(2026 മാർച്ച് 15 മുതൽ 21 വരെ)
മീനക്കൂറിൽ തിരുവോണം നക്ഷത്രത്തിൽ ആരംഭിക്കുന്ന ഈ ആഴ്ചയിലെ പ്രധാന വിശേഷങ്ങൾ മീന സംക്രമം, പാപമോചിനി ഏകാദശി, സോമപ്രദോഷവ്രതം, അമാവാസി, ചെറിയ പെരുന്നാൾ എന്നിവയാണ്. വാരം തുടങ്ങുന്ന മാർച്ച് 15 ന് തന്നെയാണ് മീന സംക്രമവും പാപമോചിനി ഏകാദശിയും. സൂര്യൻ മീനം രാശിയിലേക്ക് കടക്കുന്ന മീന സംക്രാന്തി ആദിത്യ പ്രധാനമായ ഞായറാഴ്ച വരുന്നത് ഇരട്ടി ഫലദായകമാണ്. എല്ലാ പാപങ്ങളും നശിപ്പിച്ച് ആഗ്രഹങ്ങൾ സഫലമാക്കുന്ന ഒന്നാണ് പാപമോചിനി ഏകാദശി വ്രതാനുഷ്ഠാനത്തിൻ്റെ പ്രത്യേകത. ശിവ പാർവതിമാരെ പ്രീതിപ്പെടുത്താനുള്ള പ്രദോഷവ്രതത്തിൽ പ്രധാനപ്പെട്ട ഒന്നായ സോമപ്രദോഷം മാർച്ച് 16 തിങ്കളാഴ്ചയാണ്. മാർച്ച് 20 വ്യാഴാഴ്ചയാണ് പിതൃപ്രീതിക്കും ഉഗ്രമൂർത്തികളെ പ്രീതിപ്പെടുത്താനും ശ്രേഷ്ഠമായ അമാവാസി 20 വ്യാഴാഴ്ചയാണ്. 21 വെള്ളിയാഴ്ചയാണ് മുസ്‌ലിം പുണ്യകാലമായ റമാദാൻ മാസത്തിന് സമാപനം കുറിക്കുന്ന ചെറിയ പെരുന്നാൾ. അന്ന് തന്നെയാണ് കൊടുങ്ങല്ലൂർ ഭരണി ഉത്സവത്തിൻ്റെ ഏറ്റവും പ്രധാന ചടങ്ങുകളിലൊന്നായ കാവുതീണ്ടൽ . മാർച്ച് 21 ന് ഭരണി നക്ഷത്രത്തിൽ വാരംഅവസാനിക്കും. അന്നാണ് ഭദ്രകാളി പ്രധാനമായ മീന ഭരണി. ഈ ആഴ്ചയിലെ നക്ഷത്രഫലം :
മേടക്കൂറ്
(അശ്വതി, ഭരണി, കാർത്തിക 1/4)
പൊതുവെ അനുകൂല ഫലങ്ങളാണ് കാണുന്നത്. ജീവിതത്തിൽ പുതിയ അവസരങ്ങൾ തുറക്കപ്പെടും. ഉന്മേഷവും ആത്മവിശ്വാസവും വർദ്ധിക്കും. തടസ്സപ്പെട്ടു കിടന്ന എല്ലാ ജോലികളും വേഗത്തിൽ പൂർത്തിയാക്കാൻ സാധിക്കും. കർമ്മരംഗത്തെ കഠിനാദ്ധ്വാനത്തിന് മേലധികാരികളിൽ നിന്നും ഉന്നത വ്യക്തികളിൽ നിന്നും അഭിനന്ദനവും പിന്തുണയും ലഭിക്കും. സാമ്പത്തികമായി പുരോഗതിയുണ്ടാകും. പുതിയ സംരംഭങ്ങൾ തുടങ്ങുന്നതിനെക്കുറിച്ച് ആലോചിക്കും. കുടുംബാംഗങ്ങളോടൊപ്പം സമയം ചെലവഴിക്കാൻ അവസരം ലഭിക്കും. ദാമ്പത്യ ജീവിതം സമാധാനപരമായിരിക്കും. എല്ലാ ദിവസവും ഓം ക്ലീം കൃഷ്ണായ നമഃ 108 തവണ ജപിക്കുക.
