2026 മേയ് 24 ന് പൂരം നക്ഷത്രത്തിൽ തുടങ്ങുന്ന ഈ ആഴ്ചയിലെ പ്രധാന വിശേഷങ്ങൾ പത്മിനിഏകാദശി, ബക്രീദ്, പ്രദോഷം, കൊട്ടിയൂർ വൈശാഖോത്സവം ആരംഭം, വൈകാശി വിശാഖം എന്നിവയാണ്. മൂന്ന് വർഷത്തിലൊരിക്കൽ അധിമാസത്തോട് ചേർന്നു വരുന്ന 2 ഏകാദശികളിൽ ഒന്നായ പത്മിനി ഏകാദശി മേയ് 27 ബുധനാഴ്ചയാണ്. അന്ന് തന്നെയാണ് ആത്മാർപ്പണത്തിന്റെ ആഘോഷമായി മുസ്ലിങ്ങൾ കൊണ്ടാടുന്ന ബലി പെരുന്നാൾ. ഈദ് നമസ്കാരമാണ് ബക്രീദ് ആഘോഷത്തിലെ പ്രധാന ചടങ്ങ്. പിറ്റേന്ന് വ്യാഴാഴ്ച പ്രദോഷമാണ്. എല്ലാ മാസവും വെളുത്തപക്ഷത്തിലും കറുത്തപക്ഷത്തിലും ഒരേ പ്രാധാന്യത്തോടെ ത്രയോദശി തിഥി സന്ധ്യയിലാണ് ശിവ പാർവതി പ്രീതികരമായ പ്രദോഷ പൂജ. ഈ ദിവസം വ്രതം നോറ്റ് ശിവപാർവതി പൂജ നടത്തിയാൽ മനോകാമനകൾ പൂവണിയും. മേയ് 29, ഇടവത്തിലെ ചോതി നക്ഷത്രം മുതൽ ജൂൺ 24 മിഥുനത്തിലെ ചിത്തിര വരെയാണ് കൊട്ടിയൂർ പെരുമാളിന് വൈശാഖോത്സവം. അസുരന്മാരെ നിഗ്രഹിക്കാൻ അവതരിച്ച സുബ്രഹ്മണ്യ ഭഗവാന്റെ തിരുനാളാണ് വൈകാശി വിശാഖം. തമിഴ് മാസമായ വൈകാശിയിലെ വിശാഖം നാളിലാണ് ശൂരപത്മാസുര നിഗ്രഹത്തിന് ആറു മുഖമുള്ള ശിശുവായി വേൽമുരുകൻ അവതരിച്ചത്. ഇടവ മാസത്തിലെ വിശാഖമായ വൈകാശി വിശാഖം മേയ് 30 ശനിയാഴ്ചയാണ്. മേയ് 30 ന് അനിഴം നക്ഷത്രത്തിൽ വാരം അവസാനിക്കും. മേയ് 24 മുതൽ മേയ് 30 വരെയുള്ള 12 കൂറുകളുടെയും നക്ഷത്രഫലവും ദോഷപരിഹാരവും:
മേടക്കൂറ്
(അശ്വതി, ഭരണി, കാർത്തിക 1/4)
സാമ്പത്തിക കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ആവശ്യമാണ്. പഴയ കുടിശ്ശികകൾ തിരികെ ലഭിക്കാൻ സാധ്യതയുണ്ടെങ്കിലും അനാവശ്യ ചെലവുകളും വരാം. തൊഴിൽ രംഗത്ത് പുതിയ ഉത്തരവാദിത്വങ്ങൾ ലഭിക്കും. മേലധികാരികളുടെ ശ്രദ്ധ നേടുന്ന രീതിയിൽ പ്രവർത്തിക്കാൻ കഴിയും. കുടുംബത്തിൽ ചെറിയ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകുമെങ്കിലും അത് വേഗത്തിൽ പരിഹരിക്കപ്പെടും. വിദ്യാർത്ഥികൾക്ക് പഠനത്തിൽ ശ്രദ്ധ കുറയാൻ സാധ്യതയുണ്ട്.
