Sunday, November 15, 2026
Sunday, November 15, 2026
Home » ഇത് പുണ്യവാരം; സ്കന്ദഷഷ്ഠി മുതൽ ഗുരുവായൂർ ഏകാദശി വരെ, ശബരിമല മണ്ഡലകാലത്തിനും തുടക്കം

ഇത് പുണ്യവാരം; സ്കന്ദഷഷ്ഠി മുതൽ ഗുരുവായൂർ ഏകാദശി വരെ, ശബരിമല മണ്ഡലകാലത്തിനും തുടക്കം

by NeramAdmin
0 comments

വ്രതാനുഷ്ഠാനങ്ങൾ, ഉത്സവങ്ങൾ, ഭക്തിനിർഭരമായ ആചരണങ്ങൾ എന്നിവയുടെ സംഗമമാണ് 2026 നവംബർ 15 മുതൽ 21 വരെയുള്ള ആഴ്ച. സ്കന്ദഷഷ്ഠി, കൃഷ്ണഗീതി ദിനം, ശബരിമല മണ്ഡലകാലാരംഭം, ഓച്ചിറ പന്ത്രണ്ടുവിളക്ക്, വൈക്കം ക്ഷേത്രത്തിലെ കൊടിയേറ്റ്, ഗുരുവായൂർ ഏകാദശി, ഗീതാദിനം, തുളസീപൂജയുടെ സമാപനം, തുടങ്ങി നിരവധി വിശേഷങ്ങൾ ഈ വാരത്തിന് ആത്മീയ പുണ്യം പകരുന്നു.

കലിയുഗവരദനായ ശ്രീധർമ്മശാസ്താവിന്റെ സന്നിധിയിലേക്ക് ലക്ഷക്കണക്കിന് ഭക്തർ തീർഥാടനത്തിനൊരുങ്ങുന്ന മണ്ഡലകാലത്തിനും ഈ ആഴ്ച തുടക്കമാകും. മഹാവിഷ്ണുവിന്റെ യോഗനിദ്രയ്ക്ക് വിരാമമാകുന്ന ഉത്ഥാന ഏകാദശിയും ഭഗവദ്ഗീതയുടെ മഹത്തായ സന്ദേശം ഓർമിപ്പിക്കുന്ന ഗീതാദിനവും ഈ വാരത്തിലെ പ്രധാന വിശേഷങ്ങളാണ്.

Subhalabham Lord Murugan Vel Diya https://www.okalasha.com/shop/subhalabham-lord-murugan-vel-diya

സ്കന്ദഷഷ്ഠി: നവംബർ 15

സുബ്രഹ്മണ്യസ്വാമിയുടെ അനുഗ്രഹം തേടി ഭക്തർ വ്രതമനുഷ്ഠിക്കുന്ന പുണ്യദിനമാണ് സ്കന്ദഷഷ്ഠി. ശൂരപദ്മനെ പോലുള്ള അസുരശക്തികളെ സംഹരിച്ച് ധർമം പുനഃസ്ഥാപിച്ച ദേവസേനാപതിയായ ഭഗവാൻ സുബ്രഹ്മണ്യന്റെ വിജയത്തെ അനുസ്മരിക്കുന്നതാണ് സ്‌കന്ദ ഷഷ്ഠി വ്രതത്തിന്റെ പ്രധാന സങ്കല്പം.

കാർത്തികേയൻ, സ്കന്ദൻ, ഷൺമുഖൻ, മുരുകൻ, ഗുഹൻ, വേലായുധൻ എന്നിങ്ങനെ വിവിധ നാമങ്ങളിൽ ഭഗവാൻ ആരാധിക്കപ്പെടുന്നു. സന്താനസൗഭാഗ്യം, കുടുംബക്ഷേമം, ശത്രുദോഷശാന്തി, അഭീഷ്ടസിദ്ധി എന്നിവയ്ക്കായി ഭക്തർ സ്കന്ദഷഷ്ഠി വ്രതമനുഷ്ഠിക്കുന്നു. സുബ്രഹ്മണ്യ ഭുജംഗം, ഷൺമുഖ കവചം, സുബ്രഹ്മണ്യ അഷ്ടോത്തരം എന്നിവ ജപിക്കുന്നതും ഈ ദിവസത്തെ പ്രധാന ആരാധനകളാണ്.