ഇടവക്കൂറ്
(കാർത്തിക 3/4, രോഹിണി, മകയിരം 1/2) സമ്മിശ്രമായ ഫലങ്ങളാണ് പ്രതീക്ഷിക്കുന്നത്. ജോലിയിൽ സമ്മർദ്ദം അനുഭവിക്കും. ഔദ്യോഗിക ജോലിഭാരം കൂടാൻ സാധ്യത. സഹപ്രവർത്തകരുമായി സംസാരിക്കുമ്പോൾ മിതത്വം പാലിച്ചാൽ തർക്കങ്ങൾ ഒഴിവാക്കാൻ കഴിയും. അനാവശ്യ ചെലവുകൾക്ക് സാധ്യതയുള്ളതിനാൽ പണമിടപാടുകളിൽ അതീവ ശ്രദ്ധ പുലർത്തുക. നിക്ഷേപങ്ങൾ നടത്തും മുൻപ് കൃത്യമായ ഉപദേശം തേടുന്നത് നന്നായിരിക്കും. ദൂരയാത്രയ്ക്ക് സാധ്യതയുണ്ട്. യാത്രയ്ക്കിടയിൽ ആരോഗ്യകാര്യങ്ങളിലും സാധനസാമഗ്രികളുടെ സുരക്ഷയിലും ശ്രദ്ധിക്കണം. ഗൃഹത്തിൽ അസ്വസ്ഥത ഉണ്ടാകാൻ സാധ്യതയുണ്ടെങ്കിലും വിട്ടുവീഴ്ചാ മനോഭാവം സമാധാനം നിലനിർത്താൻ സഹായിക്കും. പങ്കാളിയുടെ പിന്തുണ ആശ്വാസമേകും. ഉദരരോഗം, അമിതക്ഷീണം ഇവ അനുഭവപ്പെടാം. ഭക്ഷണത്തിൽ കൃത്യനിഷ്ഠ പാലിക്കുക. വിദ്യാർത്ഥികൾ പഠനത്തിൽ കൂടുതൽ ശ്രദ്ധിക്കണം. അലസത ഒഴിവാക്കി മുന്നോട്ട് പോകുക. ഓം ഹം ഹനുമതേ നമഃ ജപിക്കുക.
മിഥുനക്കൂറ്
(മകയിരം 1/2, തിരുവാതിര, പുണർതം 3/4)
പൊതുവെ ഗുണകരമായ മാറ്റങ്ങളാണ് കാണുന്നത്. തൊഴിലിൽ പുരോഗതി ലഭിക്കും. ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാൻ കഴിയും. കഴിവ് അംഗീകരിക്കപ്പെടും. സഹപ്രവർത്തകരുടെ സഹായം കിട്ടും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. പഴയ കുടിശ്ശിക ലഭിക്കാനോ ഭാഗ്യപരീക്ഷണം വഴി ധനലാഭത്തിനോ സാധ്യതയുണ്ട്.
ആരോഗ്യം പൊതുവെ തൃപ്തികരമായിരിക്കും. എങ്കിലും കണ്ണിനോ പല്ലിനോ ചെറിയ അസ്വസ്ഥതകൾ ഉണ്ടാകാതിരിക്കാൻ നോക്കുക. വീട്ടിൽ സമാധാനം, സന്തോഷം നിലനിൽക്കും. ബന്ധുക്കളുമായുള്ള എല്ലാ പിണക്കങ്ങളും മാറും. വിരുന്നിലും ആഘോഷങ്ങളിലും പങ്കെടുക്കാൻ സാധ്യതയുണ്ട്. വിദ്യാർത്ഥികൾ പഠന പുരോഗതി നേടും. മത്സരപരീക്ഷകളിൽ മികച്ച വിജയം കൈവരിക്കും. വിനോദയാത്ര, തീർത്ഥാടനം എന്നിവ നടത്താൻ അവസരം ലഭിക്കും. ഓം നമഃ ശിവായ ദിവസവും 108 തവണ ജപിക്കുക.
കർക്കടകക്കൂറ്
(പുണർതം 1/4, പൂയം, ആയില്യം)
ഗുണദോഷസമ്മിശ്ര ഫലങ്ങളാണ് അനുഭവപ്പെടുക.
