(2026 നവംബർ 29 – ഡിസംബർ 5 )
2026 നവംബർ 29, ന് പൂയം നക്ഷത്രത്തിൽ ആരംഭിക്കുന്ന ഈ ആഴ്ചത്തെ പ്രധാന വിശേഷങ്ങൾ വൃശ്ചികത്തിലെ ആയില്യം പൂജ, വൈക്കത്തഷ്ടമി, കാലഭൈരവ ജയന്തി, ഏകാദശി എന്നിവയാണ്. 2026 നവംബർ 30 തിങ്കളാഴ്ചയാണ് ആയില്യം പൂജ. സർപ്പദോഷങ്ങൾ അകറ്റുന്നതിന് പ്രാർത്ഥനയും വഴിപാടുകളും നടത്താൻ എല്ലാ ആയില്യവും ഉത്തമമാണ്. രോഗങ്ങൾ, സന്താനദുഃഖം, സർപ്പശാപദുരിതങ്ങൾ എന്നിവയ്ക്ക് നാഗാരാധനയിലൂടെ ശാന്തി ലഭിക്കും. ഡിസംബർ 1 ചൊവ്വാഴ്ചയാണ് ശിവഭഗവാൻ്റെ ഉഗ്രാവതാരമായ കാലഭൈരവജയന്തിയും ഒരേ ദിവസം വ്യത്യസ്തസമയങ്ങളിൽ വിവിധ ഭാവങ്ങളിൽ ഭക്തർക്ക് അനുഗ്രഹ വർഷം ചൊരിയുന്ന വൈക്കം മഹാദേവ ക്ഷേത്രത്തിലെ പ്രധാന ആഘോഷമായ വൃശ്ചികത്തിലെ വൈക്കത്തഷ്ടമിയും. അന്ന് പുലര്ച്ചെ 4:30 മുതൽ ഉച്ചയ്ക്ക് 1:30 വരെ ഇടവേളയില്ലാതെ അഷ്ടമി ദര്ശനം നടക്കും. ക്ഷേത്രത്തിന് കിഴക്ക് ആല്മരച്ചുവട്ടില് തപസ്സനുഷ്ഠിച്ച വ്യാഘ്രപാദ മഹര്ഷിക്ക് ശ്രീപരമേശ്വരന് പാര്വതീസമ്മേതനായി ദര്ശനം നല്കിയ മുഹൂര്ത്തമാണ് അഷ്ടമിദര്ശനമായി കൊണ്ടാടുന്നത്. ചൊവ്വാഴ്ച രാത്രി 11 മണിക്കാണ് ഉദയനാപുരത്തപ്പൻ്റെ വരവ്. തുടർന്ന് രാത്രി 2 മണിക്ക് വലിയ വിളക്ക് നടക്കും. അതിന് ശേഷമാണ് ഉദയനാപുരത്തപ്പൻ്റെ തിരിച്ച് എഴുന്നള്ളത്ത്. പതിമൂന്നാം ഉത്സവദിനമായ ബുധനാഴ്ച വൈകിട്ട് ആറാട്ടോടെ ഉത്സവം സമാപിക്കും. വൃശ്ചിക മാസത്തിലെ കറുത്തപക്ഷ ഏകാദശി ഡിസംബർ 4 വെള്ളിയാഴ്ചയാണ്. ശ്രീരാമസ്വാമിക്ക് വിശേഷമായ ഈ ഏകാദശിയെ തൃപ്രയാർ ഏകാദശി എന്നാണ് അറിയപ്പെടുന്നത്. ഉല്പന്നഏകാദശി എന്നാണ് ഇത് ദേശീയമായി അറിയപ്പെടുന്നത്. ഭഗവാൻ ശ്രീ മഹാവിഷ്ണു മുരാസുരനെ നിഗ്രഹിച്ച ദിനമാണത്രേ ഇത്. ഗുരുവായൂർ ഏകാദശി, ധനുവിലെ സ്വർഗ്ഗവാതിൽ ഏകാദശി എന്നിവ പോലെ പ്രധാനമാണ് ഈ ഏകാദശി വ്രതാചരണവും. രാഹു കേതുക്കളുടെ രാശി മാറ്റമാണ്
ഈ ആഴ്ചയിലെ ജ്യോതിഷ പ്രധാനമായ
മുഖ്യ സംഭവം. ഡിസംബർ 5 ന് രാത്രി രാഹു മകരക്കൂറിലേക്കും കേതു കർക്കടകം രാശിയിലേക്കുമാണ് മാറുന്നത്. വ്യാഴം ചിങ്ങക്കൂറിലും ശനി മീനക്കൂറിലും തുടരുന്നു. ഈ ഗ്രഹസ്ഥിതികൾ കണക്കിലെടുത്തുള്ള പൊതുവായ ജ്യോതിഷഫലങ്ങളാണ് നൽകുന്നത്.
