Saturday, November 14, 2026
Saturday, November 14, 2026
Home » സുബ്രഹ്മണ്യ ഭുജംഗം: മുരുകഭക്തിയുടെ മഹാമന്ത്രം

സുബ്രഹ്മണ്യ ഭുജംഗം: മുരുകഭക്തിയുടെ മഹാമന്ത്രം

by NeramAdmin
0 comments

ശക്തിയുടെയും ധർമ്മത്തിന്റെയും പ്രതീകമാണ് ഭഗവാൻ സുബ്രഹ്മണ്യൻ. സ്കന്ദൻ, കാർത്തികേയൻ, ഷണ്മുഖൻ, മുരുകൻ, ഗുഹൻ, വേലായുധൻ എന്നിങ്ങനെ പല പേരുകളിൽ സുബ്രഹ്മണ്യസ്വാമി ഭക്തഹൃദയങ്ങളിൽ വസിക്കുന്നു. ആശ്രിതർക്ക് ആത്മവിശ്വാസവും വിജയവും നൽകുന്ന ഭഗവാനാണ് സുബ്രഹ്മണ്യൻ.

സുബ്രഹ്മണ്യഭഗവാന്റെ പ്രീതിക്കായി അനുഷ്ഠിക്കുന്ന വ്രതങ്ങളിൽ ഏറ്റവും പ്രധാനമാണ് സ്കന്ദഷഷ്ഠി. ദുഷ്ടശക്തികൾക്കെതിരെ ധർമ്മം നേടുന്ന വിജയവും അഹങ്കാരത്തിനുമേൽ ഭഗവത്ശക്തി നേടുന്ന ആധിപത്യവും ഓർമ്മിപ്പിക്കുന്നതാണ് സ്കന്ദഷഷ്ഠി. ഭക്തിയോടെയും നിഷ്ഠയോടെയും സ്കന്ദഷഷ്ഠി വ്രതം അനുഷ്ഠിക്കുന്നതിലൂടെ മനഃശുദ്ധി, ആത്മധൈര്യം, ഈശ്വരവിശ്വാസം എന്നിവ വർദ്ധിക്കും.

സുബ്രഹ്മണ്യാരാധനയിലും സ്കന്ദഷഷ്ഠി വ്രതത്തിലും ഏറ്റവും പ്രധാനമായി കണക്കാക്കുന്ന മഹത്തായ സ്തോത്രമാണ് ശ്രീ സുബ്രഹ്മണ്യ ഭുജംഗം. ആദിശങ്കരാചാര്യർ രചിച്ച ഈ ദിവ്യസ്തുതി ഭഗവാൻ സുബ്രഹ്മണ്യന്റെ പവിത്രരൂപത്തെയും മഹിമയെയും കാരുണ്യത്തെയും അതിമനോഹരമായി വർണ്ണിക്കുന്നു.

സുബ്രഹ്മണ്യ ഭുജംഗത്തിന്റെ പിറവി

തിരുച്ചെന്തൂരുമായി അഭേദ്യമായ ബന്ധമുള്ളതാണ് സുബ്രഹ്മണ്യ ഭുജംഗ സ്തോത്രം. കടുത്ത ഉദരരോഗം ബാധിച്ച് ക്ലേശിക്കുകയും ചികിത്സകൾ ഫലിക്കാതെ വിഷമിക്കുകയും ചെയ്ത ആദിശങ്കരാചാര്യരെ ശിവഭഗവാൻ സ്വപ്നദർശനം നൽകി അനുഗ്രഹിച്ചു: ആ അരുളപ്പാട് അനുസരിച്ച് തിരുച്ചെന്തൂരിൽ സ്വാമി എത്തിയപ്പോഴാണ് ആ നാവിൽ നിന്നും സുബ്രഹ്മണ്യ ഭുജംഗം നിമിഷകാവ്യമായി പ്രവഹിച്ചതത്രേ.

