1201 കുംഭം 1 മുതൽ 30 വരെയുള്ള ഒരു മാസത്തെ സാമാന്യഫലമാണിവിടെ പറയുന്നത് ഇതിന്റെ കൂടെ ജാതകാൽ കൂടി പരിശോധിച്ച് ഗുണദോഷഫലങ്ങൾ വിലയിരുത്തണം. കുംഭ രവി സംക്രമം ഫെബ്രുവരി 13 വെള്ളിയാഴ്ച വെളുപ്പിന് 4:08 മണിക്കാണ്. ഈ സമയം നിലവിളക്ക് കത്തിച്ച് ശിവ ഭജനം നടത്തുന്നത് ഉത്തമമാണ്. ഗോചരാൽ 1201 കുംഭം രവിസംക്രമം മേടം, ഇടവം, കന്നി, ധനു കൂറുകാർക്ക് പൊതുവേ കൂടുതൽ സദ്ഫലങ്ങൾ നൽകും:
മേടക്കൂറ്
(അശ്വതി, ഭരണി, കാർത്തിക 1/4 )
ഈ മാസം വളരെ ഗുണപ്രദമായ കാലമായിരിക്കും. ആഗ്രഹ സഫലതയും ആശാവഹമായ മുന്നേറ്റങ്ങളും ലഭിക്കുന്നതാകുന്നു. വിവാഹ വിഷയങ്ങളിൽ തീർപ്പുണ്ടാകും. ജോലി സംബന്ധമായ പരീക്ഷകളിൽ വിജയം ലഭിക്കും. ഊഹകച്ചവടക്കാർക്ക് ധാരാളം അവസരം ലഭിക്കും. ഗൃഹനിർമ്മാണം, വസ്തു വാങ്ങൽ, പുതിയ കരാറുകൾ തരപ്പെടുന്നതും മുടങ്ങിക്കിടന്ന ധനാഗമം വന്നുഭവിക്കുന്നതും എല്ലാ രംഗങ്ങളിലും വർത്തിക്കുന്നതും അഭിവൃദ്ധിയും ഫലം..നിത്യേന ഓം ദും ദുർഗ്ഗായൈ നമഃ ജപിക്കുക. വെള്ളിയാഴ്ചകളിൽ ഗണപതി ഹോമം നടത്തുക.
ഇടവക്കൂറ്
( കാർത്തിക 3/4 , രോഹിണി, മകയിരം 1/2)
ആത്മവിശ്വാസം വർദ്ധിക്കും. അപ്രതീക്ഷിത സ്ഥലങ്ങളിൽ നിന്നും ധന സഹായം ഉണ്ടാകുന്നതാണ്. മനസ്സിനെ അലട്ടികൊണ്ടിരിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണും. മുടങ്ങി കിടന്നിരുന്ന തൊഴിൽ സംരംഭങ്ങൾ കാര്യക്ഷമതയോടെ പ്രവർത്തിച്ചു തുടങ്ങും. ഇൻ്റർവ്യൂകളിൽ വിജയം വരിക്കുന്നതും പ്രതീക്ഷിച്ചതിൽ ഉപരിയായ ഉദ്യോഗം ലഭിക്കുന്നതുമാകുന്നു. ഓം ഗം ഗണപതയേ നമഃ നിത്യേന 108 തവണ ജപിക്കുക. ദേവീ ക്ഷേത്രത്തിൽ വെള്ളിയാഴ്ചകളിൽ കുങ്കുമാർച്ചന നടത്തുക.
മിഥുനക്കൂറ്
( മകയിരം 1/2, തിരുവാതിര, പുണർതം 3/4)
മുൻകോപം നിയന്ത്രിക്കണം. ആലോചന കൂടാതെയുളള പ്രവർത്തികൾ അപവാദത്തിനിടവരുത്തും. യാത്രാ വേളയിൽ ധനനഷ്ടം വരാതെ സൂക്ഷിക്കണം. ഉത്തരവാദിത്വങ്ങൾ അന്യരെ ഏൽപ്പിക്കരുത്. വരവും ചെലവും പൊരുത്തപ്പെടുത്തി മുന്നോട്ടു പോകാൻ വളരെ പ്രയാസപ്പെടും. പ്രതികാര ബുദ്ധി ഉപേക്ഷിക്കുന്നത് നന്നായിരിക്കും. ആരോഗ്യ കാര്യത്തിൽ നല്ല ശ്രദ്ധ വേണം. മേലുദ്യോഗസ്ഥരുടെ പ്രീതി നേടിയെടുക്കുവാൻ ശ്രമിക്കണം. നന്നായി ഈശ്വര പ്രാർത്ഥന ചെയ്യണം. ഓം നമോ നാരായണായ നിത്യേന 108 തവണ ജപിക്കുക. ഞായറാഴ്ചകളിൽ ആയില്യ പൂജ നടത്തുക.
