Sunday, May 17, 2026
Sunday, May 17, 2026
Home » വിഷ്ണു സഹസ്രനാമം എങ്ങനെ ജപിക്കണം, എപ്പോൾ ജപിക്കണം,എന്താണ് ഫലം ?

വിഷ്ണു സഹസ്രനാമം എങ്ങനെ ജപിക്കണം, എപ്പോൾ ജപിക്കണം,എന്താണ് ഫലം ?

by NeramAdmin
0 comments

ഒരു നീണ്ട വിവരണമാണ്. പറയുന്തോറും അറിവ് കൂടും എന്നാണല്ലോ.
ഞാൻ എന്റെ അറിവിനായി പറയുന്നു എന്ന് മാത്രം.

ആദ്യം തൊട്ടു തുടങ്ങാം:

വ്യാസഭഗവാന് വെളിപ്പെട്ട് കിട്ടിയ ആദി ജ്ഞാനത്തെ അഥവാ വേദത്തെ അദ്ദേഹം നാലായി പകുത്ത് തന്റെ നാല് ശിഷ്യന്‍മാര്‍ക്ക് ഉപദേശിച്ച് കൊടുത്തു. പൈലന് ഋഗ്വേദവും, വൈശമ്പായനന് യജുര്‍വേദവും, ജൈമിനിക്ക് സാമവേദവും, സുമന്തുവിന് അഥര്‍വവേദവുമാണ് നല്‍കിയത്. ഈ ആചാര്യന്മാരുടെ പരമ്പരയിലൂടെ ആ വേദശാഖകള്‍ പ്രചരിച്ചുകൊണ്ടിരുന്നു.
ഇവരിൽ വൈശമ്പായന മഹർഷി വ്യാസ ഭഗവാന്റെ പ്രധാനപ്പെട്ട ശിഷ്യന്മാരിൽ ഒരാളായിരുന്നു.

വ്യാസഭഗവാൻ അംശാവതാരം
വ്യാസ ഭഗവാൻ മഹാഭാരതം മുഴുവൻ വൈശമ്പായന മഹർഷിയെ പഠിപ്പിച്ചിരുന്നു.

അതിനിടയിൽ ഒരു കാര്യം പറയാം. വ്യാസൻ എന്ന പേര് ആരും പറയാറില്ല. വ്യാസ ഭഗവാൻ എന്നേ പറയാറുള്ളൂ. വിഷ്ണുവിന്റെ അവതാരങ്ങളിൽ 10 പൂർണ്ണ അവതാരങ്ങളും 14 അംശ അവതാരങ്ങളുമുണ്ട്. അതിൽ അംശാവതാരത്തിൽ പെട്ടതാണ് വ്യാസ ഭഗവാൻ.

ALSO READ

‘വ്യാസായ വിഷ്ണുരൂപായ വ്യാസ രൂപമായ വിഷ്ണവേ” എന്നാണ് മഹാഭാരതത്തിൽ വ്യാസഭഗവാനെ കുറിച്ച് പറയുന്നത്.

Shop Now for Vishnu Sahasranamam (Commentary) by Dr. B.C. Balakrishnan: https://www.okalasha.com/shop/vishnu-sahasranamam-malayalam-book-authentic-books-spiritual-hindu-prayer-book

ഇനി കഥയിലേക്ക് വരാം:

മഹാഭാരതയുദ്ധം കഴിഞ്ഞ് കാലങ്ങൾക്ക് ശേഷം, അർജുനന്റെ മകനായ അഭിമന്യുവിന്റെ മകനായ പരീക്ഷിത്തിന്റെ മകനായ ജനമേജയൻ ഒരു യാഗം(സർപ്പസത്രം) നടത്തി. ആ യാഗസ്ഥലത്ത് വെച്ച് വൈശമ്പായന മഹർഷി ജനമേജയനും, മകനായ സനകാദികൾക്കും വിവരിച്ചു കൊടുത്ത രീതിയിലാണ് ഇന്ന് നമ്മൾക്ക് ലഭ്യമായ മഹാഭാരത കഥ വിവരിക്കപ്പെട്ടിട്ടുള്ളത്.

മഹാഭാരതത്തിൻ്റെ ഭാഗം
ഈ മഹാഭാരതത്തിലാണ് വിഷ്ണുസഹസ്രനാമവും ഉള്ളത്.

കുരുക്ഷേത്ര യുദ്ധത്തിനുശേഷം ശരശയ്യയിൽ വീണ ഭീഷ്മ പിതാമഹനാണ് വിഷ്ണു സഹസ്രനാമം യുധിഷ്ഠിരന് ഉപദേശിച്ചത്.

