ഉഗ്രസ്വരൂപിണിയായ ഭദ്രകാളിയെ പൂജിക്കുന്നതിന് ഏറ്റവും ഫലപ്രദമായ ദിവസമാണ് മീനഭരണി. ധാരാളം ക്ഷേത്രങ്ങളിൽ ഈ ദിവസം ഉത്സവവും വിശേഷപൂജകളും നടത്താറുണ്ട്. ഗുരുതിക്കും ഈ ദിവസം ഏറെ പ്രധാനമാണ്. മാതൃ സവിശേഷമായ ആത്മബന്ധമുള്ള മറ്റൊരു മൂർത്തിയും
ഭക്തമാനസങ്ങളിലില്ല. വാത്സല്യരൂപിണിയായ ഭദ്രകാളി അധർമ്മത്തിന്റെ സംഹാരമൂർത്തിയുമാണ്. അതുകൊണ്ടാണ് ഭദ്രകാളിയെ ഉപാസിക്കുന്നവരുടെ ശത്രുദോഷവും ദൃഷ്ടിദോഷവും വേഗം അകലുന്നത്.
വ്രതചിട്ടകൾ
മീനഭരണിയുടെ തലേദിവസമായ മാർച്ച് 21 ന് വ്രതം തുടങ്ങണം. മത്സ്യമാംസാദിഭക്ഷണം ത്യജിച്ച് ബ്രഹ്മചര്യം പാലിക്കണം. പുല, മാസശുദ്ധി, വാലായ്മ തുടങ്ങിയവ ഉള്ളവർ വ്രതമെടുക്കരുത്. രണ്ട് നേരവും നെയ്‌വിളക്ക് കൊളുത്തി പ്രാർത്ഥിക്കണം. കാര്യസിദ്ധിയാണ് ഈ വ്രതത്തിന്റെ പ്രധാനഫലം. ഏതൊരു വിഷയത്തിലെയും തടസ്സമകലാൻ ഈ വ്രതം ഗുണകരമാണ്.
ഇഷ്ടകാര്യസിദ്ധിക്ക്
മൂലമന്ത്രജപം
വ്രതദിനങ്ങളിൽ 2 നേരം കുളിച്ച് മന്ത്രം ജപിക്കണം. ദേവിയുടെ ഏറ്റവും ശക്തിയുള്ളതും അത്ഭുതശക്തിയുള്ളതുമായ മൂലമന്ത്രങ്ങളാണ് ജപിക്കേണ്ടത്. ഓം ഐം ക്ലീം സൗ: ഹ്രീം ഭദ്രകാളിയെ നമഃ എന്ന മന്ത്രം 48 പ്രാവശ്യം 2 നേരവും ജപിക്കണം. കാര്യവിജയത്തിന് ശക്തിയുള്ള ഈ മന്ത്രം നിത്യജപത്തിനും നല്ലതാണ്. ശത്രുദോഷം മൂലം വരുന്ന ദുരിതമകറ്റാൻ ഈ മന്ത്രത്തിന് അത്ഭുതശക്തിയുണ്ട്. 12, 21, 41 തുടങ്ങി കഴിയും പോലെ ജപിക്കാം. ഭരണി ദിവസം ജപം തുടങ്ങുന്നത് ഉത്തമം. മകര ഭരണി തുടങ്ങി മീന ഭരണിവരെ ചെയ്യുന്നത് വേഗം ഫലം നൽകും.
ദുരിതശാന്തിക്ക്
ഭദ്രകാളി സൂക്തം
വേദമന്ത്രമായ ഭദ്രകാളിസൂക്തം ജപിച്ച് പുഷ്പാഞ്ജലി ചെയ്യുന്നത് ദുരിതങ്ങളകറ്റും. ക്ഷേത്രത്തിൽ ഉത്തമനായ ശാന്തിക്കാരനെ കൊണ്ട് പുഷ്പാഞ്ജലി ചെയ്യിക്കണം. തെച്ചിപ്പൂവ് ഗുരുതിയിൽ മുക്കി പുഷ്പാഞ്ജലി ചെയ്യുന്നത് പെട്ടെന്ന് ഫലം നൽകും. 12, 21, 36 തുടങ്ങി യഥാശക്തി ദിവസം ചെയ്യിക്കണം. ഉത്തമനായ കർമ്മിയെ കൊണ്ട് ചെയ്യിക്കണം.
