(2026 മേയ് 10 – 16 )
2026 മേയ് 10 ന് അവിട്ടം നക്ഷത്രത്തിൽ തുടങ്ങുന്ന ഈ ആഴ്ചയിലെ പ്രധാന വിശേഷങ്ങൾ അപര ഏകാദശി, പ്രദോഷം, വിഷ്ണുപദി പുണ്യകാലം, ഇടവ രവിസംക്രമം, അമാവാസി, വൈശാഖമാസം സമാപ്തി എന്നിവയാണ്. കറുത്തപക്ഷ ഏകാദശിയായ അപര ഏകാദശി മേയ് 13 ബുധനാഴ്ചയാണ്. ചൊവ്വാഴ്ചദശമിനാളിൽ ഒരിക്കലോടെ വ്രതം തുടങ്ങണം. മേയ് 13 രാവിലെ 7 മണി 44 മിനിട്ടിനും വൈകിട്ട് 6 മണി 52 മിനിട്ടിനും മദ്ധ്യേയാണ് ഹരിവാസരം. ഈ സമയം അന്നപാനാദികൾ ഉപേക്ഷിച്ച് വിഷ്ണു നാമജപത്തിൽ മുഴുകണം. അപര ഏകാദശി എന്ന് അറിയപ്പെടുന്ന ഈ ഏകാദശി നോറ്റാൽ ഐശ്വര്യം, സമ്പൽസമൃദ്ധി, പാപമോചനം എന്നിവയാണ് ഫലം. പിറ്റേന്ന് രാവിലെ ക്ഷേത്രദർശനം നടത്തി പാരണ വിടാം. മേയ് 14 വ്യാഴാഴ്ചയാണ് പ്രദോഷ വ്രതം. കറുത്തപക്ഷ പ്രദോഷമായതിനാൽ ശത്രുദോഷം, ദൃഷ്ടിദോഷം, രോഗക്ലേശം, ബാധാദോഷം, തുടങ്ങിയവ മാറുന്നതിന് കൂടുതൽ നല്ലതാണ്. അന്ന് ശിവ പാർവ്വതിമാരെ പ്രാർത്ഥിക്കുകയും സന്ധ്യയ്ക്ക് ക്ഷേത്രത്തിൽ പ്രദോഷ പൂജയിൽ പങ്കെടുക്കുകയും ചെയ്താൽ വിഷമങ്ങളിൽ നിന്നെല്ലാം മോചനം ലഭിക്കും. മേയ് 15 ഇടവം 1 വെള്ളിയാഴ്ച രാവിലെ 6 മണി 21 മിനിട്ടിനാണ് ഇടവരവി സംക്രമം. ഇടവ മാസാരംഭമായ ഈ ദിവസം ശ്രീഹരി വിഷ്ണുവിന്റെ അനുഗ്രഹാശിസ്സുകൾ നേടാൻ ഉത്തമമായ വിഷ്ണുപദി പുണ്യകാല ദിനമാണ്. ഒരു വർഷം നാലു തവണ വിഷ്ണുപദി പുണ്യകാലം വരും. ഒരോ മൂന്നു മാസം കൂടുമ്പോഴും – സൂര്യൻ സ്ഥിര രാശികളായ ഇടവം, ചിങ്ങം, വൃശ്ചികം, കുംഭം രാശികളിലേക്ക് കടക്കുമ്പോഴാണ് ഇത് വരുന്നത്. ശ്രീ മഹാവിഷ്ണു ഇഹലോകത്തിന്റെ നിലനിൽപ്പിനും ക്ഷേമത്തിനും അനുഗ്രഹവർഷം ചൊരിയുന്ന ദിവസമായി ഇതിനെ പുരാണങ്ങൾ പറയുന്നു. അന്ന് വിഷ്ണു പ്രീതികരമായ വഴിപാടുകൾ നടത്തുന്നതും ഫലം, പുഷ്പം, തുളസീദലം തുടങ്ങിയവ സമർപ്പിക്കുന്നതും മന്ത്രങ്ങൾ ജപിക്കുന്നതും ഐശ്വര്യം, പ്രശസ്തി, ധനം, മോക്ഷം എന്നിവ സമ്മാനിക്കും. മേയ് 16 നാണ് അമാവാസി. അന്ന് തന്നെയാണ് വിഷ്ണു ഭക്തർക്ക് ഏറ്റവും പ്രിയപ്പെട്ട വൈശാഖമാസം