ദോഷപരിഹാരം: ചൊവ്വാഴ്ച ഭദ്രകാളി ക്ഷേത്രത്തിൽ കുങ്കുമാർച്ചന നടത്തുക. നിത്യവും ഓം ദും ദുര്ഗ്ഗായൈ നമഃ 108 പ്രാവശ്യം ജപിക്കുക.

ഇടവക്കൂറ്
(കാർത്തിക 3/4, രോഹിണി, മകയിരം 1/2)
സാമ്പത്തികമായി നല്ല നേട്ടങ്ങൾ പ്രതീക്ഷിക്കാം. നിക്ഷേപങ്ങളിൽ നിന്നും ആദായം കൂടും. ബന്ധുജനങ്ങളുടെ സഹായത്തിലൂടെയോ ഗുണം ലഭിക്കും. ജോലിയിൽ സ്ഥിരതയും അംഗീകാരവും വർധിക്കും. വ്യാപാര രംഗത്ത് പുതിയ കരാർ ഇടപാടുകൾ ഗുണകരമാകും. കുടുംബത്തിൽ സന്തോഷകരമായ വാർത്തകൾ കേൾക്കും. പഠനത്തിൽ ശ്രദ്ധയും ഓർമ്മശക്തിയും വർധിക്കും
ദോഷപരിഹാരം: വെള്ളിയാഴ്ച ദേവീ ക്ഷേത്രത്തിൽ ദർശനം നടത്തുക. കടുംപായസം വഴിപാട് നടത്തുക. നിത്യവും ഓം ശ്രീം നമഃ , ഓം ഗം ഗണപതിയേ നമഃ 108 പ്രാവശ്യം ജപിക്കുക.
മിഥുനക്കൂറ്
(മകയിരം 1/2, തിരുവാതിര, പുണർതം 3/4)
തിരക്കേറിയ കുറെ ദിവസങ്ങളാണ് മുന്നിലുള്ളത്. അമിതവ്യയം ദോഷം ചെയ്യും. സാമ്പത്തികമായ എല്ലാ ഇടപാടുകളിലും സൂക്ഷ്മത വേണം; വാഗ്ദാനങ്ങൾ നൽകുമ്പോൾ കരുതൽ പാലിക്കുക. ജോലിസ്ഥലത്ത് മത്സര സാഹചര്യം ഉണ്ടാകാം. സഹപ്രവർത്തകരോട് സൗഹൃദപരമായ സമീപനം സ്വീകരിക്കുന്നത് ഗുണം ചെയ്യും. പഴയ ചില കുടുംബ പ്രശ്നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കാൻ കഴിയും. മത്സരപരീക്ഷാ തയ്യാറെടുപ്പിൽ മികച്ച പുരോഗതി ഉണ്ടാകും.
ദോഷപരിഹാരം: ബുധനാഴ്ച വിഷ്ണു ക്ഷേത്ര ദർശനം നടത്തുക. തുളസി സമർപ്പിക്കുക. നിത്യവും ഓം നമോ നാരായണായ 108 തവണ വീതം ജപിക്കുക
കർക്കടകക്കൂറ്
(പുണർതം 1/4, പൂയം, ആയില്യം)
സാമ്പത്തിക സ്ഥിതി മുൻപേക്കാൾ മെച്ചപ്പെടും. പുതിയ വീട്, വാഹനം തുടങ്ങിയ കാര്യങ്ങളിൽ തീരുമാനം ഉണ്ടാകും. തൊഴിൽ രംഗത്ത് പ്രതീക്ഷിച്ച മാറ്റങ്ങൾ വൈകിയാലും അനുകൂല ഫലം ലഭിക്കും. കുടുംബത്തിൽ സമാധാനപരമായ അന്തരീക്ഷം നിലവിൽ വരും. ബന്ധുക്കളുമായി വീണ്ടും അടുപ്പം വർധിക്കും. വിദ്യാർത്ഥികൾക്ക് ആഗ്രഹിച്ച രീതിയിൽ പുതിയ പഠനത്തിന് ചില അവസരങ്ങൾ ലഭിക്കാം.
