ധ്യാന ശ്ലോകം
സിംഹാസനഗതാ നിത്യം
പത്മാശ്രിതകര ദ്വയാ
ശുഭദാസ്തു സദാ ദേവീ
സ്കന്ദമാതാ യശസ്വിനീ
സ്കന്ദമാതാ: സ്കന്ദന്റെ അമ്മ.
സ്കന്ദ എന്നാല് കുതിപ്പ്, തുളുമ്പുക, ഒഴുക്ക്, നശിക്കാത്ത, കൂടിച്ചേരുക എന്നെല്ലാം അർത്ഥം.
സുബ്രഹ്മണ്യന്റെ മറ്റൊരു നാമമാണ് സ്കന്ദ. പുല്ലിംഗ പ്രത്യേകമായി ‘ൻ’ ചേർത്ത് സ്കന്ദൻ എന്ന് വിളിക്കുന്നു. ആറു താമരപ്പൂക്കളിലെ ശക്തികള് ഒരേക്ഷണത്തില് ഒന്നായതു കൊണ്ട് അല്ലെങ്കിൽ കൂടിച്ചേർന്നതു കൊണ്ട് സ്കന്ദൻ എന്ന നാമം ലഭിച്ചു എന്നാണ് ഈ നാമത്തെക്കുറിച്ച് ഒരു അഭിപ്രായം. ഒഴുകുന്നത് എന്ന് അർത്ഥത്തിൽ, ശിവന്റെ രേതസ്സ് ഗംഗയിലൂടെ ശരവണപൊയ്കയിലേക്ക് ഒഴുകിയ ശേഷം അവതരിച്ചതിനാൽ ഈ പേര് ലഭിച്ചു എന്നും അഭിപ്രായമുണ്ട്.

എന്തായാലും ശിവശക്തിക്ക് യോഗശക്തിയാല് ഉണ്ടായ പുത്രനാണ് സുബ്രഹ്മണ്യൻ.
സ്കന്ദൻ ഊർജ്ജരൂപത്തിൽ അവതരിച്ച സമയം ശിവശക്തീ പ്രഭാവമറിയാതെ താരകാസുരനില് നിന്നു ലോകത്തെ രക്ഷിക്കുക എന്ന ഒറ്റ ഉദ്ദേശത്തിൽ അഗ്നി ആ ഊർജ്ജത്തെ ആവാഹിച്ചു; പക്ഷേ താപത്തെ അഗ്നിക്ക് താങ്ങാനായില്ല. ആ ഊർജ്ജത്തെ അഗ്നി ഗംഗയില് നിക്ഷേപിച്ചു. ഗംഗയ്ക്കും ആ താപം ഉള്ക്കൊള്ളാൻ സാധിച്ചില്ല. ഗംഗ അതു ശരവണപ്പൊയ്കയിലൊഴുക്കി. അവിടെനിന്നാണ് ആറു താമരപ്പൂക്കളില് ആറു കുമാരന്മാരായി ആ ശക്തി രൂപപ്പെടുന്നത്. സംരക്ഷിച്ചത് കാർത്തിക നക്ഷത്രത്തിന്റെ ദേവതമാരും.
ഈ സമയം ധ്യാനത്തിലായിരുന്ന പാർവതി ധ്യാനസമാപ്തിയില് തന്റെ പുത്രനെ കാണാതെ അതീവ ദു:ഖിതയായി. ആ ദു:ഖം ഒരു കരിനിഴലായി അഗ്നിയിലാഴ്ന്നു. അതിനുശേഷമത്രേ അഗ്നിക്കു പുകയും അഗ്നി സ്പർശിക്കുന്നതെല്ലാം ചാരവുമായി ഭവിച്ചത്…!
പിന്നീട് ദേവീദർശനത്താല് ആ ആറു കുമാരന്മാരും ഒന്നായി അതു സ്കന്ദനായിത്തീർന്നു.