കർക്കടകക്കൂറ്
(പുണർതം 1/4 , പൂയ്യം , ആയില്യം )
മനസ്സും ശരീരവും അസ്വസ്ഥമാക്കുന്നതാണ്. യാത്രാ വേളകൾ കൂടുതൽ കരുതലോടെയാവണം. ആരോഗ്യ ശ്രദ്ധ വേണം. ആരേയും അമിതമായി വിശ്വസിക്കരുത്. പണമിടപാടുകളിൽ വാഗ്ദാനം നിറവേറ്റാൻ കഴിയാതെ വരും. സാമ്പത്തിക കാര്യങ്ങൾ ശ്രദ്ധയോടെ ചെയ്യണം. അനാവശ്യ കൂട്ടു കെട്ടുകൾ ഒഴിവാക്കണം. അപവാദങ്ങളിൽ പെടാതിരിക്കാൻ ശ്രദ്ധിക്കുക. പ്രവർത്തന വിജയത്തിന് നല്ല അദ്ധ്വാനം വേണ്ടി വരും. ദോഷപരിഹാരമായി നിത്യേന ഓം നമഃ ശിവായ 108 തവണ ജപിക്കുക. വെള്ളിയാഴ്ചകളിൽ ദേവിക്ക് കുങ്കുമാർച്ചന നടത്തുക.
ചിങ്ങക്കൂറ്
( മകം, പൂരം ഉത്രം 1/4 )
കുടുംബത്തിൽ അപസ്വരങ്ങൾ ഉണ്ടാകാൻ ഇടയുള്ളതിനാൽ നന്നായി ശ്രദ്ധിക്കണം. ദമ്പതികൾ വിട്ടു വീഴ്ചകൾ ചെയ്യണം. ശാരീരികമായി ചില വൈഷമ്യങ്ങൾക്ക് ഇടവരും. യാത്രകൾ വളരെ ശ്രദ്ധിക്കണം. ചിലവുകൾ അധികരിക്കും. പരാജയ ഭീതികൾ നന്നായി അലട്ടും. എല്ലാത്തിനോടും വിമുഖത ഉണ്ടാവും. നന്നായി ഈശ്വര പ്രാർത്ഥന ആവശ്യമായ സമയമെന്ന് അറിയുക. വാഹനങ്ങൾ കൈകാര്യം ചെയ്യുമ്പോൾ വളരെ ശ്രദ്ധിക്കേണ്ടതാണ് . ഭദ്രകാളിക്ക് കുങ്കുമാർച്ചന നടത്തുക. എന്നും ഓം ദും ദുർഗ്ഗായൈ നമഃ 108 തവണ വീതം ജപിക്കുക.
ALSO READ
കന്നിക്കൂറ്
(ഉത്രം 3/4, അത്തം ചിത്തിര 1/2)
കുടുംബ സ്വത്തുകൾ ലഭിക്കാൻ യോഗമുള്ള സമയം. സർക്കാർ ധനസഹായങ്ങളോ ചിട്ടി ലോൺ ഇവയുടെ ലഭ്യതയോ കാണുന്നുണ്ട്. സാമ്പത്തിക സ്ഥിതി വളരെ മെച്ചപ്പെട്ടതായിരിക്കും. കുടുംബാംഗങ്ങളുമായി സംഗമിക്കാൻ ഭാഗ്യം വരും. കുടുംബത്തിൽ മംഗള കർമ്മങ്ങൾ നടക്കും. ഭാഗ്യാന്വേഷകർക്ക് അനുകൂല സമയം. വിവാഹം ആലോചിക്കുന്നവർക്ക് നല്ല ജീവിത പങ്കാളിയെ ലഭിക്കും. ദോഷ പരിഹാരമായി എന്നും ഓം നമഃ ശിവായ 108 തവണ ജപിക്കുക. ശനിയാഴ്ചകളിൽ അയ്യപ്പസ്വാമിക്ക് നീരാജനം സമർപ്പിച്ച് പ്രാർത്ഥിക്കണം.