ദോഷപരിഹാരം: തിങ്കളാഴ്ച ശിവക്ഷേത്രത്തിൽ ധാര നടത്തുക. മഹാമൃത്യുഞ്ജയ മന്ത്രം ജപിക്കുക. എന്നും
ഓം നമഃ ശിവായ 108 തവണ വീതം ജപിക്കുക
ചിങ്ങക്കൂറ്
(മകം, പൂരം, ഉത്രം 1/4)
ആത്മവിശ്വാസം വർദ്ധിക്കും. സാമ്പത്തികമായി ചെറിയ ഉയർച്ചകൾ ഉണ്ടാകുമെങ്കിലും ചെലവുകളും കൂടാൻ സാധ്യതയുണ്ട്. ജോലിയിൽ നേതൃത്വം ഏറ്റെടുക്കേണ്ട സാഹചര്യം വന്നു ചേരും. സർക്കാർ ഉദ്യോഗസ്ഥർക്ക് സമയം വളരെ അനുകൂലമാണ്. കുടുംബത്തിൽ നിങ്ങളുടെ അഭിപ്രായത്തിന് പ്രാധാന്യം ലഭിക്കും. വിദ്യാർത്ഥികൾക്ക് മത്സരപരീക്ഷകളിൽ നല്ല മുന്നേറ്റം ഉണ്ടാക്കാൻ കഴിയും.
ദോഷപരിഹാരം: ചൊവ്വാഴ്ച സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി പ്രാർത്ഥിക്കുക. എന്നും ഓം ശരവണ ഭവഃ 108 തവണ വീതം ജപിക്കുക.
ALSO READ
കന്നിക്കൂറ്
(ഉത്രം 3/4, അത്തം, ചിത്തിര 1/2)
സാമ്പത്തിക കാര്യങ്ങളിൽ കൃത്യമായ പദ്ധതികൾ ആവിഷ്കരിക്കാൻ സാധിക്കും. പുതിയ വരുമാന മാർഗങ്ങൾ കണ്ടെത്താൻ കഴിയും. ജോലി അന്വേഷിക്കുന്നവർക്ക് നല്ല വാർത്തകൾ ലഭിക്കും. കുടുംബത്തിൽ സ്ത്രീകളുടെ പിന്തുണ ഗുണകരമാകും. വിദ്യാർത്ഥികൾക്ക് പഠനത്തിൽ കൂടുതൽ ശ്രദ്ധയും ആത്മവിശ്വാസവും ഉണ്ടാകും. വസ്തു , വാഹന ഇടപാടിൽ ലാഭം പ്രതീക്ഷിക്കാം. സന്താനത്തിൻ്റെ വിവാഹകാര്യത്തിൽ ഒരു തീരുമാനം ഉണ്ടാകും
ദോഷപരിഹാരം: ബുധനാഴ്ച ഗണപതി ഹോമം നടത്തുന്നത് അത്യുത്തമം. അല്ലെങ്കിൽ മോദകം നിവേദ്യം നടത്തുക. നിത്യവും ഓം ഗം ഗണപതിയേ നമഃ
108 പ്രാവശ്യം ജപിക്കുക.
തുലാക്കൂറ്
(ചിത്തിര 1/2, ചോതി, വിശാഖം 3/4)
സാമ്പത്തിക ഇടപാടുകളിൽ സൂക്ഷ്മത ആവശ്യമാണ്. കടം കൊടുക്കുന്നതും ബാധ്യതകൾ ഏറ്റെടുക്കുന്നതും നിയന്ത്രിക്കുക. സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്ക് പുതിയ പദ്ധതികളിൽ പങ്കെടുക്കാൻ അവസരം ലഭിക്കും. കുടുംബത്തിൽ ചെറിയ മാനസിക സമ്മർദ്ദങ്ങൾ ഉണ്ടാകാമെങ്കിലും മുതിർന്നവരുടെ ഉപദേശം ഗുണം ചെയ്യും. ചിലർക്ക് ബിസിനസ്സിൽ നല്ല
വളർച്ച ഉണ്ടാക്കാൻ കഴിയും. വിദ്യാർത്ഥികൾ പഠനത്തിൽ സ്ഥിരത പുലർത്തണം.