മേടക്കൂറ്
(അശ്വതി, ഭരണി, കാർത്തിക ആദ്യ പാദം)
ശ്രദ്ധയും ക്ഷമയും പുലർത്തേണ്ടിവരും. തൊഴിൽരംഗത്ത് ഉത്തരവാദിത്വങ്ങൾ വർദ്ധിക്കുമെങ്കിലും കഠിനാധ്വാനത്തിന് അർഹമായ അംഗീകാരം ലഭിക്കും. പുതിയ ജോലിക്ക് ശ്രമിക്കുന്നവർക്ക് അനുകൂലമായ അവസരങ്ങൾ വന്നുചേരാം. വരവും ചെലവും ഒരുപോലെ വർദ്ധിക്കാൻ സാധ്യതയുണ്ട്. പഴയ സാമ്പത്തിക ബാധ്യതകൾ തീർക്കാൻ അവസരം ലഭിക്കും. അനാവശ്യ ചെലവുകളും മറ്റുള്ളവർക്ക് കടം കൊടുക്കുന്നതും നിയന്ത്രിക്കണം. ബിസിനസിൽ പുതിയ തീരുമാനങ്ങൾ എടുക്കുമ്പോൾ ആലോചന ആവശ്യം. കുടുംബത്തിൽ ചെറിയ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായാലും പരസ്പര ധാരണയിലൂടെ പരിഹരിക്കാനാകും. മക്കളുടെ പഠനകാര്യങ്ങളിൽ പുരോഗതിയുണ്ടാകും. വിദ്യാർത്ഥികൾക്ക് പരീക്ഷകളിലും മത്സരങ്ങളിലും നേട്ടമുണ്ടാകും. ആരോഗ്യകാര്യങ്ങളിൽ അലസത ഒഴിവാക്കണം. ദോഷപരിഹാരമായി ദിവസവും ഗണപതി അഷ്ടോത്തരം ജപിക്കുക.

ഇടവക്കൂറ്
(കാർത്തിക 2, 3, 4, രോഹിണി, മകയിരം 1, 2)
സാമ്പത്തികമായും തൊഴിൽപരമായും ചില നേട്ടങ്ങൾ പ്രതീക്ഷിക്കാം. വരുമാനം വർധിപ്പിക്കാനുള്ള മാർഗങ്ങൾ കണ്ടെത്തും. മുടങ്ങിക്കിടന്ന പണം തിരികെ ലഭിക്കാനും പഴയ സാമ്പത്തിക ഇടപാടുകൾ പൂർത്തിയാക്കാനും സാധ്യത. തൊഴിൽരംഗത്ത് മേലധികാരികളുടെ പിന്തുണ ലഭിക്കും. ജോലിയിൽ സ്ഥാനക്കയറ്റത്തിനും പുതിയ ഉത്തരവാദിത്വങ്ങൾക്കും അവസരമുണ്ടാകാം. കച്ചവടത്തിൽ പുരോഗതി. പുതിയ ഉപഭോക്താക്കളെ ലഭിക്കും. കുടുംബത്തിൽ സന്തോഷകരമായ അന്തരീക്ഷം നിലനിൽക്കും. ഗൃഹനിർമാണം, വസ്തു സംബന്ധമായ കാര്യങ്ങൾ എന്നിവയിൽ പുരോഗതി. ദാമ്പത്യജീവിതത്തിൽ പരസ്പര വിശ്വാസവും സ്നേഹവും വർദ്ധിക്കും. ഉന്നതപഠനത്തിനും പുതിയ കോഴ്സുകൾക്കും ശ്രമിക്കുന്നവർക്ക് അനുകൂല സാഹചര്യങ്ങൾ തെളിയും. ദോഷപരിഹാരമായി നിത്യവും മഹാലക്ഷ്മി അഷ്ടോത്തരം ജപിക്കുക.
