മീനശനി മിഥുനവ്യാഴം കൊല്ലവർഷം 1201മേടമാസം 1 ന് (2026 ഏപ്രിൽ 14) ചൊവ്വാഴ്ച ഉദിച്ച് 8 നാഴിക 2 വിനാഴികയ്ക്ക് (രാവിലെ 9 മണി 32 മിനിറ്റിന്) ചതയം നക്ഷത്രം കുംഭക്കൂറും കൃഷ്ണപക്ഷ ദ്വാദശി തിഥിയും വരാഹ കരണവും ശുഭ്രനാമ നിത്യയോഗവും കൂടിയ സമയം മേടവിഷു സംക്രമം. ഈ വർഷത്തെ വിഷുഫലം പൊതുവിൽ എല്ലാ കൂറുകാർക്കും വളരെ ഗുണകരമാണ്. ജൂൺ മാസത്തോടെ വ്യാഴം ഉച്ചനായിമാറുന്നതോടെ കുറെ കാലമായി കഷ്ടത അനുഭവിച്ചിരുന്ന നക്ഷത്രക്കാർക്ക് ദൈവാനുഗ്രഹത്താൽ ശുഭപ്രതീക്ഷയ്ക്ക് അവസരം വരുന്നു. വ്യാഴം അനിഷ്ടസ്ഥാനത്ത് വരുന്നവർക്ക് കൂടി ഉച്ചനാകയാൽ ഗുണം ചെയ്തില്ലെങ്കിലും ദോഷം ചെയ്യുകയില്ല എന്നതാണ് ആശ്വാസം. വിഷു മുതൽ തുടങ്ങുന്ന ഒരു പുതുവർഷത്തിന്റെ സാമാന്യ ഫലങ്ങൾ ഇവിടെ പറയുന്നു. ഇതിന്റെ കൂടെ ജാതകാൽ കൂടി പരിശോധിച്ച് ഗുണദോഷ ഫലങ്ങൾ വിലയിരുത്തണം.
മേടക്കൂറ്
(അശ്വതി, ഭരണി ,കാർത്തിക 1 /4 )
കടബാധ്യതകൾ കുറയും. കുടുംബ സ്വത്ത് കൈവരാം. മാതൃഗുണം. പരിശ്രമശാലികൾക്ക് പരീക്ഷാ വിജയം. രാഷ്ട്രീയ സാമൂഹ്യ പ്രവർത്തകർക്ക് വേണ്ട പോലെ പ്രവർത്തിച്ച് നേട്ടങ്ങളുണ്ടാക്കാൻ കഴിയും. ധനനഷ്ടം വരാതെ ശ്രദ്ധിക്കുക. അപഖ്യാതിക്ക് ഇടവരുമെങ്കിലും ദൈവകൃപയാൽ ദോഷമില്ല. ഉദ്യോഗത്തിൽ ശരിയായ തീരുമാനമെടുത്ത് തക്കസമയത്ത് ചെയ്യുന്ന പ്രവൃത്തികൾ നാളെ നല്ല ഫലം തരും. കുടുംബ പ്രശ്നങ്ങൾ നയപരമായി പരിഹരിക്കണം. സാമൂഹ്യ പ്രവർത്തകർ കൂടെ നിൽക്കുന്നവരിൽ നിന്നും ചതി പറ്റാതെ നോക്കണം. ദൈവിക പ്രീതി കർമ്മങ്ങൾ അനുഷ്ഠിക്കണം. പഠനത്തിൽ കഠിനാദ്ധ്വാനം വേണം. സ്വദേശത്തായാലും വിദേശത്തായാലും ജോലിക്ക് പലതരം പ്രശ്നങ്ങൾ വരാം. അർഹതപ്പെട്ട ധനം കിട്ടാതെ വരാം. ബന്ധുവിരോധം ശിക്ഷണ നടപടികൾ അപവാദം മുതലായ ദോഷങ്ങൾ തരണം ചെയ്യുന്നതിന് ദൈവാധീനം വർദ്ധിപ്പിക്കുക. ദോഷശാന്തിക്കായി ശനി, വ്യാഴപ്രീതി കർമ്മങ്ങൾ, കാക്കയ്ക്ക് ഭക്ഷണം, ഹനുമാൻ ചാലിസ പാരായണം.