ദോഷപരിഹാരം: വെള്ളിയാഴ്ച ദേവി ക്ഷേത്രത്തിൽ നെയ്യ് വിളക്ക് തെളിയിക്കുക.
വൃശ്ചികക്കൂറ്
(വിശാഖം 1/4, അനിഴം, തൃക്കേട്ട)
സാമ്പത്തികമായി വളരെയധികം പുരോഗതി ലഭിക്കും. അപ്രതീക്ഷിതമായി വിശേഷ ധനലാഭം ഉണ്ടാകാൻ സാധ്യതയുണ്ട്. ജോലി ചെയ്യുന്നവർക്ക് സ്ഥാനക്കയറ്റ ചർച്ചകൾ നടക്കാം. വ്യാപാരികൾക്ക് പുതിയ ബന്ധങ്ങൾ ഗുണകരമാകും. കുടുംബത്തിൽ ചില പഴയ വിഷമങ്ങൾ അവസാനിക്കും. വിദ്യാർത്ഥികൾക്ക് വിദേശ പഠന സാധ്യതകൾക്കായി ശ്രമിക്കാൻ ഉത്തമ സമയം.
ദോഷപരിഹാരം: ചൊവ്വാഴ്ച സുബ്രഹ്മണ്യസ്വാമി ക്ഷേത്രദർശനം നടത്തുക. ദേവിക്ക് കുങ്കുമാർച്ചന നല്ലത്. ഓം ക്ലീം കൃഷ്ണായ നമഃ എന്നും 108 തവണ വീതം ജപിക്കുക.
ധനുക്കൂറ്
(മൂലം, പൂരാടം, ഉത്രാടം 1/4)
സാമ്പത്തിക സ്ഥിരത കൈവരിക്കാൻ സാധിക്കും. പുതിയ സംരംഭങ്ങൾ ആരംഭിക്കാൻ നിലവിലുള്ളത് നവീകരിക്കാനും ആലോചിക്കുന്നവർക്ക് അനുകൂല സമയം. തൊഴിൽപരമായ ആവശ്യത്തിന് യാത്രകൾ വേണ്ടിവരും. കുടുംബത്തിൽ മംഗളകരമായ കർമ്മങ്ങൾ നടക്കാൻ സാധ്യതയുണ്ട്. വിദ്യാർത്ഥികൾക്ക് ആത്മവിശ്വാസം വർധിക്കുകയും അധ്യാപകരുടെ പിന്തുണ ലഭിക്കുകയും ചെയ്യും.
ദോഷപരിഹാരം: വ്യാഴാഴ്ച വിഷ്ണു ക്ഷേത്ര ദർശനം നടത്തുക. പാൽ പായസം വഴിപാട് നല്ലത്. നിത്യവും ഓം നമോ ഭഗവതേ വാസുദേവായ 108 ഉരു ജപിക്കുക.
മകരക്കൂറ്
(ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
സാമ്പത്തിക കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ പുലർത്തണം. വൻ നിക്ഷേപം ആലോചിക്കുന്നവർക്ക്
അത് സംബന്ധിച്ച കൂടുതൽ പഠനം ആവശ്യമാണ്. ജോലിയിൽ അധിക ഉത്തരവാദിത്വങ്ങൾ വന്നുചേരും. മേലധികാരികളുടെ പിന്തുണ ലഭിക്കുന്നതിനാൽ പ്രശ്നങ്ങൾ മറികടക്കാം. കുടുംബത്തിൽ തികച്ചും സമാധാനപരമായ അന്തരീക്ഷം നിലനിൽക്കും. വിദ്യാർത്ഥികൾ വൈകിപ്പിക്കൽ സ്വഭാവം മാറ്റണം.