ജോലിയിൽ ചുമതലകൾ കൂടും. കഠിനാദ്ധ്വാനത്തിന് അർഹമായ ഫലം ലഭിക്കും സഹപ്രവർത്തകരുമായി തർക്കങ്ങൾ ഒഴിവാക്കാൻ നോക്കണം. അപ്രതീക്ഷിത ചിലവുകൾ വരാൻ സാധ്യതയുള്ളതിനാൽ പണം കൈകാര്യം ചെയ്യുന്നതിൽ മിതത്വം പാലിക്കുക. കടം കൊടുക്കുന്നതും ജാമ്യം നിൽക്കുന്നതും ഒഴിവാക്കുക. കാലാവസ്ഥാ വ്യതിയാനം മൂലം ജലദോഷം, പനി ഇവ വരാൻ സാധ്യത. ഭക്ഷണം, വിശ്രമം എന്നിവയിൽ പ്രത്യേകം ശ്രദ്ധിക്കുക. മാതാപിതാക്കളുടെ ആരോഗ്യം നിലനിർത്താൻ വേണ്ടത് ചെയ്യണം. ദാമ്പത്യത്തിൽ ചെറിയ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാമെങ്കിലും സംയമനം പാലിക്കുന്നത് ഗുണകരമാകും. അനാവശ്യ ആശങ്കകൾ മനസ്സിനെ അലട്ടിയേക്കാം. പ്രാർത്ഥന വഴി മനസ്സിനെ ശാന്തമാക്കാൻ ശ്രമിക്കുക. പഠനത്തിൽ ഏകാഗ്രത ആവശ്യമായ ഘട്ടമാണ്. അമിതമായ സൗഹൃദങ്ങൾ പഠനത്തെ ബാധിക്കാതെ നോക്കണം. ദിവസവും ഓം ക്ലീം കൃഷ്ണായ നമഃ 108 തവണ ജപിക്കുക.
ALSO READ
ചിങ്ങക്കൂറ്
(മകം, പൂരം, ഉത്രം 1/4)
പൊതുവെ അനുകൂലമായ ഫലങ്ങൾ കാണുന്നു. ധൈര്യം, ആത്മവിശ്വാസം, നേതൃഗുണം പ്രകടമാകും. ജോലിയിൽ പുതിയ സ്ഥാനമാനങ്ങൾ ലഭിക്കാനോ ഉത്തരവാദിത്തങ്ങൾ വർദ്ധിക്കാനോ സാധ്യതയുണ്ട്. മേലധികാരികളുടെ പ്രീതി പിടിച്ചുപറ്റാൻ കഴിയും. സ്വയം തൊഴിൽ ചെയ്യുന്നവർക്ക് ലാഭം വർദ്ധിക്കുന്ന സമയമായിരിക്കും. സാമ്പത്തിക നില ഭദ്രമായിരിക്കും. കിട്ടാതിരുന്ന ധനം തിരികെ ലഭിക്കാൻ സാധ്യതയുണ്ട്. എങ്കിലും ആഡംബര വസ്തുക്കൾക്കായി അമിതമായി പണം ചെലവാക്കാതിരിക്കാൻ ശ്രദ്ധിക്കുക. വീട്ടിൽ സന്തോഷവും ഐശ്വര്യവും നിലനിൽക്കും. മക്കളുടെ കാര്യത്തിൽ അഭിമാനിക്കാൻ വകയുണ്ടാകും. ജീവിത പങ്കാളിയുമായി നല്ല സഹകരണം പ്രതീക്ഷിക്കാം. ആരോഗ്യം തൃപ്തികരമായിരിക്കും. വിദ്യാർത്ഥികൾ പഠനത്തിൽ മികച്ച പ്രകടനം കാഴ്ചവെയ്ക്കും. മത്സര പരീക്ഷകളിൽ വിജയിക്കാനും ഉന്നത വിദ്യാഭ്യാസത്തിന് അവസരം ലഭിക്കാനും സാധ്യതയുണ്ട്. ഔദ്യോഗിക ആവശ്യങ്ങൾക്ക് ദൂരയാത്ര ചെയ്യേണ്ടി വന്നേക്കാം.
ദിവസവും ഓം വചത്ഭുവേ നമഃ 108 തവണ ജപിക്കുക.