പൂർണ്ണമാകുന്നത്. അന്ന് കാർത്തിക നക്ഷത്രത്തിൽ വാരം അവസാനിക്കും. ഈ ആഴ്ചയിലെ ബുധന്റെ മാറ്റവും വ്യാഴത്തിന്റെയും ശുക്രന്റെയും സ്വാധീനവും പല കൂറുകാർക്കും സാമ്പത്തികവും തൊഴിൽപരവുമായി ഗുണങ്ങൾ നൽകും. ബന്ധങ്ങളിൽ ക്ഷമയും കരുതലും ധനകാര്യത്തിൽ സൂക്ഷ്മതയും പാലിച്ചാൽ സമയം പലർക്കും നല്ലതാകും. ഈ ആഴ്ചയിലെ നക്ഷത്രഫലം:
മേടക്കൂറ്
(അശ്വതി, ഭരണി, കാർത്തിക 1/4)
സാമ്പത്തിക കാര്യങ്ങളിലെ അനിശ്ചിതത്വം നീങ്ങും. ചില കാര്യങ്ങൾ അനായാസം മുന്നോട്ടു പോകും. പുതിയ വരുമാന മാർഗ്ഗങ്ങൾ തുറന്നു കിട്ടാൻ സാധ്യതയുണ്ട്. തൊഴിൽരംഗത്ത് മേലധികാരികളുടെ അംഗീകാരം ലഭിക്കും. സർക്കാർ ജോലിക്കാർക്ക് കൂടുതൽ ഉത്തരവാദിത്വങ്ങൾ ലഭിക്കും. വീട്ടിൽ ചെറിയ അഭിപ്രായഭിന്നതകൾ ഉണ്ടാകാം. സമയോചിതമായ ഇടപെടൽ വഴി അതെല്ലാം വേഗം പരിഹരിക്കും. ദാമ്പത്യത്തിൽ പരസ്പര ധാരണ ആവശ്യമാണ്.
ദോഷപരിഹാരം: ചൊവ്വാഴ്ച ഹനുമാൻ ക്ഷേത്രദർശനം നടത്തി വെറ്റിലമാല സമർപ്പിക്കുക. ഓം ഹനുമതേ നമഃ 108 പ്രാവശ്യം ജപിക്കുക.
ഇടവക്കൂറ്
(കാർത്തിക 3/4, രോഹിണി, മകയിരം 1/2)
ധനപരമായി നല്ല സമയം. കച്ചവടത്തിൽ ലാഭസാധ്യത വർദ്ധിക്കും. ഭൂമി, വാഹനം, ഗൃഹം എന്നിവമായി ബന്ധപ്പെട്ട തീരുമാനങ്ങൾ ഗുണകരമാകും. ബിസിനസിൽ പഴയ കുടിശ്ശികകൾ ലഭിക്കാൻ സാധ്യത. കുടുംബത്തിൽ മംഗളകർമ്മങ്ങൾ സംബന്ധിച്ച ചർച്ച നടക്കും. വിദേശ ജോലിക്കോ യാത്രയ്ക്കോ ശ്രമിക്കുന്നവർക്ക് അനുകൂല വാർത്തകൾ ലഭിക്കും.
ദോഷപരിഹാരം: വെള്ളിയാഴ്ച മഹാലക്ഷ്മി പൂജ നടത്തുക. മഞ്ഞൾ ദാനം ചെയ്യുന്നത് ശ്രേയസ്കരം. ഓം ശ്രീം നമഃ 108 തവണ ജപിക്കുക
മിഥുനക്കൂറ്
(മകയിരം 1/2, തിരുവാതിര, പുണർതം 3/4)
തൊഴിൽ മേഖലയിൽ മാറ്റങ്ങൾ പ്രതീക്ഷിക്കാം. പുതിയ അവസരങ്ങൾ തേടി വന്നാലും വളരെ ആലോചിച്ച് മാത്രം തീരുമാനം എടുക്കണം. ചെലവുകൾ കൂടും. എന്നാൽ ആവശ്യമുള്ള സമയത്ത് സാമ്പത്തിക സഹായം ലഭിക്കും. കുടുംബത്തിൽ മാതാപിതാക്കളുടെ ആരോഗ്യത്തിൽ ശ്രദ്ധ വേണം. വിദ്യാർത്ഥികൾക്ക് നല്ല പുരോഗതി കൈവരിക്കാൻ സാധിക്കും.