18 ദിവസത്തെ മഹാഭാരതയുദ്ധത്തിൽ പത്താം ദിവസമാണ് ഭീഷ്മ പിതാമഹൻ ശരാശയ്യയിൽ വീഴുന്നത്. മഹാഭാരതത്തിലെ 18 പർവങ്ങളിൽ പന്ത്രണ്ടാമത്തെ പർവമാണ്
ശാന്തിപർവ്വം. വളരെ ബൃഹത്തായ പർവമാണിത് പതിമൂന്നാമത്തെ പർവമാണ് അനുശാസന പർവ്വം. ഈ രണ്ടു പർവങ്ങളിലുമായിട്ടാണ് ഭീഷ്മ പിതാമഹന്റെ ഉപദേശങ്ങൾ ഉള്ളത്. 500 അധ്യായങ്ങളിൽ ആയിട്ടാണ് ഇത് ഉള്ളത്. അനുശാസനം എന്ന് പറഞ്ഞാൽ ഉപദേശം എന്നാണർത്ഥം.
ഒരു രാജാവിന് ഉപദേശം കൊടുക്കുകയായിരുന്നു ഭീഷ്മർ. അനുശാസന പർവ്വത്തിനും ദാനധർമ്മ പർവ്വത്തിനും ഇടയിൽ 149 ആം അധ്യായത്തിൽ 142 ശ്ലോകങ്ങളിലാണ് വിഷ്ണു സഹസ്രനാമം വരുന്നത്. 500 അധ്യായങ്ങളിലായി ധർമ്മത്തിന്റെ വിവിധ തലങ്ങൾ, അതായത് രാജധർമ്മം മോക്ഷധർമ്മം, ആപത് ധർമ്മം, ദാനധർമ്മം ഇങ്ങനെയുള്ള ധാരാളം കാര്യങ്ങൾ ഭീഷ്മ പിതാമഹൻ യുധിഷ്ഠിരന് ഉപദേശിക്കുന്നുണ്ട് വർണാശ്രമധർമ്മങ്ങളെപ്പറ്റിയും യോഗത്തിനെപ്പറ്റിയും പറയുന്നുണ്ട്.

വിഷമത്തിന് പരിഹാരം
ഇനി ഭീഷ്മ പിതാമഹൻ വിഷ്ണു സഹസ്രനാമം ഉപദേശിക്കാനുണ്ടായ സാഹചര്യം നോക്കാം.

മഹാഭാരതയുദ്ധമെല്ലാം കഴിഞ്ഞു. പഞ്ചപാണ്ഡവന്മാർ ഉൾപ്പെടെ ഏതാനും പേർ മാത്രം അവശേഷിച്ചു. ഒപ്പം കൃഷ്ണനും. യുധിഷ്ഠിരന്റെ രാജാഭിഷേകം നടത്താനുള്ള സമയമായി. പക്ഷേ അദ്ദേഹത്തിന് യാതൊരു മനസ്സമാധാനവും ഇല്ല. എല്ലാവരും മരിച്ചിട്ട് താൻ രാജാവ് ആകുന്നതിൽ യുധിഷ്ഠിരൻ ഖിന്നനാണ്. 39 ലക്ഷം പുരുഷന്മാരാണ് യുദ്ധത്തിൽ മരിച്ചത്. എത്രയോ സ്ത്രീകൾ വിധവകളായി. എത്രയോ അച്ഛനമ്മമാർക്ക് മക്കളെ നഷ്ടപ്പെട്ടു. എത്രയോ കുട്ടികൾക്ക് അച്ഛനില്ലാതെയായി. കൗരവരുടെ 100 വിധവകൾ അപ്പുറത്ത് നിൽക്കുന്നു. ഇവരെയെല്ലാം കാണുമ്പോൾ ഇതൊന്നും വേണ്ടിയിരുന്നില്ല എന്ന തോന്നലാണ് യുധിഷ്ഠിരന്. ശ്രീകൃഷ്ണൻ സ്വാന്തനിപ്പിക്കാൻ ഏറെ ശ്രമിച്ചെങ്കിലും യുധിഷ്ഠിരന് സങ്കടം അടങ്ങുന്നേയില്ല. പക്ഷേ എങ്കിലും യുധിഷ്ഠിരന് ആശ്രയം കൃഷ്ണൻ തന്നെ. യുധിഷ്ഠിരൻ കൃഷ്ണന്റെ അടുത്തേക്ക് നടന്നു. കൂടാരത്തിൽ എത്തിയപ്പോൾ കൃഷ്ണൻ ധ്യാനത്തിൽ ആയിരുന്നു.അപ്പോൾ യുധിഷ്ഠിരന് സംശയം. തങ്ങൾ ധ്യാനിക്കുന്നത് കൃഷ്ണനെയാണ്. കൃഷ്ണാ അങ്ങ് ആരെയാണ് ധ്യാനിക്കുന്നത്..? കൃഷ്ണൻ പറഞ്ഞു ഞാൻ ഭീഷ്മരെ ഓർക്കുകയായിരുന്നു. ഭീഷ്മർ എന്നെ ധ്യാനിച്ചു കൊണ്ടാണ് ആ ശരശയിൽ കിടക്കുന്നത്. അതാണ് ഞാൻ ശ്രദ്ധിച്ചത്. എന്നിട്ട് ഭഗവാൻ പറഞ്ഞു. യുധിഷ്ഠിരാ നീ ഏറെ വിഷമം അനുഭവിക്കുന്നു എന്ന് എനിക്കറിയാം അതിനൊരു പരിഹാരം ഉണ്ട് നീ ഭീഷ്മ പിതാമഹന്റെ അടുക്കൽ പോകണം. നിന്റെ സങ്കടം മാറാൻ അവിടുത്തെ ഉപദേശം തേടണം. ഉത്തരായനം കാത്ത് കിടക്കുന്ന അദ്ദേഹം ദേഹം വിടുന്നതിനു മുമ്പായി ആ അറിവുകൾ നീ സ്വീകരിക്കണം. പിന്നീട് ഒരിക്കലും ആർക്കും അങ്ങനെയൊരു അറിവ് പകർന്നു നൽകാൻ ആവില്ല.

