Saturday, November 21, 2026
Saturday, November 21, 2026
Home » പ്രദോഷ വ്രതം, പൗർണ്ണമി, തൃക്കാർത്തിക; ഈ ആഴ്ചത്തെ നക്ഷത്ര ഫലം

പ്രദോഷ വ്രതം, പൗർണ്ണമി, തൃക്കാർത്തിക; ഈ ആഴ്ചത്തെ നക്ഷത്ര ഫലം

by NeramAdmin
0 comments

വൃശ്ചിക മാസത്തിലെ ശുക്ലപക്ഷ പ്രദോഷ വ്രതം, പൗർണ്ണമി, തൃക്കാർത്തിക എന്നിവയാണ് 2026 നവംബർ 22 ന് അശ്വതി നക്ഷത്രത്തിൽ ആരംഭിക്കുന്ന ഈ ആഴ്ചയിലെ പ്രധാന വിശേഷങ്ങൾ. നവംബർ 22 ഞായറാഴ്ചയാണ് പ്രദോഷ വ്രതം. ഉമാമഹേശ്വര പ്രീതിക്ക് ഏറ്റവും നല്ലതാണ് പ്രദോഷവ്രതം. കുടുംബത്തിന് അഭിവൃദ്ധിയും ഐശ്വര്യവും തരുമെന്ന് മാത്രമല്ല കുടുംബാംഗങ്ങളുടെ ആയുരാരോഗ്യ സൗഖ്യത്തിനും ആയുസ്സിനും സന്താനഭാഗ്യത്തിനുമെല്ലാം പ്രദോഷ വ്രതാനുഷ്ഠാനം നല്ലതാണ്. പ്രദോഷ നാളിലെ ശിവപൂജ വഴി സൽകീർത്തിയും സമ്പത്തും വർദ്ധിക്കും. സന്തതികൾക്ക് ഐശ്വര്യം സിദ്ധിക്കും. ത്രയോദശി തിഥി
ദിവസം സന്ധ്യയ്ക്ക് പ്രദോഷപൂജയിൽ പങ്കെടുത്താൽ ശിവപാർവതി പ്രീതി ലഭിക്കും. 24 ചൊവ്വാഴ്ചയാണ് പൗർണ്ണമിയും തൃക്കാർത്തികയും. തൃക്കാർത്തിക ദീപവും
കുമാരനല്ലൂർ കാര്‍ത്തികയും, ചക്കുളത്ത് പൊങ്കാലയും അന്നാണ് . പാൽക്കടലിൽ നിന്ന് വരണമാല്യവുമായി ഉയർന്നുവന്ന മഹാലക്ഷ്മി മഹാവിഷ്ണുവിനെ വരനായി സ്വീകരിച്ചത് വൃശ്ചിക മാസത്തിലെ തൃക്കാർത്തിക ദിവസമാണത്രേ. മഹാലക്ഷ്മി അവതരിച്ച ഈ ദിവസം സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും മംഗളദിനമായി ദീപങ്ങൾ തെളിയിച്ച് ഭക്തർ ആഘോഷിക്കുന്നു. ദേവീ ക്ഷേത്രങ്ങളിലും സുബ്രഹ്മണ്യ ക്ഷേത്രങ്ങളിലും വലിയ ആഘോഷമാണ് പൗർണ്ണമിയിൽ കാർത്തിക വരുന്ന തൃക്കാർത്തിക. പൗർണ്ണമിതിഥി ചന്ദോദയത്തിൽ വരുന്ന ഈ ദിവസമാണ് വൃശ്ചിക മാസത്തിലെ പൗർണ്ണമി വ്രതവും പൗർണ്ണമി പൂജയും ഐശ്വര്യ പൂജയും.
ചിലർ പ്രത്യേകിച്ച് തമിഴ്നാട്ടിൽ ഉമാമഹേശ്വര വ്രതവും ആചരിക്കുന്നത് ഈ ദിവസമാണ്. കാർത്തിക മാസ പൗർണ്ണമിയാണ് ഇക്കൂട്ടർ മംഗല്യഭാഗ്യത്തിനും ദാമ്പത്യ ദൃഢതയ്ക്കും ഉത്തമമായ ഉമാമഹേശ്വര വ്രതമായി കണക്കാക്കുന്നത്. അന്നുതന്നെയാണ് ചക്കുളത്ത് കാവ് പൊങ്കാലയും കുമാരനല്ലൂർകാര്‍ത്ത്യായനി ഭഗവതിയുടെ കാർത്തിക മഹോത്സവവും. കാർത്തിക പൊങ്കാലയിട്ട് ചക്കുളത്തമ്മയെ ഭജിച്ചാൽ ദുരിത ദു:ഖ മോചനവും അഭീഷ്ടസിദ്ധിയും ലഭിക്കും. തിരുവണ്ണാമല അരുണാചല പർവ്വതത്തിന് മുകളിൽ പ്രസിദ്ധമായ മഹാദീപം തെളിയിക്കുന്നതും നവംബർ 24 ന് കാർത്തിക നാൾ സന്ധ്യയ്ക്കാണ്. 2026 നവംബർ 28 ന് കർക്കടകക്കൂറിൽ പൂയം നക്ഷത്രം നാലാം പാദത്തിൽ വാരം അവസാനിക്കും. ഈ ആഴ്ചത്തെ നക്ഷത്ര ഫലം:

മേടക്കൂറ്
(അശ്വതി, ഭരണി, കാർത്തിക 1)
ജോലിയിൽ പുതിയ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കേണ്ടിവരും. ജോലിയിൽ കഴിവ് തെളിയിക്കാനും മേലധികാരികളുടെ ശ്രദ്ധ നേടാനും അവസരമുണ്ടാകും. വരുമാനം മെച്ചപ്പെടുമെങ്കിലും അപ്രതീക്ഷിത ചെലവുകൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ പണം കൈകാര്യം ചെയ്യുന്നതിൽ ശ്രദ്ധ വേണം. പഴയ സാമ്പത്തിക ബാധ്യതകൾ തീർക്കാൻ ശ്രമിക്കും. കുടുംബത്തിൽ ചെറിയ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായാലും വിട്ടുവീഴ്ചയിലൂടെ പരിഹരിക്കാനാകും. വിദ്യാർഥികൾക്ക് പഠനത്തിൽ കൂടുതൽ ഏകാഗ്രത ലഭിക്കും. പരീക്ഷകൾക്കും മത്സരപരീക്ഷകൾക്കും തയ്യാറെടുക്കുന്നവർക്ക് അനുകൂലമായ സമയമാണ്. ആരോഗ്യകാര്യങ്ങളിൽ അലസത ഒഴിവാക്കണം. ദോഷപരിഹാരമായി ദിവസവും ഗണപതിയെ പ്രാർത്ഥിച്ച് ഗണേശമന്ത്രം 108 തവണ ജപിക്കുക. ചൊവ്വാഴ്ച സുബ്രഹ്മണ്യസ്വാമിക്ക് വഴിപാടുകൾ നടത്തുന്നതും ഉത്തമം.

ഇടവക്കൂറ്
(കാർത്തിക 2, 3, 4, രോഹിണി,
മകയിരം 1, 2)
സാമ്പത്തിക നേട്ടങ്ങൾ പ്രതീക്ഷിക്കാം. കിട്ടാനുള്ള പണം ലഭിക്കാനും പുതിയ വരുമാനമാർഗങ്ങൾ കണ്ടെത്താനും കഴിയും. തൊഴിൽരംഗത്ത് സഹപ്രവർത്തകരുടെ പിന്തുണ ലഭിക്കും. ബിസിനസ് ചെയ്യുന്നവർക്ക് പുതിയ കരാറുകളിലൂടെയും ഇടപാടുകളിലൂടെയും നേട്ടമുണ്ടാകാം. ധൃതിപിടിച്ച് നിക്ഷേപങ്ങൾ നടത്തരുത്. കുടുംബത്തിൽ സന്തോഷവും ശാന്തിയും നിലനിൽക്കും. ബന്ധുക്കളിൽ നിന്ന് സഹായസഹകരണം ലഭിക്കും. വിദ്യാർത്ഥികൾക്ക് പഠനത്തിൽ മികച്ച പുരോഗതി കൈവരിക്കാനാകും. കലാ-കായിക മേഖലകളിലുള്ളവർക്ക് അംഗീകാരം ലഭിക്കാൻ സാധ്യതയുണ്ട്. ദോഷപരിഹാരമായി വെള്ളിയാഴ്ച മഹാലക്ഷ്മിയെ ആരാധിക്കുകയും ഓം
ശ്രീ മഹാലക്ഷ്മിയൈ നമഃ നിത്യവും 108 തവണ ജപിക്കുകയും ചെയ്യുക. ക്ഷേത്രത്തിൽ നെയ്‌വിളക്ക് തെളിക്കുന്നതും ഉത്തമം.