ദോഷപരിഹാരം: ബുധനാഴ്ച വിഷ്ണു സഹസ്രനാമം കേൾക്കുക അല്ലെങ്കിൽ ജപിക്കുക. അന്നദാനം ചെയ്യുക. എന്നും ഓം ക്ലീം കൃഷ്ണായ നമഃ ജപിക്കുക.
കർക്കടകക്കൂറ്
(പുണർതം 1/4, പൂയം, ആയില്യം)
ജോലി അന്വേഷിക്കുന്നവർക്ക് പ്രതീക്ഷയുണർത്തുന്ന വാർത്തകൾ ലഭിക്കും. ബിസിനസിൽ പുതിയ കരാറുകൾ ലഭിക്കാൻ സാധ്യതയുണ്ട്. കുടുംബസൗഖ്യം വർധിക്കും. ദാമ്പത്യകലഹങ്ങൾ കുറയും. ചിലർ ഗൃഹനിർമ്മാണവുമായി ബന്ധപ്പെട്ട് സുപ്രധാന തീരുമാനങ്ങൾ എടുക്കും.
ദോഷപരിഹാരം: തിങ്കളാഴ്ച വ്രതം നല്ലതാണ്. അന്ന് ശിവക്ഷേത്രത്തിൽ ധാര നടത്തുക. ഓം നമഃ ശിവായ 108 തവണ എന്നും ജപിക്കുന്നത് ഉത്തമം.
ചിങ്ങക്കൂറ്
(മകം, പൂരം, ഉത്രം 1/4)
സാമ്പത്തിക കാര്യങ്ങളിൽ അശ്രദ്ധ കാണിക്കരുത്. അനാവശ്യ ചെലവുകൾ വർധിക്കാൻ സാധ്യതയുണ്ട്. ജോലി സ്ഥലത്ത് മത്സരം അനുഭവപ്പെടാം. മാനസിക സമ്മർദ്ദം വർധിക്കും.
കുടുംബത്തിൽ സന്താനങ്ങളെ ചൊല്ലി ആശങ്കകൾ ഉണ്ടാകാം. എന്നാൽ ക്രമേണ കാര്യങ്ങൾ അനുകൂലമാകും.
ദോഷപരിഹാരം: ഞായറാഴ്ച ആദിത്യഹൃദയം, സൂര്യ അഷ്ടോത്തരം എന്നിവ ജപിച്ച് സൂര്യനമസ്കാരം ചെയ്യുക. അന്നദാനം ചെയ്യുന്നത് ഗുണം ചെയ്യും. എന്നും ഓം നമോ നാരായണായ
108 ഉരു ജപിക്കണം.
ALSO READ
കന്നിക്കൂർ
(ഉത്രം 3/4, അത്തം, ചിത്തിര 1/2)
തൊഴിൽ രംഗത്ത് ഉയർച്ചയ്ക്ക് സാധ്യത. വിദേശ ബന്ധമുള്ള ജോലികളിൽ നേട്ടം. സാമ്പത്തിക സ്ഥിരത കൈവരും. കുടുംബത്തിൽ ബന്ധുക്കളുടെ സഹായം ലഭിക്കും. വിവാഹചർച്ചകൾ മുന്നോട്ട് പോകും. ആരോഗ്യം പൊതുവേ മെച്ചപ്പെടും. ബിസിനസ്സിൽ കൂടുതൽ പണം മുടക്കും. ജീവിത പങ്കാളിയുമായി തെറ്റിദ്ധാരണ മാറ്റി കൂടുതൽ അടുക്കും. എടുത്തു ചാട്ടം ഒഴിവാക്കുക. ഭൂമി ഇടപാടുകൾ നടത്താൻ സാധ്യതയുണ്ട്.
ദോഷപരിഹാരം: വെള്ളിയാഴ്ച ഗണപതിക്ക് മോദകം വഴിപാടായി സമർപ്പിക്കുക. നിത്യവും 108 തവണ ഓം ഗം ഗണപതയേ നമഃ ജപിക്കുക.