ALSO READ

കൃഷ്ണഗീതി ദിനം: നവംബർ 16

മലയാളത്തിന്റെ സാംസ്കാരിക, ആത്മീയ പൈതൃകത്തിൽ ശ്രദ്ധേയമായ സ്ഥാനമുള്ള കൃഷ്ണഗീതിയെ അനുസ്മരിക്കുന്ന ദിനമാണ് കൃഷ്ണഗീതി ദിനം. കോഴിക്കോട് സാമൂതിരിയായിരുന്ന മാനവേദ രാജാവ് രചിച്ച സംസ്കൃത ഭക്തികാവ്യമാണ് കൃഷ്ണഗീതി. ശ്രീകൃഷ്ണന്റെ അവതാരലീലകളും ജീവിതകഥയും ഭക്തിസാന്ദ്രമായി അവതരിപ്പിക്കുന്ന ഈ കാവ്യം ഗുരുവായൂർ ക്ഷേത്രത്തിലെ പ്രശസ്തമായ അനുഷ്ഠാന കലാരൂപമായ കൃഷ്ണനാട്ടത്തിന്റെ അടിസ്ഥാന ഗ്രന്ഥമാണ്.

കൃഷ്ണനാട്ടം എന്ന കലാരൂപം ഗുരുവായൂരപ്പന്റെ സന്നിധിയിൽ സമർപ്പിക്കപ്പെടുന്ന ഭക്തിയുടെ മനോഹരമായ ആവിഷ്കാരമാണ്. കൃഷ്ണഗീതിയിലെ എട്ടു ഭാഗങ്ങളെ ആസ്പദമാക്കി എട്ടു രാത്രികളിലായി അവതരിപ്പിക്കുന്ന കൃഷ്ണനാട്ടം കേരളത്തിന്റെ സവിശേഷമായ ക്ഷേത്രകലാപാരമ്പര്യത്തെ അടയാളപ്പെടുത്തുന്നു. തുലാം 30-നാണ് കൃഷ്ണഗീതി ദിനമായി ആചരിക്കുന്നത്. കാവ്യവും കലയും ഭക്തിയും ഒത്തുചേരുന്ന ഈ ദിനം കേരളത്തിന്റെ സാംസ്കാരിക പൈതൃകത്തിൻ്റെ ഓർമ്മപ്പെടുത്തൽ കൂടിയാണ്.

Sabarimala Sree Ayyappan by Beena Ranjini https://www.okalasha.com/shop/sabarimala-sree-ayyappan-by-beena-ranjini

ശബരിമല മണ്ഡലകാലാരംഭം,
ഓച്ചിറ പന്ത്രണ്ടുവിളക്ക്,
ഗോപാഷ്‌ടമി: നവംബർ 17

കലിയുഗവരദനായ ശ്രീധർമ്മശാസ്താവിന്റെ സന്നിധിയിലേക്ക് ഭക്തലക്ഷങ്ങൾ തീർഥാടനത്തിനൊരുങ്ങുന്ന മണ്ഡലകാലത്തിന് നവംബർ 17-ന് തുടക്കമാകും. വൃശ്ചികം ഒന്നായ ഈ ദിനം അയ്യപ്പഭക്തരെ സംബന്ധിച്ചിടത്തോളം ഏറെ പ്രാധാന്യമുള്ളതാണ്.

മണ്ഡലകാല മഹോത്സവത്തിനായി നവംബർ 16 തിങ്കളാഴ്ച വൈകിട്ട് അഞ്ചിന് ശബരിമല നട തുറക്കും. വൃശ്ചികം ഒന്നായ നവംബർ 17 ചൊവ്വാഴ്ച പുലർച്ചെ മുതൽ മണ്ഡലകാല തീർഥാടനത്തിന് തുടക്കമാകും. പുതിയ മേൽശാന്തിയായി അരീക്കര ശങ്കരൻ നമ്പൂതിരി
തലേന്ന് ചുമതലയേൽക്കും.

41 ദിവസം നീളുന്ന മണ്ഡലവ്രതം ആത്മശുദ്ധീകരണത്തിന്റെയും ഇന്ദ്രിയനിയന്ത്രണത്തിന്റെയും ഭക്തിയുടെയും പ്രതീകമാണ്. മാലയിട്ട് വ്രതമാരംഭിക്കുന്ന അയ്യപ്പഭക്തർ ലളിതജീവിതവും ബ്രഹ്മചര്യവും സസ്യാഹാരവും ശുദ്ധമായ ചിന്തയും പ്രാർഥനയും ജീവിതചര്യയാക്കുന്നു. ജാതിമതഭേദമില്ലാതെ എല്ലാവരെയും ഒരുപോലെ കാണുന്ന അയ്യപ്പദർശനത്തിന്റെ മഹത്തായ സന്ദേശവും ഈ വ്രതകാലം പകരുന്നു.