മിഥുനക്കൂറ്
(മകയിരം 3, 4, തിരുവാതിര,
പുണർതം 1, 2, 3)
പ്രവർത്തനങ്ങളിൽ ആത്മവിശ്വാസവും ഉത്സാഹവും വർദ്ധിക്കും. തൊഴിൽ അന്വേഷിക്കുന്നവർക്ക് പുതിയ അവസരങ്ങൾ ലഭിക്കാം. നിലവിലുള്ള ജോലിയിൽ സ്ഥാനക്കയറ്റത്തിനോ അധിക ചുമതലകൾ ലഭിക്കാനോ സാധ്യത. സാമ്പത്തിക കാര്യങ്ങളിൽ അനുകൂല മാറ്റങ്ങൾ പ്രതീക്ഷിക്കാം. എന്നാൽ മറ്റുള്ളവരെ വിശ്വസിച്ച് പണം കടം കൊടുക്കുന്നത് ഒഴിവാക്കണം. വ്യാപാരികൾക്ക് പുതിയ ഇടപാടുകൾ ഗുണം ചെയ്യും. കുടുംബത്തിൽ സന്തോഷകരമായ സാഹചര്യങ്ങൾ ഉണ്ടാകും. ദാമ്പത്യത്തിൽ പരസ്പര ധാരണയും സ്നേഹവും വർദ്ധിക്കും. വിദ്യാർത്ഥികൾ അലസത ഒഴിവാക്കണം. ദൂരയാത്രകൾക്ക് സാധ്യതയുണ്ട്. ദോഷപരിഹാരമായി ബുധനാഴ്ച നരസിംഹ മൂർത്തിയെ
ആരാധിക്കുക. വിഷ്ണുസഹസ്രനാമം ജപിക്കുക.

ALSO READ

കർക്കടകക്കൂറ്
(പുണർതം 4, പൂയം, ആയില്യം)
സാമ്പത്തിക കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധയും ആസൂത്രണവും ആവശ്യം. വരുമാനത്തിൽ പുരോഗതി കാണുന്നു. എന്നാൽ കുടുംബാവശ്യങ്ങൾക്ക് കൂടുതൽ പണം ചെലവഴിക്കേണ്ടി വരും. തൊഴിൽരംഗത്ത് ഉത്തരവാദിത്വങ്ങൾ വർദ്ധിക്കും. സഹപ്രവർത്തകരുമായി നല്ല ബന്ധം നിലനിർത്തുന്നത് ഗുണം ചെയ്യും. പുതിയ സംരംഭങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്നവർ വിദഗ്ധോപദേശം തേടണം. കുടുംബത്തിൽ സമാധാനവും സന്തോഷവും നിലനിർത്താൻ വിട്ടുവീഴ്ചാമനോഭാവം ആവശ്യമാണ്. മത്സരപരീക്ഷകൾക്ക് ഒരുങ്ങുന്നവർക്ക് നല്ല സമയമാണ്. മാതാപിതാക്കളുടെ ആരോഗ്യകാര്യങ്ങളിൽ വളരെ ശ്രദ്ധ പുലർത്തണം. ദോഷപരിഹാരമായി തിങ്കളാഴ്ച ശിവക്ഷേത്രദർശനം നടത്തി ധാര കഴിപ്പിക്കുക. ശിവാഷ്ടോത്തരം ജപിക്കുക. എന്നും ഓം നമഃ ശിവായ 108 തവണ ജപിക്കുക