വിദ്യാഗുണത്തിന്
ബാലാവാഗ്‌ദേവീ മന്ത്രം
ഐം ക്ലീം സൗ: എന്ന മന്ത്രം 108 പ്രാവശ്യം വീതം നിത്യം ജപിക്കുക. വിദ്യാർത്ഥികൾക്ക് ഓർമ്മ ശക്തിക്കും ബുദ്ധിവികാസത്തിനും ഗുണകരമാണ് . ഭരണിക്ക് തുടങ്ങി 21 ദിവസം ജപിക്കണം. ഉത്തമനായ കർമ്മിയെകൊണ്ട് ഈ മന്ത്രം ജപിച്ച് നെയ് പൂജിച്ച് വ്രതനിഷ്ഠയോടെ വിദ്യാർത്ഥികളെ കഴിപ്പിക്കണം. അതിരാവിലെ കുളിച്ച് വെറും വയറ്റിൽ വേണം നെയ് സേവിക്കാൻ. മന്ത്രം സ്വയം ജപിക്കാൻ ആഗ്രഹിക്കുന്നവർ ഗുരുവിൽ നിന്നും മന്ത്രദീക്ഷ സ്വീകരിക്കണം.
ശത്രുദോഷശാന്തിക്ക്
ഗുരുതിപൂജ
ദേവിയെ ഏറ്റവും ഉഗ്രരൂപത്തിൽ പൂജിക്കുന്ന ഗുരുതിപൂജ ശത്രുദോഷശാന്തിക്ക് ഏറ്റവും ഗുണകരം. പത്മത്തിൽ ദേവിയെ ആവാഹിച്ച് പൂജിക്കണം. ചുണ്ണാമ്പും മഞ്ഞളും ഇളനീരും ചേർത്ത് ഇളക്കി രക്തം പോലെയാക്കുന്നതിനാണ് ഗുരുതി എന്ന് പറയുന്നത്. പൂജാക്രിയയിലൂടെ ഈ ദ്രവ്യം ശുദ്ധമാക്കി 2 കൈ കൊണ്ട് തർപ്പിക്കണം. 36, 54, 108, 336, 1008 തുടങ്ങി യഥാശക്തി പ്രാവശ്യം മൂലമന്ത്രജപത്തോടെയാണ് തർപ്പിക്കേണ്ടത്. പൂജ പൂർത്തിയാക്കി പ്രസാദം ധരിക്കുക. ഭരണി, പൗർണ്ണമി, വെള്ളി, ചൊവ്വ, ഞായർ, കാർത്തിക, മകം എന്നീ ദിവസങ്ങൾ ഈ പൂജക്ക് ഏറെ ഉത്തമം. തികഞ്ഞ ഉപാസകനായ വ്യക്തിയെക്കൊണ്ട് വേണം ഈ കർമ്മം ചെയ്യിക്കാൻ. ഭരണി നാളിൽ തുടങ്ങി 21 ദിവസം തുടർച്ചയായി ചെയ്യണം. 7 ചൊവ്വ, 7 വെള്ളി എന്നിങ്ങനെ ചെയ്താലും മതി. സന്ധ്യക്ക് പടിഞ്ഞാറ് അഭിമുഖമായി ചുവപ്പോ വെള്ളയോ വസ്ത്രം ധരിച്ചിരുന്ന് പൂജ ചെയ്യണം.
ALSO READ
ഭയം മാറാൻ
കരിങ്കാളി പ്രാർത്ഥന
ഖഡ്ഗം കപാലം ത്രിശിഖം ത്രിനേത്രം
വജ്രം ദധാനാം ധൃതഭീമദംഷ്ട്രാം
അനേകശത്രോർ ഹൃദയം ഖനന്തീ
കൃഷ്ണനേ കാളീം സനതം ഭജാമി
ഈ മന്ത്രം മീനഭരണി നാളിൽ തുടങ്ങി നിത്യേന 3 പ്രാവശ്യം സന്ധ്യയ്ക്ക് ജപിക്കുക. ഭയം മാറും. ശത്രുദോഷം ശമിക്കും. മനോധൈര്യം വർദ്ധിക്കും. 21, 36 തുടങ്ങി യഥാശക്തിദിവസം ജപിക്കാം.