അങ്ങനെ കൃഷ്ണന്റെ ഉപദേശപ്രകാരം പഞ്ചപാണ്ഡരും കൃപരും യുയുത്സുവും എല്ലാവരും ചേർന്ന് കൃഷ്ണനോടൊപ്പം ഭീഷ്മരുടെ അരികിലെത്തി. തന്റെ രക്തമെല്ലാം വാർന്ന് ഭീഷ്മർ അങ്ങനെ തളർന്നു കിടക്കുകയാണ്.
ഗംഗാ പുത്രനാണ് സ്വച്ഛന്ദമൃത്യുവാണ്. അദ്ദേഹം ആഗ്രഹിക്കാതെ മരണമില്ല. ഉത്തരായണമാണ് ലക്ഷ്യം. മിഴികൾ കൂമ്പി കിടക്കുകയാണ്. അടുത്തുചെന്നെങ്കിലും ആർക്കും സംസാരിക്കാൻ വയ്യ. ഭഗവാൻ തന്നെ തുടക്കമിട്ടു. ശ്രീകൃഷ്ണൻ ആദ്യം ഭീഷ്മരുടെ ഗുണഗണങ്ങൾ പറഞ്ഞ് അദ്ദേഹത്തെ വന്ദിച്ചു.ആയിരം സ്ത്രീകൾ വന്നു നിന്നാൽ പോലും മറിച്ചൊരു ചിന്ത കൊണ്ടുപോലും ബ്രഹ്മചര്യം നഷ്ടപ്പെടാത്ത യോഗവര്യൻ. ത്രികാലജ്ഞാനി.
ആ യോഗിയുടെ എല്ലാ ഗുണങ്ങളും പറഞ്ഞ് ഭഗവാൻ ഭീഷ്മരെ പ്രകീർത്തിച്ചു. എന്നിട്ട് ഭീഷ്മരോട് യുധിഷ്ഠിരന്റെ സംശയങ്ങളും മാനസിക വ്യഥയ്ക്ക് പരിഹാരവും ഉപദേശിച്ചു കൊടുക്കാൻ ആവശ്യപ്പെട്ടു. അതിനുശേഷം ഭീഷ്മ പിതാമഹന്റെ മുന്നിൽ ഭഗവാൻ വിശ്വരൂപത്തെ കാണിച്ചു. അതോടെ അങ്ങേയറ്റം ആനന്ദത്തിൽ ആയ ഭീഷ്മർ ഭഗവാനെ വന്ദിച്ചു. എന്നിട്ട് പറഞ്ഞു ഭഗവാനേ… എന്റെ ശരീരം മുഴുവൻ ശരങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ്ബുദ്ധി പ്രവർത്തിക്കുന്നില്ല ഒരു ഉപദേശം കൊടുക്കാൻ പറ്റുന്ന സാഹചര്യത്തിലല്ല അതുകൊണ്ട് എങ്ങനെയാണ് ഞാൻ ഉപദേശം കൊടുക്കുന്നത്..?