ചിങ്ങക്കൂറ്
(മകം, പൂരം, ഉത്രം 1)
പ്രവർത്തനരംഗത്ത് നേട്ടങ്ങളും അംഗീകാരവും പ്രതീക്ഷിക്കാം. പുതിയ ഉത്തരവാദിത്വങ്ങൾ ലഭിക്കാനും ഔദ്യോഗിക കാര്യങ്ങളിൽ അനുകൂല തീരുമാനങ്ങളുണ്ടാകാനും സാധ്യത കൂടുതലാണ്. വരുമാനം വർദ്ധിക്കും. ആഡംബരച്ചെലവുകൾ നിയന്ത്രിക്കണം. ബിസിനസ് ചെയ്യുന്നവർക്ക് പുതിയ അവസരങ്ങൾ ലഭിക്കും. പങ്കാളിത്ത ഇടപാടുകളിൽ വ്യക്തമായ ധാരണ വേണം. കുടുംബത്തിൽ മംഗളകരമായ കാര്യങ്ങൾ നടക്കാനിടയുണ്ട്. ദാമ്പത്യബന്ധങ്ങളിൽ സന്തോഷവും പരസ്പരവിശ്വാസവും വർധിക്കും. വിദ്യാർത്ഥികൾ പഠനത്തിൽ നേട്ടങ്ങൾ കൈവരിക്കും. മത്സരപരീക്ഷകളിൽ ആത്മവിശ്വാസം ഗുണം ചെയ്യും. ദോഷപരിഹാരമായി ഞായറാഴ്ച നാഗ ദൈവങ്ങൾക്ക് വഴിപാട് സമർപ്പിക്കുക. ആദിത്യഹൃദയം പാരായണം ചെയ്യുകയും ചെയ്യുക. ഓം ദും ദുർഗ്ഗായൈ നമഃ എന്നും 108 തവണ ജപിക്കുക

കന്നിക്കൂറ്
(ഉത്രം 2, 3, 4, അത്തം, ചിത്തിര 1, 2)
സാമ്പത്തിക ഇടപാടുകളിൽ ജാഗ്രത പാലിക്കണം. വരുമാനം ഉണ്ടാകുമെങ്കിലും പ്രതീക്ഷിക്കാത്ത ചെലവുകൾ ബുദ്ധിമുട്ടുണ്ടാക്കാം. കടം കൊടുക്കുന്നതും വലിയ നിക്ഷേപങ്ങൾ നടത്തുന്നതും ആലോചിച്ചു ചെയ്യണം. തൊഴിൽരംഗത്ത് ചില തടസ്സങ്ങൾ നേരിട്ടാലും പരിശ്രമത്തിലൂടെ അവ മറികടക്കാനാകും. ജോലിയിൽ മാറ്റം ആഗ്രഹിക്കുന്നവർക്ക് പുതിയ അവസരങ്ങൾ തേടാം. കുടുംബത്തിൽ ചെറിയ അസ്വാരസ്യങ്ങൾ ഉണ്ടാകാം. അത് സംസാരിച്ച് പരിഹരിക്കാനാകും. വിദ്യാർത്ഥികൾക്ക് പഠനത്തിൽ മികച്ച ശ്രദ്ധ ആവശ്യമാണ്. ഓർമ്മശക്തിയും ഏകാഗ്രതയും വർദ്ധിപ്പിക്കാൻ ചിട്ടയായ പഠനരീതി പിന്തുടരുക. ആരോഗ്യത്തിൽ ശ്രദ്ധ വേണം. ദോഷപരിഹാരമായി
വെള്ളിയാഴ്ച ഗണപതിഹോമം നടത്തുക. എന്നും ഗണപതി അഷ്ടോത്തരജപം ഉത്തമമാണ്.

