(2026 മാർച്ച് 22 മുതൽ 28 വരെ )
2026 മാർച്ച് 22 ന് മേടക്കൂറിൽ ഭരണി നക്ഷത്ര ത്തിൽ ആരംഭിക്കുന്ന ഈ ആഴ്ചത്തെ പ്രധാന വിശേഷങ്ങൾ
മീനഭരണി, വാരാഹി പഞ്ചമി, ശബരിമല കൊടിയേറ്റ്, പത്മനാഭ സ്വാമി ക്ഷേത്രത്തിൽ പൈങ്കുനി ഉത്സവാരംഭം, ഷഷ്ഠി, ശ്രീരാമനവമി എന്നിവയാണ്.
മാർച്ച് 22 ഞായറാഴ്ച ആണ് ഭദ്രകാളി പ്രീതികരമായ മീനഭരണി. ദേവീ മന്ത്രങ്ങൾ ജപിച്ച് ഭദ്രകാളി പ്രീതി വരുത്തി ദോഷശാന്തി കൈവരിച്ച് ജീവിത വിജയം നേടാൻ ഉത്തമായ ദിനമാണ് മീനഭരണി എന്ന് പ്രസിദ്ധമായ കൊടുങ്ങല്ലൂർ ഭരണി. ദാരിക നിഗ്രഹത്തിനായി അവതാരമെടുത്ത കാളിയാണ് കൊടുങ്ങല്ലൂരമ്മ. എല്ലാ ഭദ്രകാളി ക്ഷേത്രങ്ങളിലും ഈ ദിനം പ്രധാനമാണ്. ശാർക്കര ഉത്സവവും കൊല്ലങ്കോട് തുക്കവുമെല്ലാം അന്നാണ്. വാരാഹി പഞ്ചമിയും, ശബരിമല പൈങ്കുനി ഉത്രം ഉത്സവം കൊടിയേറ്റും 23 തിങ്കളാഴ്ചയാണ്. 24 നാണ് മീനത്തിലെ ഷഷ്ഠിവ്രതവും പത്മനാഭ സ്വാമി ക്ഷേത്രത്തിലെ കൊടിയേറ്റും. സുബ്രഹ്മണ്യ പ്രീതി നേടുന്നതിന് മാത്രമല്ല ശിവഭഗവാന്റെ അനുഗ്രഹങ്ങൾ നേടാനും മീനമാസത്തിലെ ഷഷ്ഠി ഉത്തമമാണ്. ശ്രീരാമദേവന്റെ അവതാര ദിനമായ ശ്രീ രാമനവമി മാർച്ച് 26 നാണ് സാധാരണ മേടത്തിലെ ചൈത്ര മാസത്തിൽ വരുന്ന ഈ പുണ്യ ദിവസം ഇത്തവണ മീനമാസത്തിലാണ്. ചൈത്രനവമിക്ക് വ്രതം അനുഷ്ഠിച്ച് ശ്രീരാമ ക്ഷേത്ര ദർശനം നടത്തുകയും രാമനാമം ജപിക്കുയും വേണം. മാർച്ച് 29 ന് ആയില്യം നക്ഷത്രത്തിൽ വാരം അവസാനിക്കും. ഈ ആഴ്ചത്തെ നക്ഷത്രഫലം:
മേടക്കൂറ്
(അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ)
ജോലിയിൽ ചുമതലകൾ വർദ്ധിക്കാൻ സാധ്യത കാണുന്നു. ഇത് ഭാവിയിൽ ഗുണകരമാകുമെങ്കിലും ഇപ്പോൾ മാനസിക സമ്മർദ്ദം നൽകും. വരുമാനത്തിൽ കാര്യമായ കുറവുണ്ടാകില്ല. അനാവശ്യ ചെലവുകൾ നിയന്ത്രിക്കാൻ ശ്രദ്ധിക്കണം. ധനമിടപാടുകളിൽ കൂടുതൽ ജാഗ്രത പുലർത്തുന്നത് നന്നായിരിക്കും.