ഇടവക്കൂറ്
(കാർത്തിക 3/4, രോഹിണി, മകയിരം 1/2)
ജൂൺ മുതൽ ധന ഇടപാടുകളിൽ ജാഗ്രത. സന്താനങ്ങളെ നിരീക്ഷിക്കുക. തറവാട്ട്സ്വത്തിൽ തർക്കം വരാം. അന്യരുടെ കാര്യങ്ങളിൽ ഇടപെട്ട് പഴിവാങ്ങരുത്. ആരോഗ്യപരമായി നല്ല കാലം. കലാകാരന്മാർക്കും സാമൂഹ്യ പ്രവർത്തകർക്കും വ്യക്തിപരമായി ചില നേട്ടങ്ങളുണ്ടാകും. കുടുംബാഭിവൃദ്ധി. ഒപ്പം ദമ്പതികൾക്കിടയിൽ അകൽച്ച ഉണ്ടാകാൻ സാധ്യതയുണ്ട്. വിവാഹത്തിന് അനുകൂല സമയം. കായികം, നിയമം, സൈന്യം പോലീസ് ഈ മേഖലയിൽ പ്രവർത്തിക്കുന്നവർക്കു ഗുണകരമായ കാലം. ഭരണരംഗത്ത് പ്രവർത്തിക്കുന്നവർക്കു അഭിപ്രായ ഭിന്നത. ടെൻഷൻ. വിദേശത്തുള്ളവർക്ക് അഭിവൃദ്ധി കൊണ്ട് അഭിമാനിക്കാവുന്ന തരത്തിലുള്ള നേട്ടങ്ങൾ. ധനകാര്യം സമ്പന്നമായിരിക്കും വിദേശ വിഷയത്തിൽ വളരെ പെട്ടെന്നുള്ള സാധ്യതകൾ കാണുന്നു. ഇതരതൊഴിൽ രംഗത്തും അഭിമാനാർഹമായി അഭിവൃദ്ധി നേടും പ്രണയത്തിൽ ആദ്യ പകുതിക്കു ശേഷം സ്വല്പം അസ്വസ്ഥതകൾ അനുഭവപ്പെട്ടേക്കാം. സന്താനങ്ങളുമായി ബന്ധപ്പെട്ട അഭിപ്രായ വ്യത്യാസങ്ങൾ അനുഭപ്പെടും. ഈശ്വരാധീനത്താൻ കുടുംബപ്രശ്നങ്ങൾ രമ്യമായി പരിഹരിക്കും. ദോഷശാന്തിക്കായി വിഷ്ണുവിൻ്റെ അവതാര മൂർത്തികൾക്ക് നിവേദ്യം. ഗുരുതുല്യർക്കും വ്യദ്ധർക്കും അന്നം. ദേവിക്ക് കടുംപായസം.