കന്നിക്കൂറ്
(ഉത്രം 3/4, അത്തം, ചിത്തിര 1/2)
സമ്മിശ്രഫലങ്ങൾ പറയുന്നു. എങ്കിലും ബുദ്ധിപരമായ നീക്കങ്ങളിലൂടെ തടസ്സങ്ങൾ മറികടക്കാൻ സാധിക്കും. ജോലികൾ കൃത്യസമയത്ത് പൂർത്തിയാക്കാൻ സാധിക്കും. ബിസിനസ് രംഗത്തുള്ളവർക്ക് പുതിയ കരാറുകളിൽ ഒപ്പിടാൻ അനുകൂലമായ സമയമാണ്. എന്നാൽ സഹപ്രവർത്തകരുമായി സംസാരിക്കുമ്പോൾ വാക്കുകൾ സൂക്ഷിക്കുക. വരുമാനം വർദ്ധിക്കും. അപ്രതീക്ഷിതമായ ചെലവുകളും വന്നുചേരും. പഴയ കടങ്ങൾ വീട്ടാൻ സാധിക്കുന്നത് ആശ്വാസമേകും. വലിയ തുകകൾ കടം കൊടുക്കുന്നത് ഒഴിവാക്കുക. കുടുംബത്തിൽ സമാധാനമുണ്ടാകും. പങ്കാളിയുമായി നിലനിന്നിരുന്ന ചെറിയ പിണക്കങ്ങൾ മാറി ഐക്യം ഉണ്ടാകും. ബന്ധുക്കളുടെ സഹായം ആവശ്യസമയത്ത് ലഭിക്കും. ഉദരസംബന്ധമായ അസ്വസ്ഥത ഉണ്ടാകാൻ സാധ്യതയുണ്ട്. ഭക്ഷണത്തിൽ പ്രത്യേകം ശ്രദ്ധിക്കുക. വിദ്യാർത്ഥികൾക്ക് ഏകാഗ്രത പുലർത്താൻ കഴിയും. ഉപരിപഠനത്തിന് തയ്യാറെടുക്കുന്നവർക്ക് അനുകൂല വാർത്ത ലഭിക്കും. പുതിയ കാര്യങ്ങൾ പഠിക്കാനും നടപ്പാക്കാനും താല്പര്യം കാണിക്കും. ആത്മവിശ്വാസം വിജയത്തിലേക്ക് നയിക്കും. ഓം ക്ലീം കൃഷ്ണായ നമഃ 108 തവണ ജപിക്കുക.
തുലാക്കൂറ്
(ചിത്തിര 1/2, ചോതി, വിശാഖം 3/4)
പൊതുവെ അനുകൂലവും സമാധാനപരവുമായ സമയമാണ്. കർമ്മരംഗത്ത് അനുകൂലമായ മാറ്റങ്ങൾ പ്രതീക്ഷിക്കാം. പുതിയ ഉത്തരവാദിത്തം ഏറ്റെടുക്കും. ഇത് ഭാവിയിൽ ഗുണകരമാകും. ബിസിനസ് ചെയ്യുന്നവർക്ക് പുതിയ പങ്കാളികളെ ലഭിക്കാനോ വിപുലീകരണത്തിനോ സഹായം ലഭിക്കാൻ സാധ്യത. വരുമാനത്തിൽ വർദ്ധനവുണ്ടാകും. ആഡംബര വസ്തുക്കൾ വാങ്ങാനോ വീട് നവീകരിക്കാനോ പണം ചെലവഴിച്ചേക്കാം. എങ്കിലും അനാവശ്യ ചെലവുകൾ നിയന്ത്രിക്കുന്നത് നന്നായിരിക്കും. ദാമ്പത്യത്തിൽ ഏറെ സന്തോഷവും ഐക്യവും ഉണ്ടാകും. യാത്രകൾ പോകാനും വിനോദങ്ങളിൽ ഏർപ്പെടാനും അവസരം ലഭിക്കും. പ്രണയബന്ധങ്ങളിൽ ഊഷ്മളത ഉണ്ടാകും. ആരോഗ്യം തൃപ്തികരമായിരിക്കും. എങ്കിലും ലഹരി പദാർത്ഥങ്ങൾ, അമിതമായ എണ്ണ ഉപയോഗം എന്നിവ ഒഴിവാക്കണം. കലാരംഗത്തോ കായികരംഗത്തോ ഉള്ള വിദ്യാർത്ഥികൾക്ക് മികച്ച നേട്ടങ്ങൾ കൊയ്യാനാകും പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കും. പുതിയ ബന്ധങ്ങൾ സ്ഥാപിക്കപ്പെടും. സാമൂഹിക പരിപാടികളിൽ സജീവമായി പങ്കെടുക്കാനും പ്രശംസ പിടിച്ചുപറ്റാനും സാധിക്കും. ദിവസവും ഓം ദും ദുർഗ്ഗായൈ നമഃ 108 തവണ ജപിക്കുക.