ദോഷപരിഹാരം: ശനിയാഴ്ച ശാസ്താ ക്ഷേത്രത്തിൽ നീരാജനം തെളിയിക്കുക. നിത്യവും 108 തവണ ഓം നമഃ ശിവായ ജപിക്കുക.
കുംഭക്കൂറ്
(അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)
പുതിയ ബന്ധങ്ങളും തൊഴിൽ അവസരങ്ങളും ലഭിക്കും. സാമ്പത്തികമായി മിതമായ നേട്ടം ഉണ്ടാകും. കർമ്മ രംഗത്ത് കൂട്ടായ പ്രവർത്തനങ്ങൾ വിജയകരമാകും. ഐ.ടി., സാങ്കേതിക മേഖലയിൽ ഉള്ളവർക്ക് ഗുണകരമായ സമയം. കുടുംബ സഹിതം യാത്രാപദ്ധതി ആവിഷ്കരിക്കും വിദ്യാർത്ഥികൾക്ക് സൃഷ്ടിപരമായ മേഖലകളിൽ മികവ് തെളിയിക്കാൻ കഴിയും.
ദോഷപരിഹാരം: ശനിയാഴ്ച ഹനുമാൻ സ്വാമിക്ക് വെറ്റിലമാല സമർപ്പിക്കുക. നിത്യവും 108 തവണ ഓം ഘ്രൂം നമഃ പരായ ഗോപ്ത്രേ മന്ത്രം ജപിക്കുക.
മീനക്കൂറ്
(പൂരുരുട്ടാതി 1/4, ഉത്രട്ടാതി, രേവതി)
സാമ്പത്തികമായി പ്രതീക്ഷിച്ച പുരോഗതി ലഭിക്കും. മുടങ്ങിക്കിടന്ന കാര്യങ്ങൾ അനുകൂലമായി നീങ്ങും. തൊഴിൽ രംഗത്ത് ആത്മവിശ്വാസത്തോടെ മുന്നേറാൻ കഴിയും. പുതിയ തൊഴിൽ അവസരങ്ങൾ തേടുന്നവർക്ക് നല്ല സമയം. കുടുംബത്തിൽ ഐക്യവും സന്തോഷവും വർധിക്കും. ഈശ്വരചിന്ത ഗുണം ചെയ്യും. വിദ്യാർത്ഥികൾക്ക് പഠനതാത്പര്യം ഉയരും.
ദോഷപരിഹാരം: വ്യാഴാഴ്ച വിഷ്ണു സഹസ്രനാമവും നിത്യവും ഓം നമോ നാരായണായ മന്ത്രവും ജപിക്കുക. അന്നദാനം നല്ലത്.
ജ്യോതിഷരത്നം വേണു മഹാദേവ്
മൊബൈൽ: + 91 9847575559
Summary: Weekly Star predictions based on moon sign by Venu Mahadev
Highlights
മൂന്ന് വർഷത്തിലൊരിക്കൽ അധിമാസത്തിൽ വരുന്ന പത്മിനി ഏകാദശി ബുധനാഴ്ച
മേയ് 29 മുതൽ ജൂൺ 24 വരെ കൊട്ടിയൂർ പെരുമാളിന് വൈശാഖോത്സവം
സുബ്രഹ്മണ്യന്റെ തിരുനാളായ വൈകാശി വിശാഖം മേയ് 30 ശനിയാഴ്ച
(നേരം ഓൺ ലൈൻ വാട്സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്സ്ആപ്പ് നമ്പർ : + 91 81380 15500 . Visit our online store https://www.okalasha.com, for Devotional Decors, Photos, Jewels and Book’s etc)
Copyright @ 2026 NeramOnline.com . All rights reserved.