ALSO READ

അവിടെ എത്തിയ സ്വാമികൾ ഭഗവദ് വിഗ്രഹത്തിന് മുകളിൽ ഫണം വിടർത്തി കുടപിടിച്ചുനിൽക്കുന്ന നാഗത്തെ കണ്ടു. ആ കാഴ്ചയിൽ ഭക്തിപരവശനായ സ്വാമികളിൽ നിന്ന് ഭുജംഗപ്രയാതം എന്ന സംസ്കൃത വൃത്തത്തിൽ ഈ സ്തോത്രം നിമിഷനേരം കൊണ്ട് ആവിർഭവിച്ചു എന്നാണ് ഐതിഹ്യം. സർപ്പത്തിന്റെ ചലനത്തിന് സമാനമായ താളാത്മകമായ ഒഴുക്കുള്ളതു കൊണ്ടാണ് ഇതിന് ഭുജംഗം എന്ന പേര് ലഭിച്ചത്.

ഷണ്മുഖഭഗവാന്റെ ആറു മുഖങ്ങളുടെയും ദിവ്യരൂപഭംഗിയുടെയും മയിൽ വാഹനത്തിന്റെയും വേലായുധത്തിന്റെയും മഹിമകൾ സ്തോത്രത്തിൽ മനോഹരമായി വർണ്ണിക്കുന്നു. ഭഗവാന്റെ കാരുണ്യവും ഭക്തരോടുള്ള വാത്സല്യവും ശരണാഗതരെ സംരക്ഷിക്കാനുള്ള ശക്തിയും ഓരോ ശ്ലോകത്തിലും നിറഞ്ഞുനിൽക്കുന്നു.

തന്റെ അറിവിന്റെയും ഭാഷാപാടവത്തിന്റെയും പരിമിതികൾ ഏറ്റുപറഞ്ഞുകൊണ്ട് ഭഗവാന്റെ അനുഗ്രഹത്താൽ മാത്രമേ സ്തുതിക്കാൻ കഴിയൂ എന്ന് ആചാര്യൻ വ്യക്തമാക്കുന്നതും ഈ സുബ്രഹ്മണ്യ ഭുജംഗത്തിന്റെ സവിശേഷതയാണ്.

തിരുച്ചെന്തൂരിലെ സ്‌കന്ദഷഷ്‌ഠി

തിരുച്ചെന്തൂർ: കടൽത്തീരത്തെ ദിവ്യക്ഷേത്രം

തമിഴ്‌നാട്ടിലെ തൂത്തുക്കുടി ജില്ലയിൽ കടൽത്തീരത്ത് സ്ഥിതിചെയ്യുന്ന തിരുച്ചെന്തൂർ ക്ഷേത്രം ഭഗവാന്റെ ആറുപടൈവീടുകളിൽ പ്രധാനപ്പെട്ട ഒന്നാണ്. മലനിരകളിലും വനപ്രദേശങ്ങളിലും സ്ഥിതിചെയ്യുന്ന മറ്റ് പല മുരുകക്ഷേത്രങ്ങളിൽനിന്നും വ്യത്യസ്തമായി കടൽത്തീരത്തോട് ചേർന്നാണ് ഈ പുണ്യക്ഷേത്രം സ്ഥിതിചെയ്യുന്നത്.

ശൂരപദ്മൻ എന്ന അസുരനെ നിഗ്രഹിച്ച് ശ്രീ മുരുകൻ ദേവന്മാരെ രക്ഷിച്ച വിജയഭൂമിയായാണ് തിരുച്ചെന്തൂർ വിശേഷിപ്പിക്കപ്പെടുന്നത്. ശൂരസംഹാരത്തിനുശേഷം ഭഗവാൻ സുബ്രഹ്മണ്യൻ ഇവിടെ ശിവനെ ആരാധിച്ചു എന്നതാണ് പുരാണകഥ.

ആദിശങ്കരാചാര്യർ രചിച്ചതായി കരുതപ്പെടുന്ന സുബ്രഹ്മണ്യ ഭുജംഗത്തിലും തിരുച്ചെന്തൂരിന്റെ കടൽത്തീരസാന്നിധ്യവും ഭഗവാന്റെ ദിവ്യചൈതന്യവും പ്രതിഫലിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഈ സ്തോത്രപാരായണം തിരുച്ചെന്തൂർ മുരുകനുമായി പ്രത്യേകമായി ബന്ധപ്പെട്ടിരിക്കുന്നു. തിരുച്ചെന്തൂർ ക്ഷേത്രത്തിലെ ശ്രീകോവിലിൽ പ്രവേശിച്ച് പൂജ ചെയ്യാൻ ശൃംഗേരി മഠത്തിലെ ആചാര്യന്മാർക്ക് അനുവാദമുള്ളതും ഈ ബന്ധത്തിന് നിദർശനമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