വിശ്വരൂപദർശനത്തിന് മുൻപ്

എന്തുകൊണ്ട് ഭീഷ്മ പിതാമഹൻ
അവിടെയും കൃഷ്ണന് പരിഹാരം ഉണ്ടായിരുന്നു. അദ്ദേഹം ഭീഷ്മ പിതാമഹന് ത്രികാലജ്ഞാനത്തിനും ഓർമ്മശക്തിക്കും ഉള്ള വരം കൊടുത്തു.
പക്ഷേ അപ്പോഴേക്കും നേരം സന്ധ്യയായിരുന്നു. എല്ലാവരും അന്ന് കൂടാരത്തിലേക്ക് മടങ്ങി. പിറ്റേദിവസം എല്ലാവരും വന്നില്ല. ഭീഷ്മരുടെ ഉപദേശം ഉൾക്കൊള്ളാൻ സാധിക്കുന്നവർ മാത്രമാണ് എത്തിയത്.
ഭീഷ്മർ കൃഷ്ണനോട് ചോദിച്ചു ഭഗവാനേ ഈ ഉപദേശം എന്നെക്കൊണ്ട് എന്തിനാണ് കൊടുപ്പിക്കുന്നത് അവിടുത്തേക്കു തന്നെ ഈ ഉപദേശം കൊടുക്കാമായിരുന്നില്ലേ.? അതിനും കൃഷ്ണൻ മറുപടി പറഞ്ഞു. ആകാം. പക്ഷേ ഭീഷ്മ പിതാമഹന്റെ യശസ്സും കീർത്തിയും ലോകമുള്ള കാലത്തോളം നിൽക്കണം. അതിനുവേണ്ടിയാണ് അങ്ങു തന്നെ ഉപദേശിക്കണം എന്ന് ഞാൻ നിർബന്ധിക്കുന്നത്.
ഭീഷ്മർ പറഞ്ഞു അങ്ങയുടെ അനുഗ്രഹം കൊണ്ട് എന്റെ ബുദ്ധിയും പ്രജ്ഞയും ജ്ഞാനത്താൽ നിറഞ്ഞിരിക്കുന്നു. എന്റെ ക്ഷീണം മാറിയിരിക്കുന്നു. എന്താണ് അറിയേണ്ടത്.?
ഭഗവാൻ പറഞ്ഞു: യുധിഷ്ഠിരനാണ് അറിയേണ്ടത്. അയാൾ വളരെ സംശയത്തിലാണ്. ഭീഷ്മ പിതാമഹന്റെ ഈ അവസ്ഥയ്ക്കും ഈ ഭീകരമായ യുദ്ധത്തിനും കാരണം താനാണെന്ന് കരുതുന്നു . അങ്ങ് യുധിഷ്ഠിതനെ കാര്യങ്ങൾ പറഞ്ഞു ബോധ്യമാക്കണം. ധർമ്മാധർമ്മങ്ങളെ കുറിച്ച് യുധിഷ്ഠിരനെ ഉപദേശിക്കണം.
അപ്പോൾ ദ്രൗപതി ചാടി കയറി ചോദിച്ചു.
പിതാമഹ. ധർമ്മാധർമ്മങ്ങളെ കുറിച്ച് ഉപദേശിക്കാൻ പോകുന്ന അങ്ങ് അന്ന് കൗരവ സഭയിൽ വെച്ച് എന്റെ വസ്ത്രം ദുശാസനൻ പിടിച്ച് ഉരിഞ്ഞപ്പോൾ എന്തുകൊണ്ടാണ് മിണ്ടാഞ്ഞത്..?
ഭീഷ്മർ പറഞ്ഞു. മകളെ…. അന്ന് ഞാൻ കഴിച്ചിരുന്നത് ദുര്യോധനന്റെ ചോറാണ്. എന്റെ രക്തം മലീമസമായിരുന്നു. ഇന്ന് ശരശയ്യയിൽ കിടന്ന് ആ രക്തമെല്ലാം വാർന്നു പോയി. എന്റെ ചിന്തയും മനസ്സും എല്ലാം പരിശുദ്ധമായി.

തുടർന്ന് അന്തരീക്ഷം ശാന്തമായി.

അതിനുശേഷം ധാരാളം ഉപദേശങ്ങൾ..

എല്ലാം കഴിഞ്ഞ ശേഷം യുധിഷ്ഠിരന് കുറെ സംശയങ്ങൾ പിന്നെയും ബാക്കിയായി. പിന്നെയും വന്നു
ആറു ചോദ്യങ്ങൾ.
ആരെ പൂജിക്കണം, ഏതു നാമം ജപിക്കണം, രാജധർമ്മം എങ്ങനെ പാലിക്കണം തുടങ്ങിയ ചോദ്യങ്ങൾ.

ആ ചോദ്യങ്ങളുടെ ഉത്തരത്തിലാണ് വിഷ്ണു സഹസ്രനാമം ലോകത്തിന് കിട്ടുന്നത്.

ഭീഷ്മരുടെ കൃഷ്ണ വന്ദനം

മൂന്നു ഭാഗം 142 ശ്ലോകം
ഇനി നമുക്ക് നേരിട്ട് വിഷ്ണു സഹസ്രനാമത്തിലേക്ക്കടക്കാം.

മൂന്നു ഭാഗങ്ങളിലായി 142 ശ്ലോകങ്ങളാണ് വിഷ്ണു സഹസ്രനാമത്തിൽ ഉള്ളത്.