മിഥുനക്കൂറ്
(മകയിരം 3, 4, തിരുവാതിര,
പുണർതം 1, 2, 3)
കാര്യങ്ങൾ പ്രതീക്ഷിച്ച വേഗത്തിൽ മുന്നോട്ടുപോകണമെന്നില്ല. എങ്കിലും പരിശ്രമങ്ങൾക്ക് ഫലം ലഭിക്കുന്നതാണ്. തൊഴിൽരംഗത്ത് പുതിയ അവസരം വന്നുചേരും. സഹപ്രവർത്തകരിൽ നിന്നും മേലധികാരികളിൽ നിന്നും പിന്തുണ ലഭിക്കും. ജോലിമാറ്റത്തിന് ശ്രമിക്കുന്നവർക്ക് അനുകൂല സൂചനകളുണ്ടാകും. ബിസിനസിൽ പുതിയ ആശയങ്ങൾ നടപ്പാക്കാൻ കഴിയും. വരുമാനത്തിൽ പുരോഗതി ഉണ്ടാകും. എങ്കിലും കുടുംബത്തിൻ്റെ ആവശ്യങ്ങൾക്ക് ചെലവഴിക്കേണ്ടി വരും. അതിനാൽ സാമ്പത്തിക കാര്യങ്ങളിൽ കൃത്യമായ ആസൂത്രണം ആവശ്യമാണ്. കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും. ബന്ധുക്കളുമായി ബന്ധപ്പെട്ട ചില കാര്യങ്ങളിൽ അനുകൂല തീരുമാനമുണ്ടാകും. ദാമ്പത്യത്തിൽ ചെറിയ പിണക്കങ്ങൾ ഉണ്ടായാൽ വിട്ടുവീഴ്ചയിലൂടെ പരിഹരിക്കണം. വിദ്യാർത്ഥികൾക്ക് പഠനത്തിൽ പുരോഗതി. മത്സരപരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്ക് കൂടുതൽ ശ്രദ്ധയും സ്ഥിരോത്സാഹവും ആവശ്യമാണ്. ദോഷപരിഹാരമായി മഹാവിഷ്ണുവിനെ പ്രാർത്ഥിക്കുകയും പതിവായി ഓം നമോ നാരായണായ 108 തവണ ജപിക്കുകയും ചെയ്യുക.
ALSO READ
കർക്കടകക്കൂറ്
(പുണർതം 4, പൂയം, ആയില്യം)
ചില കാര്യങ്ങളിൽ കൂടുതൽ ജാഗ്രത ആവശ്യമാണ്. തൊഴിൽരംഗത്ത് ഉത്തരവാദിത്വം വർധിക്കും. അത് കൃത്യമായി നിർവഹിക്കാൻ കഴിയും. പുതിയ ജോലിക്ക് ശ്രമിക്കുന്നവർക്ക് അനുകൂലമായ അവസരം ലഭിച്ചേക്കാം. വരുമാനം ഉണ്ടാകുമെങ്കിലും അപ്രതീക്ഷിത ചെലവുകൾ വർദ്ധിക്കാൻ സാധ്യത. കടം കൊടുക്കുന്നതിലും പുതിയ സാമ്പത്തിക ബാധ്യതകൾ ഏറ്റെടുക്കുന്നതിലും ശ്രദ്ധിക്കണം. ബിസിനസിൽ പങ്കാളികളുമായി അഭിപ്രായവ്യത്യാസം ഉണ്ടാകാതെ ശ്രദ്ധിക്കുക. വീട്ടിൽ ചെറിയ അസ്വസ്ഥതകൾ ഉണ്ടായാലും മുതിർന്നവരുടെ ഇടപെടലിലൂടെ പരിഹരിക്കാനാകും. ദാമ്പത്യത്തിൽ പരസ്പര ധാരണയും ക്ഷമയും ആവശ്യമാണ്. മക്കളുടെ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടിവരും. വിദ്യാർത്ഥികൾ പഠനത്തിൽ അലസത ഒഴിവാക്കണം. ഏകാഗ്രതയോടെ പരിശ്രമിച്ചാൽ പ്രതീക്ഷിച്ച നേട്ടം കൈവരിക്കാനാകും. ദോഷപരിഹാരമായി തിങ്കളാഴ്ച ശിവക്ഷേത്രദർശനം നടത്തുകയും ശിവാഷ്ടോത്തരം ജപിക്കുകയും ചെയ്യുക.