മിഥുനക്കൂറ്
(മകയിര്യം 1/2, തിരുവാതിര, പുണർതം 1/4 )
മാറ്റത്തിൻ്റെ സുവർണ്ണകാലം. കഴിഞ്ഞ കാലദുഃഖദുരിതങ്ങൾ ശമിക്കുന്നു. കടബാധ്യത തീരാൻ വഴി തെളിയും. ഇന്നലെ തള്ളി പറഞ്ഞവർ തേടി വരും. സൗഹൃദങ്ങളിൽ അതീവ ജാഗ്രത വേണം. ജോലിയിൽ അനുഭവിച്ചു വരുന്ന കഷഠത നീങ്ങും. ശത്രു ദോഷങ്ങൾക്ക് ശമനം വരു. പുതിയ ജോലി തേടുന്നവർക്ക് കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കപ്പെടും. തൊഴിൽ സാമ്പത്തിക രംഗം ഇവ മെച്ചപ്പെട്ടു വരാം. വിവാഹം സർക്കാർ ജോലി ഇവ പ്രതീക്ഷിക്കുന്നവർക്ക് അത് ലഭിക്കുകയും പല പ്രകാരത്തിലുള്ള സാമ്പത്തിക ഉന്നതിക്കു വേണ്ടിയുള്ള ശ്രമം ഫലവത്തായി തീരുകയും ചെയ്യും. വിദ്യർത്ഥികൾക്ക് ഊർജ്ജസ്വലതയോടു കൂടി പ്രവർത്തിച്ച് നേട്ടങ്ങൾ കരസ്ഥമാക്കാൻ സാധിക്കുന്ന സമയമാണ്. വിദേശ യോഗം. ബിസ്സിനസ്സിൽ ഗുണകരമായ മാറ്റങ്ങൾ. വീട് പണി തുടങ്ങാൻ കഴിയും. സാമൂഹ്യ-കലാ-സാഹിത്യ രംഗത്തുള്ളവർക്ക് അപ്രതീഷിത സ്ഥാനലബ്ധി, പുതിയ അവസരങ്ങൾ. ദോഷശാന്തിക്കായി ശാസ്താവിന് എള്ളുപായസം. ദേവിക്ക് കുങ്കുമാർച്ചന. ശിവനു ജലധാര പിൻവിളക്ക്.
കർക്കടകക്കൂറ്
(പുണർതം 1/4, പൂയം, ആയില്യം )
ഭാവിയിലേക്ക് വേണ്ടുന്ന പദ്ധതികൾ തുടങ്ങി വയ്ക്കാം. മംഗല്യഭാഗ്യം. വിദേശ ഗുണം. ആരോഗ്യ പ്രശ്നങ്ങൾ മാറും. മന:ക്ലേശത്തിന് പരിഹാരം കണ്ടെത്തും. കടബാധ്യത കുറയും. പുതിയ ജോലിക്ക് സാധ്യത. ജോലിയിൽ ഗുണകരമായ മാറ്റം. വിദ്യർത്ഥികൾ പഠന കാര്യത്തിൽ വിമുഖത കാണിക്കും. അല്പം മടിയും ഉണ്ടാകാം. ശത്രുക്കൾ തലപൊക്കും. അതിനാൽ ഈ സമയം പ്രതിവിധികൾ ചെയ്യണം. പ്രാർത്ഥന ഫലിക്കും. സാമൂഹ്യ രാഷ്ട്രീയ പ്രവർത്തകരും കലാകാരന്മാരും സംയമനത്തോടെ കഴിഞ്ഞാൽ കാര്യങ്ങൾ ഏകദേശം ഗുണകരമായി മാറും. പുതിയ അവസരങ്ങൾക്ക് വഴി തെളിയും. കുടുംബത്തിൽ ക്ഷമ ശീലിക്കുക. സഹായികളുടെ വിശ്വാസത്തിലൂടെ കാര്യങ്ങൾ സഫലീകരിക്കാൻ കഴിയും. ബിസിനസ്സിൽ വളർച്ചക്ക് ശ്രമിക്കേണ്ടതാണ്. സാമ്പത്തിക ക്രയവിക്രയങ്ങൾ നന്നായി ശ്രദ്ധിച്ചു ചെയ്യുക. മോശം കൂട്ടുകെട്ടുകളിൽ ജാഗ്രത പാലിക്കണം. സന്താനങ്ങളെ നന്നായി ശ്രദ്ധിക്കുക. വാക്കുകളിൽ നിയന്ത്രണം വേണം. എല്ലാരുമായും രമ്യതയിൽ കഴിയണം. ദോഷശാന്തിക്കായി ദേവീ പ്രീതി ഗണപതി ഹോമം, സുബ്രഹ്മണ്യന് പഞ്ചാമൃതം. വിഷ്ണു സഹസ്രനാമജപം.