ഗണപതി സ്തുതിയും ആചാര്യ സ്തുതിയും, ഗുരുവന്ദനവും മറ്റു ദേവതാ വന്ദനവും ഉൾപ്പെടുന്ന 13 ശ്ലോകങ്ങൾ അടങ്ങിയ പൂർവ്വ പീഠികയും
അവസാനം 22 ശ്ലോകങ്ങൾ അടങ്ങിയ ഉത്തരപീഠികയും അതിനിടയിൽ ശേഷിക്കുന്ന 107 ശ്ലോകങ്ങളിൽ വിഷ്ണു സഹസ്രനാമവും. അങ്ങനെ ആകെ 142 ശ്ലോകങ്ങൾ.

ഇതിൽ ഫലശ്രുതി നമുക്ക് ഒഴിവാക്കാം.
ബാക്കി രണ്ടും ജപത്തിന് അത്യാവശ്യമാണ്.

എങ്ങനെ ജപിക്കണം..?

വിഷ്ണു സഹസ്രനാമം മൂന്നുതരത്തിൽ ജപിക്കാം

മാനസികം, ഉപാംശു വൈഖരി.

ശബ്ദം പുറത്തു വരത്തക്കവണ്ണം ഉച്ചത്തിൽ അക്ഷരസ്ഫുടതയോടെ ജപിക്കുന്ന രീതിയാണ് വൈഖരി.
ആദ്യം ജപിച്ചു തുടങ്ങുന്നവർ ഈ രീതി അവലംബിക്കണം. ആദ്യമെല്ലാം അക്ഷരത്തെറ്റ് ഉണ്ടാകും. ക്രമേണ ശ്രദ്ധിച്ച് തിരുത്തണം.

പിന്നെ ഉപാംശു മാർഗ്ഗത്തിലേക്ക് കടക്കാം.ചുണ്ടുകൾ ചലിക്കും.നേരിയ ശബ്ദം മാത്രം. അങ്ങനെയുള്ള ജപമാണ് ഉപാംശു.

സഹസ്രനാമം മനപ്പാഠമായി എന്ന് ബോധ്യമായാൽ മാനസിക ജപത്തിലേക്ക് കടക്കാം.
ശബ്ദം ആന്തരികമാണ്. ചുണ്ടുകളുടെ ചലനമോ ശബ്ദമോ ഇല്ല.
ഈ മൂന്ന് ക്രമത്തിലും ഗ്രന്ഥം മുന്നിൽ ഉണ്ടാകണം. ഓരോ വാക്കും നോക്കി വേണം എപ്പോഴും ജീവിക്കേണ്ടത്. എത്ര കാണാതെ അറിയാമെങ്കിലും അക്ഷരം കണ്ണിൽ നിന്നും എടുക്കരുത് എന്നാണ് വിധി. ഓരോ അക്ഷരങ്ങളിലും വിഷ്ണുവിന്റെ അംശം കുടികൊള്ളുന്നു എന്നാണ് ആചാര്യന്മാർ പറയുന്നത്.

വിശ്വരൂപ ദർശനം

എപ്പോൾ ജപിക്കണം.?
കഴിയുമെങ്കിൽ ബ്രഹ്മ മുഹൂർത്തത്തിൽ.
അതിനു പറ്റുന്നില്ലെങ്കിൽ ഇഷ്ടമുള്ള സമയത്ത്.
കാലവും ദേശവും പ്രസക്തമേ അല്ല. കഴിവുണ്ടെങ്കിൽ സന്ധ്യകളിൽ ജപിക്കുക.

എപ്പോഴാണ് ബ്രാഹ്മ മുഹൂർത്തം..?

അതാത് ദിവസത്തെ ഉദയത്തിന് 96 മിനിറ്റ് മുൻപ് മുതൽ 48 മിനിറ്റ് മുമ്പ് വരെയുള്ള സമയം.
അതായത് ഇന്ന്
6: 36-നാണ് ഉദയം എങ്കിൽ വെളുപ്പിന് അഞ്ചുമണി മുതൽ
5 48 വരെയുള്ള സമയം ബ്രാഹ്മ മുഹൂർത്തമാണ്.

പാരായണത്തിന്റെ ക്രമം ?

മൂന്ന് തരം പാരായണങ്ങൾ പ്രായോഗികമായി നിലവിലുണ്ട്
നിത്യപാരായണം
കാമ്യ പാരായണം
സമൂഹ പാരായണം

നിത്യപാരായണം
വിഷ്ണു സഹസ്രനാമം ഒരു ദിനചര്യയായിട്ടാണ് പാരായണം ചെയ്യുന്നതാണ് നിത്യപരായണം. കുളിക്കുക,ഭക്ഷണം കഴിക്കുക തുടങ്ങി ദൈനംദിനം ചെയ്യുന്ന പ്രവർത്തിയിൽ ഒന്നായി ഇതിനെയും കണക്കാക്കാം.
ഈ ദൈനംദിന പാരായണത്തിൽ നിന്ന് ഒരു പ്രതിഫലവും പ്രതീക്ഷിക്കുന്നില്ല. പാരായണത്തിന്റെ ലക്ഷ്യം പ്രധാനമായും ചിത്തശുദ്ധി അല്ലെങ്കിൽ മനസ്സിന്റെ ശുദ്ധീകരണമാണ്.
ഈ പ്രക്രിയയിൽ, എപ്പോഴും അസ്വസ്ഥമായ മനസ്സ് ശാന്തമാകുന്നു. മനസ്സിനെ ശാന്തമാക്കി, അസ്വസ്ഥതകളില്ലാതെ നിലനിർത്തുന്നതിലൂടെ,ആത്മീയ പ്രബുദ്ധതയുടെ പാത പിന്തുടരുന്നത് എളുപ്പമാണ്.