കുടുംബാംഗങ്ങളുമായി ഉഷ്മളമായ ബന്ധം നിലനിർത്തും. എങ്കിലും ചെറിയ തർക്കങ്ങൾക്കോ അഭിപ്രായ വ്യത്യാസങ്ങൾക്കോ സാധ്യതയുള്ളതിനാൽ സംസാരത്തിൽ നിയന്ത്രണം പാലിക്കുക. ഭക്ഷണം ദിനചര്യ എന്നിവയിൽ കൃത്യത പാലിക്കണം. ചെറിയ ആരോഗ്യപ്രശ്നങ്ങൾ പോലും അവഗണിക്കരുത്. വിദ്യാർത്ഥികൾ പഠനത്തിൽ കൂടുതൽ ശ്രദ്ധിക്കും. മത്സരപരീക്ഷകളിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ അനുകൂലമായ സാഹചര്യമാണ്. കലാരംഗത്തും ബിസിനസ്സ് രംഗത്തുള്ളവർക്കും പുരോഗതി നേടും.
ഓം വചത്ഭുവേ നമഃ ജപിക്കുക. ഭദ്രകാളിക്ക് വഴിപാട് നടത്തുക.
ഇടവക്കൂറ്
(കാർത്തിക അവസാന മുക്കാൽ, രോഹിണി, മകയിരം ആദ്യ പകുതി)
മനസ്സിന് സന്തോഷം നൽകുന്ന വാർത്ത കേൾക്കും. കുടുംബാംഗങ്ങൾ സുഹൃത്തുക്കൾ എന്നിവരുമായി സമയം ചെലവഴിക്കാനാനും. പൊതുവേ അനുകൂല സാഹചര്യമാണ് കാണുന്നത്. ഔദ്യോഗിക രംഗത്ത് വൻ നേട്ടങ്ങൾക്ക് സാധ്യതയുണ്ട്. പുതിയ ബിസിനസ് സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് അനുകൂല സമയമാണ്. വിദേശത്ത് നിന്ന് ജോലി സംബന്ധമായ പുതിയ അവസരങ്ങൾ ലഭിക്കും. പുതിയ വരുമാന സ്രോതസ്സുകൾ തുറക്കപ്പെടും. ചെലവ് വർദ്ധിക്കാൻ സാധ്യതയുണ്ട്. പണമിടപാടിൽ കർശന നിയന്ത്രണം പാലിക്കുന്നത് നന്നായിരിക്കും. ആരോഗ്യം പൊതുവേ തൃപ്തികരമായിരിക്കും. യാത്ര ചെയ്യുമ്പോൾ ഭക്ഷണ കാര്യത്തിൽ വളരെ ശ്രദ്ധിക്കണം വിദ്യാർത്ഥികൾക്ക് പഠനത്തിൽ ഏകാഗ്രത നിലനിർത്താൻ സാധിക്കും. മത്സരപരീക്ഷകളിൽ വിജയം ലഭിക്കും. കുടുംബത്തിൽ ചെറിയ അഭിപ്രായ വ്യത്യാസം ഉണ്ടാകാൻ സാധ്യത കാണുന്നു. സംസാരത്തിൽ മിതത്വം അനിവാര്യമാണ്. സുപ്രധാന തീരുമാനങ്ങൾ എടുക്കുമ്പോൾ മുതിർന്നവരുടെ ഉപദേശം തേടുന്നത് ഗുണകരമാകും. ഓം ഗം ഗണപതയേ നമഃ 108 തവണ ജപിക്കുക.
