മഹാദേവ പ്രീതിക്കുള്ള വ്രതങ്ങളിൽ ഏറ്റവും പ്രസിദ്ധമാണ് പ്രദോഷ വ്രതം പാര്‍വ്വതി
ദേവിയെ സന്തോഷിപ്പിക്കാൻ ശിവഭഗവാൻ നടരാജ നൃത്തം ചെയ്യുന്ന സമയമാണ് ത്രയോദശികളിലെ പ്രദോഷ സന്ധ്യകൾ. എല്ലാ മാസവും രണ്ടു പ്രദോഷം; കൃഷ്ണപക്ഷത്തിലും ശുക്ലപക്ഷത്തിലും. ഇങ്ങനെ കറുത്തവാവിനും വെളുത്തവാവിനും മുമ്പുള്ള ത്രയോദശി
തിഥികളെയാണ് പ്രദോഷം എന്ന് പറയുന്നത്. ശിവപാർവതി ക്ഷേത്രദർശനത്തിനും വ്രതം അനുഷ്ഠാനത്തിനും ഇതിലും മഹത്തായ ദിവസം വേറെയില്ല. രണ്ടു പക്ഷത്തിലെയും പ്രദോഷത്തിന് വ്രതമെടുക്കണം. കറുത്തപക്ഷ പ്രദോഷത്തിന് ചിലർ സവിശേഷ പ്രാധാന്യം കല്പിക്കുന്നു. മിഥുന മാസത്തിലെ കൃഷ്ണപക്ഷ പ്രദോഷം 2026 ജൂലൈ 12 ഞായറാഴ്ചയാണ്.

തലേന്ന് വ്രതം തുടങ്ങണം
പ്രദോഷത്തിന്റെ തലേദിവസം വ്രതം തുടങ്ങുന്നതാണ് ഉത്തമം. മത്സ്യമാംസാദി ഭക്ഷണം ഉപേക്ഷിക്കണം. പ്രദോഷദിവസം ഉദയത്തില്‍ തന്നെ വ്രതത്തിന്റെ പൂര്‍ണ്ണചിട്ട തുടങ്ങണം. ഭസ്മം ധരിച്ച് പരമാവധി ശിവഭജനം ചെയ്യുക. സന്ധ്യാവേളയില്‍ ശിവക്ഷേത്രദര്‍ശനം നടത്തി പ്രസാദം സ്വീകരിച്ച് വ്രതം പൂര്‍ത്തിയാക്കണം. അന്ന് പകല്‍ യാതൊരു ഭക്ഷണവും കഴിക്കരുത്. ചില ചിട്ടകളില്‍ സന്ധ്യയോടെ വ്രതം മുറിക്കുന്നു. ചില സമ്പ്രദായത്തില്‍ പിറ്റേദിവസം രാവിലെ തീര്‍ത്ഥം സേവിച്ച് പൂര്‍ത്തിയാക്കണം. സൗകര്യപ്രദമായത് സ്വീകരിക്കാം. പഞ്ചാക്ഷരമന്ത്രം വ്രതദിവസം എപ്പോഴും ജപിക്കണം. ശിവ അഷേ്ടാത്തരം, , ശിവാഷ്ടകം ഉമാമഹേശ്വര സ്തോത്രം, ശങ്കരധ്യാനപ്രകാരം, കാലഭൈരവാഷ്ടകം, ശിവപഞ്ചാക്ഷര സ്തോത്രം, ലിംഗാഷ്ടകം,
ദാരിദ്ര്യ ദുഃഖദഹന ശിവ സ്തോത്രം, വിശ്വനാഥ അഷ്ടകം, ബില്വാഷ്ടകം, ശിവ സഹസ്രനാമം എന്നിവ പാരായണം ചെയ്യുന്നത് ഉത്തമം. ശിവക്ഷേത്രദര്‍ശനം നടത്തി ധാര, കൂവളമാല, പിന്‍വിളക്ക് എന്നീ വഴിപാടുകള്‍ സമർപ്പിക്കുന്നതും പുണ്യപ്രദമാണ്. ജന്മജന്മാന്തരമായുള്ള പാപങ്ങള്‍ തീരുന്നതിനും, ദുരിതങ്ങള്‍ മാറി ശാന്തിയും സമാധാനവും ലഭിക്കുന്നതിന് ഏറെ ഉത്തമം.