ചിങ്ങക്കൂറ്
(മകം, പൂരം, ഉത്രം 1)
അനുകൂലമായ മാറ്റങ്ങളും പുതിയ നേട്ടങ്ങളും പ്രതീക്ഷിക്കാം. ജോലിയിൽ അംഗീകാരവും സ്ഥാനമാനങ്ങളും ലഭിക്കാൻ സാധ്യതയുണ്ട്. പുതിയ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടി വരും. ഉദ്യോഗസ്ഥർക്ക് മേലധികാരികളുടെ പ്രീതി നേടാനാകും. ബിസിനസിൽ പുരോഗതിയും സാമ്പത്തിക നേട്ടവും പ്രതീക്ഷിക്കാം. പുതിയ സംരംഭങ്ങൾ ആരംഭിക്കാനും നിലവിലുള്ള പ്രവർത്തനങ്ങൾ വിപുലീകരിക്കാനും ആലോചിക്കാം. എന്നാൽ വലിയ നിക്ഷേപങ്ങൾ നടത്തുമ്പോൾ കൃത്യമായ വിലയിരുത്തൽ വേണം. പഴയ കുടിശ്ശിക ലഭിക്കാനും വരുമാനം വർദ്ധിക്കാനും സാധ്യതയുണ്ട്. കുടുംബത്തിൽ സന്തോഷ അന്തരീക്ഷം നിലനിൽക്കും. ബന്ധുക്കളുമായി ഒത്തുചേരാനും മംഗളകരമായ ചടങ്ങുകളിൽ പങ്കെടുക്കാനും അവസരമുണ്ടാകും. മക്കളുടെ പഠനത്തിൽ പുരോഗതി ഉണ്ടാകും. മത്സരപരീക്ഷകളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ കഴിയും. ദോഷപരിഹാരമായി ഞായറാഴ്ച സൂര്യ അഷ്ടോത്തരവും ആദിത്യഹൃദയവും ജപിക്കുക.