മിഥുനക്കൂറ്
(മകയിരം അവസാന പകുതി, തിരുവാതിര, പുണർതം ആദ്യ മുക്കാൽ)
പൊതുവേ സമ്മിശ്രമായ ഫലങ്ങളാണ് അനുഭവപ്പെടുക. വിലപ്പെട്ട രേഖകളും വസ്തുക്കളും കൈമോശം വരാതെ ശ്രദ്ധിക്കണം. പുതിയ കരാറുകളിൽ ഒപ്പിടുന്നതിന് മുൻപ് കൃത്യമായി വായിച്ചു മനസ്സിലാക്കുക. ജോലിസ്ഥലത്ത് അഭിപ്രായവ്യത്യാസങ്ങൾക്ക് സാധ്യതയുണ്ട്. അതിനാൽ സംസാരത്തിൽ വളരെയധികം നിയന്ത്രണം പാലിക്കണം. പുതിയ ഉത്തരവാദിത്തം ഏറ്റെടുക്കുമ്പോൾ കൂടുതൽ ശ്രദ്ധിക്കണം വരവിനേക്കാൾ കൂടുതൽ ചെലവ് വരാൻ സാധ്യതയുണ്ട്. ആഡംബരങ്ങൾ ഒഴിവാക്കി സാമ്പത്തിക ഭദ്രത ഉറപ്പാക്കണം. കടം കൊടുക്കുന്നതും വാങ്ങുന്നതും തൽക്കാലം ഒഴിവാക്കുന്നത് ഉചിതം. വീട്ടിൽ സമാധാന അന്തരീക്ഷം നിലനിൽക്കും. പങ്കാളിയുടെ പിന്തുണ പല കാര്യങ്ങളിലും ആശ്വാസമേകും. അകന്നുനിന്നിരുന്ന ബന്ധുക്കളുമായി ഒത്തുചേരാൻ അവസരം ലഭിച്ചേക്കും.
മാനസികമായ സമ്മർദ്ദം കുറയ്ക്കാൻ യോഗയോ ധ്യാനമോ ശീലിക്കുന്നത് നന്നായിരിക്കും. ശ്വാസകോശ അലർജി സംബന്ധമായ ബുദ്ധിമുട്ടുകൾ ഉള്ളവർ ജാഗ്രത പാലിക്കുക. വിദ്യാർത്ഥികൾക്ക് പഠനത്തിൽ മന്ദത അനുഭവപ്പെട്ടേക്കാം. കഠിനാധ്വാനം ചെയ്താൽ മാത്രമേ പ്രതീക്ഷിച്ച ഫലം ലഭിക്കുകയുള്ളൂ. ഓം ക്ലീം കൃഷ്ണായ നമഃ 108 തവണ ജപിക്കുക.
കർക്കടകക്കൂറ്
(പുണർതം അവസാന കാൽ, പൂയം, ആയില്യം) പൊതുവേ ഗുണകരമായ ഫലങ്ങളാണ് കാണുന്നത്. മനസ്സിന് സന്തോഷവും ആശ്വാസവും നൽകുന്ന പലതും സംഭവിക്കാം. വിദേശയാത്രയ്ക്ക് ശ്രമിക്കുന്നവർക്ക് അനുകൂലമായ മറുപടികൾ ലഭിക്കാം. വൈകാരികമായ തീരുമാനങ്ങൾ എടുക്കുന്നത് ഒഴിവാക്കി പ്രായോഗിക രീതികൾ സ്വീകരിക്കുന്നത് ഗുണം ചെയ്യും. ജോലിയിൽ അനുകൂല മാറ്റങ്ങൾ പ്രതീക്ഷിക്കാം. മേലധികാരികളിൽ നിന്ന് പ്രശംസയ്ക്കും സ്ഥാനക്കയറ്റത്തിനും സാധ്യത. തൊഴിലന്വേഷകർക്ക് നല്ല ജോലി ലഭിക്കും. ധനസ്ഥിതി ഭദ്രമായിരിക്കും. മുൻപ് നടത്തിയ നിക്ഷേപങ്ങളിൽ നിന്ന് ലാഭത്തിന് സാധ്യതയുണ്ട്. ആഡംബരങ്ങൾക്കായി പണം ചെലവാക്കുന്നത് നിയന്ത്രിക്കണം. കുടുംബത്തിൽ സമാധാനവും സന്തോഷവും നിലനിൽക്കും. തർക്കങ്ങൾ പരിഹരിക്കപ്പെടും. മംഗളകർമ്മങ്ങളിൽ പങ്കെടുക്കാൻ അവസരം ലഭിക്കും. ആരോഗ്യം പൊതുവേ തൃപ്തികരം. ഉദരസംബന്ധമായ അസ്വസ്ഥതകൾ വരാതിരിക്കാൻ ഭക്ഷണകാര്യങ്ങളിൽ കൃത്യനിഷ്ഠ പാലിക്കുക.
