്നഹരം ദേവം
ശാസ്താരം പ്രണമാമ്യഹം

അസ്മത് കുലേശ്വരം
ദേവമസ്മച്ഛത്രു വിനാശനം
അസ്മദിഷ്ട പ്രദാതാരം
ശാസ്താരം പ്രണമാമ്യഹം

പാണ്ഡ്യേശവംശതിലകം
കേരളേ കേളിവിഗ്രഹം
ആര്‍ത്തത്രാണപരം ദേവം
ശാസ്താരം പ്രണമാമ്യഹം

പഞ്ചരത്നാഖ്യമേതദ്യോ
നിത്യം ശുദ്ധ: പഠേന്നര:
തസ്യ പ്രസന്നോ ഭഗവാൻ
ശാസ്താവസതി മാനസേ

ജ്യോതിഷരത്നം വേണു മഹാദേവ്
മൊബൈൽ: +91 8921709017

Highlights
തിങ്കളാഴ്ച ഉഷ പൂജ കഴിഞ്ഞ് രാവിലെ
10 മണിക്കും 11 മണിക്കും മദ്ധ്യേ
തൃക്കൊടിയേറ്റ് നടക്കും

പൈങ്കുനി ഉത്രം നാളിൽ, ഏപ്രിൽ 1 ന് രാവിലെയാണ്
പമ്പയിൽ ആറാട്ട്

മാർച്ച് 24 മുതൽ 30 വരെ എല്ലാ ദിവസവും ഉച്ചയ്ക്ക് ഉത്സവബലി ഉണ്ടാകും

Story Summary: Sabarimala Trikodiyettu & Panguni Uthiram, The Day of incarnation of Lord Ayyappan

(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . ആത്മീയ- ജ്യോതിഷ വാര്‍ത്തകള്‍ക്ക്, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക: AstroG App .)

Copyright @ 2026 NeramOnline.com . All rights reserved.

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?