Monday, March 23, 2026
Monday, March 23, 2026
Home » ദ്വാദശാക്ഷരി മന്ത്രം എന്നും ജപിച്ചാൽ ദുർഗ്ഗാദേവി കാത്തു രക്ഷിക്കും

ദ്വാദശാക്ഷരി മന്ത്രം എന്നും ജപിച്ചാൽ ദുർഗ്ഗാദേവി കാത്തു രക്ഷിക്കും

0 comments

എല്ലാ ശക്തികളുടെയും പരമോന്നതമായ ഭാവമാണ് ദുർഗ്ഗാ ഭഗവതി. സർവശക്തി സ്വരൂപിണിയായ ദേവിയെ 64 ഭാവങ്ങളിൽ ശാന്തയായും രൗദ്രയായും ആരാധിക്കുന്നു. പാർവതി, ഭവാനി, ജഗദംബ, ഗായത്രി, ഉമ, കാർത്ത്യായനി, രാജരാജേശ്വരി എന്നിവ ദേവിയുടെ സൗമ്യഭാവങ്ങളാണ്. കാളി, ദുർഗ്ഗ, ഭൈരവി, ശ്യാമ, ചണ്ഡിക ഇവയാണ് ദേവിയുടെ മുഖ്യ രൗദ്രഭാവങ്ങൾ.

ചണ്ഡികാദേവി ക്ഷിപ്രഫലം തരും
പാര്‍വതിദേവിയെയാണ് യഥാര്‍ത്ഥത്തില്‍ ചണ്ഡികാദേവിയായി ആരാധിക്കുന്നത്. 3 രൂപത്തിൽ ചണ്ഡികാദേവിയെ ആരാധിക്കുന്നു. 20 കൈകളോടു കൂടിയതാണ് ഒരു ചണ്ഡിക സങ്കല്പം. വലതുകൈകളില്‍ ശൂലം, വാള്‍, വേല്, ചക്രം, പാശം, പരിച, ആയുധം, അഭയം, ഡമരു, ശക്തി എന്നിവയും ഇടതുകൈകളില്‍ നാഗപാശം ചെറിയപരിച, മുഴ, തോട്ടി, പാശം, മണി, കൊടി, ഗദ, കണ്ണാടി, ഇരുമ്പുലക്ക എന്നിവയും ധരിച്ചിരിക്കുന്നു. പത്തു കൈകളോടുകൂടിയതാണ് മറ്റൊരു സങ്കല്പം. കീഴ്ഭാഗത്ത് തലമുറിഞ്ഞു കിടക്കുന്ന മഹിഷാസുരന്‍ മുറിഞ്ഞ കഴുത്തില്‍ നിന്ന് ഒരു പുരുഷന്‍ ഉണ്ടായി ക്രൂദ്ധനായി ആയുധമോങ്ങി നില്‍ക്കുന്നു. കൈയില്‍ ശൂലം. രക്തം നാവിലൂടെ ഒഴുക്കിയും രക്തമാല അണിഞ്ഞു രക്തവര്‍ണ്ണമായും പുരുഷന്‍ നില്‍ക്കുന്നു. സിംഹത്തിന്റെ പുറത്തിരിക്കുന്ന ദേവി താഴെക്കിടക്കുന്ന അസുരനെ ചവിട്ടിയിട്ടുണ്ട്. ശത്രുസംഹാരിണിയാണ് പൊതുവേ തൃക്കണ്ണുകളോടു കൂടിയ ദേവി അറിയപ്പെടുന്നത്. ശത്രുദോഷം മാറുന്നതിനും ദാമ്പത്യ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും സന്താനങ്ങളുടെ നന്മയ്ക്കും സന്താനലാഭത്തിനും കുടുബക്ഷേമത്തിനും ചണ്ഡികാദേവിയെ പൂജിച്ചാൽ പെട്ടെന്ന് ഫലം കിട്ടും പതിനെട്ടു കൈകളുള്ളതാണ് മറ്റൊരു ചണ്ഡിക സങ്കല്പം.

സന്താന അഭിവൃദ്ധിക്ക്
പുറമേ ഇതേ ആയുധങ്ങളേന്തി നില്‍ക്കുന്ന കൈകളുള്ള 9 ദുര്‍ഗ്ഗമാര്‍ വേറെയുണ്ട്. ഈ നവദുര്‍ഗ്ഗമാരെ മനം നിറച്ച് പൂജിക്കുന്നത് സന്താനങ്ങളുടെ അഭിവൃദ്ധിക്കും ഐശ്വര്യത്തിനും വേണ്ടിയാണ്. നവരാത്രികാലത്തെ അഷ്ടമി തിഥി, കാർത്തിക നക്ഷത്രം, പ്രത്യേകിച്ച് വൃശ്ചികത്തിലെ കാർത്തിക, പൗർണ്ണമി തിഥി, തിങ്കളാഴ്ച എന്നിവയാണ് ദുർഗ്ഗാദേവിക്ക് വിശേഷ ദിനങ്ങൾ.