വിദ്യാർത്ഥികൾക്ക് പഠനത്തിൽ പുരോഗതി ഉണ്ടാകും. കഠിനാധ്വാനത്തിന് അർഹമായ ഫലം ലഭിക്കും. ഓം ദും ദുർഗ്ഗായൈ നമഃ 108 തവണ ജപിക്കുക.
ALSO READ
ചിങ്ങക്കൂറ്
(മകം, പൂരം, ഉത്രം ആദ്യ കാൽ)
പൊതുവേ സമ്മിശ്രമായ ഫലങ്ങളാണ് അനുഭവപ്പെടുക. ആത്മവിശ്വാസം വർദ്ധിക്കുമെങ്കിലും ചില കാര്യങ്ങളിൽ ജാഗ്രത വേണം. കോപം, എടുത്തുചാട്ടം നിയന്ത്രിക്കണം. പ്രധാനപ്പെട്ട തീരുമാനങ്ങൾ എടുക്കുമ്പോൾ രണ്ടുവട്ടം ആലോചിക്കുന്നത് നല്ലതാണ്. തൊഴിൽരംഗത്ത് നേതൃപാടവം അംഗീകരിക്കപ്പെടും. സഹപ്രവർത്തകരുടെ സഹായം ലഭിക്കുമെങ്കിലും അമിതമായ ആത്മവിശ്വാസം ഒഴിവാക്കുന്നത് നന്നായിരിക്കും. പുതിയ പ്രോജക്ടുകൾ ഏറ്റെടുക്കാൻ അനുകൂല സമയമാണ്. വരവ് വർദ്ധിക്കും. എങ്കിലും അപ്രതീക്ഷിത ചെലവുകൾക്ക് സാധ്യതയുണ്ട്. ഭൂമി സംബന്ധമായ ഇടപാടുകളിൽ നിന്ന് ലാഭം പ്രതീക്ഷിക്കാം. കുടുംബത്തിൽ ഹൃദ്യമായ അന്തരീക്ഷം നിലനിൽക്കും. മക്കളുടെ കാര്യത്തിൽ അഭിമാനിക്കാൻ വകയുണ്ടാകും. ബന്ധുക്കളുമായി ചെറിയ അഭിപ്രായ വ്യത്യാസം ഉണ്ടാകാൻ സാധ്യതയുണ്ട്. സംസാരത്തിൽ മിതത്വം പാലിക്കുക. ഉദര സംബന്ധമായ അസ്വസ്ഥത ബുദ്ധിമുട്ടിക്കും. കൃത്യസമയത്ത് ഭക്ഷണം കഴിക്കാനും വിശ്രമിക്കാനും ശ്രദ്ധിക്കുക. വിദ്യാർത്ഥികൾക്ക് പഠന കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയും. കഠിനാധ്വാനം ചെയ്യുന്നവർക്ക് മികച്ച ഫലം ലഭിക്കും. ഓം നമഃ ശിവായാ നമഃ 108 തവണ ജപിക്കുക.
കന്നിക്കൂറ്
(ഉത്രം അവസാന മുക്കാൽ, അത്തം, ചിത്തിര ആദ്യ പകുതി)
പരിശ്രമങ്ങൾക്കനുസരിച്ചുള്ള ഫലം ലഭിക്കും. പൊതുവേ ഗുണദോഷമിശ്ര സമയമാണ്. വിലപ്പെട്ട വസ്തുക്കൾ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധ വേണം. തർക്കങ്ങളിൽ മധ്യസ്ഥത വഹിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്.