കന്നിക്കൂറ്
(ഉത്രം 2, 3, 4, അത്തം, ചിത്തിര 1, 2)
കാര്യങ്ങളിൽ തടസ്സങ്ങൾ ഉണ്ടായാലും ആത്മവിശ്വാസത്തോടെ മുന്നോട്ടു പോയാൽ വിജയം കൈവരിക്കാനാകും. തൊഴിൽരംഗത്ത് ഉത്തരവാദിത്വങ്ങൾ ലഭിക്കും. ജോലിയിൽ മാറ്റം ആഗ്രഹിക്കുന്നവർക്ക് ചില അനുകൂല സാഹചര്യങ്ങൾ വന്നുചേരാം. സഹപ്രവർത്തകരുമായി നല്ല ബന്ധം നിലനിർത്തുന്നത് ഗുണം ചെയ്യും. ബിസിനസിൽ മാന്ദ്യം അനുഭവപ്പെട്ടാലും ക്രമേണ പുരോഗതി ലഭിക്കും. വരുമാനം നിലനിൽക്കും. എങ്കിലും കുടുംബത്തിൻ്റെ ആവശ്യങ്ങൾക്കും യാത്രകൾക്കുമായി പണം ചെലവഴിക്കേണ്ടി വരും. അനാവശ്യമായ സാമ്പത്തിക ഇടപാടുകൾ ഒഴിവാക്കുക. വീട്ടിൽ ചെറിയ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായേക്കാം. സംസാരത്തിൽ നിയന്ത്രണം പാലിക്കുന്നത് ബന്ധങ്ങൾ മെച്ചപ്പെടുത്തും. മക്കളുടെ ഭാവിയെക്കുറിച്ചുള്ള ചില തീരുമാനങ്ങൾ എടുക്കേണ്ടിവരും. വിദ്യാർത്ഥികൾക്ക് പഠനത്തിൽ കൂടുതൽ ശ്രദ്ധ ആവശ്യം. ഓർമ്മശക്തിയും ഏകാഗ്രതയും വർദ്ധിപ്പിക്കാൻ നിരന്തര പരിശീലനം സഹായിക്കും. ദോഷപരിഹാരമായി വെള്ളിയാഴ്ച മഹാഗണപതിയെ പ്രാർത്ഥിക്കുക. വിഷ്ണുസഹസ്രനാമം ജപിക്കുക.
തുലാക്കൂറ്
(ചിത്തിര 3, 4, ചോതി, വിശാഖം 1, 2, 3)
പ്രതീക്ഷകളും ചില പ്രധാന മാറ്റങ്ങളും ഉണ്ടാകും. തൊഴിൽരംഗത്ത് ജോലിഭാരം വർദ്ധിക്കുമെങ്കിലും പ്രവർത്തന മികവിലൂടെ അംഗീകാരം നേടാനാകും. പുതിയ ജോലിക്ക് ശ്രമിക്കുന്നവർക്ക് അനുകൂല വാർത്തകൾ ലഭിച്ചേക്കാം. ബിസിനസ് ചെയ്യുന്നവർ നിലവിലെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താൻ ശ്രദ്ധിക്കണം. പുതിയ പങ്കാളിത്തം, വലിയ നിക്ഷേപങ്ങൾ എന്നിവയിൽ തിടുക്കം കാട്ടരുത്. ചില അപ്രതീക്ഷിത ചെലവുകൾ ഉണ്ടാകുമെങ്കിലും വരുമാനമാർഗ്ഗങ്ങൾ നിലനിൽക്കും. ഇൻഷുറൻസ്, ചിട്ടി തുടങ്ങിയ സാമ്പത്തിക ഇടപാടുകളിൽ നിന്ന് നേട്ടമുണ്ടാകാനുള്ള സാദ്ധ്യതയുണ്ട്. കുടുംബത്തിൽ അഭിപ്രായവ്യത്യാസം ഉണ്ടായേക്കാം. വീടുമായി ബന്ധപ്പെട്ട അറ്റകുറ്റപ്പണികൾക്കും മറ്റും പണം ചെലവഴിക്കേണ്ടിവരും. വിദ്യാർത്ഥികൾക്ക് പഠനത്തിൽ പുരോഗതി ഉണ്ടാകും. ഏകാഗ്രത നിലനിർത്തണം. ഉന്നതപഠനത്തിനും വിദേശപഠനത്തിനും ശ്രമിക്കുന്നവർക്ക് അനുകൂല സൂചനകളുണ്ടാകും. ദോഷപരിഹാരമായി വെള്ളിയാഴ്ച ദേവീക്ഷേത്രദർശനം നടത്തുകയും ലളിതാ സഹസ്രനാമം പാരായണം ചെയ്യുകയും ചെയ്യുക.