ALSO READ
ചിങ്ങക്കൂറ്
(മകം, പൂരം ഉത്രം 1/4 )
ധനപരമായ ഇടപാടുകളിൽ ജാഗ്രത വേണം. പഴയകാല സുഹൃത്തുക്കളെ ആകസ്മകമായി കണ്ടുമുട്ടും. ലഭിക്കാവുന്ന സർക്കാർ സഹായങ്ങൾക്ക് തടസ്സം. ജോലി ലഭിക്കും വിവാഹം പോലുള്ള മംഗളകർമ്മങ്ങൾ നടക്കാൻ സാധ്യതയുണ്ട്. കച്ചവടം തുടങ്ങാനുള്ള വഴി തെളിയും. വിദേശ യാത്രക്ക് അവസരം വന്നു ചേരും. മധ്യസ്ഥത, ജാമ്യം, കടബാധ്യത ഇവയിൽ ചെന്നു പെടരുത്. ആരോഗ്യപരമായും
തൊഴിൽപരമായും കുടുംബപരമായും ഊർജ്ജസ്വലതയോടു കൂടി വർത്തിക്കും. കർമ്മരംഗം ഉന്നതിയെ പ്രാപിക്കും. പല ഇടപാടുകളും നടത്തപ്പെടും. ഭാവിയെ കരുതി ആശങ്ക വേണ്ട. രാഷ്ട്രീയ – സാമൂഹ്യ – കലാരംഗത്തുള്ളവർ പേരുദോഷം വരാതെ ശ്രദ്ധിക്കുക. ഭാവിക്കു വേണ്ടി പ്രവർത്തിക്കും. കൃഷിയിൽ അഭിവൃദ്ധി ഉണ്ടാകും .ഊഹക്കച്ചവടം ചെയ്യുന്നവർക്കും ഉന്നതി ഉണ്ടാകും. ജൂണിനു ശേഷം ധനവരവിൽ അല്പം കുറവു വരും. ജീവിതശൈലീ രോഗങ്ങളാൽ ബുദ്ധിമുട്ടുകൾ അഭിമുഖീകരിക്കുന്നവർ വളരെ കരുതലോടെയിരിക്കണം. ദോഷശാന്തിക്കായി വിഷ്ണുവിൻ്റെ അവതാര മൂർത്തി ക്ഷേത്രങ്ങളിൽ ഭാഗ്യസൂക്താർച്ചന. ഹനുമാൻസ്വാമിക്ക് വടമാല, ശാസ്താവിന് എള്ളുപായസം കാക്കക്ക് ഭക്ഷണം നല്കുക. ചാമുണ്ഡി or ഭദ്രകാളിക്ക് കടുംപായസം ശിവനു ജലധാര പിൻവിളക്ക്, ഭാഗ്യസൂക്ത ഗണപതി ഹോമം.
കന്നിക്കൂറ്
(ഉത്രം 3/4 അത്തം, ചിത്തിര 1/2)
അപ്രതീക്ഷിത ധനലാഭം. ബിസ്സിനസ്സിൽ ഗുണകരമായ മാറ്റങ്ങൾ. അപ്രതീക്ഷിത മനോവിഷമങ്ങൾ അലട്ടും. പ്രണയിനിയുമായി പിണക്കങ്ങാതെ നോക്കണം. പുതിയ ജോലി, പഠന വിജയം, മംഗല്യഭാഗ്യം. നിലവിലുള്ള കർമ്മ ഗുണങ്ങൾ. ധനലഭ്യത കണ്ടു തുടങ്ങും. രാഷ്ട്രീയ സാമൂഹ്യ-കലാ രംഗത്ത് ഉയർച്ചയും പല വിധേയേ സാമ്പത്തിക വളർച്ച കൈവരിക്കും. കുടുംബ വിഷയങ്ങൾ സാധൂകരിക്കപ്പെടുകയും ചെയ്യും. സന്താനങ്ങൾക്ക് ആഗ്രഹിച്ചിരുന്ന ജോലി. സർക്കാർ ഗുണ ലഭ്യതയും ഉണ്ടാകും. ഗൃഹനിർമ്മാണം സാധിക്കും. ദോഷശാന്തിക്കായി ശാസ്താവിന് നീരാജനം. സുബ്രഹ്മണ്യന് പനിനീരഭിഷേകം, ദേവിക്ക് കുങ്കുമാർച്ചന.