ജോലിയിൽ ഉത്തരവാദിത്തങ്ങൾ കൂടും. മറ്റുള്ളവരുടെ പൂർണ്ണ പിന്തുണ ലഭിക്കണമെന്നില്ല, അതിനാൽ സ്വന്തം കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുക. ബിസിനസ്സ് രംഗത്തുള്ളവർക്ക് പുതിയ കരാറുകളിൽ ഒപ്പിടാൻ സാധിക്കും. സാമ്പത്തികമായി ബുദ്ധിമുട്ടുകൾ ഉണ്ടാകില്ല. അനാവശ്യമായ ചെലവുകൾ വന്നുചേരാം. പഴയ കടങ്ങൾ വീട്ടാൻ കഴിയും. അപ്രതീക്ഷിത ധന പ്രാപ്തിക്ക് സാധ്യത കുറവാണ്. ഗൃഹത്തിൽ സമാധാന അന്തരീക്ഷമായിരിക്കും. ജീവിതപങ്കാളിയുമായി ചേർന്ന് പ്രധാനപ്പെട്ട തീരുമാനങ്ങൾ എടുക്കാൻ സാധിക്കും. മക്കളുടെ വിദ്യാഭ്യാസ കാര്യങ്ങളിൽ സന്തോഷകരമായ വാർത്ത കേൾക്കാൻ ഇടയുണ്ട്. സന്ധി സംബന്ധമായ അസ്വസ്ഥതകൾ അനുഭവപ്പെടാൻ സാധ്യത. വ്യായാമവും കൃത്യമായ വിശ്രമവും ശീലമാക്കുക. പഠനത്തിൽ മികച്ച പുരോഗതി ഉണ്ടാകും. ഗവേഷണ രംഗത്തുള്ളവർക്കും ഉപരിപഠനത്തിന് ശ്രമിക്കുന്നവർക്കും നല്ല സമയമാണ്. ഓം നമോ നാരായണായ 108 തവണ ജപിക്കുക.
തുലാക്കൂറ്
(ചിത്തിര അവസാന പകുതി, ചോതി, വിശാഖം ആദ്യ മുക്കാൽ)
പൊതുവേ ഗുണ ഫലങ്ങൾ ലഭിക്കും. എങ്കിലും ചില കാര്യങ്ങളിൽ മിതത്വം പാലിക്കുന്നത് നന്നായിരിക്കും.
പ്രധാനപ്പെട്ട രേഖകളിൽ ഒപ്പിടുമ്പോൾ കൃത്യമായി വായിച്ചു നോക്കുക. പുതിയ അവസരങ്ങൾ തേടി വരും. സങ്കീർണ്ണമായ ജോലികൾ എളുപ്പത്തിൽ തീർക്കാനാകും. ബിസിനസ്സ് വിപുലീകരണത്തിന് അനുയോജ്യമായ സമയമാണ്. സാമ്പത്തിക നില മെച്ചപ്പെടും. കിട്ടാക്കടം തിരികെ ലഭിക്കും. പുതിയ നിക്ഷേപങ്ങൾ നടത്താൻ സാധ്യതയുണ്ട്. ആഡംബര വസ്തുക്കൾക്കായി അമിതമായി പണം ചിലവഴിക്കാതിരിക്കാൻ ശ്രദ്ധിക്കുക.
വീട്ടിൽ സന്തോഷവും സമാധാനവും ഉണ്ടാകും. ദാമ്പത്യ ജീവിതത്തിൽ നിലനിന്നിരുന്ന ചെറിയ അസ്വാരസ്യങ്ങൾ മാറി ഐക്യം വർദ്ധിക്കും. വിരുന്നുകാരെ സ്വീകരിക്കാൻ ഇടവരും.പൊതുവേ ആരോഗ്യം തൃപ്തികരമായിരിക്കും. നേത്ര സംബന്ധമായോ ശിരോസംബന്ധമായോ വരുന്ന ബുദ്ധിമുട്ടുകൾ അവഗണിക്കരുത്. പഠനത്തിൽ താല്പര്യം വർദ്ധിക്കും. കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് നല്ല അവസരങ്ങൾ ലഭിക്കും. മറ്റുള്ളവരുടെ കാര്യങ്ങളിൽ അനാവശ്യമായി ഇടപെടുന്നത് ഒഴിവാക്കുക. നിത്യവും
ഓം ഭദ്രകാള്യൈ നമഃ 108 തവണ ജപിക്കുക.