വൃശ്ചികക്കൂറ്
(വിശാഖം 4, അനിഴം, തൃക്കേട്ട)
നേട്ടങ്ങൾക്കും പുതിയ അവസരങ്ങൾക്കും സാദ്ധ്യത. ജോലിയിൽ ആത്മവിശ്വാസത്തോടെ പ്രവർത്തിക്കാൻ കഴിയും. സ്ഥാനക്കയറ്റം പുതിയ ചുമതലകൾ എന്നിവ ലഭിക്കുന്നതിന് സാധ്യതയുണ്ട്. ബിസിനസ്സിൽ പുതിയ കരാറുകളും സാമ്പത്തിക നേട്ടങ്ങളും പ്രതീക്ഷിക്കാം. സാമ്പത്തികമായി നല്ല പുരോഗതി ഉണ്ടാകും. ദീർഘകാലമായി പ്രതീക്ഷിച്ചിരുന്ന പണം ലഭിക്കാനും വസ്തുവകകളുമായി ബന്ധപ്പെട്ട ഇടപാടുകളിൽ നേട്ടമുണ്ടാകാനും സാധ്യത. വീട്ടിൽ സന്തോഷകരമായ സാഹചര്യമുണ്ടാകും. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സഹായം ലഭിക്കും. ദാമ്പത്യത്തിൽ ഐക്യവും സന്തോഷവും വർദ്ധിക്കും. മക്കളുടെ നേട്ടങ്ങൾ കുടുംബത്തിന് അഭിമാനം പകരും. വിദ്യാർത്ഥികൾക്ക് പഠനത്തിലും മത്സരപരീക്ഷകളിലും മികച്ച മുന്നേറ്റം നടത്താനാകും. അമിത ആത്മവിശ്വാസം ഒഴിവാക്കി കാര്യങ്ങൾ ശ്രദ്ധാപൂർവം കൈകാര്യം ചെയ്യണം. ദോഷപരിഹാരമായി ചൊവ്വാഴ്ച സുബ്രഹ്മണ്യ ഭുജംഗം ജപിക്കുക.
ധനുക്കൂറ്
(മൂലം, പൂരാടം, ഉത്രാടം 1)
ചില കാര്യങ്ങളിൽ പ്രതീക്ഷിച്ച ഫലം ലഭിക്കാൻ കാലതാമസം നേരിടും. സഹപ്രവർത്തകരുമായി
അഭിപ്രായ വ്യത്യാസം ഉണ്ടാകാതെ ശ്രദ്ധിക്കണം. പുതിയ ജോലിക്ക് ശ്രമിക്കുന്നവർക്ക് ചില തടസ്സങ്ങൾ നേരിടേണ്ടിവന്നേക്കാം. നിലവിലുള്ള ജോലിയിൽ ക്ഷമയോടെ തുടരുന്നതാണ് ഉചിതം. ബിസിനസിൽ സാമ്പത്തിക ഇടപാടുകൾ ശ്രദ്ധയോടെ നടത്തണം. വലിയ നിക്ഷേപങ്ങളും പുതിയ സംരംഭങ്ങളും ആരംഭിക്കുന്നതിന് മുമ്പ് കൃത്യമായ ആലോചന ആവശ്യമാണ്. സാമ്പത്തികമായി വരുമാനത്തിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകാം. അപ്രതീക്ഷിത ചെലവുകൾ വർധിക്കാനും സാധ്യതയുണ്ട്. കുടുംബത്തിൽ ചെറിയ അസ്വസ്ഥതകൾ ഉണ്ടായേക്കാം. ദാമ്പത്യജീവിതത്തിൽ പരസ്പരം മനസ്സിലാക്കാനും വിട്ടുവീഴ്ച ചെയ്യാനും ശ്രമിക്കണം. മക്കളുടെ പഠനകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ആവശ്യമാണ്. വിദ്യാർഥികൾക്ക് അലസതയും അശ്രദ്ധയും ഒഴിവാക്കി പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയണം. ദോഷപരിഹാരമായി വ്യാഴാഴ്ച ഗുരുവായൂരപ്പനെ പ്രാർത്ഥിക്കുകയും വിഷ്ണുസഹസ്രനാമം ജപിക്കുകയും ചെയ്യുക. ശനിയാഴ്ച ശനീശ്വരന് എള്ളെണ്ണ വിളക്ക് തെളിക്കുന്നതും ഉത്തമമാണ്.