തുലാക്കൂറ്
(ചിത്തിര 3, 4, ചോതി, വിശാഖം 1, 2, 3)
ഭാഗ്യാനുഭവങ്ങൾ വർദ്ധിക്കും. . തൊഴിൽരംഗത്ത് പുതിയ അവസരം ലഭിക്കാനും മുടങ്ങിക്കിടന്ന കാര്യങ്ങൾ പുനരാരംഭിക്കാനും സാധ്യത. ബിസിനസുകാർക്ക് സാമ്പത്തിക പുരോഗതി. പുതിയ സംരംഭങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് അനുകൂലമായ സാഹചര്യങ്ങൾ രൂപപ്പെടും. സാമ്പത്തിക ഇടപാടുകളിൽ നേട്ടമുണ്ടാകുമെങ്കിലും അനാവശ്യ ചെലവ് നിയന്ത്രിക്കണം. കുടുംബത്തിൽ സന്തോഷകരമായ അന്തരീക്ഷം നിലനിൽക്കും. വിവാഹാലോചനകൾ പുരോഗമിക്കാനും ദാമ്പത്യജീവിതത്തിൽ സന്തോഷം വർധിക്കാനും സാധ്യത. വിദ്യാർത്ഥികൾക്ക് പഠനത്തിൽ മികച്ച പുരോഗതിയുണ്ടാകും. കലാ-സാഹിത്യ രംഗങ്ങളിൽ പ്രവർത്തിക്കുന്നവർക്ക് അംഗീകാരം ലഭിക്കാം. ദോഷപരിഹാരമായി വെള്ളിയാഴ്ച ദേവീക്ഷേത്രദർശനം നടത്തി ലളിതാസഹസ്രനാമം പാരായണം ചെയ്യുക. നിത്യവും ദുർഗ്ഗാ അഷ്ടോത്തര ജപം ഉത്തമമാണ്.

വൃശ്ചികക്കൂറ്
(വിശാഖം 4, അനിഴം, തൃക്കേട്ട)
കാര്യവിജയത്തിനായി കൂടുതൽ പരിശ്രമിക്കേണ്ടി വരും. തൊഴിലിൽ ചില പ്രതിസന്ധികൾ ഉണ്ടാകും. ക്ഷമയോടെ പ്രവർത്തിച്ചാൽ അനുകൂല ഫലങ്ങൾ നേടാനാകും. സഹപ്രവർത്തകരുമായി അഭിപ്രായവ്യത്യാസം ഉണ്ടാകാതെ ശ്രദ്ധിക്കണം. വരവും ചെലവും ഒരുപോലെ വർദ്ധിക്കാം. പഴയ ബാധ്യത തീർക്കാൻ അവസരം ലഭിക്കും. പുതിയ നിക്ഷേപങ്ങൾ നടത്തുമ്പോൾ സൂക്ഷ്മത വേണം. കുടുംബത്തിൽ ചെറിയ പ്രശ്നങ്ങൾ ഉണ്ടാകാമെങ്കിലും മുതിർന്നവരുടെ ഇടപെടലിലൂടെ പരിഹരിക്കാനാകും. വിദ്യാർഥികൾക്ക് പഠനത്തിൽ നല്ല ശ്രദ്ധ ആവശ്യമാണ്. പരീക്ഷകളിൽ മികച്ച വിജയം നേടാൻ കഠിനാധ്വാനം ചെയ്യും. ദോഷപരിഹാരമായി ചൊവ്വാഴ്ച സുബ്രഹ്മണ്യസ്വാമിക്ക് പാൽ അഭിഷേകം നടത്തുകയും സുബ്രഹ്മണ്യ ഭുജംഗം പാരായണം ചെയ്യുകയും ചെയ്യുക. എന്നും സുബ്രഹ്മണ്യ അഷ്ടോത്തരം ജപം ഉത്തമമാണ്.