വൃശ്ചികക്കൂറ്
(വിശാഖം 1/4, അനിഴം, തൃക്കേട്ട) ഗുണദോഷസമ്മിശ്രമായ ഫലങ്ങൾ പ്രതീക്ഷിക്കാം. എങ്കിലും പ്രയത്നങ്ങൾക്ക് അനുകൂല ഫലം ലഭിക്കുന്ന സമയമാണ്. ജോലിയിൽ കഠിനാദ്ധ്വാനം ആവശ്യമായി വരും. ശത്രുക്കളുടെ ശല്യം ഉണ്ടായേക്കാമെങ്കിലും ബുദ്ധിപൂർവ്വമായ നീക്കങ്ങളിലൂടെ അത് മറികടക്കാൻ സാധിക്കും. ബിസിനസ്സ് രംഗത്തുള്ളവർക്ക് പുതിയ പദ്ധതികൾ ആവിഷ്കരിക്കാൻ അനുയോജ്യമായ സമയമാണ്. വരുമാനത്തിൽ വലിയ കുറവുണ്ടാകില്ല. അപ്രതീക്ഷിതമായ ചെലവുകൾ മാനസിക സമ്മർദ്ദം ഉണ്ടാക്കാം. പണം കടം കൊടുക്കുന്നതോ വലിയ നിക്ഷേപങ്ങൾ നടത്തുന്നതോ ഒഴിവാക്കുന്നതാണ് നല്ലത്. കുടുംബത്തിൽ ചെറിയ അസ്വസ്ഥതകൾക്കോ തർക്കങ്ങൾക്കോ സാധ്യതയുണ്ട്. സംസാരത്തിൽ മിതത്വം പാലിക്കുന്നത് നല്ലത്. സഹോദരങ്ങളിൽ നിന്നോ അടുത്ത ബന്ധുക്കളിൽ നിന്നോ സഹായം ലഭിക്കും. ഉദരസംബന്ധമായ അസുഖങ്ങളോ അസ്ഥിരോഗങ്ങളോ ഉള്ളവർ പ്രത്യേകം ശ്രദ്ധിക്കണം. കൃത്യസമയത്ത് ഭക്ഷണം കഴിക്കാനും വിശ്രമിക്കാനും ശ്രമിക്കുക. വിദ്യാർത്ഥികൾക്ക് പഠനത്തിൽ കൂടുതൽ ശ്രദ്ധയും പ്രയത്നവും ആവശ്യമാണ്. അലസത ഒഴിവാക്കി പഠനകാര്യങ്ങളിൽ മുഴുകുന്നത് ഭാവിയിൽ ഗുണകരമാകും. ആത്മവിശ്വാസത്തോടെ കാര്യങ്ങളെ സമീപിക്കുക. ഈശ്വരപ്രാർത്ഥനയും ധ്യാനവും ശാന്തി നൽകും. ദിവസവും ഓം ഭദ്രകാള്യൈ നമഃ 108 തവണ ജപിക്കുക.
ധനുക്കൂറ്
(മൂലം, പൂരാടം, ഉത്രാടം 1/4)
പൊതുവെ സമാധാനപരമായ ആഴ്ചയായിരിക്കും. ഭാഗ്യാനുഭവങ്ങൾ കൂടെയുണ്ട്. തൊഴിലിൽ അനുകൂല മാറ്റങ്ങൾ സംഭവിക്കും. പുതിയ ഉത്തരവാദിത്തങ്ങൾ ലഭിക്കാനും സ്ഥാനക്കയറ്റത്തിനുള്ള ചർച്ചകൾ നടക്കാനും സാധ്യതയുണ്ട്. ബിസിനസ്സ് ചെയ്യുന്നവർക്ക് പുതിയ ഓർഡറുകൾ ലഭിക്കും. സാമ്പത്തികമായി നല്ല സമയമാണ്. കിട്ടാനുള്ള പണം കൈവശം വരും. ആഡംബര വസ്തുക്കൾക്കായി അനാവശ്യമായി പണം ചെലവാക്കാതിരിക്കാൻ ശ്രദ്ധിക്കുക. ഗൃഹത്തിൽ മംഗളകർമ്മം നടക്കാൻ സാധ്യത. ബന്ധുക്കളുമായി ഒത്തുചേരാൻ കഴിയും. ജീവിതപങ്കാളിയുടെ പൂർണ്ണ പിന്തുണ എല്ലാ കാര്യത്തിലും ഉണ്ടാകും. ആരോഗ്യം തൃപ്തികരമായിരിക്കും. വാതസംബന്ധമായ പ്രശ്നം ഉള്ളവർ വ്യായാമം ചെയ്യുന്നത് നല്ലത്. വിദ്യാർത്ഥികൾ പഠനത്തിൽ മികച്ച പുരോഗതി കൈവരിക്കും. ഉപരിപഠനത്തിനായി വിദേശത്തോ ദൂരസ്ഥലങ്ങളിലോ പോകാൻ ആഗ്രഹിക്കുന്നവർക്ക് അനുകൂലമായ മറുപടി ലഭിക്കും. ദീർഘദൂരയാത്രാ സാധ്യതയുണ്ട്. ഈ യാത്രകൾ വഴി പുതിയ സൗഹൃദങ്ങളും നേട്ടങ്ങളും ഉണ്ടായേക്കാം. ദിവസവും ഓം ഗം ഗണപതയേ നമഃ 108 തവണ ജപിക്കുക.