മകരക്കൂറ്
(ഉത്രാടം 2, 3, 4, തിരുവോണം,
അവിട്ടം 1, 2)
പ്രവർത്തനരംഗത്ത് പുരോഗതിയും സാമ്പത്തിക നേട്ടങ്ങളും പ്രതീക്ഷിക്കാം. പുതിയ അവസരങ്ങൾ ലഭിക്കും. ജോലിയിൽ ഉത്തരവാദിത്വങ്ങൾ വർദ്ധിക്കുമെങ്കിലും അവ ഭംഗിയായി നിർവഹിക്കാൻ കഴിയും. ബിസിനസ് ചെയ്യുന്നവർക്ക് പുതിയ കരാറുകൾ ലഭിക്കാൻ സാധ്യതയുണ്ട്. വരുമാനത്തിൽ പുരോഗതിയുണ്ടാകും. ദീർഘകാലമായി മുടങ്ങിക്കിടന്ന പണം ലഭിക്കാനും കടബാധ്യതകൾ കുറയ്ക്കാനും അവസരമുണ്ടാകും. രാഹു രാശിമാറ്റം കഴിഞ്ഞുള്ള ദിവസങ്ങളിൽ സാമ്പത്തിക കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ വേണം. കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും. ഗൃഹത്തിൽ മംഗളകരമായ കാര്യങ്ങൾ നടക്കാൻ സാധ്യത. മക്കളുടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട നല്ല വാർത്തകൾ ലഭിക്കും. വിദ്യാർത്ഥികൾക്ക് പഠനത്തിൽ ആത്മവിശ്വാസം വർദ്ധിക്കുകയും മികച്ച നേട്ടം കൈവരിക്കാൻ കഴിയും. ദോഷപരിഹാരമായി ശനിയാഴ്ച
ധർമ്മ ശാസ്താവിനെ ഭജിക്കുകയും നീരാജനം തെളിക്കുകയും ചെയ്യുക. ഹനുമാൻ സ്വാമിയെ ആരാധിക്കുന്നതും ഉത്തമമാണ്.

കുംഭക്കൂറ്
(അവിട്ടം 3, 4, ചതയം, പൂരൂരുട്ടാതി 1, 2, 3)
പുതിയ കാര്യങ്ങൾ ആരംഭിക്കാനും തൊഴിൽരംഗത്ത് മുന്നേറ്റം നടത്താനും അവസരങ്ങൾ ലഭിക്കും. ജോലിയിൽ അംഗീകാരവും സഹപ്രവർത്തകരുടെ പിന്തുണയും ലഭിക്കും. ബിസിനസ് രംഗത്ത് പ്രവർത്തിക്കുന്നവർക്ക് പുതിയ പദ്ധതികൾ ആസൂത്രണം ചെയ്യാനും വരുമാനം വർദ്ധിപ്പിക്കാനും കഴിയും. സാമ്പത്തിക നേട്ടങ്ങളുണ്ടാകുമെങ്കിലും കുടുംബത്തിനും മറ്റ് ആവശ്യങ്ങൾക്കും ചെലവുകൾ വർദ്ധിക്കാൻ സാധ്യത. പണം കൈകാര്യം ചെയ്യുമ്പോൾ കൃത്യമായ ആസൂത്രണം ആവശ്യമാണ്. കുടുംബത്തിൽ സന്തോഷകരമായ അന്തരീക്ഷം നിലനിൽക്കും. ബന്ധുക്കളുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാകും. ദാമ്പത്യജീവിതത്തിൽ പരസ്പര സ്നേഹവും സഹകരണവും വർദ്ധിക്കും. മക്കളുടെ പഠനകാര്യങ്ങളിൽ പുരോഗതി ലഭിക്കും. വിദ്യാർത്ഥികൾക്ക് പുതിയ വിഷയം പഠിക്കാനും മത്സരപരീക്ഷയ്ക്ക് തയ്യാറെടുക്കാനും അനുകൂല സമയം. അനാവശ്യ ആശങ്കകൾ ഒഴിവാക്കണം. ദോഷപരിഹാരമായി ശിവഭഗവാനെ പ്രാർത്ഥിക്കുകയും ശിവപഞ്ചാക്ഷരി മന്ത്രമായ ‘ഓം നമഃ ശിവായ’ നിത്യവും 108 തവണ ജപിക്കുകയും ചെയ്യുക.