ധനുക്കൂറ്
(മൂലം, പൂരാടം, ഉത്രാടം 1)
പുതിയ പ്രതീക്ഷകളും അവസരങ്ങളും ഉണ്ടാകും. തൊഴിൽരംഗത്ത് അനുകൂലമായ മാറ്റങ്ങൾ സംഭവിക്കാം. പുതിയ ജോലി അന്വേഷിക്കുന്നവർക്ക് പ്രതീക്ഷ നൽകുന്ന വാർത്ത ലഭിക്കും. നിലവിലുള്ള ജോലിയിൽ അംഗീകാരവും ഉത്തരവാദിത്വങ്ങളും വർദ്ധിക്കും. സാമ്പത്തികമായി മെച്ചപ്പെട്ട സാഹചര്യം പ്രതീക്ഷിക്കാം. ബിസിനസിൽ പുതിയ ഇടപാടുകൾ ഗുണകരമാകും. എന്നാൽ അനാവശ്യമായ ധനവ്യയം ഒഴിവാക്കണം. കുടുംബത്തിൽ സന്തോഷം, ഐക്യം നിലനിൽക്കും. ബന്ധുക്കളുമായി നിലനിന്ന പ്രശ്നങ്ങൾ പരിഹരിക്കും. വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിനും വിദേശപഠനത്തിനും അനുകൂലമായ സാഹചര്യമാണ്. മത്സരപരീക്ഷകളിൽ വിജയസാധ്യത വർദ്ധിക്കും. ദോഷപരിഹാരമായി വ്യാഴാഴ്ച
ഹനുമാൻ സ്വാമിയെ പ്രാർത്ഥിക്കുകയും വിഷ്ണുസഹസ്രനാമം പാരായണം ചെയ്യുകയും ചെയ്യുക. നിത്യവും ഓം നമോ ഭഗവതേ വാസുദേവായ 108 ഉരു
ജപിക്കണം.

മകരക്കൂറ്
(ഉത്രാടം 2, 3, 4, തിരുവോണം,
അവിട്ടം 1,2)
ധനപരമായ കാര്യങ്ങളിൽ ശ്രദ്ധയോടെ മുന്നോട്ടുപോകണം. നല്ല വരുമാനം ലഭിക്കുമെങ്കിലും ചില അപ്രതീക്ഷിത ചെലവുകളും ഉണ്ടായേക്കാം. തൊഴിൽരംഗത്ത് കഠിനാദ്ധ്വാനത്തിന് അനുസരിച്ചുള്ള ഫലം ലഭിക്കാൻ അൽപ്പം കാത്തിരിക്കേണ്ടിവരും. പുതിയ ജോലിക്കായുള്ള ശ്രമങ്ങൾ തുടരുക. ബിസിനസുകാർക്ക് പഴയ ഇടപാടുകൾ പൂർത്തിയാക്കി പുതിയ അവസരങ്ങൾ കണ്ടെത്താനാകും. കുടുംബത്തിൽ ഉത്തരവാദിത്വങ്ങൾ വർദ്ധിക്കും. വീടുമായി ബന്ധപ്പെട്ട ചില കാര്യങ്ങളിൽ തീരുമാനമെടുക്കേണ്ടി വരും. വിദ്യാർത്ഥികൾ പഠനത്തിൽ അലസത ഒഴിവാക്കണം. അധ്യാപകരുടെയും മാതാപിതാക്കളുടെയും ഉപദേശം പ്രയോജനപ്പെടുത്തുക. ദോഷപരിഹാരമായി ശനിയാഴ്ച ശനീശ്വരനെ പ്രാർത്ഥിച്ച് നീരാജനം തെളിക്കുക. ഓം ഹം ഹനുമതേ നമഃ ജപിക്കുന്നതും ഉത്തമമാണ്.