ALSO READ
തന്റെ കുഞ്ഞിനെ സംരക്ഷിക്കുന്ന അമ്മയുടെ വാത്സല്യം പോലെ, മറ്റൊരു വാത്സല്യമോ സംരക്ഷണമോ ഈ പ്രപഞ്ചത്തിൽ ഇല്ലെന്നും, ഒരു കുഞ്ഞിനെ മറ്റൊരാൾക്കും ഇങ്ങനെ സംരക്ഷിക്കാൻ സാധിക്കുകയില്ലെന്നും അതുപോലെ അമ്മ നല്കുന്ന പ്രാഥമിക ശിക്ഷണമാണു മറ്റേതു ശിക്ഷണത്തിന്റെയും അടിത്തറയെന്നുമുള്ള പരമമായ സത്യം ഈ അവസരത്തിലാണ് പാർവതീദേവി അഗ്നിയേയും മറ്റു ദേവകളേയും ബോധ്യപ്പെടുത്തിക്കൊടുക്കുന്നത്. ശേഷം തന്റെ പുത്രനെ ഏറ്റെടുത്ത് താരകാസുര നിഗ്രഹത്തിനായി ആ കുമാരനെ സജ്ജമാക്കുന്നിടത്ത് സ്കന്ദജനനീ ഭാവം ദർശനമാകുന്നു. അതുകൊണ്ടുതന്നെ ആറുമുഖങ്ങളുള്ള കുമാരനെ മടിയിലിരുത്തി ശക്തിയാകുന്ന സിംഹത്തിന്റെ പുറത്താസനസ്ഥയായാണ് ഈ ദേവ്യാരാധന.
ഈ ആറു മുഖങ്ങള് ആറു ഗുണങ്ങളെയാണ് പ്രതിനിധാനം ചെയ്യുന്നത്. ഈശാനം (മംഗളദായകം), തത്പുരുഷം (പരമാത്മാ), വാമദേവം (കവിത്വം), അഘോരം (പാവനം), സത്യോജാതം (സത്യസന്ധത), അധോമുഖം (എളിമ/ വിനയം) തുടങ്ങിയവയാണ് ആ ആറു ഗുണങ്ങള്. അതു കുഞ്ഞുങ്ങള്ക്കു സമ്മാനിക്കുന്ന മാതാവു പരാശക്തിതന്നെ. അതുതന്നെ ഇതിന്റെ സത്തയും.
യാ ദേവി സർവ്വ ഭൂതേഷു
മാതൃ രൂപേണ സംസ്ഥിതാ
നമസ്തസൈ നമസ്തസൈ
നമസ്തസൈ നമോ നമഃ
സ്കന്ദജനനിയെന്നാൽ ഒരു മാതാവിന്റെ പൂർണ്ണഭാവമാണ്. യഥാർത്ഥത്തിൽ പാർവതി ദേവി പത്തുമാസം ഗർഭം ചുമക്കുകയോ നൊന്തു പ്രസവിക്കുകയോ ചെയ്തിട്ടില്ല. എന്നിട്ടും അമ്മ ഭാവത്തില് എന്നും പുത്രന് തുണയാവുകയും അവന്റെ പേരില് അറിയപ്പെടുന്ന മാതൃഭാവമാകുകയും ചെയ്യുന്നു.
സ്വന്തം മക്കളെ നിർദ്ദാക്ഷിണ്യം കൊല്ലുവാൻ കൂട്ടുനില്ക്കുന്ന, അന്ധമായ വാത്സല്യത്താല് അവരുടെ വ്യക്തിത്വം തന്നെ നശിപ്പിക്കുന്ന അമ്മമാർ ജീവിക്കുന്ന ഈ കാലത്ത് ഏറ്റവും പ്രസക്തമാണ് ഈ ദേവീ ഭാവം..!
Picture Design: Prasanth Balakrishnan
Story Summary: Skandamatha Devi: Navaratri fifth Day Worshipping
(നേരം ഓൺ ലൈൻ വാട്സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്സ്ആപ്പ് നമ്പർ : + 91 81380 15500 . Visit our online store https://www.okalasha.com, for Devotional Decors, Photos, Jewels and Book’s etc)
Copyright @ 2026 NeramOnline.com . All rights reserved.