മീനക്കൂറ്
(പൂരൂരുട്ടാതി 4, ഉത്രട്ടാതി, രേവതി)
കാര്യങ്ങൾ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ട വാരമാണ്. തൊഴിൽരംഗത്ത് ചില അനിശ്ചിതത്വങ്ങൾ ഉണ്ടായേക്കാം. പരിശ്രമത്തിലൂടെ പ്രതിസന്ധികൾ മറികടക്കാൻ കഴിയും. പുതിയ ജോലിക്ക് ശ്രമിക്കുന്നവർക്ക് അനുകൂലമായ വാർത്ത ലഭിക്കാൻ കാലതാമസം നേരിടാം. ബിസിനസിൽ ഇടപാടുകൾ ശ്രദ്ധയോടെ നടത്തണം. പുതിയ കരാറുകളിൽ ഏർപ്പെടുമ്പോൾ വ്യവസ്ഥകൾ കൃത്യമായി നോക്കണം. വരുമാനം നിലനിൽക്കുമെങ്കിലും അപ്രതീക്ഷിത ചെലവുകൾ വർദ്ധിക്കാം. കടം വാങ്ങുന്നതും വലിയ സാമ്പത്തിക ബാദ്ധ്യതകൾ ഏറ്റെടുക്കുന്നതും ഒഴിവാക്കണം. കുടുംബത്തിൽ ചെറിയ അഭിപ്രായവ്യത്യാസം ഉണ്ടായേക്കാം. ക്ഷമയോടെയുള്ള സമീപനം കുടുംബബന്ധങ്ങൾ മെച്ചപ്പെടുത്തും. മക്കളുടെ ഭാവിയെക്കുറിച്ച് ആശങ്കകൾ ഉണ്ടാകാം. പഠനത്തിൽ പുരോഗതി പ്രതീക്ഷിക്കാം. വിദ്യാർഥികൾക്ക് ഏകാഗ്രതയോടെ പരിശ്രമിച്ചാൽ മികച്ച വിജയം നേടാനാകും. ആരോഗ്യത്തിലും മാനസിക സന്തോഷത്തിലും ശ്രദ്ധ പുലർത്തണം. ദോഷപരിഹാരമായി വ്യാഴാഴ്ച വിഷ്ണുസഹസ്രനാമം ജപിക്കുക. ശനിയാഴ്ച അയ്യപ്പസ്വാമിയെ തൊഴുത് നെയ്യ് വിളക്ക് തെളിക്കുന്നത് ഉത്തമം.
ജ്യോതിഷരത്നം വേണു മഹാദേവ് ,
മൊബൈൽ: + 91 9847575559
Summary: Weekly Star predictions based on moon sign by Venu Mahadev
Highlights
ചൊവ്വാഴ്ചയാണ് ശിവഭഗവാൻ്റെ
ഉഗ്രാവതാരമായ കാലഭൈരവജയന്തി
ചൊവ്വാഴ്ച പുലര്ച്ചെ 4:30 മുതൽ ഉച്ചയ്ക്ക് 1:30 വരെ വൈക്കത്തഷ്ടമി ദര്ശനം നടക്കും
വെള്ളിയാഴ്ചയാണ് ശ്രീരാമസ്വാമിക്ക്
വിശേഷമായ തൃപ്രയാർ ഏകാദശി
(നേരം ഓൺ ലൈൻ വാട്സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്സ്ആപ്പ് നമ്പർ : + 91 81380 15500 . Visit our online store https://www.okalasha.com, for Devotional Decors, Photos, Jewels and Book’s etc)
Copyright @ 2026 NeramOnline.com . All rights reserved.