Visit Okalasha Shop Now :
https://www.okalasha.com/shop?page=1&page_size=18&sort_by=newest&categories=spiritual-literature&is_service=false

ഏറ്റവും പ്രധാനപ്പെട്ട വ്രതാനുഷ്ഠാനം

താരകാസുരൻ, സിംഹമുഖൻ, ശൂരപദ്മൻ തുടങ്ങിയ അസുരന്മാരുടെ ഉപദ്രവങ്ങളിൽനിന്ന് ദേവന്മാരെ രക്ഷിക്കുന്നതിനായി ദേവസേനാപതിയായ സുബ്രഹ്മണ്യൻ ആറു ദിവസങ്ങളിലായി നടത്തിയ യുദ്ധവും ആറാം ദിവസം ശൂരപദ്മനെ വധിച്ചതുമാണ് സ്കന്ദഷഷ്ഠിയുടെ ഐതിഹ്യപശ്ചാത്തലം. അതിനാൽ ആറു ദിവസം വ്രതമെടുത്താണ് ഭക്തർ സ്കന്ദഷഷ്ഠി ആചരിക്കുന്നത്. കാർത്തിക മാസത്തിലെ ശുക്ലപക്ഷ പ്രഥമ മുതൽ ഷഷ്ഠി വരെയുള്ള ദിവസങ്ങളിലാണ് വ്രതം അനുഷ്ഠിക്കുന്നത്.

തിരുച്ചെന്തൂരിലെ സ്കന്ദഷഷ്ഠി ആഘോഷവും ശൂരസംഹാരവും ലോകമെമ്പാടുമുള്ള മുരുകഭക്തരെ ആകർഷിക്കുന്ന മഹത്തായ ആത്മീയ അനുഷ്ഠാനമാണ്.

അമ്മ പാർവതീദേവിയിൽനിന്ന് ലഭിച്ച ശക്തിവേൽ കൈയിലേന്തിയാണ് ഭഗവാൻ ശൂരപദ്മനെ നിഗ്രഹിച്ചത്. തുടർന്ന് അവനെ മയിലായും കോഴിയായും മാറ്റി. മയിലിനെ തന്റെ വാഹനമായും കോഴിയെ കൊടിയടയാളമായും സ്വീകരിച്ചു എന്നാണ് ഐതിഹ്യം.

ഇത് കേവലം ഒരു യുദ്ധവിജയത്തിന്റെ കഥയല്ല. മനുഷ്യന്റെ ഉള്ളിലെ അഹങ്കാരം, അസൂയ, ക്രോധം, ദുരാഗ്രഹം തുടങ്ങിയ ദുർവാസനകളെ നശിപ്പിക്കുന്ന ആത്മീയ വിജയത്തിന്റെ സന്ദേശവുമാണ്. ഈ ദിവസം നടക്കുന്ന ശൂരസംഹാരച്ചടങ്ങ് ഭക്തജനങ്ങൾക്ക് അതീവ ഭക്തിനിർഭരമായ അനുഭവമാണ്.

സുബ്രഹ്മണ്യ ഭുജംഗം ജപഫലം

സുബ്രഹ്മണ്യ ഭുജംഗം വെറുമൊരു സ്തോത്രമല്ല, ഭഗവാനിൽ പൂർണമായും ശരണാഗതിയാകുന്ന മഹത്തായ പ്രാർത്ഥനയാണ്. ഭക്തിയോടെയും ഏകാഗ്രതയോടെയും ഈ സ്തോത്രം ജപിക്കുന്നത് മന:ശാന്തിയും ആത്മവിശ്വാസവും നൽകുമെന്നാണ് വിശ്വാസം.

സ്തോത്രത്തിന്റെ ഫലശ്രുതിയിൽ കുടുംബക്ഷേമം, സന്താനസൗഭാഗ്യം, സമ്പത്ത്, ദീർഘായുസ്സ് എന്നിവയും ജീവിതാന്ത്യത്തിൽ സ്കന്ദസായുജ്യം അഥവാ ഐക്യം ആചാര്യസ്വാമികൾ പ്രതിപാദിക്കുന്നു.