മകരക്കൂറ്
(ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
കഠിനാധ്വാനം വേണ്ടിവരുന്ന സമയമാണ്. എങ്കിലും ആത്മവിശ്വാസത്തോടെ പ്രവർത്തിച്ചാൽ കാര്യങ്ങൾ അനുകൂലമാക്കാം. ഉത്തരവാദിത്തങ്ങൾ വർദ്ധിക്കും. മേലധികാരികളിൽ നിന്ന് സമ്മർദ്ദം ഉണ്ടായേക്കാം. ജോലിയിൽ പ്രകടനം മെച്ചപ്പെടുത്താനാകും. ബിസിനസ്സിൽ പുതിയ പരീക്ഷണങ്ങൾ നടത്തുന്നതിന് മുൻപ് നന്നായി ആലോചിക്കണം. വരുമാനം തൃപ്തികരമായിരിക്കും. അനാവശ്യ ചെലവുകൾ നിയന്ത്രിക്കേണ്ടതുണ്ട്. മുൻകാല നിക്ഷേപങ്ങളിൽ നിന്ന് ചെറിയ ലാഭം പ്രതീക്ഷിക്കാം. കുടുംബത്തിൽ ചെറിയ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാൻ സാധ്യത. ജീവിതപങ്കാളിയുടെ ആരോഗ്യകാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണം. നടുവേദനയോ സന്ധിവേദനയോ ഉള്ളവർ അമിതഭാരം എടുക്കുന്നത് ഒഴിവാക്കണം. കൃത്യസമയത്ത് ഭക്ഷണം കഴിക്കാനും വിശ്രമിക്കാനും ശ്രദ്ധിക്കുക. പഠനത്തിൽ കൂടുതൽ ശ്രദ്ധിക്കണം. മത്സരപ്പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർ കഠിനമായി പരിശ്രമിച്ചാൽ വിജയം ഉറപ്പ്. ജോലി സംബന്ധമായ യാത്രകൾ നടത്തേണ്ടി വരും. രേഖകളും വിലപിടിപ്പുള്ള സാധനങ്ങളും സുരക്ഷിതമായി സൂക്ഷിക്കുക. ദിവസവും ഓം ഘ്രൂം നമഃ പരായ ഗോപ്ത്രേ 108 തവണ ജപിക്കുക.