വൃശ്ചികക്കൂറ്
(വിശാഖം അവസാന കാൽ, അനിഴം, തൃക്കേട്ട) ഗുണദോഷമിശ്രമായ സമയമാണ്. ചില കാര്യങ്ങളിൽ അതീവ ജാഗ്രത പാലിക്കണം. സഹപ്രവർത്തകരുമായി തർക്കങ്ങളിൽ ഏർപ്പെടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. സ്വന്തം കഴിവ് തെളിയിക്കാൻ കഠിനാധ്വാനം ചെയ്യേണ്ടി വരും. പണമിടപാടുകളിൽ അതീവ ശ്രദ്ധ പുലർത്തുക. അനാവശ്യ ചിലവുകൾക്ക് സാധ്യതയുണ്ട്. ബജറ്റ് പ്ലാൻ ചെയ്യുന്നത് നന്നായിരിക്കും. ആരെയും വിശ്വസിച്ച് വൻ തുക കടം കൊടുക്കരുത്. കുടുംബത്തിൽ ചെറിയ അസ്വാരസ്യങ്ങൾക്ക് സാധ്യതയുണ്ട്. സംസാരം നിയന്ത്രിക്കുന്നത് പ്രശ്നങ്ങൾ ഒഴിവാക്കും. മാനസികമായ പിരിമുറുക്കം ശാരീരിക അസ്വസ്ഥതകൾക്ക് കാരണമാകും. വാഹനം ഉപയോഗിക്കുമ്പോൾ കൂടുതൽ ശ്രദ്ധ വേണം. വിദ്യാർത്ഥികൾക്ക് പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ അല്പം ബുദ്ധിമുട്ട് അനുഭവപ്പെട്ടേക്കാം. കോപം, എടുത്തുചാട്ടം നിയന്ത്രിക്കുക. ശത്രുക്കളുടെ നീക്കങ്ങൾ തിരിച്ചറിഞ്ഞ് പ്രവർത്തിക്കണം. സുപ്രധാന തീരുമാനങ്ങൾ മാറ്റി വെക്കുന്നതാണ് ഉചിതം. നിത്യവും ഓം ഹം ഹനുമതേ നമഃ 108 തവണ ജപിക്കുക.
ധനുക്കൂറ്
(മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽ)
പൊതുവേ സദ്ഫലങ്ങൾ അനുഭവപ്പെടും. തടസ്സപ്പെട്ട പല കാര്യങ്ങളും പുനരാരംഭിക്കാനാകും. ഔദ്യോഗിക രംഗത്ത് വലിയ പുരോഗതിയുണ്ടാകും. മേലധികാരികളിൽ നിന്നും സഹപ്രവർത്തകരിൽ നിന്നും പൂർണ്ണ പിന്തുണ ലഭിക്കും. പുതിയ തൊഴിൽ അവസരങ്ങൾ തേടി വരും. സ്ഥലംമാറ്റം സാധ്യത തെളിയാൻ ഇടയുണ്ട്. ധനസ്ഥിതി മെച്ചപ്പെടും. അപ്രതീക്ഷിത സ്രോതസ്സുകളിൽ നിന്ന് ലാഭം ഉണ്ടാകാം. പഴയ കടബാധ്യതകൾ തീർക്കാൻ സാധിക്കുന്നത് വലിയ ആശ്വാസമാകും. നിക്ഷേപം നടത്താൻ അനുകൂലമായ സമയമാണ്. കുടുംബത്തിൽ സമാധാനവും സന്തോഷവും നിലനിൽക്കും. മംഗളകർമ്മങ്ങളിൽ പങ്കെടുക്കും. ദാമ്പത്യ ജീവിതം സന്തോഷപൂർവം മുന്നോട്ട് പോകും. ആരോഗ്യം തൃപ്തികരമായിരിക്കും. അമിതമായ ജോലി കാരണം ചെറിയ ക്ഷീണം അനുഭവപ്പെടാം. യഥാസമയം ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കുക. ഉപരിപഠനത്തിന് വിദേശത്തോ പോകാൻ അനുകൂല മറുപടി ലഭിക്കും. സുഹൃത്തുക്കളെ തിരഞ്ഞെടുക്കുമ്പോൾ ജാഗ്രത വേണം. ആത്മവിശ്വാസം വർദ്ധിക്കും. അമിതമായ സാഹസികത ഒഴിവാക്കുന്നത് നന്നായിരിക്കും. ഓം ദും ദുർഗ്ഗായൈ നമഃ 108 തവണ ജപിക്കുക.