തുലാക്കൂറ്
(ചിത്തിര 1/2 ചോതി , വിശാഖം 3/4)
രാഷ്ട്രീയ സാമൂഹ്യ പ്രവർത്തകർ അപ്രതീക്ഷിത തിരിച്ചടി കരുതിയിരിക്കുക. ധനപരമായി ഭാഗ്യാനുഭവങ്ങൾ വന്നുചേരും. ഉദ്യോഗം, വിദ്യ, കർമ്മം, ബിസിനസ്സ് ഇവയിൽ പരീക്ഷണ കാലം. വിദേശവാസത്തിന് യോഗം. ബന്ധങ്ങൾ വിപുലീകരിക്കും. നേട്ടങ്ങൾ ഉണ്ടാകും. കരാറുകൾ, ഭൂമി ഇടപാടുകൾ ഇവയ്ക്കും സമയം അനുകൂലം. ജൂണിനു ശേഷം എല്ലാ കാര്യങ്ങളിലും മന്ദത വരാം. കലാരംഗത്ത് വിചാരിക്കുന്ന പോലെ അവസരം വരില്ല. ഭാഗ്യാവസരങ്ങൾ അടുത്തെത്തി നടക്കണമെന്നില്ല. പുതിയ ജോലിക്ക് ശ്രമിക്കുന്നവർക്ക് കാലതാമസം ഉണ്ടാകും. വിദ്യാർത്ഥികൾ പഠിപ്പിൽ അലസത പാടില്ല. അനാരോഗ്യ പ്രവണതകൾ കാരണം സൗഹൃദങ്ങൾ ഒഴിവാക്കുക. കർമ്മ പുരോഗതിക്കായി കഠിനമായി ശ്രമിക്കണം. നിയമ രംഗത്ത് പ്രവർത്തിക്കുന്നവർ കൂടുതൽ ശ്രദ്ധ പുലർത്തുക. ദോഷശാന്തിക്ക് സുബ്രഹ്മണ്യപ്രീതി, ശാസ്താവിന് നെയ്യ് ദീപം, ഹനുമാൻ ചാലിസ ജപം, ദേവിക്ക് കടുംപായസം
വൃശ്ചികക്കൂറ്
(വിശാഖം 1/4 അനിഴം, തൃക്കേട്ട)
ജൂൺ മുതൽ ധനനേട്ടം. കടങ്ങൾ മാറി വരും. രാഷ്ട്രീയ സാമൂഹ്യ-കലാ പ്രവർത്തകർ ചെറിയ സംഘർഷങ്ങൾ അഭിമുഖീകരിക്കും. ജോലിയിലും ബിസ്സിനസ്സിലും സമ്മർദ്ദങ്ങൾ അതിജീവിക്കണം. വരവിനേക്കാൾ ചിലവ് നിയന്ത്രിക്കണം. ശത്രുക്കളെ ശ്രദ്ധിച്ചു വേണം നീങ്ങാൻ. വർഷത്തിൻ്റെ പകുതിക്കു ശേഷം പ്രയേണ കാര്യങ്ങൾ വരുതിക്കുള്ളിൽ വരും. വഞ്ചകരെ തിരിച്ചറിയാൻ സാധിക്കും. ലോൺ, സർക്കാർ കാര്യങ്ങൾ ഇവയിൽ അനുകൂല്യാവസ്ഥ അനുഭവഭേദ്യമാകും. പഠനമാന്ദ്യം അനുഭവപ്പെടും. നിയമനങ്ങൾ പ്രതീക്ഷിച്ചവർക്ക് അവസരം ഉണ്ടാകാം. ഭാഗ്യാനുഭവങ്ങൾ വർദ്ധിക്കും. അപ്രതീക്ഷിതമായി ധനം വന്നു ചേരും മംഗല്യയോഗം. പ്രണയം പൂവണിയും. ജോലിയിൽ ഉയർച്ച. ഗൃഹം സ്വന്തമാക്കാൻ കഴിയും. തടസ്സപ്പെട്ട് കിടന്ന വിദേശയാത്ര സഫലമാകും. ദോഷശാന്തിക്കായി ഗണപതി, ചാമുണ്ഡീ പ്രീതി. നവാക്ഷരി മന്ത്രജപം.