കുംഭക്കൂറ്
(അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4) പൊതുവെ അനുകൂലമായ സമയമായിരിക്കും. ജോലിയിൽ പുതിയ പദ്ധതികൾ ആവിഷ്കരിക്കും. അതിൽ ചിലത് വിജയകരമായി നടപ്പിലാക്കും. സഹപ്രവർത്തകരുടെ പൂർണ്ണ സഹകരണം ഉണ്ടാകും. വിദേശത്ത് ജോലിക്ക് ശ്രമിക്കുന്നവർക്ക് അനുകൂലമായ മറുപടി ലഭിക്കാൻ സാധ്യതയുണ്ട്. ധനസ്ഥിതി ഭദ്രമായിരിക്കും. പുതിയ വരുമാന മാർഗ്ഗങ്ങൾ കണ്ടെത്താനാകും. എങ്കിലും ഊഹക്കച്ചവടങ്ങളിൽ പണം നിക്ഷേപിക്കുമ്പോൾ കൂടുതൽ ശ്രദ്ധ വേണം. വീട്ടിൽ സന്തോഷവും സമാധാനവും നിലനിൽക്കും. മക്കളുടെ കാര്യത്തിൽ നല്ല വാർത്ത കേൾക്കാൻ കഴിയും. ബന്ധുക്കളുമായി ഒത്തുചേരും. ആരോഗ്യം തൃപ്തികരമായിരിക്കും. മാനസിക ഉന്മേഷം ലഭിക്കും. കൃത്യമായ ഭക്ഷണം ദഹന പ്രശ്നങ്ങൾ ഒഴിവാക്കാൻ ഉതകും. വിദ്യാർത്ഥികൾക്ക് പഠനത്തിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ സാധിക്കും. ഗവേഷണ രംഗത്തുള്ളവർക്ക് സമയം ഏറെ ഗുണകരമാണ്. വിനോദയാത്രകൾക്കോ സുഹൃത്തുക്കളോടൊപ്പമുള്ള യാത്രകൾക്കോ സാധ്യതയുണ്ട്. ഈ യാത്രകൾ മനസ്സിന് പുതുജീവൻ നൽകും. എന്നും 108 തവണ ഓം നമോ നാരായണായ ജപിക്കുക.
മീനക്കൂറ്
(പൂരുരുട്ടാതി 1/4, ഉത്തൃട്ടാതി, രേവതി)
സമ്മിശ്രഫലങ്ങളാണ് പ്രതീക്ഷിക്കുന്നത്. ഏഴരശനി തുടരുന്നതിനാൽ ചില കാര്യങ്ങളിൽ അതീവ ശ്രദ്ധ ആവശ്യമാണ്. സഹപ്രവർത്തകരുമായി അനാവശ്യ തർക്കങ്ങളിൽ ഏർപ്പെടാതിരിക്കാൻ ശ്രദ്ധിക്കുക. ഉത്തരവാദിത്തങ്ങൾ വർദ്ധിക്കും. ജോലികൾ കൃത്യസമയത്ത് പൂർത്തിയാക്കാൻ കഠിനമായി പ്രയത്നിക്കേണ്ടി വരും. ബിസിനസ്സുകാർ നിക്ഷേപങ്ങൾ നടത്തുന്നതിന് മുൻപ് പരിചയസമ്പന്നരുടെ ഉപദേശം തേടുന്നത് നല്ലതാണ്. വരുമാനമുണ്ടാകുമെങ്കിലും അപ്രതീക്ഷിത ചെലവുകൾ വർദ്ധിക്കാൻ സാദ്ധ്യത. പണം കടം കൊടുക്കുന്നതും ജാമ്യം നിൽക്കുന്നതും ഒഴിവാക്കുക. മാനസിക അസ്വസ്ഥതകളോ ഉറക്കക്കുറവോ അനുഭവപ്പെട്ടേക്കാം. കുടുംബാംഗങ്ങളുമായി കലഹം ഒഴിവാക്കണം. സംസാരിക്കുമ്പോൾ സംയമനം പാലിക്കുക. പങ്കാളിയുടെ പിന്തുണ നിങ്ങൾക്ക് വലിയ ആശ്വാസമേകും. വീട്ടിൽ അറ്റകുറ്റപ്പണികൾക്കായി പണം ചെലവാക്കേണ്ടി വരും. വിദ്യാർത്ഥികൾ അലസ സമീപനം മാറ്റണം. കഠിനാധ്വാനം ചെയ്താൽ മാത്രമേ പ്രതീക്ഷിച്ച ഫലം ലഭിക്കുകയുള്ളൂ. അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കുന്നതാണ് ഉചിതം. വാഹനങ്ങൾ കൈകാര്യം ചെയ്യുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം.
എന്നും 108 തവണ ഓം ഘ്രൂം നമഃ പരായ ഗോപ്ത്രേ ജപിക്കണം.
ജ്യോതിഷരത്നം വേണു മഹാദേവ്
മൊബൈൽ: + 91 9847575559
Summary: Weekly Star predictions based on moon sign by Venu Mahadev
(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . ആത്മീയ- ജ്യോതിഷ വാര്‍ത്തകള്‍ക്ക്, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക: AstroG App .)
Copyright @ 2026 NeramOnline.com . All rights reserved.