കുരുക്ഷേത്ര യുദ്ധത്തിനുശേഷം ശരശയ്യയിൽ വീണ ഭീഷ്മ പിതാമഹനാണ് വിഷ്ണു സഹസ്രനാമം യുധിഷ്ഠിരന് ഉപദേശിച്ചത്.

നിത്യപാരായണത്തിന് സമയം, വസ്ത്രധാരണം, സ്ഥലം മുതലായവയുടെ പരിമിതികളൊന്നുമില്ല. ദിവസത്തിലെ ഏത് സമയത്തും ഏത് വസ്ത്രത്തിലും അതു ചെയ്യാം. റോഡിലൂടെ നടക്കുമ്പോഴോ ഷോപ്പിംഗിന് പോകുമ്പോഴോ പൊതുഗതാഗതം ഉപയോഗിക്കുമ്പോഴോ ഇത് ചൊല്ലാം. ഈ ആധുനിക ലോകത്ത്, ജോലിസ്ഥലത്ത് ഇരിക്കുമ്പോൾ പോലും ഇത് പരിശീലിക്കുന്നത് കൂടുതൽ എളുപ്പമായിരിക്കുന്നു. നിനക്ക് സമയമില്ലെങ്കിൽ കക്കൂസിൽ പോകുമ്പോൾ ആയാൽ പോലും ചൊല്ലാം എന്ന് അമ്മ മാതാ അമൃതാനന്ദമയിദേവി പറഞ്ഞത് ഇവിടെ സ്മരണീയമാണ്.
ചുരുക്കത്തിൽ, ‘യഥാ സൗകാര്യം’ അല്ലെങ്കിൽ ‘നിങ്ങളുടെ സൗകര്യത്തിനനുസരിച്ച് ചെയ്യുക. കഴിവതും കുളി കഴിഞ്ഞ് അതിരാവിലെ ജപിക്കുന്നത് കൂടുതൽ സൗകര്യപ്രദമായി എല്ലാവരും കരുതുന്നു.

ഇങ്ങനെ ഒരു കടമയായി പതിവായി ചെയ്യുന്നത് ഇച്ഛാശക്തിയും ആത്മാഭിമാനവും വർദ്ധിപ്പിക്കുന്നു.
ഇത് ഒരാളുടെ ദൈനംദിന ജീവിതത്തിൽ ലക്ഷ്യബോധവും അച്ചടക്കവും വളർത്തുന്നു.

കാമ്യ പാരായണം
‘ഒരു പ്രത്യേക ആഗ്രഹത്തോടെ ചെയ്യുക എന്നാണ് കാമ്യം എന്നതിന്റെ അർത്ഥം. ഒരു പ്രത്യേക ലക്ഷ്യം അല്ലെങ്കിൽ ആഗ്രഹം നേടിയെടുക്കുന്നതിനായി നടത്തുന്ന പ്രത്യേക രീതിയിലുള്ള പാരായണത്തെയാണ് ഇവിടെ സൂചിപ്പിക്കുന്നത്. കൂടുതൽ പണം, സന്തതി, ജോലി, സ്ഥാനക്കയറ്റം, രോഗശമനം, സമൃദ്ധി തുടങ്ങിയവയ്ക്കായാണ് ഇങ്ങനെ ചെയ്യുന്നത്. നിത്യപാരായണത്തിൽ നിന്ന് വ്യത്യസ്തമായി, കാമ്യപാരായണത്തിന് നിരവധി നടപടിക്രമങ്ങളുണ്ട്. ഒപ്പം നിയന്ത്രണങ്ങളും.

മദ്ധ്യ വടക്കേ ഇന്ത്യയിലാണ് കൂടുതലും കാമ്യപാരായണങ്ങൾ നടത്തുന്നത്.