പുഷ്പാഞ്ജലി പ്രിയങ്കരം
വിവിധ ദുർഗ്ഗാ മന്ത്രങ്ങൾ, ലളിതാസഹസ്രനാമം, ലളിതാ ത്രിശതി, അഷ്ടോത്തരം, ഭാഗ്യസൂക്തം തുടങ്ങിയവ കൊണ്ടുളള പുഷ്പാഞ്ജലിയാണ് ദേവിക്ക് ഏറ്റവും പ്രിയങ്കരം. ഭഗവതി സേവ, കടുംപായസം, കുങ്കുമാർച്ചന, പട്ട്, താലി സമർപ്പണം എന്നിവയാണ് ദുർഗ്ഗ ക്ഷേത്രങ്ങളിലെ പ്രധാന വഴിപാടുകൾ. ഭഗവതി കുസുമപ്രിയ ആയതിനാൽ പുഷ്പാഞ്ജലിക്ക് പ്രത്യേക പ്രാധാന്യമുണ്ട്. ഐശ്വര്യത്തിനും കുടുബക്ഷേമത്തിനും ശത്രുദോഷ പരിഹാരത്തിനും ദാമ്പത്യ ദോഷങ്ങൾ മാറുന്നതിനും സന്താനങ്ങളുടെ ക്ഷേമത്തിനും സന്താനലാഭത്തിനും ദുർഗ്ഗ ഭഗവതിയെ ഭജിക്കുന്നത് ഉത്തമാണ്.

ഗ്രഹപ്പിഴ മാറ്റാം
ക്ഷേത്രത്തിൽ ഏഴ് പ്രദക്ഷിണമാണ് ദേവിക്ക് വിധിച്ചിട്ടുള്ളത്. ഗോചരാലും ജാതകത്തിലും പ്രശ്നത്തിലും ചന്ദ്ര ഗ്രഹദോഷങ്ങൾ കണ്ടാൽ ദുർഗ്ഗാ പൂജ, ദുർഗ്ഗാ ക്ഷേത്ര ദർശനം തുടങ്ങിയവ ഉത്തമമാണ്. ചന്ദ്രദശാകാലത്ത് ദോഷദുരിത ശമനത്തിന് എല്ലാ മാസവും ജന്മനക്ഷത്ര ദിവസം ഭഗവതി സേവ നടത്തണം.

ഇവർ എന്നും ഭജിക്കണം
പത്ത് നക്ഷത്രങ്ങളിൽ ജനിച്ചവർ പതിവായി ദുർഗ്ഗാ ഭജനം നടത്തുന്നത് നല്ലതാണ്. ഭരണി, പൂരം, പൂരാടം, വിശാഖം, അനിഴം, തൃക്കേട്ട, ആയില്യം, പുണർതം, പൂരുരുട്ടാതി, രേവതി എന്നിവയാണ് ഈ പറഞ്ഞ 10 നക്ഷതങ്ങൾ. ഈ നക്ഷത്രക്കാർ ചന്ദ്രദശയിൽ ദുർഗ്ഗയെ ആരാധിക്കണം. വൃശ്ചികക്കൂറിൽ ജനിച്ച വിശാഖം അവസാന പാദം, അനിഴം, തൃക്കേട്ട നക്ഷത്രജാതർ എന്നും ദുർഗ്ഗയെ ആരാധിക്കുന്നത് നല്ലതാണ്.