ശബരിമല തീർഥാടനം ഒരു ക്ഷേത്രദർശനം മാത്രമല്ല, ആത്മനിയന്ത്രണത്തിലൂടെയും സേവനത്തിലൂടെയും മനുഷ്യൻ സ്വയം തിരിച്ചറിയുന്ന ആത്മീയയാത്ര കൂടിയാണ്. ‘തത്ത്വമസി’ എന്ന മഹാവാക്യത്തിന്റെ പൊരുളും ‘സ്വാമിയേ ശരണമയ്യപ്പാ’ എന്ന ശരണവിളിയുടെ ആത്മീയതയും ഓരോ ഭക്തന്റെയും മനസ്സിൽ നിറയുന്ന കാലമാണിത്.

ഈ കാലയളവിൽ അയ്യപ്പനാമജപം, ഹരിഹരസുതാഷ്ടകം, അയ്യപ്പ സഹസ്രനാമം, അയ്യപ്പ ഭജനകൾ എന്നിവയിലൂടെ ഭക്തർ സ്വാമിയുടെ അനുഗ്രഹം തേടുന്നു. ശനിദോഷശാന്തിക്കും ജീവിതത്തിലെ ദുരിതങ്ങൾക്കുള്ള ആത്മീയ പരിഹാരത്തിനുമായി അയ്യപ്പഭക്തിയും ശബരിമല ദർശനവും പലരും വിശ്വാസപൂർവം അനുഷ്ഠിക്കുന്നു.

ഓച്ചിറ പരബ്രഹ്മക്ഷേത്രത്തിലെ പ്രസിദ്ധമായ പന്ത്രണ്ടുവിളക്ക് മഹോത്സവത്തിനും നവംബർ 17-ന് തുടക്കമാകുന്നു. ഓച്ചിറയിലെ പരബ്രഹ്മസങ്കല്പം, പടനിലം, കാളകെട്ട് തുടങ്ങിയ സവിശേഷ ആചാരങ്ങളുമായി ബന്ധപ്പെട്ട ഈ ഉത്സവം കേരളത്തിലെ പ്രധാനപ്പെട്ട ആത്മീയ-സാംസ്കാരിക ആഘോഷങ്ങളിലൊന്നാണ്. ഭക്തജനങ്ങളുടെ വലിയ പങ്കാളിത്തത്തോടെ നടക്കുന്ന പന്ത്രണ്ടുവിളക്ക് മഹോത്സവം ഓച്ചിറയുടെ തനതായ പാരമ്പര്യത്തെ വിളിച്ചോതുന്നു.

ഗോപാഷ്ടമി: നവംബർ 17

ഗോപാഷ്ടമിയും നവംബർ 17-നാണ്. ഭഗവാൻ ശ്രീകൃഷ്ണന്റെ ഗോസംരക്ഷണലീലകളെ അനുസ്മരിക്കുന്ന ദിനമാണ് ഗോപാഷ്ടമി. പശുക്കളെ ആരാധിക്കുകയും അവയ്ക്ക് ഭക്ഷണം നൽകുകയും ചെയ്യുന്നത് ഈ ദിവസത്തെ പ്രധാന ആചാരമാണ്. ഗോപാലകനായ ശ്രീകൃഷ്ണന്റെ കാരുണ്യവും ഗോസംരക്ഷണത്തിന്റെ മഹത്വവും ഓർമിപ്പിക്കുന്ന ഈ ദിനം ഉത്തരേന്ത്യയിൽ വിശേഷിച്ച് വ്രജഭൂമിയിൽ ഏറെ പ്രാധാന്യത്തോടെ ആചരിക്കുന്നു.