ഭസ്മജപത്തിന്
ഉഗ്രകാളികാമന്ത്രം
ഓം ഹ്രീം അഥർവ്വണകാളികായൈ ഉഗ്രായൈ ഉഗ്രപ്രഭായൈ ശത്രുസംഹാരിണ്യൈ ഹ്രീം ഹുംഫട്
ഈ മന്ത്രം 108 പ്രാവശ്യം ജപിച്ച് ഭസ്മം തയ്യാറാക്കുക. ഉപാസകനായ വ്യക്തിയെ കൊണ്ട് ഭസ്മം തയ്യാറാക്കണം. ഭയം, ദാരിദ്രം, രോഗം, കലഹം, സ്ഥലദോഷം, ദൃഷ്ടിദോഷം, ശത്രുദോഷം എന്നിവക്ക് ഉത്തമപരിഹാരമാണ് ഈ ഭസ്മം. ലഘുദോഷത്തിൽ ഒരു തവണ തയ്യാറാക്കുന്ന ഭസ്മം മതിയാകും. ദോഷാധിക്യത്തിൽ 3,5,7,9,12,18,21 പൊതി ഭസ്മം വേണ്ടിവരാം.
പാപശാന്തിക്ക്
കാളീ ഗായത്രി
”ഓം രുദ്രസുതായൈ വിദ്മഹേ
ശൂലഹസ്തായൈ ധീമഹേ
തന്നോ കാളീ പ്രചോദയാൽ”
അത്ഭുതശക്തിയുള്ള ഈ മന്ത്രം 84 പ്രാവശ്യം വീതം ഭരണി തുടങ്ങി 28 ദിവസം 2 നേരം ജപിക്കുക. പാപശാന്തിക്കും മുൻജന്മദോഷശാന്തിക്കും ഗുണകരം. രോഗാദി അരിഷ്ടതകൾ മാറുന്നതിനും നല്ലതാണ്. ജപവേളയിൽ ചുവന്ന വസ്ത്രം ധരിക്കണം.
സ്ഥലദോഷശാന്തിക്ക്
രക്തകാളീമന്ത്രം
‘ഓം രക്തായൈ
രക്തവസ്ത്രായൈ
രക്തഭൂഷണപ്രിയായൈ
കാളൈ്യ ഭദ്രകാളൈ്യ
ശ്യാമളാംഗൈ്യ നീലകേശിന്യൈ
ഐം ക്‌ളീം സൗ: ശ്മശാനവാസി
ന്യൈ
ഹ്രീം ഹ്രീം ഐം നമഃ
സ്ഥലസംബന്ധമായ ദോഷശാന്തിക്കും കുടുംബകലഹം മാറാനും പ്രേതഭൂതാദി ഉപദ്രവശാന്തിക്കും ഈ മന്ത്രം ജപിച്ചാൽ മതി. ദൃഷ്ടിദോഷശാന്തിക്കും ഗുണകരം. 84 പ്രാവശ്യം വീതം ഭരണി തുടങ്ങി 2 നേരം ജപിക്കണം. നിത്യജപത്തിന് ഉത്തമം.
വീഡിയോ കാണുക:
തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി
(സംശയ നിവാരണത്തിന് വിളിക്കേണ്ട
മൊബൈൽ: + 91 944702 0655)
Story Summary: Significance of Meena Bharani and Benefits of Bhadrakali Mantras
Highlights
ഭദ്രകാളിയെ ഉപാസിക്കുന്നവരുടെ ശത്രുദോഷവും ദൃഷ്ടിദോഷവും വേഗം അകലും
മീനഭരണിക്ക് വ്രതമെടുത്ത് പ്രാർത്ഥിച്ചാൽ കാര്യസിദ്ധി ഫലം
ഏതൊരു വിഷയത്തിലെയും തടസ്സമകലാൻ ഭരണി വ്രതം ഗുണകരം
(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . ആത്മീയ- ജ്യോതിഷ വാര്‍ത്തകള്‍ക്ക്, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക: AstroG App .)
Copyright @ 2026 NeramOnline.com . All rights reserved.