മകരക്കൂറ്
(ഉത്രാടം അവസാന മുക്കാൽ, തിരുവോണം, അവിട്ടം ആദ്യ പകുതി)
ഗുണദോഷമിശ്രമായ ഫലങ്ങളാണ് അനുഭവപ്പെടുക. പരിശ്രമത്തിന് തക്കതായ ഫലം ലഭിക്കാൻ അല്പം കൂടി കാത്തിരിക്കേണ്ടി വരും. സുപ്രധാനമായ തീരുമാനങ്ങൾ മാറ്റി വയ്ക്കുന്നത് നന്നായിരിക്കും. ശത്രുക്കളുടെ നീക്കം ശ്രദ്ധിക്കണം. വാഹനങ്ങൾ കൈകാര്യം ചെയ്യുമ്പോൾ കൂടുതൽ ജാഗ്രത പാലിക്കുക. ജോലിയിൽ സമ്മർദ്ദം വർദ്ധിക്കാൻ സാധ്യതയുണ്ട്. സഹപ്രവർത്തകരുമായി ഒത്തുപോകാത്ത സാഹചര്യങ്ങൾ ഉണ്ടാകാം. അതിനാൽ തർക്കം ഒഴിവാക്കി സംസാരത്തിൽ മിതത്വം പാലിക്കണം. കഠിനാധ്വാനം വഴി മേലധികാരികളുടെ അംഗീകാരം നേടാൻ സാധിക്കും. വരവിനേക്കാൾ കൂടുതൽ ചെലവ് വരാൻ സാധ്യതയുണ്ട്. അനാവശ്യമായ ആഡംബരങ്ങൾ ഒഴിവാക്കി പണം കരുതിവെക്കുന്നത് നന്നായിരിക്കും. പുതിയ നിക്ഷേപങ്ങൾ നടത്തും മുൻപ് വിദഗ്ധ ഉപദേശം തേടുക. കുടുംബത്തിൽ സമാധാന അന്തരീക്ഷത്തിന് വിട്ടുവീഴ്ച ചെയ്യേണ്ടി വരും. പങ്കാളിയുമായി ചെറിയ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാതെ ശ്രദ്ധിക്കണം. മക്കളുടെ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ആവശ്യമാണ്. നടുവേദനയോ സന്ധി സംബന്ധമായ ബുദ്ധിമുട്ടുകളോ അനുഭവപ്പെടാൻ സാധ്യതയുണ്ട്. വിദ്യാർത്ഥികൾക്ക് വിജയത്തിന് കഠിനമായി ശ്രമിക്കേണ്ടി വരും. അലസത ഒഴിവാക്കി പ്ലാനിംഗോടെ നീക്കുന്നത് ഗുണകരമാകും.
ഓം നമോ വെങ്കടേശായ 108 തവണ ജപിക്കുക.
കുംഭക്കൂറ്
(അവിട്ടം അവസാന പകുതി, ചതയം,
പൂരുരുട്ടാതി ആദ്യ മുക്കാൽ)
ആഗ്രഹിക്കുന്ന പലതും സാധിക്കും. അനാവശ്യമായ വാഗ്ദാനങ്ങൾ നൽകുന്നത് ഒഴിവാക്കുക. പുതിയ സുഹൃത്തുക്കളെ തിരഞ്ഞെടുക്കുമ്പോൾ ജാഗ്രത പാലിക്കണം. യാത്രകളിൽ അല്പം ശ്രദ്ധ പുലർത്തുന്നത് നന്നായിരിക്കും. ജോലിയിൽ അനുകൂല മാറ്റങ്ങൾ ഉണ്ടാകും. പുതിയ ഉത്തരവാദിത്തങ്ങൾ ലഭിക്കും. സ്ഥാനക്കയറ്റത്തിന് സാധ്യത തെളിയാൻ ഇടയുണ്ട്. ബിസിനസ്സ് രംഗത്തുള്ളവർക്ക് ലാഭം വർദ്ധിക്കും. പുതിയ വിപണികൾ കണ്ടെത്താൻ കഴിയും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. കിട്ടാനുള്ള പണം തിരികെ ലഭിക്കും. പുതിയ വരുമാന മാർഗ്ഗം കണ്ടെത്താൻ കഴിയും. ചെലവ് വർദ്ധിക്കാൻ സാധ്യതയുണ്ട്. നിയന്ത്രണം പാലിക്കുക.