തുലാക്കൂറ്
(ചിത്തിര 1/2, ചോതി, വിശാഖം 3/4)
നീണ്ട നാളായി തടസ്സപ്പെട്ടിരുന്ന സാമ്പത്തിക കാര്യങ്ങൾ പരിഹരിക്കപ്പെടും. ജോലിയിൽ സ്ഥാനക്കയറ്റത്തിനോ അംഗീകാരത്തിനോ സാധ്യതയുണ്ട്. കലാ-സാഹിത്യ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് പ്രശസ്തി ലഭിക്കും. കുടുംബത്തിൽ സമാധാനാന്തരീക്ഷം ഉണ്ടാകും.
വെല്ലുവിളികൾ അനായാസം നേരിടാൻ കഴിയും. ആഗ്രഹിച്ച രീതിയിൽ ഉപരി പഠനം നടത്താൻ സാധിക്കും.
ദോഷപരിഹാരം: വെള്ളിയാഴ്ച ലളിതാ സഹസ്രനാമം ജപിക്കുക. ദുർഗാ ദേവിക്ക് കുങ്കുമാർച്ചന നടത്തുക. എന്നും 108 തവണ ഓം ദും ദുർഗ്ഗായൈ നമഃ ജപിക്കുക.
വൃശ്ചികക്കൂറ്
(വിശാഖം 1/4, അനിഴം, തൃക്കേട്ട)
സാമ്പത്തികമായി വളരെ സൂക്ഷ്മത അത്യാവശ്യമാണ്. പുതിയ വരുമാനമാർഗ്ഗങ്ങൾ തുറന്നു കിട്ടും. സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കും. ആഗ്രഹങ്ങൾ സാധിക്കും. അനാവശ്യ വാക്കുതർക്കങ്ങൾ പ്രശ്നങ്ങൾ സൃഷ്ടിക്കാം. ജോലിയിൽ ചില ബുദ്ധിമുട്ടുകൾ ഉണ്ടായാലും അവസാനം നേട്ടങ്ങൾ ഉണ്ടാകും. കുടുംബത്തിൽ പഴയ പിണക്കങ്ങൾ മാറും. മക്കൾ വഴി സന്തോഷം ലഭിക്കും. ദീർഘവീക്ഷണം പുലർത്തും. ജീവിതത്തിൽ ഉയർച്ച നേടും. ദോഷപരിഹാരം: ചൊവ്വാഴ്ച സുബ്രഹ്മണ്യ സഹസ്രനാമം ജപിക്കുക. ക്ഷേത്ര ദർശനം നടത്തുക. എന്നും ഓം ശരവണ ഭവഃ 108 തവണ ജപിക്കുക.
ധനുക്കൂറ്
(മൂലം, പൂരാടം, ഉത്രാടം 1/4)
സർക്കാർ ഉദ്യോഗസ്ഥർക്കും സ്ഥിരജോലിക്കാർക്കും അനുകൂല സമയം. സാമ്പത്തികമായി നല്ല മുന്നേറ്റം ലഭിക്കും. പുതിയ ബിസിനസ് തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് അനുകൂലമായ സാഹചര്യങ്ങൾ ഉണ്ടാകും. കുടുംബത്തിൽ മംഗളകാര്യങ്ങൾക്ക് സാധ്യതയുണ്ട്. യാത്രകൾ വഴി നേട്ടം. ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടും. സൗഹൃദങ്ങൾ ഗുണം ചെയ്യും. ബുദ്ധിമുട്ടുള്ള കാര്യങ്ങൾ സാധിക്കും. കളഞ്ഞു പോയ വസ്തു തിരിച്ചു കിട്ടും.
ദോഷപരിഹാരം: വ്യാഴാഴ്ച ശ്രീകൃഷ്ണ ക്ഷേത്ര ദർശനം നടത്തുക. ഓം നമോ
ഭഗവതേ വാസുദേവായ 108 തവണ എന്നും ജപിക്കുക. അന്ന രദാനം ചെയ്യുക.