ആദ്യം നന്ദിദേവനെ തൊഴണം
ഞായറാഴ്ച വൈകിട്ട് അഞ്ചു മണിമുതലാണ് പ്രദോഷ സന്ധ്യാ പുണ്യകാലം. ഈ സമയത്തു തന്നെ ക്ഷേത്രങ്ങളിൽ ആരാധനയും അഭിഷേകങ്ങളും നടക്കും. ശിവലിംഗത്തോളം തന്നെ ശക്തി അതിനു മുന്നിൽ ശിവനെ നോക്കി ശയിക്കുന്ന നന്ദിദേവനുണ്ട്. നന്ദിദേവന്‍റെ അനുമതി യി ഇല്ലാതെ ശിവലിംഗ പ്രതിഷ്ഠയുള്ള ശ്രീകോവിലിലേക്ക് ആർക്കും കടക്കാൻ കഴിയില്ല; ആരാധിക്കാനുമാകില്ല. അതിനാൽ നന്ദിയെ തൊഴുത് വേണം ശ്രീകോവിലിലേക്ക് പ്രവേശിക്കാൻ. നന്ദിദേവന്റെ മുന്നിൽ ഭക്ത്യാദരപൂർവ്വം പ്രാർത്ഥിച്ച് നിങ്ങൾക്ക് ശ്രീപരമേശ്വരനോട് പറയുവാനുള്ള സങ്കടങ്ങൾ നന്ദിദേവനോടും പറയുക. അത് മതി; അതിവേഗം ശിവഭഗവാൻ പ്രസാദിച്ചിരിക്കും. കാര്യസാദ്ധ്യത്തിന് വേണ്ടിയുള്ള അപേക്ഷ ആത്മാർത്ഥമാണെങ്കിൽ ഉടൻ ശിവ പ്രസാദമുണ്ടാകും. കാര്യസാദ്ധ്യത്തിന് പിന്നീട് ഒട്ടും തന്നെ താമസമുണ്ടാകില്ല.
അനുഗ്രഹമൂർത്തി ഭാവം
പരമശിവൻ സദാനേരവും സങ്കടഹരനാണ്. പ്രദോഷകാലങ്ങളിൽ സങ്കടഹരൻ സർവ്വശക്തനായി അനുഗ്രഹമൂർത്തി ഭാവം കൈകൊള്ളും. അതിനാൽ പ്രദോഷ വേളയിൽ എന്ത് ആവശ്യപ്പെട്ടാലും ഭഗവാൻ തരും. എല്ലാ പ്രദോഷങ്ങളും ഭക്തരുടെ ഭാഗ്യദിനങ്ങളാണ്. സർവ്വഭീഷ്ടസിദ്ധിക്കായി ഈ പുണ്യദിനങ്ങൾ മറക്കാതിരിക്കുക.
മൂലമന്ത്രം
ഓം നമഃ ശിവായ
പ്രാർത്ഥനാ മന്ത്രങ്ങൾ
1
ഓം ശിവം ശിവകരം ശാന്തം
ശിവാത്മാനം ശിവോത്തമം
ശിവ മാർഗ്ഗ പ്രണേതാരം
പ്രണതോസ്മി സദാശിവം
2
വന്ദേ ശംഭുമുമാപതിം
സുരഗുരും വന്ദേ ജഗൽകാരണം
വന്ദേ പന്നഗഭൂഷണം മൃഗധരം
വന്ദേ പശൂനാം പതിം
വന്ദേ സൂര്യ ശശാങ്കവഹ്നിനയനം
വന്ദേ മുകുന്ദ പ്രിയം
വന്ദേ ഭക്തജനാശ്രയം ച വരദം
വന്ദേ ശിവം ശങ്കരം
ALSO READ
കാലഭൈരവ അഷ്ടകം കേൾക്കാം
പ്രദോഷം, തിരുവാതിര, ഞായർ, തിങ്കൾ, ശിവരാത്രി തുടങ്ങിയ ശിവ പ്രധാന ദിവസങ്ങളിൽ ജപിച്ചാൽ ക്ഷിപ്രവേഗത്തിൽ ഫലം ലഭിക്കുന്ന ശങ്കരാചാര്യ വിരചിതമായ കാലഭൈരവ അഷ്ടകം ജപിച്ച് / ശ്രവിച്ച് ഈ
പ്രദോഷ വ്രതം ധന്യമാക്കാം. ആലാപനം :
മണക്കാട് ഗോപൻ.
https://youtu.be/US2KsJj3NY8?si=ItiNU3usV50Mws33
Story Summary: Blessings of Krishnapaksha pradosha Vritham of Midhunam
Highlights
ദുരിതങ്ങള്‍ മാറി ശാന്തിയും സമാധാനവും ലഭിക്കാൻ പ്രദോഷ വ്രതം ഉത്തമം.
സങ്കടങ്ങൾ നന്ദിദേവനോടും പറഞ്ഞാൽ അതിവേഗം ശിവഭഗവാൻ പ്രസാദിക്കും
പ്രദോഷ വേളയിൽ എന്ത് ആവശ്യപ്പെട്ടാലും ശിവഭഗവാൻ തരും
(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . Visit our online store https://www.okalasha.com, for Devotional Decors, Photos, Jewels and Book’s etc)
Copyright @ 2026 NeramOnline.com . All rights reserved.