കുടുംബത്തിൽ സമാധാനവും സന്തോഷവും ഉണ്ടാകും. മംഗളകർമ്മങ്ങളിൽ പങ്കെടുക്കാൻ അവസരം ലഭിക്കും. ജീവിതപങ്കാളിയുടെ പിന്തുണ ലഭിക്കും. ആരോഗ്യം ഏറെ തൃപ്തികരമായിരിക്കും. സന്തോഷം ശാരീരികമായ ഊർജ്ജം നൽകും. വിദ്യാർത്ഥികൾക്ക് പഠനത്തിൽ മികച്ച പുരോഗതി ഉണ്ടാകും. ഉന്നത വിദ്യാഭ്യാസത്തിന് ശ്രമിക്കുന്നവർക്ക് അനുകൂലമായ മറുപടികൾ ലഭിക്കും.
ഓം നമഃ ശിവായ 108 തവണ ജപിക്കുക.
മീനക്കൂറ്
(പൂരുരുട്ടാതി അവസാന കാൽ, ഉത്തൃട്ടാതി, രേവതി)
ജോലിയിൽ ഉത്തരവാദിത്തങ്ങൾ വർദ്ധിക്കും. സഹപ്രവർത്തകരുമായി തർക്കങ്ങളിൽ ഏർപ്പെടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. സ്വന്തം കഴിവ് തെളിയിക്കാൻ കഠിനാധ്വാനം ചെയ്യേണ്ടി വരും. പുതിയ തൊഴിൽ അവസരങ്ങൾക്ക് ശ്രമിക്കുന്നവർക്ക് അനുകൂല മറുപടി ലഭിക്കാൻ അല്പം കൂടി സമയം വേണ്ടി വരും. ദൂരയാത്ര ചെയ്യുമ്പോൾ നല്ല ശ്രദ്ധ പുലർത്തുക. പ്രധാനപ്പെട്ട രേഖകൾ കൈകാര്യം ചെയ്യുമ്പോൾ ജാഗ്രത വേണം. പുതിയ സംരംഭങ്ങൾ തുടങ്ങും മുൻപ് രണ്ടുവട്ടം ആലോചിക്കണം. പണം ചെലവഴിക്കുന്ന കാര്യത്തിൽ മിതത്വം പാലിക്കണം. അനാവശ്യ ചെലവുകൾ വരാൻ സാധ്യതയുള്ളതിനാൽ ബജറ്റ് കൃത്യമായി പ്ലാൻ ചെയ്യുക. ആരെയും വിശ്വസിച്ച് വൻ തുക കടം കൊടുക്കരുത്. കുടുംബത്തിൽ സമാധാന അന്തരീക്ഷം നിലനിർത്താൻ വിട്ടുവീഴ്ച ചെയ്യേണ്ടി വരും. ബന്ധുക്കളുമായി അഭിപ്രായ വ്യത്യാസം ഉണ്ടാകാതെ നോക്കണം. ജീവിതപങ്കാളിയുടെ ആരോഗ്യകാര്യത്തിൽ പ്രത്യേക ശ്രദ്ധ ആവശ്യമാണ്.
പിരിമുറുക്കം ശാരീരിക അസ്വസ്ഥതകൾ സൃഷ്ടിക്കാം. കാൽ, സന്ധി വേദന അവഗണിക്കരുത്. പഠനത്തിൽ ചില ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടേക്കാം. എങ്കിലും ചിട്ടയായ പഠനം വഴി തടസ്സങ്ങൾ അതിജീവിക്കാൻ സാധിക്കും.
ഓം ഘ്രൂം നമഃ പരായ ഗോപ്ത്രേ 108 തവണ ജപിക്കുക.
ജ്യോതിഷരത്നം വേണു മഹാദേവ്
മൊബൈൽ: + 91 9847575559
Summary: Weekly Star predictions based on moon sign by Venu Mahadev
(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . ആത്മീയ- ജ്യോതിഷ വാര്‍ത്തകള്‍ക്ക്, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക: AstroG App .)
Copyright @ 2026 NeramOnline.com . All rights reserved.