കുംഭക്കൂറ്
(അവിട്ടം 3, 4, ചതയം, പൂരുരുട്ടാതി 1, 2, 3)
കർമ്മരംഗത്ത് പുതിയ മാറ്റങ്ങൾക്കും പുരോഗതിക്കും സാധ്യത. ജോലിയിൽ ചില ആശയക്കുഴപ്പങ്ങൾ ഉണ്ടായാലും ബുദ്ധിപൂർവമായ തീരുമാനങ്ങൾ ഗുണകരമാകും. വരുമാനമാർഗങ്ങൾ വർദ്ധിക്കും. പഴയ നിക്ഷേപങ്ങളിൽനിന്ന് നേട്ടത്തിന് സാധ്യതയുണ്ട്. എന്നാൽ മറ്റുള്ളവരുടെ വാക്കുകേട്ട് സാമ്പത്തിക തീരുമാനങ്ങൾ എടുക്കരുത്. കുടുംബത്തിൽ സന്തോഷകരമായ സാഹചര്യങ്ങൾ ഉണ്ടാകും. ജീവിതപങ്കാളിയുടെ പിന്തുണ ലഭിക്കും. ബന്ധുക്കളുമായി നിലനിന്ന അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിക്കപ്പെടും. വിദ്യാർത്ഥികൾക്ക് പഠന പുരോഗതി ഉണ്ടാകും. ദോഷപരിഹാരമായി ശനിയാഴ്ച ധർമ്മ ശാസ്താവിനെ
ആരാധിച്ച് ശാസ്തൃ ഗായത്രി ജപിക്കുക. എള്ളെണ്ണ വിളക്ക് തെളിക്കുക . എന്നും
ഓം ഘ്രൂം നമഃ പരായ ഗോപ്ത്രേ 108 തവണ ജപിക്കുക.

മീനക്കൂറ്
(പൂരുരുട്ടാതി 4, ഉത്തൃട്ടാതി, രേവതി)
സാമ്പത്തിക കാര്യങ്ങളിൽ മിതത്വവും കൃത്യമായ ആസൂത്രണവും ആവശ്യം. വരുമാനം വർദ്ധിപ്പിക്കാൻ അവസരം ലഭിക്കുമെങ്കിലും പണം കൈകാര്യം ചെയ്യുന്നതിൽ ശ്രദ്ധ വേണം. പുതിയ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കേണ്ടി വരും. ജോലി മാറ്റം ആഗ്രഹിച്ചാൽ അനുകൂലമായ വാർത്തകൾ ലഭിച്ചേക്കാം. ബിസിനസ് ചെയ്യുന്നവർക്ക് പുതിയ ഇടപാടുകൾ ലഭിക്കുമെങ്കിലും കരാറുകൾ ശ്രദ്ധാപൂർവം പരിശോധിക്കണം. കുടുംബത്തിൽ സമാധാനവും സന്തോഷവും നിലനിൽക്കും. കുടുംബപ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താനാകും. വിദ്യാർത്ഥികൾക്ക് പഠനത്തിൽ മികച്ച പുരോഗതിയുണ്ടാകും. ഉപരിപഠനം, മത്സരപരീക്ഷ ഇവയ്ക്ക് അനുകൂലമായ സമയമാണ്. ആരോഗ്യത്തിൻ പ്രത്യേക ശ്രദ്ധ പുലർത്തണം. ദോഷപരിഹാരമായി വ്യാഴാഴ്ച വിഷ്ണുസഹസ്രനാമം പാരായണം ചെയ്യുക. ക്ഷേത്രത്തിൽ നെയ്‌വിളക്ക് തെളിക്കുക. എന്നും ഓം നമോ നാരായണായ ജപിക്കുക.

ജ്യോതിഷരത്നം വേണു മഹാദേവ് ,
മൊബൈൽ: + 91 9847575559

Summary: Weekly Star predictions based on moon sign by Venu Mahadev

Highlights

നവംബർ 22 ഞായറാഴ്ചയാണ്
പ്രദോഷ വ്രതം

ചൊവ്വാഴ്ചയാണ് പൗർണ്ണമിയും തൃക്കാർത്തിക ദീപവും

കാർത്തിക പൊങ്കാലയിട്ട് ചക്കുളത്തമ്മയെ ഭജിച്ചാൽ അഭീഷ്ടസിദ്ധി ഫലം

(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . Visit our online store https://www.okalasha.com, for Devotional Decors, Photos, Jewels and Book’s etc)

Copyright @ 2026 NeramOnline.com . All rights reserved.

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?