ഇത് രാവിലെയോ വൈകുന്നേരമോ ഒരു പ്രത്യേക സമയത്ത്, അതായത് ഒരു കൃത്യമായ സമയത്ത് നടത്തണം.
48, 24 അല്ലെങ്കിൽ 12 തുടങ്ങി സൗകര്യപ്രദമായ ദിവസങ്ങളിൽ ഇത് നടത്താം .ഓരോ ദിവസത്തെയും പാരായണം ഒരു പൂജ പോലെ ചെയ്യണം. വിഷ്ണുവിന്റെ ചിത്രം വൃത്തിയാക്കി ചന്ദനം തൊടുവിച്ച്, പൂക്കളാൽ അലങ്കരിച്ച്, കിണ്ടിയിൽ ജലം വെച്ച്, സുഗന്ധങ്ങൾ പുകച്ച്, ദീപം തെളിയിച്ച് , സഹസ്രനാമം ജപിച്ച ശേഷം ലഡു തുടങ്ങിയ നൈവേദ്യം മുന്നിൽ വച്ച് കർപ്പൂരം കൊണ്ട് ആരതി ഉഴിഞ്ഞ് ജപം പൂർത്തിയാക്കണം.
ആഗ്രഹം സാധിക്കേണ്ട വ്യക്തിയാണ് ഇത് ചെയ്യേണ്ടത്. പൂർണ്ണ സസ്യാഹാരത്തോടെ വ്രതം പാലിച്ച് മേൽപ്പറഞ്ഞ ദിവസങ്ങളിൽ ജപിക്കുന്നത് ഫലപ്രദമായി കരുതുന്ന ധാരാളം ജനസമൂഹങ്ങൾ ഇന്ത്യയുടെ പല ഭാഗങ്ങളിലുമുണ്ട്. അനാരോഗ്യം മൂലമോ മറ്റേതെങ്കിലും കാരണത്താലോ ഒരാൾക്ക് ഇത് ചെയ്യാൻ സാധ്യമല്ലെങ്കിൽ, അയാൾക്കുവേണ്ടി മറ്റൊരാൾക്ക് ഇത് ചെയ്യാവുന്നതാണ്. വ്രതശുദ്ധി രണ്ടുപേരും പാലിക്കണം.

സമൂഹ പാരായണം
ഒരു കൂട്ടം ആളുകൾ ഒന്നിച്ചിരുന്ന് ജപിക്കുന്നതാണ്
സമൂഹപാരായണം.
പക്ഷേ കൂട്ടം ഒരു കുടുംബമായാൽ അതാണ് ജപങ്ങളിൽ ഏറ്റവും ശ്രേഷ്ഠമാകുന്നത്.
കുടുംബാംഗങ്ങൾ ഒന്നിച്ചിരുന്ന് ഒരേ ഈണത്തിൽ വിഷ്ണു സഹസ്രനാമം ആഴ്ചയിൽ ഒരിക്കൽ ജപിക്കുന്നതിന്റെ ഗുണം പറഞ്ഞു കേൾക്കുന്നതിനേക്കാൾ അനുഭവിച്ചറിയുന്നതാണ് ഏറെ നല്ലത്.
ബുധൻ വ്യാഴം ദിവസങ്ങളിൽ എല്ലാവരും ഒന്നിച്ചിരിക്കാം. രണ്ടുപേർ അതായത് ഭാര്യാ ഭർത്താക്കന്മാർ മുതൽ മക്കളും കൊച്ചുമക്കളും ഉൾപ്പെടെ എല്ലാവരും ചേർന്ന് ഇരിക്കുന്നത് ഏറെ ശ്രേഷ്ഠമാണ്.
മക്കളുടെ വിവാഹം പഠനം ജോലി മുതലായ കാര്യങ്ങൾക്ക് ഭാര്യയും ഭർത്താവും ഒന്നിച്ചിരുന്ന് സഹസ്രനാമം ജപിക്കുന്നത് ഏറെ ശ്രേഷ്ഠമാണ്, ആഴ്ചയിൽ ഒരു ദിവസം എന്ന കണക്കിൽ മൂന്നോ നാലോ ആഴ്ചയ്ക്കുള്ളിൽ ഗുണഫലം ലഭിക്കുന്നതുമാണ്.

ജപിക്കുന്നതിൻ്റെ ഗുണങ്ങൾ
വിഷ്ണുസഹസ്രനാമം ജപിക്കുന്നതിൻ്റെ ഗുണങ്ങൾ എത്ര പറഞ്ഞാലും തീരില്ല

മനസ്സിന് ലാഘവത്വം വരാനും, ജീവിതത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും, ദിവ്യമായ എന്തോ ഒന്ന് നമുക്കുവേണ്ടി നമ്മുടെ ഉള്ളിൽ പ്രവർത്തിക്കുന്നുണ്ട് എന്ന തോന്നൽ ഉണ്ടാകാനും,നമ്മുടെ ശരീരത്തിലെ ഊർജ്ജ സ്പന്ദനങ്ങളെ പ്രപഞ്ചത്തിന്റെ സ്പന്ദനങ്ങളുമായി യോജിപ്പിക്കാനും വിഷ്ണു സഹസ്രനാമം നമ്മളെ സഹായിക്കുന്നു.