മകരക്കൂറ്
(ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ജോലി സ്ഥലത്ത് അധിക ജാഗ്രത ആവശ്യമാണ്. ഇപ്പോൾ ആരംഭിക്കാനിരുന്ന പുതിയ സംരംഭങ്ങൾ, ജോലികൾ കുറച്ച് കൂടി വൈകിക്കാം. സാമ്പത്തികമായി കർശന നിയന്ത്രണം പാലിക്കണം. കുടുംബ കാര്യങ്ങളിൽ ബന്ധുക്കളുടെ സഹായം ലഭിക്കും. ദാമ്പത്യജീവിതം മെച്ചപ്പെടും. മക്കളുടെ കാര്യത്തിൽ സന്തോഷം തോന്നും. യാത്രകൾ മാറ്റിവയ്ക്കുക.
ദോഷപരിഹാരം: ശനിയാഴ്ച നീരാജനം തെളിയിക്കുക. ഓം ഹം ഹനുമതേ നമഃ എന്നും 108 തവണ വീതം ജപിക്കുക.
കുംഭക്കൂറ്
(അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)
പുതിയ ബന്ധങ്ങൾ ജീവിതത്തിൽ ഗുണകരമാകും. തൊഴിൽ രംഗത്ത് നല്ല പുരോഗതി കൈവരിക്കാൻ സാധിക്കും. വിദേശവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ നേട്ടം. സാമ്പത്തിക വിഷമതകൾ കുറയും. കുടുംബത്തിൽ ഐക്യം വർധിക്കും. ചെറിയ ക്ഷീണം അനുഭവപ്പെടാം. ദാമ്പത്യ ജീവിതത്തിൽ സഹനവും സാമ്പത്തിക കാര്യങ്ങളിൽ നിയന്ത്രണവും പാലിക്കുന്നവർക്ക് കൂടുതൽ നേട്ടങ്ങൾ ഉണ്ടാക്കാനാകും.
ദോഷപരിഹാരം: ശനിയാഴ്ച നീരാജനം സമർപ്പിച്ച് കാക്കകൾക്ക് ഭക്ഷണം നൽകുക. ഓം ശം ശനൈശ്ചരായ നമഃ ജപിക്കുക.
മീനക്കൂറ്
(പൂരുരുട്ടാതി 1/4, ഉത്തൃട്ടാതി, രേവതി)
പ്രതികൂല സാഹചര്യങ്ങൾ തരണം ചെയ്യാൻ കഴിയും. സാമ്പത്തികമായി മന്ദഗതിയിലായിരുന്ന കാര്യങ്ങൾ വീണ്ടും സജീവമാകും. തൊഴിൽ അന്വേഷിക്കുന്നവർക്ക് നല്ല അവസരം ലഭിക്കും. കുടുംബത്തിൽ സന്തോഷ വാർത്തകൾ ഉണ്ടാകും. വീടുവാങ്ങൽ, ഭൂമി സംബന്ധമായ കാര്യങ്ങൾ എന്നിവ വളരെയധികം അനുകൂലമാണ്.
ദോഷപരിഹാരം: വ്യാഴാഴ്ച വിഷ്ണു സഹസ്രനാമം ജപിക്കുക. അല്ലെങ്കിൽ
കേൾക്കുക. ക്ഷേത്രദർശനം നടത്തുക. നിത്യവും ഓം ഘ്രൂം നമഃ പരായ ഗോപ്ത്രേ ജപിക്കുക.
ജ്യോതിഷരത്നം വേണു മഹാദേവ്
മൊബൈൽ: + 91 9847575559
Summary: Weekly Star predictions based on moon sign by Venu Mahadev
Highlights
അപര ഏകാദശി നോറ്റാൽ ഐശ്വര്യം,
സമ്പൽസമൃദ്ധി, പാപമോചനം ഫലം
ഈ വ്യാഴാഴ്ച കറുത്തപക്ഷ പ്രദോഷമായതിനാൽ ശിവ പ്രീതിക്ക് കൂടുതൽ നല്ലതാണ്
ഇടവ മാസാരംഭമായ വെള്ളിയാഴ്ച
വിഷ്ണുപദി പുണ്യകാലമാണ്
(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . Visit our online store https://www.okalasha.com, for Devotional Decors, Photos, Jewels and Book’s etc)
Copyright @ 2026 NeramOnline.com . All rights reserved.