ധനുക്കൂറ്
(മൂലം, പൂരാടം, ഉത്രാടം 1/4)
അപ്രതീക്ഷിത ധനനഷ്ട സാധ്യത. ബിസിനസ്സിൽ പുതിയ പദ്ധതികൾ ഉടൻ വേണ്ട. കലാ-സാമൂഹ്യ-രാഷ്ട്രീയ രംഗത്ത് ഗുണാധിക്യ സമയം. ആഗ്രഹത്തിനൊത്ത് ചലിക്കാൻ സാധിക്കും. വിവാഹം, വാഹനം ഉപരിപഠനം ഇവയിൽ കാലതാമസം. ഭവന സ്വപ്നം സഫലീകരിക്കപ്പെടും. പ്രണയ സാഫല്യം, തൊഴിൽ രംഗത്ത് നല്ല രീതിയിൽ പുരോഗതിയുണ്ടാകുമെങ്കിലും പലപ്പോഴും ആരോഗ്യ പ്രശ്നങ്ങൾ അഭിമുഖീകരിക്കേണ്ടി വരും. സർക്കാർ ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റം ഉണ്ടാകാൻ സാധ്യത. സൗഹൃദങ്ങളിൽ അമിതമായ വിശ്വസം വേണ്ട. ആഡംബര ഭ്രമം ഉപേക്ഷിക്കണം. ആത്മീയത വർദ്ധിപ്പിക്കുക. ബുദ്ധി കൊണ്ട് ഈ സമയത്തെ അതീജീവിച്ചാൽ വലിയ ബുദ്ധിമുട്ട് ഉണ്ടാവാതെ വർത്തിക്കാൻ കഴിയും. ദോഷശാന്തിക്കായി വിഷ്ണുപ്രീതി. ഗുരുതുല്യർക്ക് ഇഷ്ടഭക്ഷണം. ദാനധർമ്മം. രാമായണം സുന്ദരകാണ്ഡ പാരായണം.
മകരക്കൂറ്
(ഉത്രാടം 3/4 തിരുവണം, അവിട്ടം 1/2)
കിട്ടില്ലെന്ന് എഴുതി തള്ളിയ ധനഭാഗ്യം തേടി വരും. അപ്രതീക്ഷിത സ്ഥാനലബ്ധി, ജീവിതത്തിൽ ഏകദേശം അനുഗ്രഹീതമായ അവസ്ഥകൾ സൃഷ്ടിക്കപ്പെടും. സ്വപ്ന പദ്ധതികൾക്ക് വളരെ നല്ല സമയമായിരിക്കും ഇന്നലെകളിൽ തനിക്ക് അബദ്ധമായി എന്ന് തോന്നിയ കാര്യങ്ങളിൽ മാറി ചിന്തിക്കണം. വിദേശയാത്ര അനുകൂലമാകും. പല ഗുണങ്ങളും ഉണ്ടാകും. സാമ്പത്തിക അഭിവൃദ്ധിയും കുടുംബ ഉന്നതിയും ആഗ്രഹാനുസരണമുള്ള വിവാഹവും നടക്കും. വിദേശ പഠനം, കൃഷിയിൽ ഉന്നതി, നടക്കാൻ സാധിക്കാത്ത കാര്യങ്ങളുടെ സാക്ഷാത്കാരം. അപ്രതീക്ഷിതമായ സുഹൃത് സമാഗമം. യാത്രയിൽ സാമ്പത്തിക നേട്ടം. ജോലി മാറ്റത്തിലൂടെ ഉന്നതി.
ദോഷശാന്തിക്കായി ഗണപതി, ദേവി പ്രീതി, ലളിതാ സഹസ്ര നാമാർച്ചന, തിരുവല്ല വല്ലഭ ഭഗവാന് കേശാദി മാല. സുബ്രഹ്മണ്യന് പഞ്ചാമൃതം.