അറിവുകൊണ്ടും ശക്തികൊണ്ടും മാത്രമല്ല,അചഞ്ചലമായ ഭക്തിയിലൂടെയും ആത്മനിവേദനം വഴിയും ഭഗവാന്റെ അനുഗ്രഹം നേടാൻ കഴിയുമെന്ന സന്ദേശമാണ് സുബ്രഹ്മണ്യ ഭുജംഗം നൽകുന്നത്. ചുരുക്കിപ്പറഞ്ഞാൽ, സുബ്രഹ്മണ്യ ഭുജംഗം നിത്യമായി ജപിക്കുന്നതിലൂടെ:

1) ജീവിതത്തിലെ പ്രതിസന്ധികൾ നേരിടാനുള്ള ധൈര്യവും ആത്മവിശ്വാസവും ലഭിക്കും.

2) മനസ്സിലെ ഭയവും ഉത്കണ്ഠയും കുറച്ച് സമാധാനം കൈവരിക്കാൻ സഹായിക്കും.

3) കുടുംബത്തിൽ ഐശ്വര്യവും ഐക്യവും നിലനിൽക്കാൻ ഭഗവാന്റെ അനുഗ്രഹം ലഭിക്കും.

4) സന്താനങ്ങളുടെ അഭിവൃദ്ധിക്കും വിദ്യാവിജയത്തിനും ഈ സ്തോത്രം ജപിക്കാം.

5) ശത്രുദോഷങ്ങൾ, തടസ്സങ്ങൾ, ദുരിതങ്ങൾ എന്നിവയിൽനിന്നുള്ള മോചനത്തിനായി ഈ ജപത്തിലൂടെ ഭഗവാന്റെ അഭയം പ്രാപിക്കാം.

6) ആത്മീയോന്നതിക്കും മനഃശുദ്ധിക്കും ഈശ്വരസമർപ്പണത്തിനും സഹായകമാകുന്നു.

സ്കന്ദഷഷ്ഠിയിലെ ഭുജംഗ പാരായണം

സ്കന്ദഷഷ്ഠി വ്രതം അനുഷ്ഠിക്കുന്നവർ ഭുജംഗം പാരായണം ചെയ്യുന്നത് ഉത്തമമാണ്. ആറു ദിവസവും രാവിലെ കുളിച്ച് ശുദ്ധിയോടെ ഭഗവാനെ മനസ്സിൽ ധ്യാനിച്ച് സ്തോത്രം ജപിക്കാം. സുബ്രഹ്മണ്യസ്വാമിയുടെ ചിത്രത്തിനോ വിഗ്രഹത്തിനോ മുന്നിൽ ദീപം തെളിച്ച് പുഷ്പങ്ങൾ അർപ്പിച്ച് പ്രാർത്ഥിക്കാം.

ഇതുകൂടാതെ ചൊവ്വാഴ്ചകളിലും ഷഷ്ഠി തിഥികളിലും കാർത്തിക നക്ഷത്ര ദിവസങ്ങളിലും സുബ്രഹ്മണ്യ ഭഗവാൻ്റെ ആരാധനയ്ക്ക് വിശേഷ പ്രാധാന്യമുണ്ട്.

സ്തോത്രത്തിലെ ശ്ലോകങ്ങൾ ഭഗവാന്റെ ദിവ്യരൂപം മനസ്സിൽ ധ്യാനിച്ച് അർത്ഥം മനസ്സിലാക്കി ജപിക്കുന്നത് കൂടുതൽ ആത്മീയാനുഭവം നൽകും.

ഓം ശരവണഭവായ നമഃ!

ഹര ഹര ഹരഹരോഹരാ! മുരുകാ! മുരുകാ!

പ്രസിദ്ധ ഗായകൻ മണക്കാട് ഗോപൻ ആലപിച്ച സുബ്രഹ്മണ്യ ഭുജംഗം കേൾക്കാം :

Story Summary: Skandasahati Festival at Thiruchendur and Significance of Subramanya Bhujangam

(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . Visit our online store https://www.okalasha.com, for Devotional Decors, Photos, Jewels and Book’s etc)

Copyright @ 2026 NeramOnline.com . All rights reserved.

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?