തുലാക്കൂറ്
(ചിത്തിര 1/2 , ചോതി, വിശാഖം 3/4 )
ആരേയും അന്ധമായി വിശ്വസിക്കരുത്. ഊഹകച്ചവടം നഷ്ടത്തിൽ കലാശിക്കും. തുടങ്ങി വെച്ച കാര്യങ്ങൾ പൂർത്തികരിക്കുവാൻ ഏറെ പരിശ്രമിക്കേണ്ടി വരും. അക്ഷീണ ശ്രമം മൂലം നഷ്ടങ്ങൾ ഒഴിവാകും. ഔദ്യോഗിക രംഗത്ത് വിട്ടുവീഴ്ചകൾ ചെയ്യേണ്ടതായി വരും. സന്തോഷകരമായ ദാമ്പത്യ ജീവിതത്തിന് പല വിട്ടുവീഴ്ചകളും വേണ്ടി വരും. ഉദര രോഗം അലട്ടും. ആരോഗ്യത്തിൽ ശ്രദ്ധ വേണം. ആരോപണ വിധേയനാകുവാൻ ഇടയുണ്ട്. ശത്രുക്കളെ കരുതിയിരിക്കുക. ഓം നമോ ഭഗവതേ വാസുദേവായ എന്നും 108 തവണ ജപിക്കുക. ശ്രീകൃഷ്ണ ക്ഷേത്രത്തിൽ പാൽപായസം നടത്തുക.
വൃശ്ചികക്കൂറ്
(വിശാഖം 1/4 , അനിഴം , തൃക്കേട്ട )
ആത്മാർത്ഥത ചോദ്യം ചെയ്യപ്പെടുന്നു എന്ന തോന്നൽ പലപ്പോഴും ഉണ്ടാകും. വഞ്ചിതരാകാൻ ഇടയുള്ളത് കൊണ്ട് എല്ലാ കാര്യങ്ങളിലും ശ്രദ്ധ വേണം. വെട്ടിത്തുറന്നുള്ള സംസാരങ്ങൾ ഒഴിവാക്കുന്നത് നന്നായിരിക്കും. സന്താനങ്ങളുടെ പ്രവൃത്തികൾ മനോദുഃഖത്തിനിടവരുത്തും. സാമ്പത്തിക വരുത്തുന്ന പ്രവർത്തനങ്ങളിൽ നിന്ന് പിൻതിരിയണം. തൻ്റെതല്ലാത്ത കാരണങ്ങളാൽ മറ്റുള്ളവരിൽ നിന്നും എതിർപ്പുകൾ നേരിടേണ്ടുന്ന സാഹചര്യങ്ങൾ ഉണ്ടാകും. ഈശ്വര ചിന്ത കൈ വെടിയരുത് . ഗണപതിക്ക് കറുകമാല, ഹനുമാൻ സ്വാമിക്ക് വെറ്റിലമാല സമർപ്പിച്ചു പ്രാർത്ഥിക്കുക. പതിവായി ഓം വചത്ഭുവേ നമഃ ജപിക്കുക.
ധനുക്കൂറ്
(മൂലം, പൂരാടം, ഉത്രാടം 1/4 )
തൊഴിൽ രംഗത്ത് വൻ നേട്ടം കാണുന്നു. ശത്രുദോഷം കുറയും. തീരുമാനങ്ങളിൽ ഔചിത്യം കാണിക്കും. വസ്തു വകകൾ വാങ്ങുവാനുള്ള ഭാഗ്യം കാണുന്നു. മറ്റുള്ളവരുടെ എതിർപ്പിനെ അതിജീവിക്കുന്നതാണ്. പൂർവ്വിക സ്വത്തുകൾ കൈവശം വന്നു ചേരും. സന്താന ഭാഗ്യവും സന്താനങ്ങൾക്ക് മേൻമയുള്ള തൊഴിൽ ലഭിക്കുവാനും ഇടയുണ്ട്. കടബാധ്യതകളിൽ നിന്നും മോചനം ഉണ്ടാകും. ശിവ ഭഗവാന് കൂവള മാല സമർപ്പിക്കുക. പതിവായി ഓം ശരവണ ഭവഃ 108 തവണ വീതം ജപിക്കുക.