കുംഭക്കൂറ്
(അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
മാറ്റത്തിൻ്റെ പെരുമഴക്കാലം. ധനനേട്ടത്തിന് അവസരമൊരുങ്ങും. സാമൂഹ്യ – കലാ – രാഷ്ട്രീയക്കാർക്ക് വളരെ ഗുണപ്രദമായിരിക്കും. തൊഴിൽ രംഗത്ത് പ്രതീക്ഷക്കൊത്ത് വളർച്ച നേടാൻ സാധിക്കും. പുതിയ ജോലി സാദ്ധ്യത തെളിയും. വീട്ടിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടത്താൻ സാധിക്കും. പഠന കാര്യങ്ങളിൽ ജാഗ്രത വേണം. സൗഹൃദങ്ങൾ ശ്രദ്ധയോടെ കൈകാര്യം ചെയ്യണം. പല രംഗത്തും വിജയ പ്രതീക്ഷകൾ ഉണ്ടാകുമെങ്കിലും ശത്രുക്കളെ കരുതിയിരിക്കുക വ്യക്തിപരമായ ഇടപാടുകളിൽ രഹസ്യം സൂക്ഷിക്കണം. സാമൂഹ്യ പ്രവർത്തകർക്ക് പല പ്രതിസന്ധികളും അഭിമുഖീകരിക്കേണ്ടി വരും. പ്രശ്നങ്ങളെ നയപരമായി പരിഹരിക്കണം. ദൈവിക പ്രീതി കർമ്മങ്ങൾ അനുഷ്ഠിക്കണം. ദോഷശാന്തിക്കായി ഹനുമാൻസ്വാമിക്ക് അവൽ, ശാസ്താവിന് പാനകം, വിഷ്ണുവിന് സുദർശനാർച്ചന. ഗണപതി ഹോമം, നവാക്ഷരി മന്ത്രജപം
മീനക്കൂറ്
(പൂരൂരുട്ടാതി 1/4 ഉത്യട്ടാതി, രേവതി)
കഷ്ടകാലം ഒഴിയുന്നു. കടബാധ്യതകൾ കുറയും. കുടുംബ സ്വസ്ഥത കൈവരും. രാഷ്ട്രീയക്കാരും സാമൂഹ്യ പ്രവർത്തകരും കലാകാരന്മാരും അനുഭവിച്ചു വരുന്ന വൈഷമ്യങ്ങൾ അകലും. ബിസിനസ്സിൽ മാറ്റങ്ങൾക്ക് ഏറ്റവും അനുകൂല സമയം. ഇടപാടുകളിൽ സംയമനം പാലിച്ചില്ലെങ്കിൽ ശത്രുക്കളെ സൃഷ്ടിക്കപ്പെടും. ഉചിതമായ വിവാഹലബ്ധി, പ്രണയ സാഫല്യം സൽസന്താനഭാഗ്യം, ഉപരിപഠനവിജയം സന്താനങ്ങൾക്ക് ഉയർച്ച ഗൃഹനിർമ്മാണം. ഭൂമി ഇടപാടിൽ ഗുണം. കുടുംബ വസ്തുവകകൾ കൈവശം വന്നു ചേരും. വിദേശ യോഗത്താൽ എല്ലാ വിധത്തിലുള്ള ഐശ്വര്യ ലബ്ധിയും ഉണ്ടാകും. ദോഷശാന്തിക്കായി ശാസ്താവ്, ഹനുമാൻസ്വാമി, നരസിംഹസ്വാമി, ദുർഗ്ഗാദേവീപ്രീതി വേണം. കാക്കക്ക് ഭക്ഷണം നല്കുക.
ജ്യോതിഷാചാര്യൻ ചെമ്പകശ്ശേരി ശ്രീനിവാസശർമ്മ.
മൊബൈൽ: + 91 9961033370
Story Summary : Vishuphalam 2026: Yearly Predictions by Astrologer Chempakasseri Srinivas Sarma
(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . ആത്മീയ- ജ്യോതിഷ വാര്‍ത്തകള്‍ക്ക്, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക: AstroG App .)
Copyright @ 2026 NeramOnline.com . All rights reserved.