ശാസ്താ ഷഡ് ക്ഷേത്രങ്ങൾ – 6
ഷഡാധാര ചക്രത്തിലെ അഞ്ചാമത്തേതായ വിശുദ്ധി ചക്രസ്ഥാനമാണ് ശാസ്താക്ഷേത്രങ്ങളിൽ എരുമേലിക്കുള്ളത്. കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി താലൂക്കിൽ എരുമേലി ടൗണിൽ കിഴക്കു ദർശനമായി ക്ഷേത്രം സ്ഥിതി ചെയ്യുന്നു. ശബരിമലയോടൊപ്പം പ്രസിദ്ധിയാർജ്ജിച്ച പുരാതനമായ ക്ഷേത്രമാണിത്. പുലിപ്പാലിനായി വനത്തിലേക്ക് പോയ അയ്യപ്പൻ മഹിഷിയെ വധിച്ചത് ഇവിടെ വച്ചാണെന്നാണു വിശ്വാസം. പണ്ട് ഘോരവനമായിരുന്ന ഈ പ്രദേശം മഹിഷീ വധത്തിലൂടെ “എരുമക്കൊല്ലി”എന്നറിയപ്പെടുകയും, അത് പിന്നീട് എരുമേലി എന്നു സ്ഥലനാമമാകുകയും ചെയ്തു.
ഭഗവാന് നായാട്ടുകാരന്റെ രൂപം
ധർമ്മശാസ്താവിന്റെ അവതാരോദ്ദേശ്യം തന്നെ മഹിഷീവധമായിരുന്നു. ഇവിടെ ശാസ്താവിന് നായാട്ടുകാരന്റെ രൂപമാണുള്ളത്. അയ്യപ്പൻ വാവരുമായി സന്ധി ചെയ്തതും ഇവിടെ വച്ചായിരുന്നു. മനുഷ്യയെ കൊന്ന് നാടിനെ രക്ഷിച്ചതിന്റെ സന്തോഷസൂചകമായ സ്മരണ നിലനിർത്തുന്നതിന് ഭക്തന്മാർ വൃശ്ചികം ഒന്നു മുതൽ ധനു 25 വരെ ദിവസങ്ങളിൽ പേട്ട കെട്ട് എന്ന ചടങ്ങ് നടത്തുന്നു. ആലങ്ങാട്, അമ്പലപ്പുഴ എന്നീ ദേശക്കാരുടെ പ്രസിദ്ധമായ പേട്ടതുള്ളലും നടക്കുന്നത് ഇവിടെവച്ചാണ്. വേട്ടത്തുള്ളൽ സമയത്ത് കൃഷ്ണപ്പരുന്ത് വട്ടമിട്ടു പറക്കുന്നത് എപ്പോഴും ഭക്തർക്ക് അത്ഭുതവും അനുഭൂതിയും പകരുന്ന കാഴ്ചയാണ്. അമ്പലപ്പുഴ, ആലങ്ങാട് എന്നീ ദേശക്കാരുടെ പേട്ടകെട്ടിനുശേഷം എരുമേലിയിൽ പേട്ടകെട്ട് നടത്താറില്ല. അയ്യപ്പൻ ഇവരോടൊപ്പം ശരിമലയിലേക്ക് പോയതായി ഭക്തന്മാർ വിശ്വസിക്കുന്നു. അര കിലോമീറ്റർ വ്യത്യാസത്തിൽ രണ്ടു ക്ഷേത്രങ്ങളാണ് ഇവിടെയുള്ളത്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നിയന്ത്രണത്തിലാണ് ക്ഷേത്ര ഭരണം നടത്തപ്പെടുന്നത്. അയ്യപ്പസ്വാമി കുടികൊള്ളുന്ന ശ്രീ കോവിൽ ചതുരാകൃതിയിൽ ചെമ്പുമേഞ്ഞതാണ് കുംഭ മാസത്തിലെ ഉത്രം നക്ഷത്രത്തിൽ ആറാട്ടു നടക്കുന്ന തരത്തിൽ പത്തുദിവസത്തെ കൊടിയേറിയുള്ള ഉത്സവം ഏറെ വിശേഷമായി ആചരിക്കുന്നു.
മൃഗീയചിന്തകൾ നശിപ്പിക്കും
തിടപ്പള്ളി, നാലമ്പലം, വലിയമ്പലം ബലിക്കൽപ്പുര തുടങ്ങിയവയെല്ലാമുള്ള മഹാക്ഷേത്രമാണ് എരുമേലി ശ്രീധർമ്മശാസ്താ ക്ഷേത്രം. എല്ലാ മലയാള മാസം ഒന്നാം തീയതികളിലും, ശനിയാഴ്ചകളിലും ധാരാളം ഭക്തർ ഇവിടെ എത്താറുണ്ട്. മനുഷ്യമനസ്സിലെ മൃഗീയചിന്തകളെ നശിപ്പിക്കുന്ന ധർമ്മശാസ്താവ് ഇവിടെ നായാട്ടുകാരനാണെങ്കിലും പ്രതിഷ്ഠാ ഭാവത്തിൽ ശാന്തസ്വരൂപനാണ്. കുറ്റവാസന, അസൂയ, അനുസരണയില്ലായ്മ ആത്മഹത്യാപ്രവണത, കൊലപാതകവാസന എന്നിവ ഒഴിവാകാൻ ഈ ക്ഷേത്രദർശനം സഹായിക്കുന്നു. അഹങ്കാരം ഇല്ലാതാക്കി ഏകത്വബോധം നൽകാൻ പര്യാപ്തമായതാണ് എരുമേലി ക്ഷേത്രദർശനം. ബോധമനസ്സിനെ ഉത്തേജിപ്പിക്കാൻ കഴിയുന്ന പ്രഭാസ്വരൂപനായി ശാസ്താവ് ഇവിടെ കുടികൊള്ളുന്നു.
ജയിൽവാസയോഗം ഒഴിവാക്കാം
ജാതകത്തിൽ ക്രമിനൽ സ്വഭാവം കാണിക്കുന്ന ഗ്രഹനിലകൾ ഉള്ളവർ ഇവിടെ ദര്‍ശനം നടത്തിയാൽ അത്തരം ദുഷപ്രവൃത്തിയിൽ നിന്നും രക്ഷനേടാമെന്നു വിശ്വസിക്കപ്പെടുന്നു. കാരാഗ്രഹ വാസയോഗം അഥവാ ജയിൽവാസയോഗം ഒഴിവാക്കാൻ ഈ ക്ഷേത്രദർശനം സഹായിക്കുന്നു . വിശുദ്ധി ചക്രസ്ഥാന ദർശനത്താൽ ശരിയായ ബോധവും, അറിവും വിവേകവും ഉണ്ടാകുന്നു.
(ക്ഷേത്ര വിവരങ്ങൾക്കായി വിളിക്കേണ്ട ഫോൺ നമ്പർ:-04828-210448 )
അടുത്ത പോസ്റ്റിൽ : ആത്മസാക്ഷാത്കാരം നൽകും ശബരിമല ശ്രീ ധർമ്മ ശാസ്താവ്
അശോകൻ ഇറവങ്കര;
Email: ashokaneravankara@gmail.com
ALSO READ
Story Summary : Erumeli Sri Dharma Shastha Temple; Fifth Shadadhara temple dedicated to Lord Ayyappa
(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും: NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . )
Copyright @ 2026 NeramOnline.com . All rights reserved.