മകരക്കൂറ്
(ഉത്രാടം 3/4 തിരുവോണം, അവിട്ടം 1/2)
മാനസിക പിരിമുറുക്കം കുറയ്ക്കാൻ കുടുംബസമേതം ക്ഷേത്രദർശനം സംഘടിപ്പിക്കും. പല കാര്യങ്ങളിലും അബദ്ധങ്ങൾ പിണയാനും തെറ്റിദ്ധാരണകൾക്കും ഇടയാക്കും. ചില ബന്ധങ്ങൾ മൂലം അപവാദങ്ങൾ ഉണ്ടാകും. ദൂരയാത്രകൾ മൂലം ധനനഷ്ടവും അസുഖങ്ങളും പിടിപെടാൻ സാധ്യത. ആരോഗ്യത്തിൽ ശ്രദ്ധ വേണം. പ്രണയ ബന്ധങ്ങൾ മൂലം വിദ്യാർത്ഥികൾക്ക് പഠനരംഗത്ത് ശ്രദ്ധ നഷ്ടപ്പെടും. ശനിയാഴ്ചകളിൽ ശാസ്താവിന് നീരാജനം സമർപ്പിച്ച് പ്രാർത്ഥിക്കുക. നിത്യവും ഓം ക്ലീം കൃഷ്ണായ നമഃ ജപിക്കുക.
കുംഭക്കൂറ്
(അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4 )
നിസ്സാരമെന്ന് കരുതുന്ന കാര്യങ്ങൾക്ക് അഹോരാത്രം പ്രയത്നം വേണ്ടി വരും. മാതാപിതാക്കളെ അനുസരിച്ച് പ്രവർത്തിച്ചാൽ അബദ്ധങ്ങൾ ഒഴിവാകും. പരീക്ഷണ നിരീക്ഷണങ്ങൾക്ക് ആവർത്തനം വേണ്ടി വരും. ഗൃഹത്തിൻ്റെ അറ്റകുറ്റ പണികൾക്ക് അധിക ചെലവ് വരും. മറ്റുള്ളവർ എന്ത് വിചാരിക്കും എന്ന് അനാവശ്യമായി ചിന്തിക്കാതെ സ്വയം കഴിവിനും പ്രാപ്തിയ്ക്കുമനുസരിച്ച് പ്രവർത്തിക്കുക. ഭക്ഷ്യ വിഷബാധ ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കണം. ദോഷപരിഹാരമായി എന്നും ഓം ഹം ഹനുമതേ നമഃ 108 തവണ ജപിക്കുക. ശനിയാഴ്ചകളിൽ അയ്യപ്പസ്വാമിക്ക് നീരാജനം സമർപ്പിച്ച് പ്രാർത്ഥിക്കുക.
മീനക്കൂറ്
(പൂരൂരുട്ടാതി 1/4 ഉത്ത്യട്ടാതി രേവതി )
ജീവിത വിജയത്തിനായി അക്ഷീണം പ്രയത്നിക്കും. വിശ്വസിച്ചിരുന്നവരിൽ നിന്ന് വഞ്ചിതരാകാനിടയുണ്ട്. കടബാധ്യതകൾ തീർക്കുന്നതിനുവേണ്ടി പരിശ്രമിക്കും. വാഗ്ദാനങ്ങൾ ശ്രദ്ധാപൂർവ്വം നടത്തണം. ഏത് പ്രശ്നങ്ങളിൽ അകപ്പെട്ടാലും പരിഹാരമാർഗ്ഗങ്ങൾ കണ്ടുപിടിച്ച് അതിൽ നിന്നും രക്ഷനേടും. ആരോഗ്യത്തിൽ ശ്രദ്ധ വേണം. സന്തോഷകരമായ ദാമ്പത്യ ജീവിതത്തിനു വേണ്ടി പല വിട്ടുവീഴ്ചകൾക്കും തയ്യാറാകും. നിത്യേന ഓം ഭദ്രകാള്യൈ നമഃ നിത്യേന 108 തവണ ജപിക്കുക. ജന്മനക്ഷത്രത്തിൽ മൃത്യുഞ്ജയ ഹോമം നടത്തുക.
ജ്യോതിഷി പ്രഭാസീന സി.പി,
മൊബൈൽ: 9961442256
Email ID: prabhaseenacp@gmail.com
Summary: Predictions: This month 1201 Kumbham for you Predictions by Prabha Seena
(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും: NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . ആത്മീയ- ജ്യോതിഷ വാര്‍ത്തകള്‍ക്ക്, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക: AstroG App .)
Copyright @ 2026 NeramOnline.com . All rights reserved.