വൈക്കത്ത് കൊടിയേറ്റ് : നവംബർ 20

കേരളത്തിലെ പ്രസിദ്ധമായ ശിവക്ഷേത്രങ്ങളിലൊന്നായ വൈക്കം മഹാദേവക്ഷേത്രത്തിലെ വൈക്കത്തഷ്ടമി ഉത്സവത്തിന് മുന്നോടിയായുള്ള പ്രധാന ചടങ്ങാണ് നവംബർ 20-ലെ കൊടിയേറ്റ്. ഡിസംബർ ഒന്നിനാണ് ഈ വർഷത്തെ വൈക്കത്തഷ്ടമി. ഡിസംബർ രണ്ടിന് ആറാട്ടും മൂന്നിന് മുക്കുടി നിവേദ്യവും നടക്കും. വൈക്കത്തപ്പന്റെ ദർശനത്തിനായി ആയിരക്കണക്കിന് ഭക്തർ എത്തുന്ന ഈ ഉത്സവം കേരളത്തിന്റെ ക്ഷേത്രാചാര പാരമ്പര്യത്തിലെ പ്രധാന ആഘോഷമാണ്.
വൈക്കത്തപ്പൻ എന്ന പേരിൽ പ്രസിദ്ധനായ പരമശിവനെ ദർശിച്ച് അനുഗ്രഹം തേടുന്ന ഭക്തർക്ക് വൈക്കത്തഷ്ടമി ഏറെ പുണ്യദിനമാണ്. ദക്ഷിണകാശി എന്നറിയപ്പെടുന്ന വൈക്കം മഹാദേവക്ഷേത്രത്തിലെ അഷ്ടമി ദർശനവും ഭജനയും വഴിപാടുകളും ഭക്തരുടെ വിശ്വാസത്തിൽ സവിശേഷമായ സ്ഥാനമാണ് വഹിക്കുന്നത്.

Sree Guruvayoorappa Sahasranamam & Sreekrishna Sahasranamastothram https://www.okalasha.com/shop/sree-guruvayoorappa-sahasranamam-sreekrishna-sahasranamastothram

ഗുരുവായൂർ ഏകാദശി, ഗീതാദിനം, തുളസീവിവാഹം : നവംബർ 21

ഈ ആഴ്ചയിലെ ഏറ്റവും പ്രധാനപ്പെട്ട വിശേഷങ്ങളിലൊന്നാണ് ഗുരുവായൂർ ഏകാദശി. വൃശ്ചികമാസത്തിലെ ശുക്ലപക്ഷ ഏകാദശിയായ ഈ ദിനം ഉത്ഥാന ഏകാദശി, പ്രബോധിനി ഏകാദശി, ദേവോത്ഥാന ഏകാദശി, കാർത്തിക ഏകാദശി എന്നീ പേരുകളിലും അറിയപ്പെടുന്നു.

ആഷാഢമാസത്തിലെ ശുക്ലപക്ഷ ഏകാദശിയിൽ ആരംഭിക്കുന്ന ചാതുർമാസ്യവ്രതത്തിന് സമാപനം കുറിക്കുന്നതും ഈ ഏകാദശിയോടെയാണ്. നാലുമാസത്തെ യോഗനിദ്രയ്ക്കുശേഷം മഹാവിഷ്ണു ഉണർന്നെഴുന്നേൽക്കുന്ന പുണ്യദിനമെന്നാണ് വിശ്വാസം. അതുകൊണ്ടുതന്നെ ഈ ഏകാദശി വിഷ്ണുഭക്തർക്ക് ഏറെ പ്രാധാന്യമുള്ളതാണ്.

ഭൂലോകവൈകുണ്ഠമായ ഗുരുവായൂരിൽ മഹാവിഷ്ണു ശ്രീകൃഷ്ണസ്വരൂപത്തിൽ ലക്ഷ്മീസമേതനായി സന്നിഹിതനാകുന്നു എന്ന വിശ്വാസത്തോടെ ഭക്തർ ഗുരുവായൂർ ഏകാദശി വ്രതമനുഷ്ഠിക്കുന്നു. ഏകാദശി ദിവസം ഉപവാസം, വിഷ്ണുനാമജപം, ക്ഷേത്രദർശനം, ഭഗവദ്ഗീതാപാരായണം എന്നിവയ്ക്ക് പ്രത്യേക പ്രാധാന്യമുണ്ട്. ഗുരുവായൂർ ഏകാദശി വ്രതം അനുഷ്ഠിച്ചാൽ ഒരു വർഷത്തെ എല്ലാ ഏകാദശികളും അനുഷ്ഠിച്ചതിന്റെ ഫലം ലഭിക്കുമെന്ന വിശ്വാസവും നിലനിൽക്കുന്നു.

ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗുരുവായൂർ ക്ഷേത്രത്തിൽ വിശേഷാൽ പൂജകളും ദീപാരാധനയും നടക്കും. ഭക്തരുടെ വലിയ തിരക്കാണ് ഈ ദിനത്തിൽ ക്ഷേത്രത്തിൽ അനുഭവപ്പെടുന്നത്.

ഗീതാദിനമായും ഈ ദിനം ആചരിക്കപ്പെടുന്നു. മഹാഭാരതയുദ്ധഭൂമിയിൽ കർത്തവ്യധർമത്തെക്കുറിച്ച് സംശയിച്ചുനിന്ന അർജുനന് ഭഗവാൻ ശ്രീകൃഷ്ണൻ നൽകിയ ഉപദേശങ്ങളാണ് ഭഗവദ്ഗീത. കർമയോഗം, ഭക്തിയോഗം, ജ്ഞാനയോഗം എന്നിവയിലൂടെ മനുഷ്യജീവിതത്തിന് ധാർമികവും ആത്മീയവുമായ വഴികാട്ടിയാണ് ഗീത.

ജീവിതത്തിലെ പ്രതിസന്ധികളിൽ തളരാതെ കർത്തവ്യം നിർവഹിക്കാനും ഫലേച്ഛയില്ലാതെ പ്രവർത്തിക്കാനും ഗീത പഠിപ്പിക്കുന്നു. അതുകൊണ്ടുതന്നെ ഗീതാദിനം ഗീതാപാരായണത്തിനും അതിലെ സന്ദേശങ്ങൾ ജീവിതത്തിൽ പകർത്തുന്നതിനും പ്രാധാന്യം നൽകുന്ന ദിനമാണ്.

തുളസീവിവാഹവും
തുളസീപൂജാ സമാപനവും

കാർത്തിക മാസത്തിലെ പ്രധാനപ്പെട്ട ആചാരങ്ങളിലൊന്നാണ് തുളസീവിവാഹം. മഹാവിഷ്ണുവിന്റെ അവതാരമായ ശ്രീകൃഷ്ണനും മഹാലക്ഷ്മിയുടെ അംശമായി കണക്കാക്കപ്പെടുന്ന തുളസീദേവിയും തമ്മിലുള്ള വിവാഹത്തെ അനുസ്മരിച്ചാണ് ഈ ചടങ്ങ് നടത്തുന്നത്. കാർത്തിക ശുക്ല ദ്വാദശി നാളിലാണ് തുളസീവിവാഹം ആചരിക്കുന്നത്.

തുളസിച്ചെടിയെ വധുവായി അലങ്കരിച്ച് മഹാവിഷ്ണുവിന്റെ പ്രതീകമായ സാളഗ്രാമത്തെയോ ശ്രീകൃഷ്ണവിഗ്രഹത്തെയോ വരനായി സങ്കൽപ്പിച്ച് വിവാഹച്ചടങ്ങുകൾ നടത്തുന്നു. ഉത്തരേന്ത്യയിൽ വിവാഹസീസണിന്റെ ആരംഭമായും ഈ ദിനം കണക്കാക്കപ്പെടുന്നു.

തുളസീദേവിയെ മഹാവിഷ്ണുവിന് ഏറെ പ്രിയപ്പെട്ടവളായി സങ്കൽപ്പിക്കുന്നു. തുളസിയില സമർപ്പിച്ചുള്ള വിഷ്ണുപൂജയും തുളസീദേവിയുടെ ആരാധനയും കുടുംബഐശ്വര്യത്തിനും ദാമ്പത്യസൗഖ്യത്തിനും മംഗളത്തിനും ഉത്തമമാണെന്നാണ് വിശ്വാസം. കാർത്തിക മാസത്തിൽ ആരംഭിച്ച തുളസീപൂജാ അനുഷ്ഠാനങ്ങളുടെ സമാപനവും ഈ ദിവസത്തോടനുബന്ധിച്ചാണ്.

Story Summary:  It is a sacred week; from Skanda Shashti to Guruvayur Ekadashi, along with the commencement of the Sabarimala Mandala season.

(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . Visit our online store https://www.okalasha.com, for Devotional Decors, Photos, Jewels and Book’s etc)

Copyright @ 2026 NeramOnline.com . All rights reserved.

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?