ഓരോ വാക്കും ശരിയായി ഉച്ചരിക്കുമ്പോൾ ഉള്ളിൽ ഒരു പ്രത്യേക ഊർജ്ജം ഉത്പാദിപ്പിക്കപ്പെടുന്നു. ഈ ഊർജ്ജം ശരീരത്തിലെ ഏറ്റവും ചെറിയ കോശങ്ങളെയും നാഡീ കേന്ദ്രങ്ങളെയും ഉത്തേജിപ്പിക്കുന്നു. വിഷ്ണു സഹസ്രനാമം പതിവായി ലഭിക്കുന്നവർക്ക് ജപത്തിനിടയിൽ വല്ലാത്തൊരു പിരിമുറുക്കവും, അതേത്തുടർന്ന് ഒരു അനുഭൂതിയും അനുഭവപ്പെടും.
അത് മേൽപ്പറഞ്ഞ കാരണം കൊണ്ടാണ്. ഭക്തിയോടെ കാലങ്ങൾ ജപിക്കുന്നവർക്കാണ് ഈ അനുഭവം ഉണ്ടാവുക. അങ്ങനെയുള്ളവർ കൃത്യമായും തുടരെയും ജപിക്കാൻ ശ്രമിക്കുന്നത് നമുക്ക് കാണാൻ സാധിക്കും.

മഹാഭാരതത്തിൻ്റെ കാതൽ

ഓർക്കുക…

മഹാഭാരതത്തിന്റെ കാതലായ ഭാഗവും സത്തയുമാണ് ശ്രീ വിഷ്ണു സഹസ്രനാമം. മഹാഭാരതം തന്നെ സഹസ്രനാമത്തിന്റെ വ്യാഖ്യാനമായി കണക്കാക്കപ്പെടുന്നു. യുധിഷ്ഠിരനുവേണ്ടി ശാസ്ത്രങ്ങളുടെ സാരാംശം വിശദീകരിക്കുന്നതിനായി ഭീഷ്മർ ധർമ്മം വിശദീകരിക്കുന്ന സന്ദർഭത്തിലാണ് സഹസ്രനാമ അദ്ധ്യായം വരുന്നത്. ഭഗവാൻ വിഷ്ണുവിന്റെ അവതാരമായി കണക്കാക്കപ്പെടുന്ന വ്യാസ ഭഗവാൻ, വണ്ട് വിവിധ പുഷ്പങ്ങളിൽ നിന്ന് തേൻ ശേഖരിക്കുന്നതുപോലെ,പ്രമുഖ ഋഷിമാരുടെ ഉപദേശങ്ങളിൽ നിന്ന് ഭഗവാന്റെ ഓരോ പേരും ശേഖരിച്ച് അവ ഓർമ്മിച്ച് നമുക്ക് പകർന്നു നൽകുകയായിരുന്നു. ഒരു നാമത്തിനും മറ്റൊരു നാമത്തിനും ഇടയിൽ അപാരവും യുക്തിഭദ്രവുമായ ബന്ധം വിഷ്ണു സഹസ്രനാമത്തിൽ വളരെ വ്യക്തമാണ്.

വിഷ്ണുവിന്റെ ഓരോ നാമത്തിനും ആഴത്തിലുള്ള അർത്ഥമുണ്ട്. വേദങ്ങളുടെ സത്തയാണ് സഹസ്രനാമം, ജീവിതത്തിന്റെ പരമോന്നത ലക്ഷ്യത്തിന്റെ സാക്ഷാത്കാരത്തോടൊപ്പം പരമമായ യാഥാർത്ഥ്യത്തേയും അതിന്റെ മഹത്വത്തെയും വിവിധ വശങ്ങളിൽ പ്രതിപാദിക്കുന്നു എന്നത് വിശ്വാസത്തിനപ്പുറം വിഷ്ണു സഹസ്രനാമത്തെ വേദ സാരമായി കരുതാൻ ഗുരുക്കന്മാരെ പ്രേരിപ്പിക്കുന്നു.

( തയ്യാറാക്കിയത്: അശോകൻ ഇറവങ്കര )

Story Summary: Divinity of Vishnu Sahasranamam

Highlights

ആരെ പൂജിക്കണം, ഏതു നാമം ജപിക്കണം, രാജധർമ്മം എങ്ങനെ പാലിക്കണം എന്നിവയ്ക്കുള്ള ഉത്തരമാണ് വിഷ്ണു സഹസ്രനാമം

പണം, സന്തതി, ജോലി, സ്ഥാനക്കയറ്റം, രോഗശമനം, സമൃദ്ധി ഇവയ്ക്കാണ്
കാമ്യ പാരായണം

വിശ്വാസത്തിനപ്പുറം വിഷ്ണു സഹസ്രനാമത്തെ വേദ സാരമായി കരുതണം

(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . Visit our online store https://www.okalasha.com, for Devotional Decors, Photos, Jewels and Book’s etc)

Copyright @ 2026 NeramOnline.com . All rights reserved.

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?