ALSO READ

അത്ഭുത ശക്തിയുള്ള മന്ത്രം
ദുർഗ്ഗാ ദേവിയുടെ ദ്വാദശാക്ഷരി മന്ത്രം
അത്ഭുത ശക്തിയുള്ളതാണ്. ദുർഗ്ഗാ ദേവിയുടെ ഭക്തർ ഈ മന്ത്രം എല്ലാ ദിവസവും രാവിലെ 1008 പ്രാവശ്യം ജപിക്കുക. പരമാവധി ചിട്ടകളോടെ ജപിക്കേണ്ട മന്ത്രമാണിത്. സുര്യോദയത്തിന് മുമ്പായി ജപിക്കുന്നത് ഏറ്റവും വിശേഷം. മന്ത്ര ജപത്തിന് മുൻപ് ജലപാനം പോലും പാടില്ല. ദേവിയെ ശരണം പ്രാപിക്കുന്ന ഈ മന്ത്രം ജപിക്കുന്നതിലൂടെ നമ്മുടെ എല്ലാ വിധത്തിലുളള പ്രയാസങ്ങളും ദുഃഖങ്ങളും ദേവി ഏറ്റെടുത്ത് നമ്മെ കാത്തു രക്ഷിക്കും എന്നാണ് വിശ്വാസം. പ്രശസ്തമായ ധാരാളം ദേവീ ക്ഷേത്രങ്ങളിൽ ഈ മന്ത്രം കൊണ്ട് 12,000 പ്രാവശ്യം പുഷ്പാഞ്ജലി നടത്തുന്ന പന്തീരായിരം പുഷ്പാഞ്ജലി വഴിപാട് നടത്താറുണ്ട്. മഹാവിഷ്ണു നാരദ മഹർഷിക്ക് ഈ മന്ത്രം ഉപദേശിച്ചു കൊടുത്തു എന്ന് വിശ്വസിക്കപ്പെടുന്നു. ഏറ്റവും സൗമ്യമായ ഭാവത്തിൽ വേണം ഈ മന്ത്ര ജപത്തിൽ ദുർഗ്ഗാ ദേവിയെ സങ്കല്പിക്കേണ്ടത്. ദേവിയുടെ ദ്വാദശാക്ഷരി മന്ത്രത്തിനും ദുർഗ്ഗാ ആരാധന സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കും വീഡിയോ കാണാം:

പ്രാർത്ഥനാ മന്ത്രങ്ങൾ
1
സർവമംഗള മംഗല്യേ
ശിവേ സർവ്വാർത്ഥ സാധികേ
ശരണ്യേ ത്രം ബകേ ഗൗരീ
നാരായണീ നമോസ്തുതേ
2
കാളി കാളി മഹാകാളി
ഭദ്രകാളി നമോസ്തുതേ
കുലം ച കുലധർമ്മം
ച മാം ച പാലയ പാലയ

ദുർഗ്ഗാ മൂലമന്ത്രം
ഓം ഹ്രീം ദും ദുർഗ്ഗായൈ നമ:

ദുർഗ്ഗാധ്യാനം
ദുർഗ്ഗാം ധ്യായതു ദുർഗ്ഗതിപ്രശമനീം
ദുർവ്വാദളശ്യാമളാം
ചന്ദ്രാർദ്ധോജ്വലശേഖരാം
ത്രിനയനാമാപീതാവാസോവസം
ചക്രം ശംഖമിഷും ധനുശ്ച ദധതീം
കോദണ്ഡ ബാണാംശയോർ –
മ്മുദ്രേ വാമഭയകാമദേ
സകടിബന്ധാ ഭീഷ്ട ഭം വാ നയോ:
(ദുർഗതി നശിപ്പിക്കുന്ന കറുകനാമ്പു പോലെ ശ്യാമ നിറമാർന്നവളും ചന്ദ്രക്കല കൊണ്ടു ശോഭിക്കുന്ന കിരീടം ധരിക്കുന്നവളും ചക്രം, ശംഖ്, ശരം, വില്ല്, എന്നിവ ധരിക്കുന്നവളും ചാപ ശരങ്ങളുടെ സ്ഥാനത്ത് അഭയ വര മുദ്രകൾ ധരിക്കുന്നവളും അല്ലെങ്കിൽ വരദകടീ ഹസ്ത മുദ്രകളോടു കൂടിയവളുമായ ദുർഗ്ഗയെ ധ്യാനിക്കണം.)

സംശയ നിവാരണത്തിനും
മന്ത്രോപദേശത്തിനും ബന്ധപ്പെടുക:
തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി, മൊബൈൽ: +91 094-470-20655

Highlights
പത്ത് നക്ഷത്രങ്ങളിൽ ജനിച്ചവർ പതിവായി ദുർഗ്ഗാ ഭജനം നടത്തുന്നത് നല്ലതാണ്

ഭഗവതി കുസുമപ്രിയ ആയതിനാൽ പുഷ്പാഞ്ജലിക്ക് പ്രത്യേക പ്രാധാന്യം

സന്താന ക്ഷേമത്തിനും സന്താനലാഭത്തിനും ദുർഗ്ഗ ഭഗവതിയെ ഭജിക്കുന്നത് ഉത്തമം

(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . ആത്മീയ- ജ്യോതിഷ വാര്‍ത്തകള്‍ക്ക്, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക: AstroG App .)

Copyright @ 2026 NeramOnline.com . All rights reserved.

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?